വ്യഥയും നിരാശയും ഇടകലർന്ന മുഖത്തോടെ, ഒരു ബാഗും മടിയിൽ വച്ച് ബസ്സിൽ തൊട്ടരികെ ഇരുന്ന പ്രായമായ അമ്മയുടെ മുഖത്തേക്ക് പലതവണ തന്റെ നോട്ടം പാറിവീണു.
അമ്മിണിയമ്മയുടെ നേര്യതുമുണ്ടിലെ അതേ പിച്ചകപ്പൂ വാസനയാലേ അവർ തന്റെ ഹൃദയത്തിലേക്ക് ക്ഷണനേരം കൊണ്ടാണ് കടന്നിരുന്നത്
ജീവിതത്തിന്റെ കയ്പ്പെല്ലാം മൗനത്തിലൊക്കി വച്ചതിന്റെ ബാക്കിപത്രം പോലെ മുഖത്ത് പടർന്ന കരിമംഗല്യം. ചുരുണ്ട മുടിയിൽ മയിലാഞ്ചിച്ചുവപ്പും നരയും ഇടകലർന്നു കിടന്നു.
സ്‌മൃതിയുടെ കയങ്ങളിലേക്ക് മുങ്ങി അകലേക്ക് മിഴികൾ പായിച്ചിരുന്നു അവർ.
മൊബൈൽ ഫോൺ ബീപ് ചെയ്തു. ഭാര്യയുടെ മെസ്സേജാണ്. രാത്രി വൈകിയാലും ബസ്സ്റ്റാൻഡിൽ നിന്നൊന്നും കഴിക്കരുത്. തനിക്കിഷ്ടമുള്ള കൂട്ടാനൊക്കെ കരുതി കാത്തിരിക്കും എന്നായിരുന്നു സന്ദേശം.
അമ്മ ഒന്ന് ചുമച്ചതും
കൈയുയുയർത്തി നെഞ്ചിൽ തടവിയതും പെട്ടെന്നാണ്.
കാറ്റ് തട്ടാതിരിക്കാൻ കയ്യിലെ ഷാൾ കൊണ്ട് ചെവിയും തലയും മൂടിക്കെട്ടി അവർ വീണ്ടും സീറ്റിലേക്ക് ചാരി ഇരുന്നു.
ചൂളം കുത്തിയ കാറ്റിന് വല്ലാത്തൊരീറൻ മണം .ദൂരെ എവിടെയോ മഴ പെയ്യുന്നുണ്ടാവും.
ഓണാവധിക്കു നാട്ടിലേക്കു തിരിച്ചതായിരുന്നു ജഗൻ
സമയം ആറര കഴിഞ്ഞിരുന്നു. വൈക്കത്തെത്തുമ്പോൾ രാത്രി ഒൻപതു മണിയെങ്കിലുമാവും.
അവിടുന്ന് ഒരോട്ടോ പിടിച്ചാൽ കഷ്ടിച്ച് പത്തു മിനിറ്റിൽ വീട്ടിലെത്താം.
മിനിയ്ക്കൊപ്പം മോൾ ഉറങ്ങാതെ കാത്തിരിക്കും. അച്ഛൻ ഒരു പക്ഷെ ക്ഷീണം കൊണ്ട് മയങ്ങിപ്പോയേക്കും.
നീളൻ ഖദർ ജുബ്ബയും ഷാളും ധരിച്ചു സാഹിത്യ സദസ്സുകളിൽ പങ്കെടുക്കുമായിരുന്ന അച്ഛന്റെ രൂപമോർത്തു.
ഒരിടത്തരം കുടുംബത്തിൽ അച്ഛന്റെ തല്ലേറ്റു വളർന്ന ബാല്യം. തലോടലിന്റെ സുഖമുള്ള നോവായിരുന്നു അമ്മ.
പുറമെയ്ക്ക് പ്രകടിപ്പിക്കാത്ത ക്ഷോഭമെല്ലാം ഉള്ളിലൊതുക്കി ഒടുവിൽ ഹൃദയസിരകളിൽ വൈകല്യം വന്ന് കിതപ്പോടെ മാത്രം നടക്കുമായിരുന്ന അമ്മയുടെ കൈവിരലുകൾക്ക് എപ്പോഴും തണുപ്പായിരുന്നു.
ഓരോന്നോർത്ത് കണ്ണടച്ച് ചാരി ഇരുന്നപ്പോഴാണ് ആയമ്മ പാതിയുറക്കത്തിൽ തന്റെ തോളത്തേക്ക് ചാഞ്ഞത്.
