ബാല്യമൊളിപ്പിച്ച ചെപ്പിലെ
നീലയും പച്ചയും ചോപ്പും;
പലവർണ്ണപ്പളുങ്ക് ഗോലികൾ.
കണ്ണാടിക്കവിളുകൾ,
കണ്ണെഴുതിയോരൊറ്റ
ക്കണ്ണ്, കണ്ട് മോഹിച്ചാ
ലൊളിച്ചു കളിക്കും തിളക്കം.
ബാല്യമതിലൊരു പളുങ്കു
പോൽ കാലമുരുളും ദ്രുത
ചലന വേഗത്തിലെങ്ങോ
ഒളിച്ചു പോയ്,വാനത്തിലോ
നീലവസന്ത വനത്തിലോ.
കുന്നിക്കുരുമണിക്കുന്നിലും
കുപ്പിവളപ്പൊട്ടിലും പിന്നെ
മണിമഞ്ചാടി മരച്ചോട്ടിലും
നിന്നെ തിരഞ്ഞു ഞാൻ.
എന്നിലെയെന്നിലും, എന്നും
ഇന്നലെയെ തേടിയലഞ്ഞു,
പിൻതിരിഞ്ഞു കരഞ്ഞു നിൻ
പിൻവിളി കാതോർത്തിരുന്നു.
ഹാ,കാലമേ നീയേതു നിഗൂഢ
ഗുഹയിലൊളിപ്പിച്ചു വെച്ചെൻ്റെ
കളഞ്ഞു പോയ പളുങ്കുകൾ !!
About The Author
No related posts.