അഗ്നിസാക്ഷി ഒരു പoനം – (സൂസൻ പാലാത്ര)

Facebook
Twitter
WhatsApp
Email

1909 മുതൽ 1987 വരെയായിരുന്നു ലളിതാംബിക അന്തർജനത്തിൻ്റെ ജീവിതകാലം. കൊല്ലം ജില്ലയിൽ കോട്ടവട്ടത്ത് 1909 മാർച്ച് 30-ന് ജനനം. ആദ്യത്തെ ചെറുകഥ ‘മലയാള രാജ്യ’ത്തിൽ പ്രസിദ്ധപ്പെടുത്തിയ യാത്രാവസാനം. ഭർത്താവ് നാരായണൻ നമ്പൂതിരി. പ്രശസ്ത കഥാകൃത്ത് പരേതനായ എൻ. മോഹനൻ ഉൾപ്പടെ ഏഴു മക്കൾ.

1973-ൽ കേരള സാഹിത്യ അക്കാദമി അവാർഡ് (സീത മുതൽ സത്യവതി വരെ) ലഭിച്ചു. അഗ്നിസാക്ഷി എന്ന ഏക നോവലിന് 1977-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് , കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ പുരസ്ക്കാരം, ആദ്യത്തെ വയലാർ അവാർഡ് ഇവ ലഭിച്ചു. 1987 ഫെബ്രുവരി 6-ന് അന്തരിച്ചു.

കൃതികൾ:
അഗ്നിസാക്ഷി (നോവൽ)
ഗോസായി പറഞ്ഞ കഥ, തേൻ തുള്ളികൾ എന്നിവ. ആത്മകഥയ്ക്ക് ഒരാമുഖം (ആത്മകഥ), സീത മുതൽ സത്യവതി വരെ (പഠനം).

ഒരു കാലത്ത് ബ്രാഹ്മണസമൂഹത്തിലെ സ്ത്രീകൾ നേരിട്ട പ്രശ്നങ്ങളെ സ്വാതന്ത്ര്യ സമരത്തിൻ്റെയും ദേശീയ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ എഴുതിയതാണ് അഗ്നിസാക്ഷി.

കണ്ടും കേട്ടും അറിഞ്ഞും ഉള്ളിൽത്തട്ടിയ ചില അനുഭവങ്ങളും കഥകളും കൂട്ടിക്കലർത്തിയാണ് ഈ കഥയുടെ രൂപകല്പന അന്തർജനം നിർവ്വഹിച്ചിരിക്കുന്നത്. അന്തർജനത്തിൻ്റെ തന്നെ ഭാഷയിൽ പറഞ്ഞാൽ 1962 മെയ്മാസത്തിൽ ഉത്തർപ്രദേശിലെ ഒരു തീർത്ഥ സങ്കേതത്തിൽ വച്ചാണ് കഥയുടെ ബീജം ലഭിക്കുന്നത്. അവർക്കു പരിചയമുണ്ടായിരുന്ന ഒരു സാമൂഹ്യ പ്രവർത്തക സന്യാസവൃത്തിയ്ക്കായി പോയി 20 വർഷങ്ങൾക്കു ശേഷം തലമുണ്ഡനം ചെയ്യപ്പെട്ട്, കാവി വേഷധാരിയായി അവരെ കണ്ടതും തിരിച്ചറിഞ്ഞതുമാണ് കഥയുടെ അടിസ്ഥാന തത്വമായി സ്വീകരിച്ചിരിക്കുന്നത്. ആ തേജസ്സുറ്റ രൂപവും നിഴലും നോക്കിക്കൊണ്ട് അന്തർജനം ഏറെ നേരം നോക്കി നിന്നു. ” നേരം ഉച്ചതിരിഞ്ഞിരുന്നതിനാൽ പിൻ നിഴലിനു വളരെ നീളക്കൂടുതൽ തോന്നിച്ചു”വെന്ന് വായനക്കാരോട് സംവദിക്കുന്നിടത്ത് പറഞ്ഞരിക്കുന്നു. പിൻ നിഴൽ സന്യാസിനിയമ്മയുടെ പൂർവ്വാശ്രമം ആയിരിക്കാം.

കഥാബീജത്തൊടൊപ്പം തന്നെ അതു സ്വീകരിച്ചു ജീവൻ കൊടുത്തു വളർത്തിയെടുക്കുന്ന ഭാവനയുടെ രൂപവും സൃഷ്ടിയിൽ പ്രതിഫലിക്കുന്നു. ഏകദേശം നാല്പതു കൊല്ലക്കാലത്തെ സാമൂഹ്യവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ ഓർമ്മക്കുറിപ്പുകൂടിയാണ് ഈ നോവൽ. നമ്പൂതിരി സമുദായത്തിൽ അന്ന് നിലനിന്നിരുന്ന ചില കീഴ്വഴക്കങ്ങളെയും പ്രശ്നങ്ങളെക്കുറിച്ചുമുള്ള വിവരണത്തോടൊപ്പം സാമൂഹ്യജീവിതത്തിലെ പൊതു പ്രശ്നങ്ങളുടെ സൂചനകളും ഇതിൽ കാണാം.

