ആരും ആരുടേയും അടിമയല്ല: ഇന്ന് അന്താരാഷ്ട്ര അടിമത്ത നിർമാർജന ദിനം

Facebook
Twitter
WhatsApp
Email

International Day of Abolition of Slavery 2023: ഡിസംബര്‍ രണ്ട് ഇന്ന് ലോക അടിമത്ത നിർമാർജന ദിനം.(Abolition of Slavery) അടിമത്തത്തിന്റെ ക്രൂരമായ ചരിത്രമാണ് ഈ ദിനം അനുസ്മരിപ്പിക്കുന്നത്. മനുഷ്യകടത്തും ചൂഷണവും ഇല്ലാതാക്കുന്നതിന് വേണ്ടിയുള്ള പ്രമേയം ഐക്യരാഷ്ട്ര സഭ(UN) അംഗീകരിച്ച ദിനമാണ് അന്താരാഷ്ട്ര അടിമത്ത നിരോധന ദിനമായി ആചരിക്കുന്നത്. മനുഷ്യകടത്ത്, ലൈംഗികചൂഷണം, ബാലവേല, നിര്‍ബന്ധിത വിവാഹം, സായുധ പോരാട്ടങ്ങളില്‍ ഉപയോഗിക്കുന്നതിനായി കുട്ടികളെ നിര്‍ബന്ധമായി നിയമിക്കുക തുടങ്ങിയ അടിമത്തത്തിന്റെ ആധുനിക രൂപങ്ങളെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൂടി ഈ ദിനാചരണത്തിന് പിന്നിലുണ്ട്. ഇതിന്റെ ഭാഗമായാണ് 1949 ഡിസംബര്‍ രണ്ടിന് ഐക്യരാഷ്ട്ര പ്രമേയം പാസാക്കിയത്. അടിമത്തത്തിന്റെ ഭൂതകാലം ദുരന്തവും ക്രൂരതകളും നിറഞ്ഞ നൂറ്റാണ്ടുകളുടെ ഓര്‍മ്മപ്പെടുത്തലായി ഇപ്പോഴും തുടരുകയാണ്.

ആധുനിക കാലത്തെ അടിമത്തം

ആധുനിക ചരിത്രത്തിലെ അടിമത്തത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ട്രാന്‍സ്-അറ്റ്‌ലാന്റിക് അടിമത്തം. 17-ാം നൂറ്റാണ്ടിലും 18-ാം നൂറ്റാണ്ടിലും ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആളുകളെ അമേരിക്കയിലേക്ക് കൊണ്ടുപോയി, വെള്ളക്കാരുടെ ഉടമസ്ഥതയിലുള്ള തോട്ടങ്ങളില്‍ ജോലി ചെയ്യിക്കുമായിരുന്നു. അടിമത്തം നിര്‍ത്തലാക്കിയിട്ട് കാലങ്ങളായെങ്കിലും ഇപ്പോഴും പല രൂപങ്ങളില്‍ ഇത് ഇവിടെ തുടരുന്നുണ്ട്. മനുഷ്യക്കടത്ത്, ബാലവേല, നിര്‍ബന്ധിത വേശ്യാവൃത്തി എന്നിങ്ങനെയുള്ള പുതിയ രൂപങ്ങളില്‍ അടിമത്തം ഇപ്പോഴും നിലനിക്കുന്നുണ്ട്. ഇവകൂടി നിർമാർജനം ചെയ്യുന്നതിലാണ് ഐക്യരാഷ്ട്രസഭ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പരമ്പരാഗത വിശ്വാസങ്ങളിലും ആചാരങ്ങളിലും പഴയ അടിമത്തത്തിന്റെ വേരുകള്‍ ഇപ്പോഴും ആഴ്ന്നിരിക്കുന്നതായി യുഎന്‍ മനുഷ്യാവകാശ സംഘടനകള്‍ കണ്ടെത്തിയിട്ടുണ്ട്. താഴ്ന്ന ജാതിക്കാര്‍, ഗോത്ര വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങള്‍ തുടങ്ങി സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങളാണ് ഈ അടിമത്തത്തിന് ഇരയാകുന്നതെന്നാണ് യുഎന്‍ കണ്ടെത്തൽ.

