പത്രത്താളുകളിൽനിന്നാണ് ഞാനാ സങ്കടവാർത്ത അറിഞ്ഞത്. “മകനുപിന്നാലെ അമ്മയുംമരിച്ചു” പ്രമുഖ ദിനപ്പത്രത്തിൽ ആ അമ്മയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്.
മറാഠി സ്റ്റൈലിൽ സാരി ധരിച്ച്, തമിഴ് സ്റ്റൈലിലൊരു വട്ടമുള്ള മൂക്കുത്തിയും നെറ്റിയിൽ മലയാളത്തനിമയുള്ള ഭസ്മക്കുറിയും, ഗോതമ്പുമണിയുടെ നിറവും ആ അമ്മയുടെ പ്രത്യേകതകളായിരുന്നു.
ക്ഷേത്രനടയിലായിരുന്നു അവരുടെ അന്ത്യം. ഭാണ്ഡത്തിൽ അവശേഷിച്ചിരിയ്ക്കുന്നത് ഒരുരാമായണവും കുറെനോട്ടുബുക്കുകളും മാത്രം. നോട്ടുബുക്കുകളിലെല്ലാം ഒട്ടും ഇടം ബാക്കിവയ്ക്കാതെ ‘ഓം നമഃ ശിവായ എന്നെഴുതിയിരിക്കുന്നു.
അവസാനം എഴുതിയ ബുക്കിലെതാളുകളും തീർന്നിരിക്കുന്നു. ഓരോ ദിവസവും തീയതിഇട്ടിട്ടാണ് എഴുത്താരംഭിച്ചിരിക്കുന്നതു്. ബുക്കിൽ ഒരു മഷിപ്പേന കോർത്തുവച്ചിരിക്കുന്നു. തലയിണയ്ക്കു പകരമായി വയ്ക്കുന്ന ഭാണ്ഡക്കെട്ടിലാണ് നോട്ടുബുക്കുകൾ സൂക്ഷിച്ചിരിക്കുന്നത്.
എന്റെ ഓർമ്മകൾ വളരെ വർഷങ്ങൾ പിന്നിലേയ്ക്കോടിപ്പോയി.
ഒരു സായംസന്ധ്യയിൽ, നല്ല ഉയരമുള്ള, മെലിഞ്ഞുണങ്ങിയ ഒരുയുവാവ് മുഷിഞ്ഞപാന്റ്സും, ഷർട്ടുമിട്ട് പി.ടി.ഉഷയെ വെല്ലുന്നവിധം ദേശീയ പാതയിലൂടെ വെടിച്ചില്ലുപോലെ പായുന്നു. കുസൃതിയായ എന്റെ അനുജനും അവന്റെകൂട്ടുകാരും ആലുംമൂടുമുതൽ ആ യുവാവിന്റെ പിറകെയോടി. അവർ വിളിച്ചു കൂവി: “ഓടിയ്ക്കോ കിറുക്കൻ വരുന്നേയ്” പത്തു മിനിറ്റിനുശേഷം, മദ്ധ്യവയസ്‌ക്കയായ, ഐശ്വര്യവതിയായ — ഈറൻ നിലാവുപോലെ — മനോഹരിയായ ഒരു സ്ത്രീ, തലങ്ങുംവിലങ്ങും വരുന്ന വാഹനങ്ങളെ ഗൗനിക്കാതെ ശരംപോലെ പായുന്നു!
തുലാവർഷത്തിന്റെ പേടിപ്പെടുത്തുന്ന അതിക്രമം രൂക്ഷമായി. തിരിമുറിയാതെ കോരിച്ചൊരിയുന്നമഴ. അകമ്പടിയ്ക്ക് ഭീകരമായ ഇടിയുംമിന്നലും. അന്തരീക്ഷം കറുത്തിരുണ്ടിരിയ്ക്കുന്നു. ആ സ്ത്രീയുടെ നിലവിളി മഴയിലും ഇടിയിലും അലിഞ്ഞു പോയി. അവർ ഇടമുറിയാതെ “ഏയ് രാജു” എന്ന് നീട്ടിവിളിച്ചുകൊണ്ട് അതിശീഘ്രംപായുന്നു.
