വൈകി വന്ന വിവേകം 7
തുടരുന്നു…..
പതിനൊന്നു മണിയോടെ
അവരെത്തി. ഒരു കാറിൽ. അതിൽ നിന്ന് കൂട്ടുകാരിയും ഭർത്താവും ഇറങ്ങി. പുറകേ മക്കളെ നോക്കി. ആരെയും കണ്ടില്ല. പകരം കാറിൽ നിന്ന് ഇറങ്ങിയത് ജോസ് സാറും പരിചയമില്ലാത്ത മറ്റു രണ്ടുപേരും. ഒട്ടും പ്രതീക്ഷിക്കാതെ, ഒരു സൂചന പോലും തരാതെ. കൂട്ടുകാരി വന്നു അന്തം വിട്ടു നിന്ന തന്റെ കയ്യിൽ പിടിച്ചു.
“വാ അകത്തേക്ക് പോകാം. എല്ലാരേം വിളിച്ചോ.”
ശരിയാണ് താനാണ് അകത്തേക്കു ക്ഷണിക്കേണ്ടത്.അപ്പൻ ഒപ്പം കൂടി.
“എല്ലാരും അകത്തോട്ടിരിക്കാം.”
അമ്മ എല്ലാരും ഇരുന്നു എന്നു കണ്ട് അടുക്കളയിലേക്ക് പോയി,പുറകേ കൂട്ടുകാരികളും. പോകുന്ന വഴി താൻ ചോദിച്ചു
” ഇതെന്താ ഇങ്ങനെ പിള്ളേരെവിടെ “
“അതു ജോസ് സാറിന് ഒരു പെണ്ണു കാണാൻ പോയതാ. ഞങ്ങളേം വിളിച്ചു. അങ്ങനെ ഇങ്ങനെ ആയിപ്പോയി എന്നേയുള്ളു.”
കുടിക്കാൻ തയാറാക്കി വച്ചിരുന്നത് പെട്ടെന്നു എല്ലാർക്കുമായി എടുത്ത് അമ്മ തന്നെ ഏല്പിച്ചു.പുറകേ അല്പസ്വൽപ്പം വായിലിടാൻ കൊറിക്കാനുള്ളതുമായി അമ്മയും.ഊണ് റെഡിയായി ട്ടുണ്ടെങ്കിലും അതാണല്ലോ മര്യാദ.
ഓരോരുത്തരുടെയും നേർക്കു ട്രേ വച്ചു നീട്ടുമ്പോൾ അവർ തന്നെ ശ്രദ്ധിക്കുന്നതായി തോന്നി.ജോസ് സാർ പരിചയപ്പെടുത്തി.
“ഇതു ചേട്ടൻ, ഇതു അനുജൻ, ഇതു”
എന്നു പറഞ്ഞു കൂട്ടുകാരിയുടെ ഭർത്താവിനെ ചൂണ്ടി.
“വേണ്ട അത് പരിചയപ്പെടുത്തണ്ട.”
അപ്പൻ പറഞ്ഞു.എല്ലാവരും ചിരിച്ചു. അപ്പൻ എല്ലാരോടും ജോലിക്കാര്യങ്ങളും കുടുംബകാര്യങ്ങളും ഒക്കെ ചോദിച്ചു മനസ്സിലാക്കി.അവർ തിരിച്ചു പലതും.
അവർ പോകാൻ തിരക്കു കാട്ടി.
“അതു പറ്റില്ല. ഇത്രയും ദൂരം വന്നിട്ടു ഊണ് കഴിക്കാതെ പോകുന്നതു ശരിയല്ല.”
അമ്മയും താനും ഒരുമിച്ചു പറഞ്ഞു. അപ്പൻ അതിനെ പിൻതാങ്ങിക്കൊണ്ട് അവരെ വിളിച്ചു.
“വാ അവർ ഊണൊക്കെ വിളമ്പി വെക്കട്ടെ. നമുക്കൊന്ന് ചുറ്റിക്കണ്ടു തിരികെ വരാം.”
അപ്പന് ആരു വന്നാലും അതൊരു നിർബന്ധമാ, തന്റെ കൃഷിയിടങ്ങളും കൃഷി കാര്യങ്ങളും ഒക്കെ ഒന്നു ചുറ്റിക്കാണിക്കുക. അവർ എഴുനേറ്റു അപ്പനോടൊപ്പം പുറത്തേക്കിറങ്ങി.
