നവരാത്രി ഉത്സവങ്ങളുടെ മഹാറാണി – (സരിത അയ്യര്‍)

Facebook
Twitter
WhatsApp
Email
കലിയുഗം അതിന്‍റെ പൂര്‍ണ്ണരൗദ്രഭാവത്തോടെ ലോകത്തില്‍ അശാന്തിയും ഭീഷണിയും വിതച്ച് വിളയാടുന്ന ആസുരമായ ഒരു കാലത്തിലാണ് നമ്മള്‍ ജീവിക്കുന്നത്.
കലിയുഗത്തിന്‍റെ കരാളമായ തിന്മകള്‍ വ്യക്തിയിലും സമൂഹത്തിലും ഏല്‍പ്പിക്കുന്ന മാരകമായ ആഘാതത്തെ
നേരിടാന്‍ പ്രധാന വഴി ആയി ത്രികാല ജ്ഞാനികളായ ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നത്. ജഗന്മാതാവായ ആദിപരാശക്തിയുടെ പാദാരവിന്ദങ്ങളില്‍ അഭയം പ്രാപിക്കുക എന്നതാണ്.
മാതൃ – പുത്രബന്ധത്തിലൂടെ ഇതിനെ കുറച്ചുകൂടി ലളിതവും സുവ്യക്തവുമായിപ്പറയാം. ഒരു ശിശുവിന് സ്വന്തം അമ്മയാണ് എല്ലാമെല്ലാം. എന്താപത്തുവന്നാലും കുട്ടി ഓടിച്ചെല്ലുന്നത് അമ്മയുടെ മടിത്തട്ടിലേക്കാവും.
അതുപോലെ അനന്തകോടി ബ്രഹ്മാണ്ഡങ്ങളുടെ സൃഷ്ടിക്കുകാരണമായ ആദിപരാശക്തിയെ ഭക്തിപുരസ്സരം സ്മരിക്കുക, വ്രതാനുഷ്ഠാനങ്ങളോടെ പൂജിക്കുക,
പ്രത്യേകിച്ച് ഈ നവരാത്രിദിനങ്ങളില്‍. ആദിപരാശക്തിസ്മരണം ഏറ്റവും പ്രാധാന്യത്തോടെ ആഘോഷിക്കുന്നതും നവരാത്രിനാളുകളിലാണ്.
ഉത്സവങ്ങള്‍ എത്ര തരമുണ്ട്?
ഉത്സവങ്ങളുടെ പ്രത്യേകതകള്‍ ഒന്നു വിശദമാക്കാമോ?
ഉത്സവം എന്ന വാക്കിന് സംഘടിച്ചുചെയ്യുന്ന ഉപാസന എന്ന ഒരു അർത്ഥം കൂടിയുണ്ട്. അങ്ങനെ നോക്കുമ്പോൾ ജപം, ഹോമം, അര്‍ച്ചന, തീര്‍ത്ഥയാത്ര തുടങ്ങിയവയെല്ലാം ഉത്സവങ്ങളാണ്.
ആചാര്യന്മാര്‍ പറയുന്നതനുസരിച്ച് ഉത്സവങ്ങള്‍ രണ്ടുതരമുണ്ട്.
ആഘോഷപൂര്‍വ്വം നടത്തുന്ന ഉത്സവങ്ങളുണ്ട്. നവരാത്രിയും വിഷുവും ഇതില്‍പ്പെടുന്നതാണ്. വ്രതാനുഷ്ഠാനങ്ങള്‍ക്കു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ഉത്സവമാണ് മറ്റൊന്ന്. ശിവരാത്രി, വൈകുണ്ഠ ഏകാദശി തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുത്താം.
നവരാത്രിയെക്കുറിച്ചുപറഞ്ഞാല്‍ ഇതില്‍ രണ്ടിലും ഉള്‍പ്പെടുത്താന്‍ കഴിയുമെന്നതാണ് അതിന്‍റെ ഏറ്റവും വലിയ പ്രത്യേകത.