എന്റെമാതാപിതാക്കൾ അടക്കംപറഞ്ഞു; “പാവം നല്ലൊരുപയ്യൻ, സുഖല്ലാതെ വന്നാൽ എന്നാ ചെയ്യും? അവന്റെ പിന്നാലെയാ ആത്തള്ള ഓടുന്നേ”
വർഷങ്ങൾ അതിവേഗംകടന്നുപോയി. ഒരു ഞായറാഴ്ചപ്പത്രത്തിൽ ഒരമ്മയുടെയും മകന്റെയും ദയനീയചിത്രവുംവാർത്തയും.
നെട്ടോട്ടമോടുന്നമകനും മകന്റെപിന്നാലെ ഓടിയെത്താൻപാടുപെടുന്ന ഒരമ്മയും. അമ്മലച്ചുമി, മകൻ രാജു. തമിഴ് നാടു സ്വദേശികൾ എങ്കിലും രാജുജനിച്ചതും ബാല്യംപിന്നിട്ടതും മുംബൈയിലാണ്.
മകൻ ഓടിത്തളർന്ന് എത്തുന്നസ്ഥലത്ത് അമ്മയും എത്തിച്ചേരും, പിന്നെഅവിടെ വെയിറ്റിംഗ്ഷെഡ്ഡിലോ, കടത്തിണ്ണയിലോ വഴിയോരത്തോ അന്തിയുറങ്ങും. മകൻ ഉറക്കമുണരുന്നതിനുമുമ്പു് അമ്മ കുളിയുംജപവും നടത്തി, ഉറക്കമുണരുന്ന മകനെ പല്ലുതേയ്പിച്ച്, കുളിപ്പിച്ച്, വേഷം മാറ്റിക്കൊടുക്കും. മകനു ഷേവ് ചെയ്തു കൊടുക്കുന്നതും, മുടിയും നഖവും വെട്ടികൊടുക്കുന്നതുമെല്ലാം അമ്മതന്നെ. കയ്യിൽ തലേന്നുകിട്ടിയ ഭക്ഷണത്തിന്റെ ബാക്കി വരുത്തിയതു മകനെകഴിപ്പിച്ച് അമ്മയുംകഴിക്കും.
പ്രഭാതവെയിൽ തട്ടിയാൽ പിന്നെ രാജു അടങ്ങിനിലക്കില്ല ഓട്ടംപുനരാരംഭിക്കും. മകനെ നഷ്ടപ്പെടാതിരിയ്ക്കാൻ, ആരും അവനെ ഒന്നുംചെയ്യാതിരിക്കാൻ ആയമ്മയും വാണംവിട്ട മാതിരി ഓട്ടം തുടങ്ങുകയായി.
പഠനത്തിൽ അതിസമർഥനായിരുന്നു രാജു. മെടിക്കുലേഷനും, പ്രീഡിഗ്രിയും സംസ്ഥാനത്ത് ഒന്നാംറാങ്കോടെ അവൻപാസ്സായി. എൻട്രൻസു് പരീക്ഷയിലും ഉയർന്ന റാങ്കുവാങ്ങിയ മകന് മുബൈയിലെ ഒരു എൻജിനീയറിംഗ് കോളജിൽ പ്രവേശനം ലഭിച്ചു. വീട്ടിൽനിന്ന് രണ്ടു ട്രെയിൻമാറി യാത്ര ചെയ്തു വേണം കോളെജിലെത്താൻ.
