bhoomiyile

ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 6 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ

Facebook
Twitter
WhatsApp
Email

മതിയായില്ല മനോഹരീ നിന്നെ കണ്ട് കൊതി തീര്‍ന്നില്ല; ഏറെ വിഷമത്തോടെ ഏറെക്കുറെ ഓര്‍മ്മകളുമായി ഞങ്ങള്‍ മണാലി പട്ടണം വിട്ടു.
പ്രഭാതം നന്നെ തെളിഞ്ഞിരുന്നു.
മഞ്ഞുമലകള്‍ ഞങ്ങളെ നോക്കി വെളുക്കെ ചിരിച്ചു.
ഹിമബിന്ദു പുഷ്പങ്ങള്‍ തെല്ല് മിഴികള്‍ തുറന്ന് യാത്രാമംഗളമോതി.
തലേന്നും ഇമ്മാതിരി കാലാവസ്ഥ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് കൂട്ടത്തിലുള്ളവര്‍ പിറുപിറുത്തു.
ഞാന്‍ വാഹനത്തിന് ഇടതുവശത്തായി സ്ഥാനം പിടിച്ചു.
നിറഞ്ഞൊഴുകുന്നില്ലെങ്കിലും പതഞ്ഞൊഴുകുകയായിരുന്നു ബിയാസ്. അവളെകണ്ട് വീണ്ടും കാണാമെന്ന് എനിക്ക് പറയണം. അതിനായി മഞ്ഞണിഞ്ഞ വാഹനച്ചില്ല് അല്പം നീക്കി ബിയാസില്‍ മിഴിയൂന്നി തെല്ലുനെടുവീര്‍പ്പോടെ ഞാനിരുന്നു.
അന്നത്തെ കാലാവസ്ഥ നന്നുവിനെയാണ് ഏറെ സന്തോഷിപ്പിച്ചത്. മുക്കിലൂം മൂലയിലും മാന്ത്രികത ഒളിപ്പിച്ചുവച്ച മണാലി പലവിധത്തിലും യാത്രികരെ മയക്കുന്ന ഒരിടമാണ്. അതിലൊന്നാണ് പാരാഗ്ലൈഡിംഗ്. തലേന്ന്, സോലാന്‍ താഴ്വരയില്‍ വച്ച് പറക്കണമെന്ന നന്നുവിന്‍റെ ആഗ്രഹം കാലാവസ്ഥ ചതിച്ചതുകാരണം നടന്നിരുന്നില്ല. അതിനാല്‍ വഴിയില്‍ പലേടത്തും പരസ്യപ്പലകകള്‍ കണ്ടപ്പോള്‍ അവന്‍ വാശിപിടിക്കാന്‍ തുടങ്ങി. ആര്‍ക്കൊക്കെ ആ സാഹസത്തിന് താല്പര്യമുണ്ടെന്ന പ്രദീപിന്‍റെ ചോദ്യത്തിന് സംഘത്തിലെ ഏഴുപേര്‍ കൂടി കൈ ഉയര്‍ത്തിയപ്പോള്‍ അവന്‍റെ ആവേശം ഇരട്ടിയായി.
