എസ്സ്. ഗുപ്തൻ നായര്‍ – ഓർമ്മദിനം

Facebook
Twitter
WhatsApp
Email

കടപ്പാട്
ആറുദശകം സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആത്മീയ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന, മലയാള നിരൂപണത്തിലെ പ്രമുഖനായ എസ്. ഗുപ്തൻ നായരുടെ ജന്മവാർഷികമാണിന്ന്. അധ്യാപകൻ, ഭാഷാ പണ്ഡിതൻ, വിമർശകൻ, ഉപന്യാസകാരൻ, ജീവചരിത്രകാരൻ, വിവർത്തകൻ, നാടകകൃത്ത്, നാടകചിന്തകൻ, ചെറുകഥാകൃത്ത്, നടൻ, വാഗ്മി, പ്രസാധകൻ, സംഗീതജ്ഞൻ, വിദ്യാഭ്യാസചിന്തകൻ, പത്രാധിപർ എന്നിങ്ങനെ നിറഞ്ഞുനിൽക്കുന്നതായിരുന്നു ആ വ്യക്തിത്വം.

സുഹൃത്തായ ചങ്ങമ്പുഴയാണ് ‘മംഗളോദയം’ മാസികയിൽ നിരൂപണമെഴുതാനുള്ള വാതിൽ അദ്ദേഹത്തിന് തുറന്നുകൊടുത്തത്. ഈ രണ്ടു പ്രതിഭകളും ഓണേഴ്സ് പഠനകാലത്ത് മഹാരാജാസ് ഗവ. ആർട്സ് കോളേജിൽ ഒന്നിച്ചായിരുന്നു (1939’41). നിരൂപണത്തിൽ സമചിത്തത പാലിക്കുന്നതിൽ ബദ്ധശ്രദ്ധനായിരുന്നു പ്രൊഫ. ഗുപ്തൻ നായർ. സരളവും ഋജുവും ലളിതവുമായ ശൈലി അദ്ദേഹത്തെ വേറിട്ടു നിർത്തി.

സർഗാത്മകവും കാല്പനികവുമാണ് പ്രൊഫ. ഗുപ്തൻനായരുടെ വിമർശനങ്ങൾ. സംഗീതത്തിലും ചിത്രകലയിലും വേണ്ടത്ര അവഗാഹം. എന്തെഴുതിയാലും ജീവിതഗന്ധിയാകണമെന്ന നിർബന്ധം.ഇതായിരുന്നു ഗുപ്തൻ നായരുടെ രീതി. കുട്ടികൃഷ്ണമാരാരും ജോസഫ് മുണ്ടശ്ശേരിയും കേസരി എ. ബാലകൃഷ്ണപിള്ളയും കുറ്റിപ്പുഴ കൃഷ്ണപിള്ളയും എം.പി. പോളും ഡോ. കെ. ഭാസ്കരൻ നായരും മലയാളനിരൂപണ രംഗത്ത് നിറഞ്ഞു നിൽക്കുന്ന കാലത്താണ് പ്രൊഫ. എസ്. ഗുപ്തൻനായരുടെ അരങ്ങേറ്റം.

‘എന്റെ വിമർശനസങ്കല്പം’ എന്ന നിബന്ധത്തിൽ അദ്ദേഹം ഇങ്ങനെ എഴുതുന്നു: ”സാഹിത്യത്തിന്റെ നന്മതിന്മകളെ നിശ്ചയിക്കുന്നത്, അത് പ്രചരിപ്പിക്കുന്ന പ്രത്യയശാസ്ത്രത്തിന്റെ സ്വീകാര്യതയും അസ്വീകാര്യതയും നോക്കിയല്ല, അതിന്റെ നിഹിതമായ കലാമൂല്യം നോക്കിയാവണം.” ഉത്തമസാഹിത്യം ‘ഇസ’ങ്ങൾക്കപ്പുറമാണെന്ന് അദ്ദേഹം തീവ്രമായി വിശ്വസിച്ചു. നൂറ്റമ്പതോളം ഗ്രന്ഥങ്ങൾക്ക് അദ്ദേഹം പ്രൗഢമായ അവതാരികകൾ എഴുതി. മഹാകവി ജി.യുടെ ‘ഓടക്കുഴൽ’ എന്ന ജ്ഞാനപീഠ സാഹിത്യപുരസ്കാരം കരസ്ഥമാക്കിയ കവിതാസമാഹാരത്തിന് എഴുതിയ അവതാരിക (‘ഏറ്റവും ശ്രദ്ധേയനായ കവി’-1949) ഏറെ പ്രശസ്തമാണ്.

ആദ്യകൃതിയായ ‘ആധുനികസാഹിത്യം’ 1951-ൽ പ്രസിദ്ധീകൃതമായി. ‘അസ്ഥിയുടെ പൂക്കൾ’ (1998) എന്ന ജീവചരിത്ര/കവിതാപഠനം മലയാളസാഹിത്യത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ കൃതിയാണ്. എസ് ഗുപ്തൻ നായരുടെ എഴുത്തുജീവിതത്തെ അടയാളപ്പെടുത്തുന്ന കൃതികളാണ് ‘മനസാസ്മരാമി’. (ആത്മകഥ-2005) ‘ഇസങ്ങൾക്കപ്പുറം’, ‘സമാലോചനവും പുനരാലോചനവും’, ‘ചങ്ങമ്പുഴ’ (ഇംഗ്ലീഷ്), ‘സി.വി. രാമൻപിള്ള’ (ഇംഗ്ലീഷ്), ‘സൃഷ്ടിയും സ്രഷ്ടാവും’, ‘ഗദ്യം പിന്നിട്ട വഴികൾ’, തുടങ്ങിയവ.

‘ശബ്ദങ്ങൾ’, ‘രമണൻ’, ‘ഖസാക്കിന്റെ ഇതിഹാസം’ എന്നീ പ്രശസ്തകൃതികളെപ്പറ്റി പ്രൊഫ. ഗുപ്തൻനായർക്ക് വ്യത്യസ്തമായ വീക്ഷണങ്ങളായിരുന്നു ഉണ്ടായിരുന്നത്. ‘ഖസാക്കും അതിന്റെ നായകസ്ഥാനത്തുള്ള രവിയും പരദേശി സ്വഭാവമുള്ളതാണെന്നുതന്നെയാണ് എന്റെ വിശ്വാസം. പലരും പറയുന്നതുപോലെ അത് കേരളീയാനുഭവമായി എനിക്ക് തോന്നിയിട്ടില്ല. കുറെ പുസ്തകങ്ങളൊക്കെ വായിച്ച് തലച്ചോറിന്റെ ഒരു ഭാഗം അല്പം ദ്രവിച്ചുപോയ ഒരാളായാണ് രവിയെ ഞാൻ കാണുന്നത്’ എന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞു.

കേരള-കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ, എഴുത്തച്ഛൻ പുരസ്കാരം, വള്ളത്തോൾ പുരസ്കാരം, വയലാർ അവാർഡ്, ലളിതാംബിക അന്തർജ്ജനം പുരസ്കാരം, തുടങ്ങി നിരവധി പുരസ്കാരങ്ങൾ ഗുപ്തൻ നായർക്ക് ലഭിച്ചിട്ടുണ്ട്. 2006 ഫെബ്രുവരി ഏഴിന് അദ്ദേഹം അന്തരിച്ചു

About The Author

Leave a Reply

Your email address will not be published. Required fields are marked *