രാജുവിന് രണ്ടു വയസ്സുള്ളപ്പോൾ അവന്റെ അച്ഛനെ ഒരു ബൈക്കാക്സിഡൻറിന്റെ രൂപത്തിൽ മരണം കവർന്നുകൊണ്ടുപോയി. പിന്നെ, അമ്മ രണ്ടുമൂന്നു വീട്ടുകളിലെ പാർട്ട് ടൈം ജോലികൾ ചെയ്തു ഒരുപാട് കഷ്ടപ്പെട്ടാണ് രാജുവിനെ പഠിപ്പിച്ചത്.
പുതിയ കോളെജും, സഹപാഠികളും റാഗിംഗ് പ്രശ്നങ്ങളും രാജുവിനെ അലോസരപ്പെടുത്തി. അമ്മ ആശ്വസിപ്പിച്ചു: “സാരമില്ല, തുടക്കത്തിൽ എല്ലാമിങ്ങനാ. ഒക്കെമാറും. എല്ലാം നമുക്കനുകൂലമാകും” ഏതാനും ആഴ്ചകൾ പിന്നിട്ടു. രാജുവിന്റെ മുഖത്തെ സന്തോഷമെല്ലാം ചോർന്നൊലിച്ചു പോയി, പ്രത്യാശ വറ്റിയ കണ്ണുകൾ, മിണ്ടാട്ടമില്ലാതായി. പേർത്തും പേർത്തും ചോദിച്ച അമ്മയോട് അവൻ പറഞ്ഞു: “എനിയ്ക്കവിടെ പഠിക്കാൻ പറ്റില്ലമ്മേ”
“എന്നു പറഞ്ഞാലെങ്ങനാ?കഷ്ടതസഹിച്ച് മോൻപഠിച്ച് മിടുക്കനായി ഡിഗ്രിഎടുക്കു്, പൊന്നുമോൻ അമ്മേഓർത്തു മാത്രംപഠിക്ക് ” മഴനിലാവ് പോലെ അവൻ ചിരിച്ചു. ആ ചിരിയിൽ കണ്ണീരിന്റെ ഉപ്പും നനവും പറ്റിയിരുന്നു. അവൻ പറഞ്ഞു;
“അമ്മ വിഷമിക്കണ്ടാട്ടോ, എന്തുവന്നാലും ഞാൻ എന്റെ അമ്മയ്ക്കുവേണ്ടി സഹിക്കാം, പഠിക്കാം. അമ്മയുടെ നേത്രങ്ങളിൽ നിന്നൊഴുകി വീണ കണ്ണീർച്ചാലുകൾ അവൻ പോക്കറ്റിൽ നിന്ന് കൈലേസെടുത്തു തുടച്ചു. അവന്റെ മിഴികളിൽ തങ്ങിനിന്ന കണ്ണീർക്കണം സാരിത്തലപ്പുയർത്തി അമ്മ തുടച്ചു. മകനെ മാറോടു ചേർത്താശ്ലേഷിച്ച് നെറുകയിലൊരു മുത്തവും കൊടുത്തു കോളെജിലേക്ക് പറഞ്ഞു വിട്ടു.
വൈകുന്നേരം മകന്റെയിഷ്ട ഭക്ഷണമായ കിച്ചടിയുണ്ടാക്കി അമ്മ മകനെ കാത്തിരുന്നു .
മടങ്ങിവന്ന രാജുവിന്റെ മുഖത്ത് രക്തഛവിഉണ്ടായിരുന്നില്ല .കവിളുകളിലും ശരീരമാസകലവും ചോര കട്ടപിടിച്ച കരിനീലപ്പാടുകൾ. അമ്മയെത്ര ചോദിച്ചിട്ടും അവൻ ഒരക്ഷരം പോലും ഉരിയാടിയില്ല പിന്നീടൊരിക്കലും അവൻ പുഞ്ചിരിയ്ക്കുകയോ, ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല. പൊള്ളുന്ന പട്ടിണിക്കിടയിലും, കാകോളം തുള്ളുന്ന സങ്കടപ്പേമാരിയിലും അവന് നല്ലൊരു സ്വപ്നമുണ്ടായിരുന്നു. ആ മകന്റെ ശുഭഭാവി അതു മാത്രമായിരുന്നു ആയമ്മയുടേയും സ്വപ്നം!
