ചില പിതൃസ്മരണകള്‍ – (സണ്ണി തായങ്കരി)

Facebook
Twitter
WhatsApp
Email

ഇത് തിരക്കുകളുടെ ലോകം.
ആര്‍ക്കും ആരേയും പരിഗണിക്കാനാവാത്ത കാലം.
തിരക്കുകള്‍മൂലം ബന്ധങ്ങള്‍ കണ്ണിയറ്റുപോകാതിരിക്കാനാവണം വര്‍ഷത്തിലൊരിക്കല്‍ നാമൊക്കെ ചില കാര്യങ്ങള്‍ക്കായി ലോകം കല്‍പിച്ചുനല്‍കിയ ഓര്‍മ ദിനങ്ങളിലൂടെ യാന്ത്രികമായെങ്കിലും കടന്നുപോകുന്നത്.
തിരക്കുപിടിച്ച എല്ലാ മക്കള്‍ക്കുമായി ലോകം മനസ്താപത്തോടെ കരുതിവച്ച ദിനങ്ങളില്‍ ഒന്നാണിത്.
സങ്കടങ്ങള്‍ പങ്കുവെയ്ക്കാനില്ലാത്തവര്‍ക്കായി ഒരു ദിനം…
പിതൃദിനം…
പിതൃശൂന്യതയുടെ സന്ദേശവാഹകരെന്ന് ആരും മുദ്രകുത്താതിരിക്കാന്‍ വക്കുപൊട്ടിയ വാക്കുകളിലൂടെയും പഴകിത്തേഞ്ഞ പുതുകാല ഇമോജികളിലൂടെയും അവര്‍ക്കായി ആയുരാരോഗ്യം ആശംസിക്കാന്‍ ആധുനിക ലോകം പുതുതലമുറയുടെ പരിമിതികള്‍ മനസ്സിലാക്കി കല്‍പ്പിച്ചുനല്‍ കിയ മറ്റൊരു ഔദ്യോഗിക ദിനം.
അച്ഛന്‍ വായിച്ചുതീര്‍ത്ത പുസ്തകങ്ങള്‍ ഷെല്‍ഫില്‍ അടുക്കിവച്ചിരിക്കുന്നു. പൊടിപിടിച്ച അവയ്ക്കുമീതെ വിരലോടിക്കുമ്പോള്‍ ഇന്നുവരെ അനുഭവിക്കാത്ത ഒരു അനുഭൂതിയിലേക്ക് മനസ്സ് യാത്ര ചെയ്യുമ്പോലെ…
കുട്ടിക്കാലത്ത് യൗവനത്തിന്റെ മണ മുണ്ടായിരുന്ന ഇതേ ഷെല്‍ഫിലെ പുസ്തകങ്ങള്‍ കാണിച്ച് അച്ഛന്‍ പറഞ്ഞിട്ടുണ്ട്.
”പുസ്തകങ്ങള്‍ ജീവിതാനുഭവങ്ങളുടെ കയ്പും മധുരവും നമ്മിലേക്കൊഴുക്കും. സര്‍ഗാത്മകതയുടെ ചൂടുംചൂരും മനുഷ്യമഹത്വത്തിന്റെ സ്വപ്നലോകത്ത് വിഹരിക്കാന്‍ ഒരുവനെ പ്രാപ്തനാക്കും. മാനവികതയുടെ ഉപാസകരായി നാം മാറുന്നത് അപ്പോഴാണ്. വായിക്കാത്തവന്‍ ആത്മസങ്കടങ്ങളുടെ ഇരുട്ടില്‍ കഴിയുമ്പോള്‍ വായിക്കുന്നവന്‍ നന്മകളുടെ സര്‍ഗവെളിച്ചത്തിലായിരിക്കും. ഇരുട്ടില്‍പോലും അവന്‍ മിന്നാമിനിങ്ങിന്റെ പ്രകാശപ്പൊട്ടുകള്‍ കണ്ടെത്തും.”
