ഭൂമിയും മോക്ഷവും – ( അഡ്വ.പാവുമ്പ സഹദേവൻ )

Facebook
Twitter
WhatsApp
Email
മനുഷ്യന്റെ ഭൂമിയിലെ ജനനം
ഒട്ടേറെ ആകസ്മികതകൾ നിറഞ്ഞതായിരുന്നു. സൃഷ്ടിയിൽതന്നെ എന്തൊക്കെയോ നിഗൂഢതകൾ നിറഞ്ഞിരുന്നു.
ദൈവം ഒരു മിഥ്യയും ഒരു യാഥാർത്ഥ്യവുമാണെന്ന സങ്കല്പങ്ങൾക്ക് ഒട്ടേറെ മാനം കൈവരിച്ചു. പ്രപഞ്ചത്തെപ്പറ്റി എന്തെങ്കിലും പറഞ്ഞാൽതന്നെ, അതിന്റെ വലിപ്പം എല്ലാ അഭിപ്രായങ്ങളെയും നിഷ്പ്രഭമാക്കുന്നു.
പ്രപഞ്ചത്തിന്റെ ധ്രുതഗതിയിലുള്ള ഭ്രാന്തമായ വികാസം അനന്തമായി നീങ്ങുകയാണ്. മനുഷ്യർ പ്രപഞ്ചത്തിന് മുന്നിൽ ഒന്നുമല്ലാതാകുന്നു. മനുഷ്യന്റെ കാഴ്ചയ്ക്കും സങ്കല്പങ്ങൾക്കും അപ്പുറം പ്രപഞ്ചം പ്രപഞ്ചത്തോളം വിശാലമായി പരന്നുകിടക്കുന്നു. ജീവിതത്തിന്റെ ആത്യന്തിക പരിഹാരമായി ഉയർന്നുവന്ന മോക്ഷ സങ്കല്പത്തിന് പ്രപഞ്ചത്തെ വെല്ലുവിളിക്കാൻ കഴിഞ്ഞില്ല.
മോക്ഷ സങ്കല്പത്തിന് ഭൂമിയേക്കാൾ വളർന്നുവലുതായി പ്രപഞ്ചത്തിലേക്ക് വ്യാപിക്കാൻ കഴിഞ്ഞില്ല.
മോക്ഷം ആകാശഗംഗയിൽപ്പോലും ഒന്നുമല്ല; പിന്നല്ലേ പ്രപഞ്ചത്തിൽ. പ്രപഞ്ചത്തിന് മുന്നിൽ മോക്ഷസങ്കല്പത്തിന്, ഭൂമിയെപ്പോലെ അപകർഷതാബോധവും പേറി ഒരു കുള്ളന്റെ ജീവിതം നയിക്കേണ്ട ഗതികേടിലാണ്. മോക്ഷത്തിന്റെ ഇങ്ങനെയുള്ള ദുരന്തകരമായ അവസ്ഥയ്ക്ക് ഒരു പര്യവസാനം വേണമെന്ന ഉദ്ദേശലക്ഷ്യങ്ങളുമായാണ് ഞാൻ മോക്ഷത്തെ പ്രപഞ്ചത്തോളം വികസിപ്പിക്കാനായി ഹിമാലയത്തിലേക്ക് യാത്രയായത്. ഹിമാലയത്തിന് പ്രപഞ്ചത്തോളം വലിപ്പമുണ്ട് എന്ന സങ്കല്പവുമായാണ് ഞാൻ മോക്ഷേച്ഛുമായി ഹിമാലയത്തിലേക്ക് വീണ്ടും തീർത്ഥാടനം ചെയ്തത്.
ഹിമാലയം കീഴടക്കിയാൽ പ്രപഞ്ചം കീഴടക്കാമെന്ന് ഞാൻ സങ്കല്പിച്ചു. ഹിമാലയത്തെ പ്രപഞ്ചത്തിന്റെ പ്രതിരൂപവും മിനി മോഡലുമായി ഞാൻ കണക്കാക്കി.
കൈലാസം വഴി കുതിരപ്പുറത്തേറി, സ്വർഗ്ഗത്തിലേക്ക് കുതിച്ചാൽ, പ്രപഞ്ചം മറികടന്ന് മോക്ഷത്തെ സാക്ഷാത്കരിക്കാമെന്ന് ഞാൻ കിനാവ് കണ്ടു.
 സൂക്ഷ്മത്തെ അറിഞ്ഞാൽ സ്ഥൂലത്തെ അറിയാമെന്നും സ്ഥൂലത്തെ അറിഞ്ഞാൽ സൂക്ഷ്മത്തെ അറിയാമെന്നും ഞാൻ കരുതി. എന്റെ കുതിര ഹിമാലയത്തിന്റെ താഴ് വാരത്തിലെത്തിയപ്പോൾ അല്പം ദീർഘശ്വാസം വിട്ട് ഗിരി ശൃംഗങ്ങളുടെ ഉയരങ്ങളിലേക്ക് നോക്കി.
