സര്‍വ്വമതങ്ങളേയും കൂട്ടിയിണക്കുന്ന ഗുരു – (സുധാകരന്‍ ചന്തവിള)

Facebook
Twitter
WhatsApp
Email

ഏഷ്യയിലെ ആദ്യത്തേതും ലോകത്തി canലെ രണ്ടാമത്തേതുമായ സര്‍വ്വമതസമ്മേളനമാണ് 1924 ല്‍ ആലുവയില്‍ ശ്രീനാരായണഗുരുവിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടത്. മതതത്ത്വങ്ങള്‍ സമഭാവനയോടും സമബുദ്ധിയോടും സമഭക്തിയോടും കൂടി പ്രയോഗിച്ചാല്‍ മനുഷ്യസ്പര്‍ദ്ധ അകന്നുപോകുമെന്ന കാഴ്ചപ്പാടോടെയായിരുന്നു ഇന്നേയ്ക്ക് ഒരു നൂറ്റാണ്ട് മുമ്പ് ആ മഹാസമ്മേളനം നടത്തപ്പെട്ടത്. “പലമതസാരവുമേകം”چഎന്ന ഗുരുവിന്‍റെ ആത്മോപദേശദര്‍ശനത്തിന്‍റെ സാക്ഷാത്ക്കാരമായിരുന്നു അത്. കാലത്തിന്‍റെ അനിവാര്യതയും മതസമന്വയത്തിന്‍റെ പ്രസക്തിയും ലോകസാഹോദര്യത്തിന്‍റെ വിശാലഐക്യവും യാഥാര്‍ത്ഥ്യമാക്കുക എന്നതും അതിന്‍റെ അനുബന്ധലക്ഷ്യങ്ങളായിരുന്നു.