പഴകി ദ്രവിച്ച പുസ്‌കങ്ങള്‍ ഓരോന്നോരോന്നായി പുറത്തെടുത്ത് പൊടിതട്ടി മാറ്റിവച്ചു. ഒഡീസി, അമ്മ, കാരമസോവ് സഹോദരങ്ങള്‍, ലെസ് മിസറിബിള്‍സ്, ക്രൈം ആന്റ് പണീഷ്‌മെന്റ്, ഹന്‍ഡ്രഡ് ഇയേഴ്‌സ് ഓഫ് സോളിറ്റിയൂഡ്, ശ്രീ ബുദ്ധ, ആള്‍കെമിസ്റ്റ്, പെട്രോപരാമ, വാര്‍ ആന്റ് പീസ് തുടങ്ങിയ ലോക ക്ലാസിക്കുകളില്‍ തുടങ്ങി ചെമ്മീനും സുന്ദരികളും സുന്ദരന്മാരും കയറും ഖസാക്കിന്റെ ഇതിഹാസവും ഗുരുസാഗരവും കടന്ന് പുസ്തകങ്ങളുടെ നീണ്ടനിര.
വായിച്ച ഇഷ്ടപ്പെട്ട കൃതികളെപ്പറ്റി അച്ഛന്‍ കുറിപ്പുകള്‍ തയ്യാറാക്കി തരുമായിരുന്നു. അത് വായിച്ചെങ്കിലും പുസ്തകങ്ങളെ താന്‍ സ്‌നേഹിക്കട്ടെയെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കണം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിച്ചു. അതിനിടയില്‍ ഒന്നിലും അച്ഛന്റെ നിരവധിയായ പുസ്തകങ്ങളില്‍ ഒന്നുപോലും കണ്ടില്ല. അത് അത്ഭുതമായിരുന്നു. അച്ഛന്റെ സര്‍ഗബോധത്തെയോ സാഹിത്യരചനകളെയോ സ്‌നേഹിക്കാതെ അതില്‍നിന്ന് ലഭിക്കുന്ന സാമ്പത്തിക നേട്ടത്തില്‍മാത്രമായിരുന്നല്ലോ എന്നും കണ്ണ്. ഒരിക്കലും അച്ഛന്റെ സര്‍ഗവൈഭവത്തെ, അതില്‍ ഉള്‍ത്തുടിക്കുന്ന മാനവികതയെ അംഗീകരിക്കാന്‍ കഴിഞ്ഞില്ല.
അച്ഛന്‍ അന്തിയുറങ്ങുന്ന നിരന്നുതുടങ്ങിയ മണ്‍കൂന കണ്ടുപിടിച്ച് തലയ്ക്കല്‍ നാട്ടിയിരിക്കുന്ന കുരിശിലെ വെള്ളഅക്ഷരങ്ങളിലേക്ക് നോക്കുമ്പോള്‍ ഉള്ളില്‍ ഒരു ഇടിവാള്‍ കടന്നുപോയി.
കൈയില്‍ കരുതിയ മെഴുകുതിരികള്‍ കാല്‍ക്കല്‍നാട്ടി കത്തിക്കുമ്പോള്‍ ഒരിക്കല്‍ തന്റെ കൈപിടിച്ച് ഇതേ സിമിത്തേരിയില്‍ ഇതേനടപ്പാതയ്ക്ക് അരുകില്‍ നിരവധിയായ പേരുകള്‍ കുറിച്ചിട്ട കുരിശുകള്‍ക്കിടയില്‍ നിന്ന് അച്ഛന്‍ പറഞ്ഞത് ചെവികളില്‍ മുഴങ്ങി.
‘ഈ മണ്‍കൂനകള്‍ക്കുമീതെ സഹജീവികള്‍ക്കുവേണ്ടി എരിഞ്ഞുതീര്‍ ന്ന എത്ര ജീവിതങ്ങളാണെന്നറിയുമോ? മറ്റുള്ളവര്‍ക്കുവേണ്ടി ഒരു മെഴുകു തരിപോലെ എരിഞ്ഞുതീരുമ്പോഴേ നാം ജീവിക്കുന്നുള്ളു. അപ്പോള്‍ മാത്രമേ നമ്മുടെ ജീവിതദൗത്യം പൂര്‍ണമാകുന്നുള്ളു. ഇവരെല്ലാം ഒരിക്കല്‍ ആര്‍ക്കൊക്കെയോ വേണ്ടി എരിഞ്ഞ് തീര്‍ന്നവരാണ്.”
