പെരുപ്പിച്ചു കാട്ടുന്ന ജീവിതക്രമമാണ് നമ്മിൽ പലർക്കുമുള്ളത്. ഇതാണ് നാമെന്ന് അന്യരെ ബോധിപ്പിക്കാൻ ഏച്ചുകെട്ടലുകൾ കൊണ്ട് വല്ലാതെ പാടുപെടുന്നുണ്ട്. ഊതി വീർപ്പിക്കുന്ന ഈ മിഥ്യാ സങ്കല്പങ്ങൾ തന്നെയാണ് നാമെന്ന് സ്വയം വിശ്വസിച്ച് സ്വയം മഹത്ത്വമാരോപിച്ച് തൃപ്തിയടയുകയാണ്. കേൾവിക്കാരുടെയും കാഴ്ചക്കാരുടെയും മനോനില മനസ്സിലാക്കാതെ പൊങ്ങച്ചമെന്ന കരിയില കൂമ്പാരത്തിൽ മുഖമൊളിപ്പിച്ചിരിക്കുന്ന ഒട്ടകപക്ഷികളാകുന്നതെന്തിന്? നാം നാമായിരിക്കുന്ന അവസ്ഥയല്ലേ ഏറ്റം മഹത്ത്വം. അപരരുടെ കണ്ണിൽ വർണപ്പകിട്ടുകളുടെ പൊടിയൂതി കബളിപ്പിക്കാൻ കഴിഞ്ഞാലും സ്വന്തം മന:സാക്ഷിയെ നമുക്ക് എത്ര കാലം വഞ്ചിക്കാൻ കഴിയും ? സ്വപ്നങ്ങളുടെയും സങ്കല്പങ്ങളുടെയും അയഥാർഥ ലോകത്ത് ജീവിതം അവസാനിപ്പിക്കാതിരിക്കുക. നാം എന്തായിരിക്കുന്നുവോ അതായിരിക്കുന്നതിന്റെ സൗന്ദര്യത്തോളം ഒരു പൊങ്ങച്ചത്തിനും ആസ്വാദ്യതയുണ്ടാകില്ല. കാക്ക കുളിച്ചാൽ കൊക്കാകില്ലല്ലോ!
ജോസ് ക്ലെമന്റ്









