അസഹ്യമായ തണുപ്പ് ശരീരത്തിനുള്ളിലേയ്ക്ക് അരിച്ചു കയറുന്നതായി തോന്നി. കണ്ണു തുറക്കണമെന്നു വിചാരിച്ചിട്ടും സാധിക്കുന്നില്ല. എന്തോ ഭാരം കയറ്റി വച്ചിരിക്കുന്ന പോലെ എവിടെയാണു താൻ? ഓർക്കാൻ ശ്രമിച്ചു ഓ…. പിടി കിട്ടി എന്നത്തെപ്പോലെ അഞ്ചു മണിക്ക് ഓഫീസിൽ നിന്നു വീട്ടിലേയ്ക്ക് പോവുകയാണ്. ഭാര്യ രാവിലെ തന്നെ വാങ്ങേണ്ടുന്നതിന്റെ ലിസ്റ്റ് പോക്കറ്റിൽ ഭദ്രമായി കിടക്കുന്നുണ്ട്. താൻ സാധാരണ കയറുന്ന പച്ചക്കറി കടയിൽ തന്നെ കയറാം. അവിടെ പച്ചക്കറിക്കു പുറമേ മറ്റു അത്യാവശ്യ പലചരക്കു സാധനങ്ങളും ഉണ്ട് . പലയിടത്തും കയറി നടക്കണ്ട എന്ന ഗുണം കൂടി ഉണ്ട്. കട നോക്കിയാണ് വണ്ടിയോടിച്ചത്. അതു കാരണമാവാം പുറകിൽ നിന്ന് വേറെ വണ്ടിയെ ഓവർ ടേക്ക് ചെയ്തു വന്ന ലോറി തന്റെ സ്ക്കൂട്ടറിനെ ഇടിച്ചത് പിന്നെ ഒന്നും ഓർമ്മയില്ല.
പെട്ടെന്നായിരുന്നു താൻ ഏതോ പ്രയാണം ആരംഭിച്ച പോലെ തോന്നിയത് ഏതോ തുരങ്കത്തിലൂടെ താൻ ഒറ്റയ്ക്ക് അതിവേഗം. യാത്ര ചെയ്യുകയാണ്. യാത്രാവസാനമാണെന്നു തോന്നുന്നു നല്ല പ്രകാശവും അലൗകികമായ സംഗീതവും കേട്ടത്. അങ്ങോട്ട് ചെല്ലുവാൻ തന്റെ മനസ്സു വെമ്പി. പക്ഷേ ആരെക്കയോ തന്നെ പിടിച്ചു വലിക്കുന്ന പോലെ അവരുടെ കയ്യിൽ നിന്നു കുതറി രക്ഷപെടാൻ നോക്കി.
: ഏതോ ആശുപത്രിയുടെ ഐ.സി യുവിലാണ് തനിക്ക് അമ്പാ ധാരണമാം വിധം ഭാരക്കുറവ് അനുഭവപ്പെട്ട്. മച്ചിന്റെ മുകളിൽ ഇരിക്കുന്ന പല്ലിയെപ്പോലെ തനിക്കും തട്ടിൽ തൂങ്ങിക്കിടക്കാം. അവിടെ ഇരുന്നു കൊണ്ടു തന്നെ തന്നെ ഇത്രയും നാൾ ചുമന്നുകൊണ്ടു നടന്ന ശരീരത്തെക്കാണാം. ശരീരത്തിനു ചുറ്റും ഡോക്ടറുമ്മാരും നേഴ്സുമാരും നില്പുണ്ട്. വീഴ്ചയുടെ ആഘാതം കൊണ്ടാവാം മുഖമാകെ നീരു വന്നു വീർത്തിരിക്കുന്നു. കൈയ്ക്കും കാലിനുമൊക്കെ കെട്ടുകൾ ഉണ്ട്. ഡോക്ടർമാർ തനിക്ക് ഇലക്ട്രിക്ക് ഷോക്ക് തന്നു ജീവിപ്പിക്കാനുള്ള ശ്രമത്തിലാണ്. ആദ്യം ഒന്നുരണ്ടു തവണ അവർ തന്റെ നെഞ്ചിൽ ഷോക്കു തന്നു . മുറിക്കു മുകളിൽ നിന്നു അനങ്ങുവാൻ താൻകൂട്ടാക്കിയില്ല.