ഒരുകൂട്ടം നരാധമന്മാർ ആ സ്വപ്നം തല്ലിക്കെടുത്തി, റാഗിംഗ് എന്നചെല്ലപ്പേരിൽ. രാജു മുറിയിൽ കതകടച്ചിരിപ്പായി. മുറിയിലൊളിച്ചിരുന്ന മകനെ മുറിക്കു പുറത്തിറക്കാൻ അമ്മ എല്ലാ അടവുകളുംപയറ്റി. ഒടുവിൽ അയൽക്കാരെ കൂട്ടിമുറിയുടെ വാതിൽ ചവിട്ടിത്തുറന്നു. മകനെ പുറത്തിറക്കി.
പെട്ടെന്നാണ് എല്ലാം തകിടം മറിഞ്ഞത്. ആൾക്കൂട്ടത്തെ കണ്ടുഭയന്ന രാജു ഒറ്റയോട്ടം — ശരവേഗത്തിൽ. ആ ഓട്ടം പിന്നീട് അവന്റെ മരണംവരെ തുടർന്നു. ഉടുവസ്ത്രവുമായി അവരോടി, പല സംസ്ഥാനങ്ങൾ പിന്നിട്ട്, അവർ മലയാളനാടിന്റെ പച്ചപ്പിലെത്തിയിട്ട് വർഷങ്ങളേറെയായി.
കരളലിയിക്കുന്ന ഈകഥ പുറംലോകമറിഞ്ഞത് ഒരുകൂട്ടം മാധ്യമപ്രവർത്തകരുടെ അന്വേഷണത്വര കൊണ്ടു മാത്രം. അമ്മ അവരുടെ മുന്നിൽ മാത്രം മനസ്സുതുറന്നു: “അതിസമ്പന്നരായ ഒരു വിഭാഗം എൻജിനീയറിംഗ് വിദ്യാർത്ഥികൾ എന്റെ മുത്തിന്റെ മനോനില തകർത്തു ”
ബാല്യത്തിലെപ്പോലെ പത്രപാരായണം ഹോബിയാക്കിയ താൻ രണ്ടു വർഷംമുമ്പ് ആവാർത്ത വായിച്ച് നെഞ്ചു പൊള്ളിക്കരഞ്ഞു;
“ഓട്ടക്കാരൻ രാജു മരണത്തിലേക്ക് ഓടിക്കയറി”
മകന്റെ സ്മരണകളുമായി അവൻ മരിച്ചുകിടന്ന ക്ഷേത്രനടയിൽത്തന്നെ ആ അമ്മകാലം കഴിച്ചു. നോട്ടുബുക്കുകൾ തുടരെത്തുടരെ വാങ്ങിച്ച് അതിൽ തുടർച്ചയായി അവർ എഴുതി “ഓം നമഃശിവായ ”
മകനെപ്പോലെ തന്നെ ക്ഷേത്രനടയിൽ അവരും മരണത്തിനു കീഴടങ്ങി.
എന്റെ നെഞ്ചിൻകൂട് ആരോ തല്ലിത്തകർക്കും പോലെ. അകത്തളത്തിൽനിന്ന് ആത്മാവിന്റെ ഒരു നിലവിളി ഉയർന്നു. ത്യാഗിനിയായ അമ്മേ ശാന്തി! ത്യാഗിനിയായ അമ്മേ മാപ്പ്! അമ്മേ ശാന്തി!!
……..
(അഗാപ്പെ എന്ന ഗ്രീക്കു പദത്തിന് ത്യാഗം അനുഷ്ഠിച്ചുള്ള സ്നേഹം എന്നർത്ഥം)
About The Author
No related posts.