 അപ്പോൾ ഞാനും മുകളിലേക്ക് നോക്കി നിന്നു.
എന്റെ സിവിൾ ഡ്രസ്സ് മാറിയ ശേഷം കാവി രുദ്രാക്ഷങ്ങളണിഞ്ഞ് യോഗദണ്ഡും കമണ്ഡലുവും കയ്യിലേന്തി ഗിരിശ്യംഗങ്ങളെ ലക്ഷ്യമാക്കി എന്റെ കുതിര ഉയരങ്ങളിലേക്ക് കുതിച്ചു. കൈലാസത്തിലെത്തി സ്വർഗ്ഗത്തിലേക്ക് കുതിക്കാമെന്നായിരുന്നു എന്റെ ലക്ഷ്യം. കുതിരയ്ക്ക് മോക്ഷ മന്ത്രങ്ങളറിയില്ലാത്തതിനാൽ ഞാൻ അതിന്റെ ചെവിയിൽ ഉരുക്കഴിച്ചുകൊടുത്തു.
മോക്ഷം ഒരു മിഥ്യയാണെന്ന് താഴ് വാരങ്ങളിൽ തപസ്സ് ചെയ്ത ഒരു യോഗീവര്യൻ എന്നോട് ഉപദേശിച്ചു. അയാൾ പൊറോട്ടയും ബീഫ് കറിയും മദ്യവും കഴിച്ചുകൊണ്ടാണ് എനിക്ക് ഉപദേശം ഉരുക്കഴിച്ചുതന്നത്.
വളരെ തേജസിയായ ആ സന്ന്യാസി ഭൂമിയിൽ കഠിനമായി അദ്ധ്വാനിച്ചാണ് തന്റെ ഉപജീവനമാർഗ്ഗം കണ്ടെത്തിയത്.
ആശ്രമജീവിതത്തിന്റെ യാതൊരു ലക്ഷണവും എനിക്ക് അയാളിൽ കാണാൻ കഴിഞ്ഞില്ല.
എന്നാൽ വളരെ ലക്ഷണമൊത്ത ഒരു ഋഷിവര്യൻ തന്നെയായിരുന്നു അയാൾ. അയാൾ വിളമ്പിയ ബീഫ് കറിയും പൊറോട്ടയും മദ്യവും കഴിച്ചുകൊണ്ടാണ് ഞങ്ങൾ ഹിമാലയ മലനിരകൾ കയറിയത്. അവിടെ ചായക്കടയിൽ പൊറോട്ട അടിച്ചുകൊണ്ടിരുന്ന ആളിന് മലയാളമറിയല്ലേ എന്ന് കുതിര ചായക്കട മുതലാളിയോട് ചോദിച്ചു. അയാൾ ഒരു ബംഗാളിയാണെന്നും താൻ കേരളത്തിൽ നിന്നു ഇവിടേക്ക് വന്നപ്പോൾ കൂട്ടിക്കൊണ്ട് വന്നതാണെന്നും മുതലാളി പ്രതിവചിച്ചു.
ബംഗാളിൽ കമ്മ്യൂണിസം തകർന്നതിന്റെ ഗൂഢമായ ചിരി മുഖത്ത് ഒളിപ്പിച്ചു വെച്ചുകൊണ്ടായിരുന്നു മുതലാളി ഞങ്ങളോട് സംസാരിച്ചത്.
ബംഗാളിൽ കമ്മ്യൂണിസം തകർന്നതുകൊണ്ടാണ് തനിക്കിവിടെ പൊറോട്ടയടിക്കാൻ ബംഗാളിയെ കിട്ടിയതെന്ന ഒരു ധാരണ മുതലാളി മനസ്സിൽ ഒളിപ്പിച്ച് വെച്ചിരിക്കുന്നത് ആർക്കും വായിച്ചെടുക്കാമായിരുന്നു.
നല്ല കാറ്റും മഴയും അതിജീവിച്ച് ഞാങ്ങൾ ഹിമാലയത്തെ ലക്ഷ്യമാക്കി സാവധാനത്തിൽ നീങ്ങി. അവിടവിടെയായി നിന്ന ഒറ്റപ്പെട്ട ചില വൃക്ഷങ്ങൾ, കഴിഞ്ഞ ജന്മത്തിൽ തങ്ങൾക്ക് മോക്ഷം ലഭിച്ചതാണെന്ന് എന്നോട് സ്വർഗ്ഗീയമായി മൊഴിഞ്ഞു. അപ്പോൾ കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ആരായിരുന്നുവെന്ന് എന്റെ കുതിര ചോദിച്ചപ്പോൾ, “ഞങ്ങൾ കടലിലെ സ്വർണ്ണ മത്സ്യങ്ങളായിരുന്നു” വെന്ന് വൃക്ഷങ്ങൾ പ്രതിവചിച്ചു.