‘എത്ര മനോഹരമായ സ്ഥലത്തുനിന്നാണു താൻ വന്നത്! തനിക്ക് അങ്ങോട്ടേക്കു തന്നെ പോകണം . ഡോക്ടറുമാരുടെ പണി ഒന്നും തന്റെ അടുത്തു വിലപ്പോവില്ല.
” ഇത് ലാസ്റ്റ് അറ്റം ന്റാണ്. റെഡി വൺ …. ടൂ …… ത്രീ പെട്ടെന്നായിരുന്നു തന്റെ പിടി വിട്ടു പോയതും താൻ ശരീരത്തിനുള്ളിലായതും
“ഓ…. ഹാർട്ട് ബീറ്റു ചെയ്യുവാൻ തുടങ്ങി. “ആരോ അതിരറ്റ സന്തോഷത്തോടെ വിളിച്ചു പറഞ്ഞു തന്റെ പേരു പറഞ്ഞു മുഖത്ത് മെല്ലെ അടിച്ചു ആരോ ബോധം വരുത്തുവാനുള്ള ശ്രമമാണ്
“നമുക്ക് വേറ്റു ചെയ്യാം തന്നെ ബോധം വരുമായിരിക്കും ” എന്തെക്കയോ മരുന്നുകൾ തന്റെ രക്തക്കുഴലിലൂടെ കയറുന്നു. നേഴ്സുമാർ തന്റെ മുറിവുകൾ മരുന്നു വച്ചു ഡ്രസ്സ് ചെയ്യുന്നു
ആകെ ഒരു തിരക്കു തന്നെ. തനിക്കാണെങ്കിൽ എങ്ങനെയും ഇതിൽ നിന്നു ഒന്നു പുറത്തു കടന്നാൽ മതിയായിരുന്നു. എന്ന ചിന്തയായിരുന്നു
“എന്താ കണ്ടു കഴിഞ്ഞോ?” മൃദുവായ ആ സ്വരം കേട്ട് ഞെട്ടിപ്പോയി. തന്റെ പുറകിൽ അതി പ്രകാശത്തിൽ മനുഷ്യ രൂപം പോലെ എന്തോ ഒന്ന്
” ഞാൻ…. ഞാൻ… എന്നെത്തന്നെ ഒന്നു കാണുകയായിരുന്നു. ” അറിയാതെ വിക്കിപ്പോയി.
” മടക്ക യാത്ര വേണ്ടായിരുന്നു എന്നു തോന്നിയോ? സാരമില്ല കുറച്ചു സമയം കൂടിയുണ്ട്. അതു കൂടി തീർക്കണം. എല്ലാ കാര്യങ്ങളും അവിടെ കിറുകൃത്യമാ ആ പ്രകാശം മൃദുവായി പറഞ്ഞു.
“ശരി” താൻ മെല്ലെ പറഞ്ഞു
” ഇതുവരേയും കണ്ണൂ തുറന്നില്ല. കണ്ണു തുറന്നാലേ എന്തെങ്കിലും പറയാനാവൂ. എല്ലാവരും കൂടി ഇങ്ങനെ കൂടി ഇതിനു മുന്നിൽ നിന്നിട്ട് ഒരു കാര്യവുമില്ല ” നേഴ്സ് ഗൗരവസ്വരത്തിൽ പറഞ്ഞിട്ട് അകത്തേക്ക് തിരക്കിട്ടു പോയി
ഇതിനകത്തു ഇങ്ങനെ കിടന്നിട്ട് എന്താ കാര്യം! നമുക്ക് ഒന്നു പുറത്തിറങ്ങി ചുറ്റുമുള്ള കാഴ്ചകളൊക്കെ കാണാം. ഏതായാലും കുറച്ചു സമയം കൂടി ഉണ്ട് ” പ്രകാശത്തിന്റെ വാക്കുകളെ നിഷേധിക്കുവാൻ തനിക്ക് ആയില്ല. വേഗം എഴുന്നേറ്റു. ഐ.സി.യു വിന്പുറത്തിറങ്ങിയപ്പോൾ ഭാര്യഏങ്ങലടിച്ചു കരഞ്ഞു കൊണ്ട് ഇരിക്കുന്നു. അവളെ സമാധാനിപ്പിച്ചു കൊണ്ട് മകനും . കരച്ചിലിന്റെ ഇടയിൽ അവൾ പറയുന്നുണ്ടായിരുന്നു – ‘ചിന്നുവിന്റെ കല്യാണം ആരീനി ചുമതലയെടുത്തു നടത്തും ? നിന്റെ പഠിത്തമാണെങ്കിൽ ഒന്നും പൂർത്തിയായില്ല എനിക്കി പണത്തിന്റെ ഇടപാടുകൾ ഒന്നും അറിഞ്ഞുകൂടാ. ബാങ്കിൽ പോകാനോ കാർഡ് ഉപയോഗിക്കാനോ ഒന്നും ..ഒന്നും അവൾ ഏങ്ങലടികൾക്കിടയിൽ പറഞ്ഞൊപ്പിച്ചു. അതു കണ്ടപ്പോൾ തന്റെ കണ്ണിൽ നിന്നും വെള്ളം വന്നു പ്രകാശത്തിനോടു പറഞ്ഞു
” ഇരുപത്തിയഞ്ചു വർഷം എന്നെ വിശ്വസിച്ച് എന്നോടൊപ്പം കഴിഞ്ഞവളാണ്. അവളെ ദുഃഖിപ്പിക്കുന്ന കാര്യം എനിക്കു ചിന്തിക്കാനേ കഴിയൂ
ന്നില്ല. ഞാൻ അതിനകത്തു പോയി കിടക്കാൻ പോവുകയാണ്. എനിക്ക് നല്ലൊരു ഭർത്താവും നല്ലൊരു അച്ഛനുമായാൽ മതി .” വികാര വിക്ഷുബ്ധമായ സ്വരത്തിൽ താൻ പറഞ്ഞു ഒരു മൃദുസ്‌മേരത്തോടെ പ്രകാശം പറഞ്ഞു
” ആർക്കും ആരും സ്വന്തമല്ല. ഒരാൾ പോയാലും ഈ പ്രപഞ്ചത്തിന് ഒരു മാറ്റവും സംഭവിക്കുന്നില്ല. എല്ലാം പഴേപടി തന്നെ ഇരിക്കും. പിന്നെ വേണ്ടപ്പെട്ടവർക്ക് കുറച്ചു ദുഃഖമൊക്കെയുണ്ടാകും. കാലത്തിന് ഉണക്കാൻ കഴിയാത്ത മുറിവു വല്ലതുമുണ്ടോ? പിന്നെ അറിയില്ലെന്നു പറയുന്ന കാര്യം. – കൊച്ചു കുട്ടികൾ നടക്കാൻ പഠിക്കുന്നതു കണ്ടിട്ടില്ലേ ? പല പ്രാവശ്യം വീഴുമ്പോൾ പഠിച്ചു കൊള്ളും” പിന്നെ തനിക്ക് മറിച്ചൊന്നും പറയാനില്ലായിരുന്നു. അവളുടെ അടുത്തിരുന്ന് ആ കണ്ണീരൊന്ന് തുടച്ച് ദാ ഞാൻ നിന്റെ അടുത്തുണ്ട് ഒന്നും വിഷമിക്കേണ്ട എന്നൊക്കെ പറയണമെന്ന് ആഗ്രഹമുണ്ട്. പക്ഷേ, പ്രകാശത്തോട് ഒന്നും ആവശ്യപ്പെടുവാൻ തനിക്ക് ആവതില്ല. എല്ലാം അനുസരിക്കാനെ കഴിയുന്നൊള്ളു
തന്റെ കൂടെ ജോലി ചെയ്യുന്ന ചിലരൊക്കെ അവിടെയും ഇവിടെയും കൂട്ടം കൂടി നില്ക്കുന്നതു കണ്ടു. ” എന്നാലും നമ്മുടെ സാറിന് ഇങ്ങനെ വന്നെല്ലോ!! അവരുടെ സഹതാപ വാക്കുകൾ കേട്ടു. അതൊന്നും പ്രകാശം കേട്ടതായേ ഭാവിച്ചില്ല. അദ്ദേഹം നേരെ ഹോസ്പ്പിറ്റൽ മാനേജരുടെ മുറിയിലേയ്ക്ക് കയറി.നിവൃത്തിയില്ലാതെ താനും അദ്ദേഹത്തെ അനുഗമിച്ചു.
ശീതീകരിച്ച ആ മുറിയിൽ തന്നെ ചികിത്സിക്കുന്ന ഡോക്ടറും വേറെ രണ്ടു പേരും ഇരിക്കുനുണ്ടായിരുന്നു. അവർ വളരെ സീരിയസ്സായി എന്തോ ഡിസ്ക്കസ്സ് ചെയ്യുന്നുണ്ടായിരുന്നു.