ലോകത്തിലെ ആദ്യസര്‍വ്വമതസമ്മേളനം 1893 ല്‍ അമേരിക്കയിലെ ചിക്കാഗോയിലാണ് നടന്നത്. അതുകഴിഞ്ഞ് മൂന്നു ദശാബ്ദങ്ങള്‍ക്കുശേഷം ഈ മലയാളനാട്ടില്‍ ഇങ്ങനെയൊരു സമ്മേളനം സംഘടിപ്പിക്കുവാനുണ്ടായ ആവശ്യകത തിരിച്ചറിഞ്ഞ മഹായോഗിയായിരുന്നു ശ്രീനാരായണഗുരു. മതജാതിവൈരങ്ങളില്ലാത്ത പുതിയ മാനവനെ സൃഷ്ടിക്കണമെന്ന ചിന്ത മറ്റാരേക്കാളും ഗുരുവില്‍ കൂടുതലായി വര്‍ത്തിച്ചിരുന്നു. മഹാപണ്ഡിതനും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന സദാശിവ അയ്യരായിരുന്നു സര്‍വ്വമതസമ്മേളനത്തിലെ അദ്ധ്യക്ഷന്‍. മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്‍ വക്കീല്‍ ആര്യസമാജത്തെ പ്രതിനിധീകരിച്ച് പണ്ഡിറ്റ് ഋഷിറാം, ക്രിസ്തുമതത്തെ പ്രതിനിധീകരിച്ച് കെ.കുരുവിള, ബ്രഹ്മസമാജത്തെ പ്രതിനിധീകരിച്ച് സ്വാമി ശിവപ്രസാദ്, ഇസ്ലാംമതത്തെ പ്രതിനിധീകരിച്ച് മുഹമ്മദ് മൗലവി തുടങ്ങിയവരും സഹോദരന്‍ അയ്യപ്പന്‍, എ.ബി. സേലം, കെ.എം.സീതിഹാജി ഉള്‍പ്പടെയുള്ള പ്രസിദ്ധരും അതില്‍ പങ്കെടുത്തിരുന്നു. ഗുരുവിന്‍റെ നിര്‍ദ്ദേശാനുസരണം സി.വി. കുഞ്ഞുരാമന്‍റെ നേതൃത്വത്തില്‍ എഴുതിത്തയ്യാറാക്കിയ സ്വാഗതപ്രസംഗം ഗുരുവിന്‍റെ പ്രിയശിഷ്യനും അദ്വൈതാശ്രമത്തിന്‍റെ മുഖ്യ ചുമതലക്കാരനുമായ സത്യവ്രതസ്വാമികള്‍ അവതരിപ്പിച്ചു. ആ സ്വാഗതപ്രസംഗം, ആ സമ്മേളനം പോലെതന്നെ നമ്മുടെ ചരിത്രത്തിന്‍റെ ഭാഗമായിത്തീര്‍ന്നിട്ടുണ്ട്. നാടും രാജ്യവും അഭിമുഖീകരിക്കുന്നതും ഭാവിയില്‍ നേരിടാന്‍ പോകുന്നതുമായ വൈവിധ്യമാര്‍ന്ന വിഷയങ്ങളെക്കുറിച്ച് അതില്‍ പരാമര്‍ശിച്ചിരുന്നു.
1920 കള്‍ മുതല്‍ക്കേതന്നെ മതപരമായ ധ്രുവീകരണവും മതപരിവര്‍ത്തനവാദങ്ങളും മലയാളനാട്ടില്‍ രൂപപ്പെട്ടുവന്നിരുന്നു. 1923 ആയപ്പോഴേയ്ക്കും എസ്.എന്‍.ഡി.പിയില്‍ മതപരിവര്‍ത്തനത്തെക്കുറിച്ചുള്ള ചില തര്‍ക്കങ്ങളും ചര്‍ച്ചകളും സജീവമായി. അത്തരം മതപരിവര്‍ത്തനചുറ്റുപാടും മലബാര്‍ കലാപത്തിന്‍റെ പശ്ചാത്തലവുമെല്ലാം ഹിന്ദുമതം ഉപേക്ഷിക്കാനുള്ള എസ്.എന്‍.ഡി.പിക്കാരുടെ ആഗ്രഹത്തിന് ആക്കം കൂട്ടി. സഹോദരന്‍ അയ്യപ്പന്‍, മിതവാദി സി. കൃഷ്ണന്‍ വക്കീല്‍, മഞ്ചേരി രാമകൃഷ്ണന്‍, രാമകൃഷ്ണ അയ്യര്‍ തുടങ്ങിയവര്‍ ബുദ്ധമതം സ്വീകരിക്കുന്നതിനെക്കുറിച്ച് കൂടുതല്‍ ആഗ്രഹം പ്രകടിപ്പിച്ചു. മറ്റുചിലര്‍ സിക്കുമതത്തിന്‍റെയും വേറെ ചിലര്‍ ഇസ്ലാം മതത്തിന്‍റെയും വക്താക്കളായി രംഗത്തുവന്നു. എസ്.എന്‍.ഡി.പിക്കാര്‍ ബുദ്ധമതം സ്വീകരിക്കുന്നതിന് എതിരായി ശക്തമായി പ്രതികരിച്ചത് മഹാകവി കുമാരനാശാനായിരുന്നു. ആശാന്‍റെ പ്രസിദ്ധമായ ‘മതപരിവര്‍ത്തന രസവാദം’ ഇതിന്‍റെ പ്രതിഫലനമാണ്. ശിഷ്യന്മാരും അന്തേവാസികളും പലവിധത്തിലുള്ള അഭിപ്രായവ്യത്യാസങ്ങളില്‍ പെട്ടിരിക്കുന്നതറിഞ്ഞ് ഗുരു അവരെയെല്ലാം നേരിട്ടും കൂട്ടായും കണ്ട് ചര്‍ച്ച നടത്തുകയും അതിന്മേലുള്ള തീരുമാനമെന്നോണം നല്‍കിയ സന്ദേശമാണ് സര്‍വ്വമതസമ്മേളനമെന്ന ആശയം. ‘മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന മഹത്തായ വാക്യം ഗുരുവില്‍നിന്നു പുറപ്പെട്ടത് ഈ സാഹചര്യത്തിലാണ്.