ലൈസന്‍സ് ഉള്ളതും ഇല്ലാത്തതുമായ പൈലറ്റുമാര്‍ ധാരാളമുണ്ട് മണാലിയില്‍. വ്യാജരുടെ കെണിയില്‍ വീഴാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പോടെ ഞങ്ങളുടെ ഡ്രൈവര്‍ ഒരിടത്ത് വാഹനം നിറുത്തി. ദല്ലാളന്‍മാര്‍ പലരും വിവിധ റേറ്റുകള്‍ പറഞ്ഞും പല വാഗ്ദാനങ്ങള്‍ നല്‍കിയും സഞ്ചാരികളെ വശീകരിക്കുന്നുണ്ടായിരുന്നു. സമയ ദൈര്‍ഘ്യം, സ്ഥലം, ഉയരം അങ്ങനെ പലതും അനുസരിച്ചാണ് പറക്കലിനുള്ള ചാര്‍ജിന്‍റെ ഏറ്റക്കുറച്ചിലുകള്‍. ഒരു സവാരിക്ക് രണ്ടായിരവും വീഡിയോ ഷൂട്ടിംഗിന് 500ഉം എന്ന നിരക്കില്‍ സന്ധി ചെയ്തെങ്കിലും പരിശീലകനും പിന്നെയൊരു സവാരിക്കാരനുമുള്‍പ്പടെ 2 പേര്‍ക്കു മാത്രമേ ഒരു ബലൂണില്‍ പറക്കാനാവൂ എന്ന് കേട്ടപ്പോള്‍ ഒരുമിച്ചിരുന്ന് സവാരി നടത്താനുള്ള നവമിഥുനങ്ങളുടെ മോഹം ഉപേക്ഷിച്ച് ജിഫില്‍-ജാസ്മിന്‍, ബോണി-മരിയ ദമ്പതിമാര്‍ പിന്‍വാങ്ങി. ഏറെ ആവേശത്തില്‍ നിന്ന ചന്ദ്രനും അതുകണ്ട് അതൃപ്തി കാട്ടി.

സവാരി ചെയ്തേ മടങ്ങൂ എന്ന പടയപ്പയുടെ വെല്ലുവിളിയെ ‘ഇടുപ്പെല്ലിന് ബലമില്ലാത്ത താങ്കളോ ഈ കൂത്തിന് ഒരുങ്ങുന്നത്’ എന്ന് ചോദിച്ച് ഭാര്യ പരസ്യമായി ശാസിച്ചു. അയാളും അങ്ങനെ അല്പം മുറുമുറുപ്പോടെ അടുത്തുള്ള കടയില്‍ ചെന്നുനിന്ന് സിഗരറ്റിന് തീ കൊളുത്തി. പടയപ്പ ഒരു വലിയ ശസ്ത്രക്രീയ കഴിഞ്ഞ ആളായിരുന്നു. അത്തരക്കാര്‍ക്ക് പാരഗ്ലൈഡിംഗ് അനുവദനീയമല്ല. നന്നുവിനെ തടുക്കാന്‍ ആവില്ല മക്കളേ ; എന്ന ഉറപ്പോടെ നന്നുമാത്രം 2500 രൂപ അടച്ച് സംഘാടകര്‍ നല്‍കിയ സമ്മതപത്രം ഒപ്പിട്ട് പറക്കേണ്ട ഉപകരണങ്ങളായ ചിറക്, ഹെല്‍മറ്റ്, ബൂട്ട്, ഫളൈറ്റ്സ്യൂട്ട് എന്നീ ഉപകരണങ്ങളടങ്ങിയ സഞ്ചിയുമായി മറ്റു സാഹസികരോടൊപ്പം ജീപ്പില്‍ കയറി. ഞങ്ങള്‍ നിന്നിടത്തു നിന്നും ആറു കിലോമീറ്റര്‍ ദൂരെ ഒരു കുന്നിന്‍ മുകളില്‍ നിന്നാണ് ടേക്ക് ഓഫ്.
മഴവില്ലുമാതിരി ആകാശത്തപ്പോള്‍ ധാരാളം ബലൂണുകള്‍ പാറിപ്പറന്നു. ചരിഞ്ഞും വട്ടം കറങ്ങിയുമുള്ള പറക്കലിനിടയിലെ സാഹസികരുടെ ആര്‍പ്പുവിളികള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി. മഞ്ഞുമൂടിയ കൊടുമുടികള്‍ക്കു മീതെയും തുറന്ന നീലാകാശത്തിനു താഴെയുമായി തണുത്ത കാറ്റേറ്റ് പറക്കുന്നത് വല്ലാത്തൊരു അനുഭൂതി സമ്മാനിക്കുമെന്ന് ഓര്‍ത്തപ്പോള്‍ എന്‍റെ ഉള്ളിലും പറക്കാനുള്ള മോഹം ജനിച്ചു. എന്നാല്‍ പൊടുന്നനെ മുളപൊട്ടിയ ഭയം എന്നെ അതില്‍ നിന്നും വിലക്കി. കാരണം ചെറുവിമാനത്തിലുള്ള സഞ്ചാരം ഏറെ ഭീതിദമാണെന്ന് ഞാന്‍ മനസ്സിലാക്കിയിരുന്നു.