ബാഗിന് മേൽ വച്ചിരുന്ന കൈപ്പത്തിയിൽ അമ്മിണിയമ്മയുടേത് പോലെ തടിച്ചു വീർത്ത ഞരമ്പുകൾ..
അമ്മയെ അച്ഛൻ വിളിക്കും പോലെ താനും അമ്മിണിയമ്മ എന്നാണ് വിളിച്ചിരുന്നത്..
പെട്ടെന്നു ബസ് ഗട്ടറിൽ വീണതോടെ ഏതോ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്ന അമ്മ ഒരേങ്ങലോടെ ചോദിച്ചു
“വിനു വന്നോ”
തനിക്കബദ്ധം പറ്റി എന്ന് തിരിച്ചറിഞ്ഞ് അവർ
വീണ്ടും നിവർന്നിരുന്നു.
“അമ്മയ്ക്ക് എവിടെയാണ് ഇറങ്ങേണ്ടത് ”
ജഗന്റെ ചോദ്യത്തിന് വൈക്കമെന്നു മറുപടി പറഞ്ഞത് ഇടറിയ സ്വരത്തിലാണ്.
“അമ്മയെ വിളിക്കാൻ മക്കളാരെങ്കിലും വരുമോ?”
ഇല്ലാ എന്ന മറുപടിയ്ക്കപ്പുറം
കൂടുതൽ ചോദ്യങ്ങൾ ഇഷ്ടപ്പെടാത്ത വണ്ണം അവർ വീണ്ടും കണ്ണടച്ചിരുന്നു.
അമ്മിണിയമ്മയും അധികം സംസാരിക്കാൻ ഇഷ്ടപെട്ടിരുന്നില്ല. പെയ്യാൻ വിതുമ്പിയ കാർമേഘങ്ങൾ കൊണ്ട് ഘനം തൂങ്ങിയ കൺപോളകൾ ആയിരുന്നെങ്കിലും നിലാക്കീറ് പോലൊരു പുഞ്ചിരി അമ്മ എന്നും തനിയ്ക്ക് കരുതി വച്ചിരുന്നു..
സമയം ഏകദേശം എട്ടര കഴിഞ്ഞിരുന്നു. ബസ് വൈക്കത്തെത്താൻ അധിക നേരമില്ല..
അടുത്തിരുന്ന അമ്മയുടെ ഹൃദയം വേദനയാൽ നീറുകയാണെന്ന് ആരോ പറയും പോലെ തോന്നി.
അവരാകട്ടെ നിശബ്ദം കണ്ണടച്ചിരുന്നു.
ബസ് സ്റ്റാൻഡിലെത്തി.
മഴ ചിതറി പെയ്യുന്നുന്നുണ്ടായിരുന്നു. യാത്രക്കാർ എത്രയും പെട്ടെന്നു ഇറങ്ങാനും വീടെത്താനുമുള്ള വെമ്പലോടെ തിക്കി തിരക്കി. ജീവിച്ചു ജീവിച്ചു മടുത്തോരാളെ പോലെ അമ്മ സ്വന്തം സീറ്റിൽ തന്നെ ഇരുന്നു.
അമ്മ ഇറങ്ങുന്നില്ലേ? അവരുടെ തോളത്തു സ്പർശിച്ചു കൊണ്ട് ചോദിച്ചു.
അവർ സാവധാനം എഴുനേറ്റു. കയ്യിലുണ്ടായിരുന്ന കറുത്ത ബാഗ് എടുത്തു. ബസിൽ നിന്ന് ഏറ്റവും അവസാനം ഇറങ്ങിയത് അവരായിരുന്നു.
ഇരുട്ടിനും വെളിച്ചത്തിനുമിടയിലെ തികച്ചും അപരിചിതമായ ഇടനാഴിയിലെന്ന വണ്ണം അവർ ബാഗും തൂക്കി വിവശതയോടെ നടന്ന് കാത്തിരിപ്പ് കസേരയൊന്നിൽ വന്നിരുന്നു.. മഴവെള്ളം വീണ വാച്ച് ഊരി സാരിത്തുമ്പുകൊണ്ട് തുടച്ചു ഒന്നൂതി വീണ്ടും കയ്യിൽ കെട്ടി.
ജഗൻ വാച്ചിൽ നോക്കി. മണി ഒൻപതെകാൽ. മഴത്തണുപ്പുള്ള ഈ രാത്രിയിൽ ഇവർ എങ്ങോട്ടാവും ഒറ്റയ്ക്ക് സഞ്ചരിക്കുക?
ഫോൺ വീണ്ടും ബീപ് ചെയ്തു. “എത്തിയോ?”