ഇത് ഒന്നു വിശദീകരിക്കാമോ?
അതായത്, നവരാത്രി ഒരാഘോഷവുമാണ് എന്നാല്‍ അതേസമയം നവരാത്രിയില്‍ വ്രതത്തിന് വളരെയധികം പ്രാധാന്യവുമുണ്ട്. പുരാണങ്ങളില്‍ അഞ്ച് ഉത്സവങ്ങളാണ് പ്രധാനമായും ആചരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. മകരസംക്രാന്തി, ശിവരാത്രി, വിഷു, ജന്മാഷ്ഠമി, നവരാത്രി.
 ഉത്സവങ്ങളുടെ മഹാറാണി എന്ന് നവരാത്രിയെ വിശേഷിപ്പിക്കുന്ന ന്‍റെ കാരണം?
നവരാത്രി ഒഴികെ ബാക്കി എല്ലാ ഉത്സവങ്ങളും ഒരുദിവസം മാത്രം ആഘോഷിക്കുമ്പോള്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ഒന്‍പത് ദിവസത്തെ നിര്‍ദ്ദേശമാണ് പുരാണങ്ങള്‍ നല്‍കുന്നത്. അതില്‍ത്തന്നെ അഷ്ടമി, നവമി, ദശമി ഈ മൂന്നു ദിവസങ്ങള്‍ വളരെ പ്രാധാന്യമുള്ളതാണ്. മറ്റുള്ള ഉത്സവങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്‍പതിരട്ടി ദിവസങ്ങളാണ് നവരാത്രി ആഘോഷിക്കുന്നത്. അതുകൊണ്ടാണ് ഉത്സവങ്ങളുടെ മഹാറാണി എന്ന് നവരാത്രിയെ വിശേഷിപ്പിക്കുന്നത്. ഒന്‍പത് പൂര്‍ണ്ണരാത്രിയും പത്താമത്തെ പകലും കൂടിച്ചേരുന്നതാണ് ഈ ആഘോഷം. മഹിഷാസുരനെ വധിച്ച് തിന്മയെ ഉന്മൂലനം ചെയ്ത് നന്മയെ പുനഃസ്ഥാപിച്ച ജഗന്മാതാവിന്‍റെ വീരചരിത്രമാണ് ഇതിലൂടെ ആഘോഷിക്കുന്നത്.
നവരാത്രിയിലെ ദേവീ പൂജയെക്കുറിച്ച് ?
നവരാത്രിയില്‍ രണ്ടുതരത്തിലുള്ള ദേവീ പൂജ ആചാര്യന്മാര്‍ പറയാറുണ്ട്. അതില്‍ ഒന്ന് ആദ്യത്തെ മൂന്നു ദിവസം കാളീദേവിയെയും, അടുത്ത മൂന്നു ദിവസം ലക്ഷ്മിദേവിയെയും അവസാനത്തെ മൂന്നു ദിവസം സരസ്വതിദേവിയെയും പൂജിക്കുന്നതാണ്.
മറ്റൊരു പൂജാവിധാനം ദുര്‍ഗാദേവിയുടെ ഒന്‍പത് സ്വരൂപങ്ങളെ പൂജിക്കുന്നതാണ്.
ആദ്യത്തെ മൂന്നുദിവസം കാളീദേവിയെ പൂജിക്കുന്നതിന്‍റെ കാരണം, കാളീദേവി തിന്മകളെ നശിപ്പിക്കുന്നു. തിന്മ നശിച്ചാല്‍ അവിടെ നന്മകള്‍ വളരും.ആ നന്മയുടെ വര്‍ദ്ധനവിനുവേണ്ടി അടുത്ത മൂന്നു ദിവസം ലക്ഷ്മിദേവിയെ പൂജിക്കുന്നു. നന്മ നിറഞ്ഞ അറിവ് സമ്പാദിക്കുന്നതിനുവേണ്ടി അടുത്ത മൂന്നുദിവസം സരസ്വതിദേവിയെ പൂജിക്കുന്നു. നന്മ നിറഞ്ഞ മനസ്സിലാണ് അറിവുകൾ നിറയേണ്ടത്. തിന്മ നിറഞ്ഞ അറിവ് ലോകനാശത്തിന് കാരണമാകും. തിന്മയുടെ
അതുപോലെ മൂന്ന് ദേവി ഭാവങ്ങൾക്കും വ്യത്യസ്തമായ നിറങ്ങളുമുണ്ട്.