സര്‍വ്വമതസമ്മേളനത്തില്‍ ഗുരു ഉയര്‍ത്തിയ ഏറ്റവും പ്രധാനപ്പെട്ട മുദ്രാവാക്യം ‘വാദിപ്പാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്’ എന്നതാണ്. സമ്മേളനകവാടത്തില്‍ എഴുതി വച്ചിരുന്ന സന്ദേശവും അതായിരുന്നു. 1921 ല്‍ ഗുരുവിന്‍റെ നേതൃത്വത്തില്‍ സംഘടിപ്പിക്കപ്പെട്ട ‘സമസ്ത കേരള സാഹോദരസമ്മേളന’ത്തില്‍ ഉയര്‍ത്തിയ മുദ്രാവാക്യം ‘സാഹോദര്യം സര്‍വ്വത്ര’ എന്നതായിരുന്നു. ആ സന്ദേശം എഴുതിത്തയ്യാറാക്കിയ സഹോദരന്‍ അയ്യപ്പനെയാണ് 1924 ലെ സര്‍വ്വമതസമ്മേളനസന്ദേശം തയ്യാറാക്കാനും ഗുരു ചുമതലപ്പെടുത്തിയത്.

സര്‍വ്വമതസമ്മേളനത്തെക്കുറിച്ചും അതിന്‍റെ ഉത്ഭവസാഹചര്യത്തെ കുറിച്ചുമല്ല നാം ചിന്തിക്കേണ്ടത്. ഇക്കാലത്ത് അത്തരം സമ്മേളനങ്ങള്‍ എത്രത്തോളം ആവശ്യമാണെന്നുകൂടി ആരായേണ്ടതുണ്ട്. മതത്തിന് അതീതമായ ഒരു കാലവും നമ്മുടെ രാജ്യത്ത് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുമെന്നു പറയാനുമാവില്ല. അതിനര്‍ത്ഥം മതങ്ങളില്ലാത്ത ഒരു ഇന്ത്യ ഉണ്ടാവുകയെന്നത് ചിന്തിക്കാനാവാത്ത കാര്യം തന്നെയാണ്. മതങ്ങള്‍ മനുഷ്യസ്വാതന്ത്ര്യത്തില്‍ ഇടപെടുന്നു എന്നതാണ് സമകാലജീവിതം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം. മതവാദികളില്‍ നിന്നുള്ള ഭയത്തിലാണ് നമ്മുടെ വര്‍ത്തമാനകാലജീവിതം മുന്നേറുന്നത്. മതത്തെക്കുറിച്ച് ചിന്തിക്കുകയോ മതമില്ലാതെ ജീവിക്കുകയോ ചെയ്യുന്ന ആരില്‍നിന്നും ഒരു ഭീഷണിയും നേരിടുന്നില്ല എന്നതാണ് സത്യം. മനുഷ്യന്‍റെ സാഹോദര്യവും ഐക്യവും ഊട്ടിയുറപ്പിക്കാനാണ് മതമുണ്ടായതെന്നു പറയുന്നവര്‍ അവ നിലനിര്‍ത്താന്‍ എത്രത്തോളം ശ്രമിക്കുന്നുവെന്ന് ചിന്തിക്കണം. മതേതരത്വം എന്ന വാക്ക് ഇതരമതങ്ങളോട് കാണിക്കേണ്ട സഹിഷ്ണുതയേയും സമഭാവനയേയും കൂടി കണക്കിലെടുക്കേണ്ട ഒന്നാണ്. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, അന്യമതവിദ്വേഷം പ്രചരിപ്പിക്കുന്ന പ്രസ്താവനകളും പ്രസംഗങ്ങളും പ്രവര്‍ത്തനങ്ങളും മാത്രമല്ലേ നമ്മുടെ മതാനുയായികളില്‍ നിന്ന് അധികവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഗുരു മതമില്ലാത്ത ലോകത്തെയല്ല വിഭാവന ചെയ്തതെന്നോര്‍ക്കണം. മറിച്ച് മതം ഏതായാലും കുഴപ്പമില്ല, മനുഷ്യര്‍ നന്നായാല്‍ മതി എന്നും മതാതീതമായ മൂല്യങ്ങളാണ് മനുഷ്യര്‍ക്ക് വേണ്ടതെന്നുമായിരുന്നു അദ്ദേഹം അര്‍ത്ഥമാക്കിയിരുന്നത്. ആത്മീയതയെന്നാല്‍ സങ്കുചിതത്വമല്ലെന്നും അത് ഒരാളുടെ മാത്രം മനസ്സിന്‍റെ വിസ്തൃതിയല്ലെന്നും ഗുരു കരുതിയിരുന്നു. ആത്മവിസ്തൃതി ലോകവിസ്തൃതിയായി വളരുന്ന ആത്മീയതയെയാണ് അദ്ദേഹം സ്വപ്നം കണ്ടത്.