 മഞ്ഞുമലകൾക്കിടയിൽ തുർന്നുകൂടി തുണുത്തുവിറയ്ക്കുന്ന വൃക്ഷങ്ങളെ ഞാൻ കുറെനേരം നോക്കിനിന്നു. വെളുത്ത മഞ്ഞുമൂടിയ മലകൾക്കിടയിൽ തല ഉയർത്തി നിൽക്കുന്ന മരങ്ങൾ കണ്ടാൽതന്നെ നമുക്ക് മനസ്സിലാവും , മന്വന്തരങ്ങൾക്ക് മുമ്പുതന്നെ അവയ്ക്ക് മോക്ഷം ലഭിച്ചതാണെന്ന്. ( ഒരു പക്ഷെ മനുഷ്യന് മോക്ഷം കിട്ടാനായിരിക്കും പാടെന്ന് ഞാനപ്പോൾ കരുതി ).
അല്ലെങ്കിൽ ഈ മരം കോച്ചുന്ന തണുപ്പിൽ, ഈ വൃക്ഷങ്ങൾക്ക് ഇത്ര ക്ഷമയോടെ നിശ്ചലമായി നിൽക്കാൻ കഴിയില്ലല്ലോ. ആരൊക്കെയോ വൃക്ഷങ്ങൾക്ക് മുമ്പിൽ കൈകൂപ്പി നിൽക്കുന്നത് കണ്ടു.
ചില വൃക്ഷങ്ങളിൽ പറവകൾ കൂട് കൂട്ടിയിരുന്നു. ഈ കിളികൾ എന്തിനാണ് ഇത്രയും ഉയരങ്ങളിൽ നിൽക്കുന്ന മരങ്ങളിൽ കൂട് കൂട്ടുന്നതെന്ന് ഞാൻ ആലോചിച്ചു. മഞ്ഞും മഴയും വെയിലുമെന്നും പക്ഷികൾക്ക് വിഷയമല്ലല്ലോ. പ്രഭാതത്തിൽ അവ ഉണർന്നെഴുന്നേറ്റ് ഏതൊക്കെയോ ദിശയിലേക്ക് പറക്കും. ജീവിതകാലം മുഴുവനും പറക്കാനായിരിക്കും അവയുടെ വിധി; സന്ധ്യയാവുമ്പോൾ അവ കൂടണയും. എന്തിനാണ് ഈ പക്ഷികൾ ഹിമാലയൻ വൃക്ഷങ്ങളിൽ കൂട് കൂട്ടുന്നതെന്ന് ഞാൻ വീണ്ടും ചിന്തിച്ചു. എല്ലാം ഒരു വിധിയാകാമെന്ന് കരുതി ഞങ്ങൾ മുമ്പോട്ട് പാഞ്ഞു.
മലഞ്ചരിവുകളിലൂടെയുള്ള യാത്ര ഏറെ ദുർഘടമായിരുന്നു.
 മല കയറുന്നതിലുള്ള ക്ഷീണം കുതിരയെ കണ്ടാലറിയാമായിരുന്നു. ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്ന ഇടതു സൈഡിലായി കൂറ്റൻ വൃക്ഷത്തിന്റെ ചുവട്ടിലിരുന്ന് ഒരു ക്രിസ്തീയ പുരോഹിതൻ ബൈബിൾ വായിക്കുന്നതുകണ്ട് എന്റെ കുതിര അവിടെ നിന്നു.
ബൈബിൾ വായിച്ചാൽ എന്ത് പ്രയോജനം കിട്ടുമെന്ന് കുതിര ചോദിച്ചു. “ബൈബിൾ വായിച്ചാൽ സ്വർഗ്ഗരാജ്യം വരും ” എന്ന് പുരോഹിതൻ പറഞ്ഞു. അസാധാരണമായ ഒരു വ്യക്തിപ്രഭാവം പുരോഹിതനിൽ നിറഞ്ഞുനിന്നിരുന്നു. ഹിമാലയത്തിൽ നിന്ന് പ്രവഹിക്കുന്ന നദിയുടെ ഉദ്ഭവകേന്ദ്രം ആ പുരോഹിതന്റെ മുഖമാണോ എന്ന് ഞാൻ സംശയിച്ചുപോയി. I am the light of the world എന്ന ക്രിസ്തുവചനം ഞാനപ്പോൾ ഓർത്തു.