ഒരിക്കല്‍, ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാഡമിയിലെ നന്നുവിന്‍റെ പരിശീലനകാലത്ത,് പ്രത്യേക പ്രവേശാനുമതിയോടെ രക്ഷകര്‍ത്താക്കള്‍ക്കും മറ്റും പരിശീലന വിമാനത്തില്‍ കയറാന്‍ അനുമതിയുള്ളതുകൊണ്ട് നന്നു അവന്‍റെ നാലുപേര്‍ക്ക് മാത്രം സവാരി ചെയ്യാവുന്ന ചെറിയ വിമാനത്തിലേക്ക് ഞങ്ങളെ ക്ഷണിച്ചിരുന്നു. കുഞ്ചു തന്ത്രത്തില്‍ എങ്ങോ മാറി നിന്നതും ഞാനും താല്പര്യം കാണിച്ചില്ല. സ്വധേ ധൈര്യശാലിയായ എന്‍റെ ഭര്‍ത്താവ് നന്നുവിനോടൊപ്പം പറന്ന് ഭൂമിതൊട്ട് പുറത്തിറങ്ങിയപ്പോള്‍ അദ്ദേഹത്തിന്‍റെ മുഖത്ത് ഭയത്തിന്‍റെ ശേഷിപ്പുകള്‍ കണ്ടു. ആവരണമുള്ള ചെറിയ വിമാനം അത്രത്തോളം ഭയപ്പെടുത്തുമെങ്കില്‍ പാരച്യൂട്ടില്‍ പറക്കുന്നത് എത്രമാത്രം ഭയാനകമാകുമെന്ന് ഓര്‍ത്ത് ‘സ്വതന്ത്രവിഹായസ്സില്‍’ പറക്കാനുള്ള എന്‍റെ മോഹം ഉള്ളിലൊതുക്കി മറ്റാരോ പറക്കുന്ന ബലൂണുകളെ നോക്കി ഞാന്‍ സംതൃപ്തയായി.
(ചിത്രം 1)
നീലയും മഞ്ഞയും ചുവപ്പും അങ്ങനെ വിവിധ വര്‍ണ്ണ ബലൂണുകള്‍ ഒരുപാട് പാറിപ്പറന്നുകൊണ്ടിരുന്നു. നന്നു പറക്കുന്നത് ഓറഞ്ചു നിറത്തിലുള്ളതാണെന്ന് ഫോണ്‍ വഴി അറിയിച്ചതുപ്രകാരം ഞാന്‍ ഓരോ ഓറഞ്ചുനിറത്തിലുള്ള ബലൂണിന്‍റെയും പറക്കല്‍ ദിശ നോക്കി അത് മലഞ്ചരുവിലെ മരങ്ങളില്‍ തട്ടുന്നുണ്ടോ, മറ്റു ബലൂണുമായി കൂട്ടിമുട്ടുന്നുണ്ടോ, ലാന്‍റിംഗ് ഏരിയയില്‍ എത്തുന്നുണ്ടോ എന്നൊക്കെ ആശങ്കപ്പെട്ട് അവന്‍റെ വരവിനായി കാത്തു. ഞങ്ങള്‍ നിന്നിടത്തുനിന്നും രണ്ടു കിലോമീറ്റര്‍ അകലെയായിരുന്നു ലാന്‍റിംഗ് പോയിന്‍റ്. തലപ്പുവെട്ടി നില്‍ക്കുന്ന ആപ്പിള്‍ തോട്ടത്തിനുമക്കരെ ഒരു മൈതാനത്ത് ആരാണ് വന്നിറങ്ങുന്നതെന്ന് വ്യക്തമല്ലെങ്കിലും ചിറകിനു താഴെ നൂലില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാബിനിലെ സവാരിക്കാര്‍ നിലംതൊടുന്നതും പിന്നെ ബലൂണ്‍ സങ്കോചിച്ച് നിലം പതിക്കുന്നതുമായ കാഴ്ച ഞങ്ങള്‍ക്ക് വളരെ ചെറുതായി കാണാമായിരുന്നു.