മതത്തിന് ഗുരു നല്‍കിയ അര്‍ത്ഥതലങ്ങള്‍ എക്കാലവും പ്രസക്തമാണ്. സര്‍വ്വമതസമ്മേളനത്തിനുശേഷം സി.വി.കുഞ്ഞുരാമനോടുള്ള അഭിമുഖത്തില്‍ ഇക്കാര്യം ഗുരു കൂടുതല്‍ വ്യക്തമാക്കുന്നുണ്ട്. “ത്യാജ്യഗ്രാഹ്യ വിവേചനത്തോടുകൂടി എല്ലാ മതഗ്രന്ഥങ്ങളും പഠിക്കണമെന്നാണ് തൃപ്പാദങ്ങളുടെ ഉപദേശസാരമെന്ന് ഞാന്‍ മനസ്സിലാക്കട്ടെയോ?” എന്ന സി.വി.കുഞ്ഞുരാമന്‍റെ ചോദ്യത്തിന് ഗുരു നല്‍കുന്ന മറുപടി: “നമ്മുടെ ഉപദേശസാരം അതുതന്നെയാണ്. ആലുവയില്‍ വച്ചുകൂടിയ സര്‍വ്വമതസമ്മേളനാവസരത്തില്‍ നാം അത് പ്രസ്താവിച്ചിട്ടുണ്ടെല്ലോ. രാജ്യങ്ങള്‍ തമ്മിലും സമുദായങ്ങള്‍ തമ്മിലുമുള്ള ശണ്ഠ ഒന്നു മറ്റൊന്നിനെ തോല്പിക്കുമ്പോള്‍ അവസാനിക്കും. മതങ്ങള്‍ തമ്മില്‍ പൊരുതല്‍ ഒടുങ്ങാത്തതുകൊണ്ട് ഒന്നിന് മറ്റൊന്നിനെ തോല്പിക്കാന്‍ കഴിയില്ല. ഈ മതപ്പോരിന് അവസാനമുണ്ടാവണമെങ്കില്‍ സമബുദ്ധിയോടുകൂടി എല്ലാ മതങ്ങളും എല്ലാവരും പഠിക്കണം. അപ്പോള്‍ പ്രധാനതത്ത്വങ്ങളില്‍ അവയ്ക്കുതമ്മില്‍ സാരമായ വ്യത്യാസമില്ലെന്ന് വെളിപ്പെടുന്നതാണ്. അങ്ങനെ വെളിപ്പെട്ടുകിട്ടുന്ന മതമാണ് നാം ഉപദേശിക്കുന്ന ഏകമതം”. — ഇങ്ങനെ വ്യക്തവും ശക്തവുമായിരുന്നു ഗുരുവിന്‍റെ അഭിപ്രായം.
“ഹിന്ദുമതത്തില്‍ തന്നെ ഇരിക്കണമെന്നു പറയുന്നവര്‍ ഇപ്പോഴത്തെ ഹിന്ദുമതം നന്നല്ലെന്നും പറയുന്നുണ്ട്”- സി.വി.യുടെ തുടര്‍ന്നുള്ള ചോദ്യത്തിനും ഗുരു നല്‍കിയ ഉത്തരം ഇന്നും പ്രസ്ക്തം തന്നെ.
“അപ്പോള്‍ അവര്‍ ഹിന്ദുക്കള്‍ക്കു മാത്രമല്ല, ഹിന്ദുമതത്തിനും കൂടി പരിവര്‍ത്തനം വേണമെന്ന് പറയുകയാണ്. ഹിന്ദുമതം എന്നൊരു മതമേ ഇല്ലല്ലോ. ഹിന്ദുസ്ഥാനനിവാസികളെ ഹിന്ദുക്കള്‍ എന്നു വിദേശികള്‍ പറഞ്ഞുവന്നു. ഹിന്ദുസ്ഥാനനിവാസികളുടെ മതം ഹിന്ദുമതം എന്നാണെങ്കില്‍ ഹിന്ദുസ്ഥാനത്തെ ഇപ്പോള്‍ അധിവസിക്കുന്ന ക്രിസ്ത്യാനികളുടെയും മുഹമ്മദീയരുടെയും മതങ്ങളും ഹിന്ദുമതം തന്നെയാണ്. അങ്ങനെ ആരും പറയുന്നുമില്ല, സമ്മതിക്കുന്നുമില്ല”.- ഗുരു ഹിന്ദുത്വവാദിയായിരുന്നു എന്ന് വാദിക്കുന്നവര്‍ക്ക് ഇതില്‍പ്പരം ഒരു ഉദാഹരണം വേണോ?