” അപ്പോൾ ഡോക്ടർ പറഞ്ഞു വരുന്നത് അദ്ദേഹത്തിന് ബെയിൻ ഡെത്ത് സംഭവിച്ചു എന്നാണോ ?”
“അതേ ആ ഹൃദയം ഇടിക്കുന്നതു കൊണ്ട് മാത്രം ജീവന്റെ തുടിപ്പുണ്ട്
“” അങ്ങനെയാണെങ്കിൽ ഇനി ഒരിക്കലും അദ്ദേഹം പഴയപടി ആകുകയില്ലന്നാണോ ?”
“അതെ ‘ ഡോക്ടർ തലയാട്ടിക്കൊണ്ട് സമ്മതിച്ചു ആശുപത്രിയുടെ ഉടമസ്ഥന്റെ കച്ചവടക്കണ്ണകൾ വികസിച്ചു. അയാൾ എന്തെക്കയോ മനസ്സുകൊണ്ട് കണക്കുകൂട്ടി.
“എന്താ പറയുന്നത് ? ഞാൻ മരിച്ചു എന്നാണോ?” ഞാൻ സ്വരം താഴ്ത്തി പ്രകാശത്തിനോട് ചോദിച്ചു
“അതെ, “പ്രകാശം ഉത്തരം പറഞ്ഞു. “പറ്റില്ല. എനിക്കെന്റെ ബോഡി ക്കകത്തു കയറി കിടക്കണം. എന്റെ ഭാര്യയുടെ കരച്ചിൽ കണ്ടില്ലേ? അവരെയൊന്നും വേദനിപ്പിക്കാനാവില്ല”
നോക്ക്, ഇനി ഇവിടെ നടക്കാൻ പോകുന്നത് ഒരു കച്ചവടമാണ്. അതിൽ നിന്നു രക്ഷപെടുവാൻ നിനക്കോ നിന്റെ കുടുംബത്തിനോ കഴിയുകയില്ല”.
“ട്രാൻസ് പ്ലാന്റേഷന്റെ ആ ഫയൽ ഒന്ന് എടുക്കു നമ്മുടെ ലിസ്റ്റിലുള്ള പേരുകളൊക്കെ ഒന്നു പരിശോധിക്കട്ടെ. “ഓണർ പറഞ്ഞതു കേട്ട് പ്യൂൺ ഉടൻ തന്നെ ഒരു ഫയൽ മേശപ്പുറത്തു കൊണ്ടുവന്നു വച്ചു.
അയാൾ അതൊക്കെ ഒന്നു മറിച്ചു നോക്കിട്ട് ഡോക്ടറെ നോക്കി ചോദിച്ചു
” ഇദ്ദേഹത്തിന്റെ ബ്ലഡ് ഗ്രൂപ്പ് എന്താണ് ?
” എ.ബി നെഗറ്റീവ് – റെയർ ഗ്രൂപ്പ് ഓൾ മോസ്റ്റ് എല്ലാ ഓർഗൻസും നമുക്ക് ഉപയോഗിക്കാം ”
“വെരി ഗുഡ്. ഓണർ ലാഭക്കൊതിയോടെ ചിരിച്ച് കൊണ്ട് മേശമേൽ താളം പിടിച്ചു.
“നമുക്ക് റിലേറ്റീവി മ്പിന്റെ സമ്മതപത്രം വേണം ഡോക്ടർ ഓർമ്മിപ്പിച്ചു.