ഓരോ നിറങ്ങള്‍ക്കും അതിന്‍റേതായ പ്രത്യേകതയുമുണ്ട്.
സരസ്വതിദേവി ശുഭ്രവസ്ത്രധാരിണിയാണ്. ദുര്‍ഗയുടേത് ചുവപ്പുനിറം, നമ്മുടെ ശരീരത്തിൽ പ്രാണധാരണം ചെയ്തിരിക്കുന്ന രക്തത്തിന്റെ നിറം ചുവപ്പാണ്. ലക്ഷ്മിദേവിയുടേത് നല്ല കടും പച്ചനിറം. ലക്ഷ്മിദേവിയുടെ ഇരിപ്പിടം സ്വര്‍ണ്ണത്താമരയിലുമാണ്. സ്വര്‍ണ്ണനിറവും കടും പച്ചനിറവും ശാന്തിയും സമാധാനവും ഐശ്വര്യവുമെല്ലാം ഭക്തരില്‍ സദാ ചൊരിയുന്നു.
*ദുര്‍ഗ* എന്ന പേരു വന്നതിനുപിന്നിലും മറ്റൊരു ഐതീഹ്യമുണ്ട്. ദുര്‍ഗ എന്ന വാക്കിനര്‍ത്ഥം പരാജയപ്പെടുത്താന്‍ സാധിക്കാത്തത് എന്നാണ്. ദുർഗമാസുരൻ എന്ന അസുരനെ വധിച്ചതിനാൽ ദുർഗ എന്ന പേർ സിദ്ധിച്ചു.
നവരാത്രി പൂജാവിധാനത്തെക്കുറിച്ച് പറയാമോ?
നവരാത്രി പൂജചെയ്യാനും വ്രതം അനുഷ്ഠിക്കാനും ആഗ്രഹിക്കുന്നവര്‍ അമാവാസി ദിവസം തന്നെ ഒരുക്കങ്ങളെല്ലാം ചെയ്യണം. അതിനടുത്തദിവസം പ്രഥമയുടെ അന്ന് രാവിലെ മുതലാണ് പൂജയും മറ്റും അനുഷ്ഠിക്കേണ്ടത്. ദ്രവ്യങ്ങളെല്ലാം അമാവാസിയുടെ അന്നുതന്നെ ഒരുക്കേണ്ടതാണ്. നവരാത്രിയില്‍ ഒന്‍പത് വിധമുള്ള നവപൂജാവിധാനങ്ങള്‍ ഋഷീശ്വരന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇതില്‍ ഒന്നാമത്തേതാണ് നവാക്ഷരീജപം . ആദിപരാശക്തിയുടെ സാത്വിക – രാജസിക – താമസിക ഭാവങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ടുള്ള ഒരു മന്ത്രമാണ്.
രണ്ടാമത്തെ പൂജാവിധാനം ദേവിമാഹാത്മ്യപാരായണമാണ് .
ശ്രീ മാര്‍ക്കണ്ഡേയപുരാണത്തിലാണ് ദേവിമാഹാത്മ്യം വരുന്നത്.
ദേവിമാഹാത്മ്യത്തിന് സപ്തശതി എന്നും പറയാറുണ്ട്. കാരണം ഇതില്‍ 700 ശ്ലോകങ്ങള്‍ ഉണ്ട്. മറ്റൊരു പേര് ചണ്ഡിപാഠം എന്നാണ്. ദേവിമാഹാത്മ്യം മുഴുവന്‍ ദുര്‍ഗാദേവിയുടെ പരാക്രമലീലകളാണ്. ദേവിമാഹാത്മ്യം എല്ലാദിവസവും വായിക്കുക എന്നതാണ് ഈ വിധി.