എന്നാല്‍ ശ്രീനാരായണഗുരു എല്ലാ അര്‍ത്ഥത്തിലും ഒരു ഹിന്ദുവിരുദ്ധനായിരുന്നില്ല എന്നുകൂടി മനസ്സിലാക്കേണ്ടതുണ്ട്. ഭാരതീയപാരമ്പര്യത്തിന്‍റെ ഉത്തമമായ മൂല്യങ്ങള്‍ അദ്ദേഹത്തിന്‍റെ വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും ഉണ്ടായിരുന്നു. കുട്ടിക്കാലം താണ്ടിനീക്കിയതും അനന്തരം സ്വീകരിച്ച സന്ന്യാസജീവിതവുമെല്ലാം പാരമ്പര്യാധിഷ്ഠിതമായിരുന്നു എന്നതിന് സംശയമില്ല. കൊടുങ്കാട്ടിലെ തപസ്സും യോഗമാര്‍ഗ്ഗങ്ങളുമെല്ലാം ഭാരതീയമായ കീഴ്വഴക്കങ്ങളിലൂടെത്തന്നെയായിരുന്നു. തപസ്സിന്‍റെ സായൂജ്യമോ സംതൃപ്തിയോ ആയി ലഭിക്കുന്ന സാക്ഷാത്ക്കാരസമ്പന്നതയില്‍ ഗുരു എത്തിച്ചേരുന്ന സങ്കേതങ്ങളെല്ലാം പാരാമ്പര്യബോധത്തില്‍ അടിയുറച്ചുതന്നെയാണ്. എന്നിട്ടും ഗുരു എതിര്‍ത്തിരുന്ന ഹിന്ദുത്വം എന്താണെന്ന് മനസ്സിലാക്കുമ്പോഴാണ് അതിലെ അവസരസമത്വമില്ലായ്മകളുടെ യാഥാര്‍ത്ഥ്യം അറിയാനാകുന്നത്. തട്ടുതട്ടായിട്ടുള്ള ജാതിശ്രേണികളെയും അതുവഴിയുള്ള ആചാരവിധികളെയും വര്‍ണ്ണവ്യവസ്ഥകളെയുമാണ് മുഖ്യമായി ഗുരുദേവന്‍ എതിര്‍ത്തിരുന്നത്. ജാതിഭേദവും മതദ്വേഷവുമില്ലാതെ ഏവരും സാഹോദര്യത്തോടെ കഴിയുന്ന ഒരിടത്തെക്കുറിച്ചുള്ള കര്‍മ്മവഴിയായിരുന്നു ഗുരുവിന്‍റെത്.