ഇതിലെ കഥാനായിക തേതിയേടത്തി, ദേവകീമാനമ്പള്ളി, ദേവീ ബഹൻ എന്നീ പേരുകളിൽ പരിചയപ്പെടുന്ന സുമിത്രാനന്ദ എന്ന സന്യാസിനിയാണ്.

മെച്ചപ്പെട്ട വിദ്യാഭ്യാസം നേടി ഒരു ആധുനികവനിതയുടെ രൂപഭാവങ്ങളോടെ ജീവിച്ച തങ്കംനായർ ഇതിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. നമ്പൂതിരിമാരുടെ വിജാതീയഭാര്യമാരും മക്കളും അനുഭവിച്ച നാണക്കേടുകളും ഇതിൽ വെളിവാക്കുന്നു. അങ്ങനെയുള്ള ഈ മക്കൾക്കു് സ്വന്തം പിതാവിനെ ഒന്നു തൊടാനോ, അടുത്തിരിയ്ക്കാനോ, തലോടലോ ലാളനയോ ഏറ്റുവാങ്ങാനുള്ള ഭാഗ്യമില്ല. അയിത്താചാരത്തിൻ്റെ ഭാഗമായി അവരെ ഒരിക്കലും കുലസന്തതികളായി ഗണിച്ചിരുന്നില്ല.

തങ്കത്തിൻ്റെ ചിന്തയിലൂടെ പറയുമ്പോൾ ഇതിലെ കഥാപാത്രമായ ഉണ്ണിയേട്ടൻ ശുദ്ധഹൃദയനും സത്യസന്ധനും ആദർശങ്ങളെ മുറുകെ പിടിക്കുന്നവനാണെങ്കിലും അയാൾ തനിയാഥാസ്ഥിതികനുംപിൻതിരിപ്പനുമാണ്.

അപ്ഫൻനമ്പൂതിരി, ഏട്ടൻറമ്മ, ജലപിശാചു മുത്തശ്ശി, ഭ്രാന്തിച്ചെറിയമ്മ എല്ലാം ഈ നോവലിലെ ജീവസ്സുറ്റ കഥാപാത്രങ്ങളാണ്.

അന്തർജനം സ്വന്തം ജീവിതത്തിൽ പരിചയപ്പെട്ട ചില കഥാപാത്രങ്ങളാണ് ഇവരെന്ന് കഥാകാരി സ്വന്തം വാക്കുകളിലൂടെ സാക്ഷ്യപ്പെടുത്തുന്നു.

ശ്യാമപ്രസാദ് സംവിധാനം നിർവ്വഹിച്ച് ശോഭന, ശ്രീവിദ്യ എന്നിവർ പ്രധാന കഥാപാത്രങ്ങൾക്ക് വേഷമിട്ട് അഗ്നിസാക്ഷി സിനിമയാക്കിയിട്ടുണ്ട്.

മുപ്പതദ്ധ്യായങ്ങളിലായി തീർക്കാൻ ആഗ്രഹിച്ച നോവൽ പതിനെട്ട് അധ്യായങ്ങളിലായി ഒതുക്കുകയാണ് ഉണ്ടായത്. അറുപത്തിയേഴാം വയസ്സിൽ കൈവേദനയും ശ്വാസംമുട്ടലും മറ്റു ശാരീരിക ക്ലേശങ്ങളും കുടുംബഭാരങ്ങളും വഹിച്ച് മലയാളത്തിൻ്റെ ബഹുമാന്യയായ ഈ അമ്മ എഴുതിയ നോവലാണ് അഗ്നിസാക്ഷി.

ഒരുകാലഘട്ടത്തിൻ്റെയും, ഒരു സമുദായത്തിൻ്റെയും, അതിലെ സ്ത്രീകളും കുഞ്ഞുങ്ങളും അനുഭവിച്ചു പോന്ന വൈകാരിക പ്രശ്നങ്ങളുടെയും നേർക്കുനേർ കാഴ്ച ഓരോ മലയാളിയ്ക്കും ഈ നോവലിലൂടെ വായിച്ചെടുക്കാനാകും.

ഒറ്റ നോവൽ മാത്രം എഴുതി പ്രശസ്തരായവരെ പുച്ഛിക്കുന്നവർക്ക് ഒരു പാഠമാണ്. ലളിതാംബിക അന്തർജനം എഴുതിയ ഈ നോവൽ. ഒരു നോവൽ മാത്രമെഴുതി പ്രശസ്തിയുടെ ഉത്തുംഗശൃംഗത്തിലെത്തിയ അമ്മയ്ക്ക് പ്രണാമം🙏🌹

……

About The Author

Leave a Reply

Your email address will not be published. Required fields are marked *