ഒരാള്‍ക്കുവേണ്ടി ഒരു ദിവസത്തിന്‍റെ പകുതി നഷ്ടമായതില്‍ അമര്‍ഷം പൂണ്ടുനിന്ന സംഘത്തിലെ ചിലര്‍ നന്നു മടങ്ങി തുടര്‍ന്നുള്ള യാത്രയില്‍ അവന്‍റെ സവാരിയുടെ വീഡിയോ കണ്ടും ഇണകളില്ലാതെ സവാരി ചെയ്യാന്‍ മടിച്ച നവദമ്പതികളോടുള്ള നന്നുവിന്‍റെ കളിയാക്കല്‍ കേട്ടും ആഹ്ലാദിതരായി. അന്നേ ദിവസം ഞങ്ങള്‍ക്ക് മറ്റൊരിടം കൂടി സന്ദര്‍ശിക്കേണ്ടതുണ്ടായിരുന്നു. പ്രകൃതിയുടെ അത്ഭുതമായ ചൂടുറവ (ഒീേ ടുൃശിഴ) പൊട്ടുന്ന മണികരണിലേക്ക.് ഉയര്‍ന്ന അഗ്നി പര്‍വ്വത പ്രവര്‍ത്തനമുള്ള പ്രദേശങ്ങളിലും, ഭൂമിയുടെ പുറംതോടിന്‍റെ ആഴം കുറഞ്ഞ പ്രദേശത്തും മാഗ്മ ഉണ്ടാകുന്നതുവഴി ഭൂഗര്‍ഭ ജലം ചൂടാകുകയും അത് ഉപരിതലത്തിലേക്ക് ഉയരുകയും ചെയ്യുക വഴിയാണ് ചൂടുറവകള്‍ രൂപംകൊള്ളുന്നതെന്നാണ് ശാസ്ത്രം. അത്തരത്തിലുള്ള സ്ഥലങ്ങള്‍ ഞാന്‍ അതുവരെയും സന്ദര്‍ശിച്ചിട്ടില്ലായിരുന്നു.
ബുന്ദറില്‍ നിന്നും കിഴക്കോട്ട് മണികരണിലേക്ക് 35 കി.മീറ്റര്‍ ദൂരമുണ്ട്. കീഴ്ക്കാംതൂക്കായ മലഞ്ചരിവിനുതാഴെ ഒഴുകുന്ന പാര്‍വ്വതി നദിയുടെ വലതുഭാഗത്ത് കൂടിയായിരുന്നു ബുന്ദറില്‍ നിന്നുള്ള യാത്രയുടെ തുടക്കം. പാര്‍വ്വതിയെ ഞാന്‍ ആദ്യമായി കാണുകയായിരുന്നു. അതുകൊണ്ടുതന്നെ ബിയാസിനെക്കാളും ഏറെ ഭംഗിതോന്നി അവള്‍ക്ക്. ഏകദേശം മൂവായിരം വര്‍ഷത്തോളം തപസ്സനുഷ്ഠിച്ചതിനു ശേഷം മിഴിതുറന്നപ്പോള്‍ കണ്ട ഭൂമിക്ക് ശിവന്‍ തന്‍റെ പ്രാണ പ്രേയസ്സിയുടെ നാമം നല്‍കിയതില്‍ അത്ഭുതമൊന്നുമില്ല. കാരണം അത്രയ്ക്ക് സുന്ദരമാണ് പാര്‍വ്വതി താഴ്വര. എത്രകണ്ടാലും മതിവരാത്ത കാഴ്ചകളുമായി ഒട്ടേറെ വിനോദകേന്ദ്രങ്ങള്‍ പാര്‍വ്വതി താഴ്വരയില്‍ ഉണ്ടെന്നറിഞ്ഞെങ്കിലും ഞങ്ങളുടെ പാക്കേജില്‍ മണികരണ്‍ മാത്രമേ ഉള്‍പ്പെടുത്തിയിരുന്നുള്ളൂ. നിഴലുകളുടെ താഴ്വര, മരണത്തിന്‍റെ താഴ്വര എന്നൊക്കെ വിളിപ്പേരുള്ള പാര്‍വ്വതി താഴ്വരയില്‍ സ്വദേശികളും വിദേശികളുമായ ഒരുപാട് സഞ്ചാരികള്‍ അപ്രത്യക്ഷമാകാറുണ്ടത്രെ. കൊലചെയ്യപ്പെട്ട് കാട്ടിനുള്ളില്‍ വീണും, മയക്കുമരുന്നിന്‍റെ വിഭ്രാന്തിയില്‍ കാല്‍തെറ്റി അഗാധമായ ഗര്‍ത്തത്തില്‍ പതിച്ചും ഒട്ടെറെപ്പേര്‍ അപ്രത്യക്ഷമായ അവിടെ ഇസ്രായേലികളും, നൈജീരിയരും മയക്കുമരുന്ന് വ്യാപാരത്തിന് എത്താറുള്ള ഇടം കൂടിയാണ്. ഇന്ത്യയുടെ ആംസ്റ്റര്‍ഡാം എന്ന വിളിപ്പേരുള്ള പാര്‍വ്വതി താഴ്വരയില്‍ നിന്നാണ് പാര്‍വ്വതി നദിയുടെ ഉത്ഭവം. ഹിമവല്‍ പുത്രിയായ പാര്‍വ്വതി തന്‍റെ പ്രാണേശ്വരനുമായി മധുവിധു കാലം ആഘോഷിച്ചത് പാര്‍വ്വതി താഴ്വരയില്‍ എന്നാണ് ഐതീഹ്യം. പാര്‍വ്വതി നദി വഴിയില്‍ വച്ച് പല ചങ്ങാതിമാരേയും കൂട്ടി ബുന്ദറില്‍ ചെന്ന് ബിയാസിനോടൊപ്പം ചേര്‍ന്ന് പിന്നെ അവര്‍ ഒരുമിച്ച് ചൈനയിലേയ്ക്കാണത്രെ യാത്ര. ബുന്ദര്‍ പട്ടണം നല്ല തിരക്കായതു കാരണം അവിടം വിട്ട് ഞങ്ങള്‍ ഷാര്‍നി (ടവമൃിശ) ഗ്രാമത്തിലെ ഒരു ഭോജനശാലയില്‍ ഉച്ചഭക്ഷണത്തിനായി കയറി. വലിയൊരു സംഘത്തിനുള്ള ഭക്ഷണം അവിടെ അപ്പോള്‍ സജ്ജമായിരുന്നില്ല. അല്പം കാത്തിരിക്കാമെങ്കില്‍ ഭക്ഷണം തയ്യാറാക്കാമെന്ന് ഹോട്ടല്‍ ഉടമ വാഗ്ദാനം ചെയ്തതു പ്രകാരം ഞങ്ങള്‍ ഹോട്ടലിന്‍റെ പിന്നാമ്പുറത്തെ കാഴ്ചകള്‍ നോക്കിയിരുന്നു. അതിമനോഹരമായിരുന്നു അവിടം. പാര്‍വ്വതിയുടെ ഒഴുക്കും, അതിനക്കരെ ചെറുപാറകളും അങ്ങിങ്ങ് കുറ്റിമരങ്ങളുംകൊണ്ടുനിറഞ്ഞ മലഞ്ചെരിവും, ദൂരെ നനുത്ത വെള്ള മേഘങ്ങള്‍ ചിതറിയ നീലാകാശവും അങ്ങിങ്ങായി നില്‍ക്കുന്ന പച്ചപ്പുകള്‍ക്കരികില്‍ മേയുന്ന കന്നുകാലികളും കൊണ്ടുനിറഞ്ഞ ഇടം.