ആഗോളവത്കരണത്തിന്റെ ഈ കാലഘട്ടത്തില്‍ അന്താരാഷ്ട്ര അതിര്‍ത്തികളിലൂടെ തൊഴിലാളികളുടെയും ചരക്കുകളുടെയും ഒഴുക്ക് വര്‍ധിച്ചു വരുന്ന നിലവിലെ സാഹചര്യങ്ങള്‍ മനുഷ്യകടത്ത് വളരുന്നതിന് എങ്ങനെ കാരണമാകുന്നു എന്നതിന്റെ ഓര്‍മപ്പെടുത്തലാണ് ഈ ദിനം. അടിമത്തത്തെപ്പറ്റിയുള്ള ആദ്യകാലചരിത്രരേഖകൾ കാണുന്നത് ബാബിലോണിയയിലാണ്. ഈജിപ്തിലെ വൻപിരമിഡുകൾ നിർമ്മിക്കുന്നതിന് അടിമകളെ ഉപയോഗിച്ചിരുന്നു.

അടിമത്തത്തിന്റെ തുടക്കം 

അടിമത്തം എവിടെ എന്ന്, എങ്ങനെ തുടങ്ങി എന്നതിന് കൃത്യമായ തെളിവുകളില്ല. എന്നിരുന്നാലും അടിമത്തത്തെപ്പറ്റിയുള്ള ആദ്യകാലചരിത്രരേഖകൾ കാണുന്നത് ബാബിലോണിയയിലാണ്. സുമേറിയൻ-സെമിറ്റിക് വിഭാഗങ്ങളുടെ കലർപ്പായിരുന്ന ബാബിലോണിയൻ സങ്കരസമുദായത്തിൽ മൂന്നു വിഭാഗങ്ങളാണുണ്ടായിരുന്നത്: പ്രഭുക്കൾ, സാധാരണക്കാർ, അടിമകൾ. ഹമ്മുറബിയുടെ നിയമസംഹിതയനുസരിച്ച് അടിമകൾക്ക് സ്വത്തവകാശമുണ്ടായിരുന്നു. അവർക്ക് വിവാഹം ചെയ്യാമായിരുന്നു. ഒളിച്ചു രക്ഷപ്പെടാൻ ശ്രമിച്ചിരുന്ന അടിമകളെ മാത്രമേ പൂട്ടി വച്ചിരുന്നുള്ളു. ഒരു സ്വതന്ത്രപൗരന് അടിമസ്ത്രീയിൽ സന്തതികളുണ്ടായാൽ ആ അടിമസ്ത്രീയും കുട്ടികളും അയാളുടെ മരണശേഷം സ്വാതന്ത്യ്രത്തിനർഹരായിത്തീരുന്നു.

വിവിധ ദേശങ്ങളിൽ വ്യത്യസ്തത രീതിയാണ് അടിമത്തം നിലനിന്നിരുന്നത്. സ്വവർഗത്തിൽപ്പെട്ടവരെ അടിമയാക്കുന്നതിൽ സ്വാഭാവികമായ വിമുഖത മിക്കയിടങ്ങളിലും കണ്ടിരുന്നു. അധികപ്പറ്റായിത്തീരുന്ന ഒരു കുട്ടിയെ വില്ക്കുന്നതിനുമുൻപ്, അതിനെ വിജനപ്രദേശത്ത് കിടത്തി ‘വിദേശി’യാക്കുന്ന ഒരു ചടങ്ങ് പ്രാചീനയവനർക്കുണ്ടായിരുന്നു. അടിമയായി താഴ്ത്താൻ ശിക്ഷിക്കപ്പെട്ട റോമാക്കാരനെ അന്യനാട്ടിൽ കൊണ്ടുപോയി വില്ക്കണമെന്ന ഒരു നിയമം പണ്ട് റോമാസാമ്രാജ്യത്തിലുണ്ടായിരുന്നു. അന്യനാടുകളിൽനിന്ന് അടിമകളെ സമ്പാദിക്കുവാൻ അതിപ്രാചീനമാർഗ്ഗം യുദ്ധംതന്നെയായിരുന്നു. സംഘടിതശക്തിയും കേന്ദ്രീകൃതമായ അധികാരവും വൻതോതിലുള്ള കൃഷിയും വ്യവസായവുമെല്ലാം അടിമത്തത്തിന്റെ വളർച്ചയ്ക്ക് കാരണമായി.

 

Credits: https://malayalam.indiatoday.in/

About The Author

Leave a Reply

Your email address will not be published. Required fields are marked *