ഇവിടെ താന്‍ ആര്‍ക്കുംവേണ്ടി എരിഞ്ഞ് തീരുന്നില്ല. തനിക്കുവേണ്ടി ഈ മെഴുകുതിരിപോലെ മറ്റുള്ളവര്‍ എരിഞ്ഞുതീര്‍ന്നു.
കൃതഘനതയുടെ പൊള്ളിക്കുന്ന കണ്ണീര്‍ പ്രവാഹമായി കാഴ്ചയെ മറയ്ക്കുമ്പോള്‍ ഒരിളംതെന്നല്‍ തഴുകി കടന്നുപോയതുപോലെ…
ഒരു കരം തോളില്‍ മന്ദം സ്പര്‍ശിച്ചുവോ…
തിരിഞ്ഞുനോക്കി. ആരെയും കണ്ടില്ല.
കാറ്റ് തെങ്ങോലകളില്‍ ഉമ്മവയ്ക്കുന്നതുമാത്രം കണ്ടു.
തനിക്കായി അച്ഛന്‍ എന്തെങ്കിലും ഒരുവാക്ക് അവശേഷിപ്പിച്ചിട്ടുണ്ടാ വില്ലേ എന്ന അന്വേഷത്തിലായി പിന്നെ .പുസ്തകങ്ങള്‍ക്കിടയിലോ പുസ്ത കങ്ങള്‍ക്കുള്ളിലോ ഒരു കടലാസുതുണ്ട് പ്രതീക്ഷിച്ചു.
പക്ഷേ…
പിന്നെ തെരച്ചില്‍ അച്ഛന്റെ കിടപ്പുമുറിയിലായി. ഒരു കാലത്ത് നിത്യ വും തനിക്കുവേണ്ടി വാങ്ങുന്ന ചോക്കലേറ്റ്, തന്നെ ശുണ്ഠിപിടിപ്പിക്കാന്‍ ചിലപ്പോഴൊക്കെ ഒളിപ്പിച്ചുവയ്ക്കാറുള്ള കിടക്കയ്ക്കുമീതെ ഇരിക്കുന്ന പെട്ടിയില്‍ കണ്ണുകള്‍ ഉടക്കിയപ്പോള്‍ കണ്ണുകള്‍ വീണ്ടും നിറഞ്ഞു. വാതില്‍പ്പടിയില്‍ ചാരി ഓര്‍മകളുടെ സുഗന്ധത്തിലേക്ക് മനസ്സ് കുതറിയോടുമ്പോള്‍ അച്ഛന്റെ നിറസാന്നിധ്യം ആ മുറിയിലാകെ നിറഞ്ഞു. അച്ഛന്റെ നെഞ്ചിലെ മണം ഇഷ്ടമായ തനിക്ക് ആ നെഞ്ചില്‍ചേര്‍ന്ന് കിടന്നാലെ ഉറക്കം വരുമായിരുന്നുള്ളു. കൗമാരം പിന്നിടുംവരെ ഏതു കാര്യത്തിനും അച്ഛന്‍ വേണമായിരുന്നു.
വീണ്ടും എട്ടുവയസ്സുള്ള കുട്ടിയായി മാറുമ്പോള്‍ അച്ഛന്‍ ഇതാ നിറചിരിയുമായി അതേ വാത്സല്യഭാവത്തില്‍ കണ്‍മുമ്പില്‍.