തീർച്ചയായും ഡോക്ടർ തന്നെ അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കു. ”
കരഞ്ഞു തളർന്ന ഭാര്യയും അമ്മയുടെ പുറകേ മകനും പ്രവേശിച്ചു. ഡോക്ടർ ദയാപൂർവം അവർക്ക് ഇരിക്കാൻ കസേര നീക്കിയിട്ടു. ഓണർ രണ്ടു കാപ്പി കൊണ്ടുവരാനായി പറഞ്ഞു അദ്ദേഹം തന്നെ അവർക്ക് അതു നീട്ടി. ഭാര്യ അതു വേണ്ടായെന്നു പറഞ്ഞെങ്കിലും അദ്ദേഹം അതു നിർബന്ധപൂർവം അവരെ ഏല്പിച്ചു. ഡോക്ടർ അതി വിഷമഭാവത്തോടെ കണ്ഠ ശുദ്ധി വരുത്തി അവരോടു പറഞ്ഞു ” ഞങ്ങൾ ശ്രമിക്കാവുന്നതെല്ലാം ചെയ്തു. ബട്ട് അൺ ഫോർച്യുനേറ്റിലി …… അയാൾ അർദ്ധോക്തിയിൽ നിർത്തി. എന്നിട്ടു തറയിലേയ്ക്ക് നോക്കി പറഞ്ഞു. “മനുഷ്യന്റെ കഴിവുകൾക്ക് ഒരു പരിമിതിയുണ്ടല്ലോ …… ‘ബ്രെയിൻ ഡെത്ത് സംഭവിച്ച ഒരാളെ ഹോസ്പ്പിറ്റലിൽ കിടത്തിട്ടു യാതൊരു കാര്യവുമില്ല. ജീവനുണ്ടന്ന് അവകാശപ്പെടാവുന്ന ഒരു മരത്ത ടിയേയും കൊണ്ട് നിങ്ങൾക്ക് വീട്ടിലേക്ക് മടങ്ങാം ” ഭാര്യയിൽ നിന്ന് “അയ്യോ ” എന്നൊരു ആർത്തനാദം പുറത്തു വന്നു. മകൻ അവളെ പുറത്തു തട്ടി ആശ്വസിപ്പിക്കാൻ ശമിച്ചു.
“റിയാലിറ്റി നോക്കിയാൽ ഡോക്ടർ തുടർന്നു നമ്മൾ അദ്ദേഹത്തെ സഫർ ചെയ്യിക്കുകയാണ്. ബെഡ് സോറും വന്ന് ഇങ്ങനെ നിങ്ങളുടെ ഹമ്പ് ബന്റ് കിടക്കുന്നത് ഒന്നു ഇമാജിൻ ചെയ്തേ അതിലും നല്ലത് ആ വെന്റിലേറ്ററും മാറ്റി അദ്ദേഹത്തിന് ഒരു പീസ് ഫുൾ ഡെത്ത് കൊടുക്കുന്നതല്ലേ നല്ലത് “ഭാര്യ വീണ്ടും ഏങ്ങലടി തുടർന്നു. മകൻ എന്തോ ആലോചിക്കുന്ന ഭാവത്തിൽ ഇരുന്നു.
“നിങ്ങൾ മറ്റൊന്നും ആലോചിച്ച് വിഷമിക്കേണ്ട . ഒരു പുണ്യ പ്രവർത്തിയും കൂടി നിങ്ങൾക്ക് ചെയ്യാം നിങ്ങളുടെ ഭർത്താവിന്റെ അവയവങ്ങൾ അത് ആവശ്യമുള്ളവർക്ക് കൈമാറ്റം ചെയ്യാം. അങ്ങനെ ജീവിതം വഴിമുട്ടി നില്ക്കുന്നവർക്ക് നിങ്ങൾ വഴി തുറക്കുകയാണ്. അവരിലൂടെ നിങ്ങളുടെ ഭർത്താവ് ജീവിക്കുകയാണ് “ഡോക്ടർ തന്റെ പ്രസംഗം അവസാനിപ്പിച്ചേച്ച് ഒളികണ്ണ് ഇട്ട് ഭാര്യയെ നോക്കി. അവൾ തല കുനിച്ച് ഏങ്ങലടിച്ചു കരയുന്നു. മകൻ അമ്മയെ എഴുന്നേല്പിച്ചിട്ട് പറഞ്ഞു “ഞങ്ങൾ ഒന്ന് ആലോചിക്കട്ടെ ” അവർ വാതിൽ തുറന്ന് പുറത്ത് ഇറങ്ങിയപ്പോൾ സംഗതി ഏറ്റു എന്ന മട്ടിൽ ഡോക്ടറും കൂട്ടരും പരസ്പരം നോക്കി.
“എന്താ കാര്യങ്ങളുടെ കിടപ്പു മനസ്സിലായോ? എത്ര സ്നേഹിച്ചാലും ചില സമയത്ത് നമ്മൾ നിസ്സഹായരാവും. ആർക്കും ഒന്നും ചെയ്യാനാവാത്ത അവസ്ഥ വാ പോകാം സമയം ആയി” പ്രകാശത്തിനോടൊപ്പം അയാൾ മെല്ലെ നടന്നുനീങ്ങി.
About The Author
No related posts.