മൂന്നാമത്തെ പൂജാവിധാനമാണ് ചണ്ഡിപാഠക്രമം . അംഗന്യാസ കരന്യാസങ്ങളോടെ ദേവിമാഹാത്മ്യം ഹോമം ചെയ്ത് അനുഷ്ഠിക്കുന്നതാണ്.
നാലാമത്തേതാണ് ചണ്ഡിഹോമം . ഇത് ആദ്യം പറഞ്ഞ നവാക്ഷരീമന്ത്രവും രണ്ടാമതുപറഞ്ഞ ദേവീമാഹാത്മ്യമന്ത്രവും ഓം ചേര്‍ത്തുചൊല്ലി ഹോമമായി നടത്തപ്പെടുന്നതാണ്. അഞ്ചാമത്തേതാണ് ചണ്ഡിയജ്ഞം .
ആറാമത്തെ പൂജാവിധാനമാണ് നവാഹയജ്ഞം . നവം എന്നാല്‍ ഒന്‍പത്. അഹസ് എന്നാല്‍ പകല്‍. ഒന്‍പത് പകല്‍ ദേവി ഭാഗവതം പാരായണം ചെയ്യുന്നതാണ്.
ദേവിഭാഗവതത്തില്‍ നവരാത്രിപൂജ എല്ലാവരും ചെയ്യേണ്ടതാണെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. സീതാദേവിയെ പിരിഞ്ഞ് ദുഃഖിതനായിരിക്കുന്ന ശ്രീരാമചന്ദ്രസ്വാമിയെ സമാധാനിപ്പിക്കാന്‍ ലക്ഷ്മണന്‍ ബുദ്ധിമുട്ടുന്നുണ്ട്. ആ സമയം അവിടെയെത്തിയ നാരദമഹര്‍ഷി നവരാത്രിമാഹാത്മ്യത്തെ വിവരിച്ച് ദേവിപൂജ ചെയ്യാന്‍ ശ്രീരാമചന്ദ്രസ്വാമിയെ ഉപദേശിക്കുന്നുണ്ട്.
രാവണവധത്തിനുമുന്‍പ് ശ്രീരാമചന്ദ്രസ്വാമി ശക്തികേന്ദ്രമായ ദുര്‍ഗാദേവിയെ ഒന്‍പത് രാത്രികള്‍ പൂജിച്ചു. അതിനുശേഷമാണ് രാവണാദികളെ നിഗ്രഹിച്ചത്. ഏഴാമത്തെ പൂജാവിധാനമാണ് ദുര്‍ഗാപൂജ. എട്ടാമത്തേതാണ് കുമാരീപൂജ . ദുര്‍ഗാദേവിയുടെ കുമാരിസ്വരൂപം.
കു മാരി എന്നാല്‍ മാരകേളിക്കു പാടില്ലാത്തവള്‍ എന്നാണര്‍ത്ഥം. സ്ത്രീരൂപങ്ങളില്‍ ഏറ്റവും വിശുദ്ധമായ രൂപം.
ഒന്‍പതാമത്തെയാണ് ദസറ മഹോത്സവം . ഇതില്‍ ഏറ്റവും പ്രധാനം മണ്‍ബിംബപൂജയാണ്. മണ്ണുകൊണ്ടുവിഗ്രഹമുണ്ടാക്കി ഒന്‍പത് രാത്രികളില്‍ ദേവിയെ ആചരിക്കുക. ഇങ്ങനെ ഒന്‍പത് പൂജാവിധാനങ്ങളാണ് നവരാത്രി കാലഘ‍‍ട്ടത്തില്‍ ആചരിക്കുന്നത്.
തയ്യാറാക്കിയത് : കെ. ആര്‍. മോഹന്‍ദാസ്

About The Author

Leave a Reply

Your email address will not be published. Required fields are marked *