ഒരു ഭ്രാന്തന്റെ മനസ്സിൽ – ശ്രീ മിഥില

Facebook
Twitter
WhatsApp
Email

 

അടുക്കിവെച്ച പുസ്തകത്താളിൽ
ഒളിച്ചുവെച്ച മയിൽപ്പീലി
പ്രസവിച്ച് ഇരട്ടിച്ചില്ല.

കെട്ടുപൊട്ടി, അടുക്കുതെറ്റിയ
പുസ്തകക്കെട്ടിൽ
പൊടിനിറഞ്ഞു.
ചിതലരിച്ചതാളിന്റെ
എണ്ണം കുറഞ്ഞു.

വറ്റിയ കണ്ണിൽ
ഓർമ്മത്തിളക്കം,
വരണ്ട ചുണ്ടിൽ
ഉണങ്ങിയ പുഞ്ചിരി.

പൊടിഞ്ഞ താളിന്നിടയിൽ
മയിൽപ്പീലി
മാനം കാണാതെ
വീർപ്പുമുട്ടുന്നു.

കാപ്പി പൂത്ത മണം
കാറ്റിൽ പരക്കുമ്പോൾ
കാനനച്ചോലയിൽ
കാൽനനച്ചുനിന്ന
കാർത്തുമ്പിയുടെ
കാർകൂന്തലിന്റെ ഗന്ധം.

കടിഞ്ഞാൺപൊട്ടിയ മനസ്സിൽ
ഇന്നലകളുടെ കുപ്പിവളക്കിലുക്കം മഴത്തുള്ളിയിറ്റുവീഴുന്ന
സന്ധ്യയ്ക്കു കൊളുത്തിയ
ദീപനാളം കാറ്റിലുലഞ്ഞു

ചെളിപുരണ്ട കാൽപ്പാദങ്ങളിൽ
ചങ്ങല വലിയുന്നു
കാലപ്പഴക്കത്തിൽ
കാലിലുറച്ച ചങ്ങല
തുരുമ്പിൽപ്പൊതിഞ്ഞു.

കടലിന്നഗാധതയിൽ
ഒരു വെൺശംഖ്
നിശ്ചലമായിക്കിടന്നു.

 

About The Author

Leave a Reply

Your email address will not be published. Required fields are marked *