എന്തിനാണ് ഈ പുരോഹിതൻ ഹിമാലയത്തിലിരുന്ന് ബൈബിൾ വായിക്കുന്നതെന്ന് ഞാൻ ചിന്തിച്ചു. അപ്പോൾ ഒരുവൻ ലോകം മുഴുവൻ നേടിയാലും, അത് ആത്മാവ് നഷ്ടപ്പെട്ടുകൊണ്ടായാൽ, അതു കൊണ്ട് എന്ത് പ്രയോജനമെന്ന ബൈബിൾ വചനം അപ്പോൾ എന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു.
മഞ്ഞുമലകളിലൂടെയുള്ള യാത്ര ജീവിതത്തെപ്പറ്റി ആഴത്തിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു. ജീവിതംതന്നെ ഒരു യാത്രയാണല്ലോ; ജനനം മുതൽ മരണംവരെ തുടരുന്ന യാത്ര; മരണാനന്തരവും തുടരുന്ന യാത്ര; എങ്ങോട്ടെന്നില്ലാത്ത യാത്ര; ഇതിനിടയിൽ എന്തെല്ലാം അന്വേഷണങ്ങൾ; തീർത്ഥാടനങ്ങൾ ഈ ജീവിതത്തെ സാർത്ഥകമാക്കുമോ ? ജീവിതം ഈ മഞ്ഞുമലപോലെ എത്ര നിഗൂഢമാണ്; വെളുത്ത് തടിച്ചുകൊഴുത്ത മലകൾ കാണുമ്പോൾ, ജീവിതം മഹാ ഭൂരിപക്ഷത്തിനും ഈ മലകൾ പോലെ ബാലികേറാമലയായി നിലകൊള്ളുകയാണല്ലോ എന്ന് ചിന്തിച്ചുപോയി. ഭൂമിയിലെ ബഹുഭൂരിപക്ഷംവരുന്ന ജനങ്ങളുടെ ജീവിതത്തിന് എന്നാണ് ഈ തടിച്ചുകൊഴുത്ത മലകൾപോലെ സമൃദ്ധിയും ഐശ്വര്യവും കൈവരുന്നത്.
മനുഷ്യന്റെ സ്വപ്നങ്ങൾക്കൊക്കെ എന്നെങ്കിലും ചിറക് മുളക്കുമോ ?
 ഈ യാത്രയ്ക്ക് എന്തെങ്കിലും ലക്ഷ്യമോ അർത്ഥമോ ഉണ്ടോ ? അതോ എല്ലാ ലക്ഷ്യവും അർത്ഥവും ഈ യാത്രയിൽതന്നെ ഒടുങ്ങുമോ ? ജീവിതം ഈ കുതിരക്കുളമ്പടിപോലെ മനോഹരമാണെങ്കിലും എത്ര പേർ ഈ ജീവിതത്തെ അങ്ങനെ ആസ്വദിക്കുന്നുണ്ട് ? കുതിരയുടെ കടിഞ്ഞാൺ നമ്മുടെ കൈകളിലാണെങ്കിലും, നമ്മുടെ ജീവതത്തിന്റെ കടിഞ്ഞാൺ പിടിച്ചിരിക്കുന്നത് ആരാണ് ?
ഭൗതിക ജീവിതത്തിന് എന്തെങ്കിലും അർത്ഥമുണ്ടോ ? ഭാതികമായ എല്ലാ സുഖങ്ങളും നൈമിഷികമാണെങ്കിൽ, ആത്യന്തികസുഖം എവിടെ സാക്ഷാത്കരിക്കാൻ കഴിയും. ഭൗതിക സുഖങ്ങൾ അനന്തമായി നിലനിർത്താൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ? മോക്ഷം നേടാനായി ഭൗതിക സുഖങ്ങളെല്ലാം ഉപേക്ഷിക്കണമോ ?
ഭൂമിയിലെ ജീവൻ ഏക്കാലവും നിലനിർത്താൻ പ്രപഞ്ചം ബാധ്യസ്ഥമല്ല എന്ന് എനിക്കറിവ് ലഭിച്ചപ്പോൾ, ഞാൻ പ്രപഞ്ചത്തിന്റെ ഇരുണ്ട ഗർത്തത്തിലേക്ക് വീണതുപോലെ തോന്നി.
ഈ കാര്യങ്ങളൊക്കെ ഞാൻ കുതിരയുമായി ചർച്ചചെയ്തു. കുതിര എന്നേക്കാൾ വളരെ റാഡിക്കലായും ലോജിക്കലായും ചിന്തിക്കുന്ന സ്വഭാവക്കാരനായിരുന്നു. അതുകൊണ്ട് എന്റെ സംശയങ്ങൾ പലതും യാത്രാമധ്യേ കുതിരയോടാണ് ചോദിച്ചിരുന്നത്.

About The Author

Leave a Reply

Your email address will not be published. Required fields are marked *