അമ്മയോടൊപ്പം അനുജത്തിയെയും അനുജനെയും അടുക്കളയിലേക്ക് പറഞ്ഞു വിട്ടിട്ട് താൻ കൂട്ടുകാരിയെയും കൂട്ടി തങ്ങളുടെ മുറിയിലേക്ക് പോയി. നാലഞ്ചു ദിവസത്തെ വിശേഷം പറയാനും അറിയാനും ഉണ്ട്. ഓണക്കോടി എല്ലാർക്കും ഇഷ്ടപ്പെട്ടതും തനിക്കൊരെണ്ണം ഇങ്ങോട്ടു കിട്ടിയതും അങ്ങനെ പലതും പലതും. ജവുളിക്കടയും ഡ്രസ്സും പെണ്ണിന് എന്നുമൊരു ഹരം ആണല്ലോ. ആഭരണവും അങ്ങനെ തന്നെ എങ്കിലും അതു കയ്യെത്താൻ പാകത്തിനുള്ളതല്ലല്ലോ അതി നാൽ അല്പം കണ്ണടച്ച് വിട്ടുവീഴ്ച ചെയ്യും.
“മോളെ ചോറുണ്ണാൻ വിളിക്ക്. എല്ലാം എടുത്ത് വച്ചല്ലോ.”
അനുജനെ പറഞ്ഞു വിട്ട് താൻ മേശക്കരികിലേക്ക് ചെന്നു. ഉണ്ടാക്കി കാസറോളിലും പാത്രങ്ങളിലും ഒക്കെയായി മൂടി വച്ചതാണ്.അമ്മ എല്ലാം ഭംഗിയായി നിരത്തിയിരിക്കുന്നു.
എല്ലാവരും നന്നായി ആസ്വദിച്ചു തന്നെ കഴിച്ചു. അപ്പനും അവരോടൊത്തു കഴിക്കുന്നു. കൂട്ടുകാരി മാത്രം തന്റെ ഒപ്പം ഇരിക്കാൻ മാറി നിന്നു.
“നല്ല രുചിയുള്ള ഭക്ഷണം എല്ലാം നന്നായിട്ടുണ്ട്. ആരാണ് ഇതിന്റെ പിന്നിൽ”
കൂട്ടത്തിൽ മുതിർന്ന ആൾ.
“എല്ലാരും കൂടി “
താൻ പറഞ്ഞത് ആരും കേട്ടില്ല. അമ്മ പറഞ്ഞതാണ് എല്ലാരും കേട്ടത്.
“എല്ലാം മോളുടെ പ്രിപ്പറേഷൻ “
“എങ്കിൽ സർട്ടിഫിക്കറ്റ് മോൾക്കിരിക്കട്ടെ.”
ഒരാൾ.
അടുത്ത ആൾ
” കെട്ടുന്ന ആൾക്ക് വായ്ക്ക് രുചിയായി വല്ലതും കഴിക്കാമല്ലോ “
എല്ലാവരും നല്ല അഭിപ്രായങ്ങൾ പറഞ്ഞ് കൈ കഴുകാനായി മാറി. താൻ അകത്തു ചെന്നു തയാറാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന ഫ്രൂട്ട് സാലഡ് കപ്പുകളിൽ എടുത്ത്,സ്പൂണുകളിട്ട് ഒരു ട്രേയിൽ, കൊണ്ടുചെന്ന് ഭക്ഷണം കഴിഞ്ഞ് കൈ കഴുകിക്കഴിഞ്ഞവർക്കു കൊടുത്തു.
“ഓ ഇതും കരുതിയിട്ടുണ്ടോ “
ആരാണെന്നറിയില്ല ഒരാൾ. അപ്പോൾ മറ്റൊരാൾ.
“അതല്ലേ അതിന്റെ ഒരു കോമ്പിനേഷൻ “
ഫ്രൈഡ് റൈസും ചിക്കനുമാണ് തട്ടിക്കൂട്ടിയത്. അതിനിത്ര ക്രെഡിറ്റ് കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.
” സൂസൻ !നിങ്ങളും കൂടി കഴിച്ചേ നമുക്ക് പോകണ്ടേ? അങ്ങുവരെ ചെല്ലേണ്ടതല്ലേ.”
കൂട്ടുകാരിയുടെ ഭർത്താവ് പറഞ്ഞു
.”ശരിയാ”.
കൂട്ടുകാരി പിൻതാങ്ങി.ബാക്കിയുള്ളവരെല്ലാരും കൂടി പെട്ടെന്നു ഭക്ഷണവും പുറകേ മധുരവും കഴിച്ചെഴുന്നേറ്റു.യാത്രയാക്കാൻ ചെന്നപ്പോൾ ഡിക്കിയിൽ പല സാധനങ്ങളും എടുത്തു വച്ചു കൊടുക്കുന്ന അപ്പൻ. അപ്പൻ അങ്ങനെയാണ്. ഇഷ്ടപെട്ടാൽ എന്തും പറിച്ചു നൽകും. എല്ലാവരും കാറിൽ കയറിക്കൊണ്ടിരിക്കുന്നു.കയറുന് നതിനു മുൻപേ പ്രായം കൂടിയ ആൾ അപ്പനെ നോക്കി പറഞ്ഞു
“അപ്പൊ എല്ലാം പറഞ്ഞപോലെ “
സാധാരണ നാട്ടിൽ ഉള്ള ഒരു യാത്ര പറച്ചിൽ.
( തുടരും ….)
About The Author
No related posts.