(ചിത്രം 2)
അധികം ആഡംബരമില്ലാത്ത ആ ഭോജനശാലയുടെ നടത്തിപ്പുകാര്‍ ഒരു യുവാവും അയാളുടെ ഭാര്യയുമായിരുന്നു. അവരുടെ മൂന്ന് വയസ്സ് മാത്രം തോന്നിക്കുന്ന ഒരു കുഞ്ഞ് ജുവാനുമായി പെട്ടെന്ന് ചങ്ങാത്തത്തിലായി. ഒരു പന്തുമായി അവന്‍ ജുവാനോട് അടുക്കുകയായിരുന്നു. പിന്നീട് അവരുടെ പന്തുകളിയില്‍ നന്നുവും പങ്കുകാരനായി. ഭക്ഷണം കഴിച്ച് ഞങ്ങള്‍ യാത്ര പറയുമ്പോള്‍ ജുവാന്‍ അവന്‍റെ കൈയില്‍ പിടിച്ച് ഒപ്പം പോരാന്‍ ക്ഷണിച്ചതും ‘ഇവനെക്കൂടെ നമുക്ക് വണ്ടിയില്‍ ഇട്ട് കൊണ്ടുപോകാമെന്ന്’ നന്നു തമാശയായി പറഞ്ഞതും എന്നെ വല്ലാതെ സ്പര്‍ശിച്ചു. അത്രയ്ക്ക് അടുത്തിരുന്നു ആ കുഞ്ഞ് അവരുമായി.
(ചിത്രം 3)
ടവമൃിശ, ടവമേ, ഇവശിഷൃമ അങ്ങനെ പല പല ഗ്രാമങ്ങള്‍ പിന്നിട്ട് അതുവരെ സഞ്ചരിച്ച മലവിട്ട് ഞങ്ങള്‍ ഒരു പാലത്തിലൂടെ പാര്‍വ്വതിയ്ക്ക് കുറുകെ മറ്റൊരു മലയിലേയ്ക്ക് പ്രവേശിച്ചു. അതുവരെ സഞ്ചരിച്ചത് കിഴക്കോട്ടായിരുന്നെങ്കില്‍ പുതിയ മലയിലൂടെയുള്ള യാത്ര പടിഞ്ഞാറോട്ടായി. അപ്പോഴും പാര്‍വ്വതി ഞങ്ങളോടൊപ്പം തന്നെ നീങ്ങി. മലാന ജലവൈദ്യുത നിലയത്തിന്‍റെ കെട്ടിടങ്ങളും അതിനു മീതെ മലതുരന്ന് കുത്തനെ നില്‍ക്കുന്ന ഭീമാകാരമായ ജലപൈപ്പും ചൂണ്ടി പ്രദീപ് മലാല ഗ്രാമത്തിന്‍റെ പ്രത്യേകതകളെക്കുറിച്ച് വാചാലനായി. മഹാനായ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ സൈനികരുടെ പിന്‍മുറക്കാരാണത്രെ മലാന നിവാസികള്‍. ഹിമാചല്‍ പ്രദേശിലെ പൗരാണിക ഗ്രാമമായ മലാന ജംലു മുനി ഉണ്ടാക്കിയ നിയമങ്ങള്‍ക്കനുസരിച്ചാണ് ഇപ്പോഴും ഭരണം നടത്തുന്നത്. ഇന്ത്യയുടെ ഭാഗമാണെങ്കിലും ഇന്ത്യയുടെ നിയമങ്ങളോടോ ഭരണരീതിയോടോ താല്പര്യം പുലര്‍ത്താത്ത ജനവിഭാഗം. കഞ്ചാവു കൃഷി അംഗീകൃതമല്ലെങ്കിലും ചരസ്സ് പാടങ്ങള്‍ നിറഞ്ഞ ഭൂമിയാണ് മലാല. കഞ്ചാവു കൃഷി കുലത്തൊഴിലാക്കിയ അവിടുത്തെ ജനത പുറത്തുള്ളവരുമായി ഇടപെടാന്‍ മടി കാണിക്കുന്ന കൂട്ടരാണ്. മലാന സന്ദര്‍ശനം ഞങ്ങളുടെ പാക്കേജില്‍ ഇല്ലാത്തതുകൊണ്ട് അവിടേയ്ക്കൊന്നും ഞങ്ങള്‍ക്ക് പോകാനായില്ല.