ഓഫീസില്‍നിന്ന് വരുമ്പോള്‍ ആദ്യം തപ്പുക പോക്കറ്റിലാണ്. വാ ങ്ങാന്‍ മറന്നുപോയെന്നോ സമയം കിട്ടിയില്ലെന്നോ, വാങ്ങിയത് മറ്റൊരു കുട്ടിക്ക് കൊടുത്തെന്നോ, കൈയില്‍നിന്ന് താഴെവീണുപോയെന്നോ അങ്ങനെ എന്തെങ്കിലുമൊക്കെ നുണക്കഥയുമായിട്ടാവും വരവ്. തന്നെ ശുണ്ഠിപിടിപ്പിക്കണം, കുഞ്ഞുമുഖത്തെ ദേഷ്യം കാണണം അതാണ് ലക്ഷ്യം. തിരച്ചില്‍ മതിയാക്കി അച്ഛനോട് കൂട്ടുവെട്ടി പോകുമ്പോള്‍ ചോക്കലേറ്റ് പെട്ടിയില്‍ നിക്ഷേപിക്കും. പിന്നെ സൂത്രത്തില്‍ അടുത്തുകൂടി ഇക്കിളിയിട്ട് പിണക്കംമാറ്റി പെട്ടി തുറക്കാനുള്ള ക്ലൂ പറഞ്ഞുതരും. പെട്ടി തുറക്കുമ്പോള്‍ ചിലപ്പോള്‍ ഒന്നിനുപകരം രണ്ട് ചോക്കലേറ്റുകള്‍ കാണും. അപ്പോള്‍ താങ്ക്‌യു ഡാഡിയെന്നു പറഞ്ഞ് ആ കവിളുകളില്‍ ചുടുമുത്തം നല്‍കും.
നിറയെ പൊടിപിടിച്ച പെട്ടിയിലേക്ക് കുറെ സമയം നോക്കിനിന്നു. നിലത്തിരുന്ന് പൊടിതട്ടി അത് മുന്നിലേക്ക് വലിച്ചു വയ്ക്കുമ്പോള്‍ ഉള്ളില്‍ വല്ലാത്തൊരു വിങ്ങല്‍ അനുഭവപ്പെട്ടു. പൊടിതട്ടിക്കുടയുമ്പോള്‍ നിര്‍ത്താതെ തുമ്മല്‍ തുടങ്ങി. അപ്പോള്‍ അച്ഛന്റെ ശകാരം കാതുകളില്‍ മുഴങ്ങി. ചെറുപ്പം മുതലേ പൊടി തനിക്ക് അലര്‍ജിയായിരുന്നു. അക്കാരണംകൊണ്ട് വീട് അടിച്ചുവാരാനോ ഷെല്‍ഫുകള്‍ വൃത്തിയാക്കാനോ അച്ഛന്‍ അനുവദിച്ചിരുന്നില്ല.
തുമ്മല്‍ അല്പമൊന്ന് ശമിച്ചപ്പോള്‍ പണിപ്പെട്ടാണ് അത് തുറന്നത്.
പഴകി നിറം നഷ്ടപ്പെട്ട ഒരു ആല്‍ബത്തിലാണ് കണ്ണുകള്‍ ചെന്നു വീണത്.
ആല്‍ബം മലര്‍ക്കെ തുറന്നു.
അതില്‍നിന്ന് പഴകി, നിറം മങ്ങിയ ഒരു ഫോട്ടോ താഴെ വീണു.
അതില്‍നിന്നിറങ്ങി, മിന്നല്‍പോലെ മുന്നില്‍ ഒരാള്‍രൂപം… വാത്സല്യത്തോടെ ആ രൂപം മാടിവിളിക്കുന്നു…
നീട്ടിപ്പിടിച്ച ആ കൈകളിലേക്ക് ഓടിയടുക്കുമ്പോള്‍, ആ നെഞ്ചിലേക്ക് ചായുമ്പോള്‍ ഇതൊരു സ്വപ്നനിമിഷമാകരുതേയെന്ന് മോഹിച്ചു.
പക്ഷേ, മനുഷ്യന്റേത് വെറും വ്യാമോഹങ്ങള്‍ മാത്രമാണല്ലോ, എന്നും.

About The Author

Leave a Reply

Your email address will not be published. Required fields are marked *