പൂജയും ആരാധനയും ഈശ്വരസേവയുമെല്ലാം ബ്രാഹ്മണരുടെതുമാത്രമായിരുന്ന ഒരു കാലത്ത് മനുഷ്യര്‍ക്കെല്ലാം ദൈവാനുഗ്രഹത്തിനും ദൈവസാന്നിദ്ധ്യത്തിനും അവകാശമുണ്ടെന്ന് ഗുരു വാദിച്ചു. അതിന് നിയമപരമായി സാധ്യമായില്ലെങ്കില്‍ താന്‍ ക്ഷേത്രവും പൂജകളും ആരംഭിക്കുമെന്ന വെല്ലുവിളി പ്രവര്‍ത്തിപഥത്തിലെത്തിച്ചു. ഇതൊക്കെയാണെങ്കിലും ഒരുതരത്തിലുള്ള കലാപത്തിന്‍റെ വഴിയും അദ്ദേഹം സ്വീകരിച്ചിരുന്നില്ല എന്നോര്‍ക്കണം. ഒരു ചെറുവാക്കുപോലും ആരോടും വിരോധത്തിന്‍റെയോ വിദ്വേഷത്തിന്‍റെയോ ഭാഷയില്‍ ഉരിയാടാന്‍ ആ മഹാഗുരു തയ്യാറായിരുന്നില്ല. സമവായത്തിന്‍റെയും സമാധാനത്തിന്‍റെയും സൗമനസ്യത്തിന്‍റെയും ദൈവരൂപമായിരുന്നു ഗുരു. സമസൃഷ്ടിബോധവും ശാന്തതയും സഹാനുഭൂതിയുമാണ് ദൈവാനുഭവത്തിന്‍റെയും ദൈവഭാവനയുടെയും മൂല്യബോധമെന്ന് ഗുരു ഏവരേയും പഠിപ്പിക്കാന്‍ ശ്രമിച്ചു. സര്‍വ്വമതങ്ങളിലും നിലനില്‍ക്കുന്നത് ഇതൊക്കെത്തന്നെയല്ലേ എന്ന അന്വേഷണവും കണ്ടത്തെലും കൂടിയായിരുന്നു അദ്ദേഹത്തിന്‍റെ ആത്മീയയാത്രയും തുടര്‍ന്നുള്ള സര്‍വ്വമതസമ്മേളന ആശയവും.

മതമെന്ന ചട്ടക്കൂട് മനുഷ്യനിര്‍മ്മിതമാണെന്ന് ഏവരും സമ്മതിക്കുന്ന വസ്തുതയാണ്. അതാതുകാലത്തെ ജീവിതരീതികളെ വ്യവസ്ഥാപിതസംഹിതയ്ക്കുള്ളില്‍ തളച്ചിടുകയെന്ന സ്വാര്‍ത്ഥതാല്പര്യം എല്ലാമതങ്ങളിലും ഉണ്ടായിട്ടുണ്ട്. പക്ഷേ അവയെ അനുസരിക്കാതെയും ഒരാള്‍ക്ക് ഉത്തമനായ മനുഷ്യനായി ജീവിക്കാമെങ്കില്‍ അതിനെയും ഗുരു സ്വാഗതം ചെയ്തിരുന്നു. “ഒരു നല്ല മനുഷ്യനാവാന്‍ ദൈവത്തില്‍ വിശ്വസിക്കണമെന്നു നിര്‍ബന്ധമില്ല. ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പങ്ങള്‍ ഒരര്‍ത്ഥത്തില്‍ പഴഞ്ചനായിക്കഴിഞ്ഞു. മതമില്ലാതെതന്നെ ഒരാള്‍ക്ക് സ്പിരിച്വല്‍ ആകാം. പള്ളിയില്‍ പോകണമെന്നും പൈസകൊടുക്കണം എന്നൊന്നും നിര്‍ബന്ധമില്ല. പലര്‍ക്കും പ്രകൃതിതന്നെയാണ് ആരാധനാലയം. ചരിത്രത്തിലെ ഏറ്റവും മികച്ച പല വ്യക്തികളും ദൈവവിശ്വാസം ഇല്ലാത്തവരാണ്. അതേസമയം ചരിത്രത്തിലെ ഏറ്റവും മോശമായ പലതും ദൈവത്തിന്‍റെ പേരിലാണ് ചെയ്തിട്ടുള്ളതും”- എന്ന് സമീപകാലത്ത് പോപ്പ് ഫ്രാന്‍സിസ് പറഞ്ഞ വാക്കുകള്‍ ശ്രീനാരായണഗുരു ഒരു നൂറ്റാണ്ടുമുമ്പേ മനസ്സിലാക്കിയിരുന്നു. ദൈവം എന്നതിന് സ്നേഹം, അറിവ്, അനുകമ്പ തുടങ്ങിയ വാക്കുകളാല്‍ വ്യാഖ്യാനം നല്‍കിയ ഗുരുവിന്‍റെ ആശയങ്ങള്‍ കാലാതിവര്‍ത്തിയാണ്.