കസോളില്‍ എത്തുന്നതിനു മുന്‍പുള്ള അതിവിചിത്രമായൊരു കാഴ്ച എന്നെ ഏറെ അത്ഭുതപ്പെടുത്തി. അക്കരെ കുന്നില്‍ നിന്നും ഇക്കരെ കുന്നിലേയ്ക്ക് അന്തരീക്ഷത്തിലൂടെ ഒരു സ്ത്രീ മടിയില്‍ ഒരുകെട്ട് വിറകുമായി നീങ്ങുന്ന കാഴ്ച. വിറക് ശേഖരിച്ച് വരികയാണ് കക്ഷി. റോപ്പ് വേയിലൂടെയുള്ള അത്തരം യാത്രകള്‍ അവിടെ സാധാരണമാണത്രെ.
മണികരണിന് തൊട്ടുമുമ്പുള്ള തിരക്കേറിയ ഒരു പട്ടണമാണ് കസോള്‍. ഗീഹെ അറ്ലിൗൃലേ ഇമാു എന്ന ബോഡിനു താഴെയായി പാര്‍വ്വതി തീരത്ത് ധാരാളം ടെന്‍റുകള്‍ നിരനിരയായി കണ്ടു. ഖീര്‍ ഗംഗയിലേയ്ക്കും, മലാനയിലേയ്ക്കും സാഹസത്തിന് പോകുന്നവരുടെ ഉത്ഭവ സ്ഥാനമാണ് ഇന്ത്യയുടെ മിനി ഇസ്രായേല്‍ എന്നു വിളിക്കുന്ന കസോള്‍. ഇസ്രായേലുകാരുടെ പ്രീയപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ അവിടെ അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഭക്ഷണശാലകളും, പാര്‍പ്പിട കേന്ദ്രങ്ങളും ധാരാളം കണ്ടു. ഹിന്ദിക്കുപുറമെ ഹീബ്രു ഭാഷയില്‍ എഴുതിയ ബോര്‍ഡുകള്‍ അവയ്ക്കു മുന്നിലായി സ്ഥാപിച്ചിട്ടുണ്ട്. ട്രൗട്ട് മത്സ്യങ്ങളെ ചൂണ്ടയിടുന്നതിന് സൗകര്യമുള്ള പ്രദേശം കൂടിയാണ് കസോള്‍.
ഏതോ മലയുടെ മുകളിലാണ് മണികരണ്‍ സ്ഥിതി ചെയ്യുന്നത് എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. ശരിക്കും താഴ്ന്ന, വന്യമായ ഒരിടത്താണ് ഞങ്ങള്‍ ചെന്നെത്തിയത്. അസ്ഥി തരിക്കുന്ന കുളിരും, ആകാശത്തെ തൊട്ടുനില്‍ക്കുന്ന മഞ്ഞുതൊപ്പിയിട്ട പര്‍വ്വത നിരകളും, ഇടതൂര്‍ന്ന് നില്‍ക്കുന്ന പൈനും, ദേവതാരുവുംകൊണ്ട് ഇരുണ്ട അന്തരീക്ഷമാണ് ഞങ്ങളെ വരവേറ്റത്. സമുദ്രനിരപ്പില്‍ നിന്നും 1760 മീറ്റര്‍ ഉയരത്തിലുള്ള മണികരണിലേയ്ക്കുള്ള പാത മണാലിയ്ക്കു പോകുന്നതിനേക്കാള്‍ അതിദുര്‍ഘടമായതിനാല്‍ നാലു മണിയോടടുത്തിരുന്നു ഞങ്ങള്‍ അവിടെ എത്തുമ്പോള്‍.

About The Author

Leave a Reply

Your email address will not be published. Required fields are marked *