ഇത്തരം ഒരു മഹാമനീഷിയില്‍ നിന്ന് സര്‍വ്വമതസമ്മേളനം എന്ന ആശയം ഉണ്ടായില്ലെങ്കിലേ അതിശയിക്കാനുള്ളൂ. കാരണം
“അന്യര്‍ക്കു ഗുണം ചെയ്വതിനായുസ്സുവപുസ്സും
ധന്യത്വമൊടങ്ങാത്മതപസ്സും ബലിചെയ്വൂ”- എന്ന പ്രിയശിഷ്യന്‍-കുമാരനാശാന്‍റെ വരികള്‍ പോലെ ജീവിച്ച ഗുരുവായിരുന്നു ശ്രീനാരായണന്‍.

സര്‍വ്വമതസമ്മേളനം എന്ന ആശയം പ്രാവാര്‍ത്തികമായിട്ട് നൂറാണ്ട് പിന്നിട്ടിട്ടും എന്തു മാറ്റമാണ് നമ്മുടെ സമൂഹത്തിനുണ്ടായിട്ടുള്ളത് എന്ന് ചോദിക്കുന്നവരുണ്ടാവാം. അത്തരം ചോദ്യങ്ങളെല്ലാം അപ്രസക്തമാണെന്ന് പറയാനുമാവില്ല. എല്ലാക്കാലത്തേയ്ക്കും വേണ്ടി ഗുരു ഉയര്‍ത്തിയ ആശയവിപ്ലവമായിരുന്നു അതെന്ന് നമുക്കറിയാം. എന്നാല്‍ അതിനെ കാലാനുസൃതമായ അവസ്ഥയിലേക്ക് നയിക്കുകയെന്നത് അതാതുകാലത്തെ മനുഷ്യരുടെ പ്രവര്‍ത്തനമാണല്ലോ. മതസഹിഷ്ണുതയും മനുഷ്യാനുകമ്പയും നിലനിന്നാല്‍ മാത്രമേ മനുഷ്യന്‍ ജീവിക്കുകയുള്ളൂ. ഗുരു ഉയര്‍ത്തിവിട്ട വിശാലമായ മാനവികത അത്തരത്തിലുള്ളതാണ്. അത് പൂര്‍ണ്ണമായ മതനിരാസമല്ല, മറിച്ച് മതബന്ധിതവുമല്ല. ആസ്തികനായി ജീവിച്ചുകൊണ്ട് എങ്ങനെ ഒരാള്‍ക്ക് നാസ്തികതയേയും ആസ്തികതയേയും ഉള്‍ക്കൊണ്ടു പോകാന്‍ കഴിയുമെന്നതിന്‍റെ ഉത്തമമായ ഉദാഹരണമാണ് ശ്രീനാരായണഗുരു. ഗുരുവിന്‍റെ സാന്നിദ്ധ്യവും ഓര്‍മ്മയും മലയാളികളുടെ ദൈനംദിനജീവിതത്തില്‍ ഉടനീളവും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ആധുനികകേരളം ഒരു പരിധിയോളം മതഭ്രാന്തില്‍നിന്നും മതതീവ്രവാദത്തില്‍നിന്നും വേറിട്ടുനില്‍ക്കാന്‍ കാരണമാവുന്നതും ഗുരുചിന്തകളിലെ വിശാലമായ മാനവികത തന്നെയാണ്. ആ മാനവികതയയെ രൂപീകരിക്കുന്നതില്‍ ഗുരു ഉയര്‍ത്തിപ്പിടിച്ച ഭൗതിക-ആത്മീയധാരകള്‍ക്ക് ഒരുപോലെ പങ്കുണ്ട്. അതിനാല്‍ സര്‍വ്വമതസമ്മേളനം എന്ന ആശയം സമൂഹജീവിതത്തിന് അത്യന്താപേക്ഷിതമാണ്. അറിയാനും അറിയിക്കാനുമുള്ള അവസരങ്ങളാണ് അത്തരം സമ്മേളനങ്ങളുടെ കാതല്‍ എന്ന സത്യം ഇക്കാലത്തും അധികമായി അറിയേണ്ടുന്നതു തന്നെയാണ്.


സുധാകരൻ ചന്തവിള

ഫോൺ 9496259473


 

About The Author

Leave a Reply

Your email address will not be published. Required fields are marked *