മിനിയുടെ സന്ദേശമാണ്.
അരമണിക്കൂർ കൂടി എന്ന് മറുപടി നൽകി നോക്കുമ്പോൾ അമ്മ ബാഗ് തൂക്കി സ്റ്റാൻഡിൽ നിന്നിറങ്ങി പുറത്തേക്ക് നടക്കുന്നത് കണ്ടു.
ജഗനും അവരറിയാതെ അവർക്കു പിന്നാലെ നടന്നു. അമ്മ നേരെ നടന്നത് ബോട്ട് ജെട്ടിയിലേക്കാണ്. ഈ നേരത്ത്….
വല്ലാത്തൊരാശങ്കയോടെ ജഗൻ അവരെ പിന്തുടർന്നു….
9മണിക്ക് തവണക്കടവിനുള്ള അവസാന ബോട്ടും പോയി കഴിഞ്ഞാൽ ആ ബോട്ട് തിരികെ വരുന്നതല്ലാതെ വേറെ സർവീസ് ഇല്ല.
അവരുടെ നടത്തയ്ക്കു വേഗം കൂടിയതും ബാഗ് വഴിയുടെ വശത്ത് ഉപേക്ഷിച്ചതും കണ്ട ജഗൻ പെട്ടെന്ന് അതെടുത്ത് അവർക്കു പിന്നാലെ പോയി.
മഴച്ചാറ്റൽ അപ്പോഴും കുറഞ്ഞിരുന്നില്ല.
വീട്ടിലെ കുളക്കടവും അമ്മിണിയമ്മയുടെ തണുത്ത് മരവിച്ച ശരീരവും ഒരു കൊള്ളിയാൻ പോലെ മനസ്സിൽ മിന്നി.
അരണ്ട വെളിച്ചത്തിൽ ജഗൻ നോക്കുമ്പോൾ അവർ ജീവൻ ത്യജിക്കാൻ മനസ്സ് ബലപ്പെടുത്തി കണ്ണടച്ച് നിൽക്കുന്നു.
ആ നിമിഷം ജഗൻ അവരുടെ തോളിൽ പിടിച്ചുലച്ചു കൊണ്ട് ചോദിച്ചു
“അമ്മ എന്താണ് ചെയ്യാൻ പോകുന്നത് ‘
“എന്റെ വിനുവിന് വേണ്ടാത്ത എന്നെ നിനക്ക് വേണോ ” പറയ് ”
അവരുടെ ശബ്ദം വല്ലാതെ ഉയർന്നിരുന്നു..
“വേണം. എനിക്ക് വേണം. അവരുടെ രണ്ടു കയ്യും ചേർത്ത് പിടിച്ചു കൊണ്ട് ജഗൻ പറഞ്ഞു.
അപ്പോൾ ശക്തമായി ഒരിടി വെട്ടി. അതിന്റെ ഭീതിദമായ പ്രതിധ്വനി ജഗന്റെ നെഞ്ചിൽ മുഴങ്ങി.
ഒരേങ്ങലോടെ അവർ ജഗന്റെ നെഞ്ചിലേക്ക് ചാഞ്ഞു.
അമ്മയെ ചേർത്ത് പിടിച്ചു കൊണ്ട് നടന്ന അയാൾ അപ്പോൾ വഴിയേ വന്ന ഒരു ഓട്ടോയിൽ കയറി.
അവരുടെ ചുണ്ടുകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
അവർ വീണ്ടും
ബസ്സ്റ്റാൻഡിലേക്ക് പോയി. ജഗൻ അമ്മയ്ക്ക് ഒരു ചൂട് കാപ്പി വാങ്ങി കൊടുത്തു.
“വിനുവിനെ കുറ്റം പറയാനാവില്ല.” എഴുപതാം വയസ്സിൽ ഒളിച്ചോടിയ അമ്മയല്ലേ അവനെ നാണം കെടുത്തിയത്…
അവർ മെല്ലെ പറഞ്ഞു.
മുപത്തഞ്ചു കൊല്ലം വിധവയായി ജീവിച്ചു.സകല സുഖങ്ങളെയും ത്യജിച്ചു എന്റെ വിനുവിന് വേണ്ടി മാത്രം ജീവിച്ചു.
പക്ഷെ മൂപ്പര് വന്ന് വിളിച്ചപ്പോൾ എനിക്ക്
പിടിച്ച് നിൽക്കാനായില്ല..
അവരുടെ വാക്കുകൾ കണ്ണുനീരിനും തേങ്ങലിനും ഇടയിൽ പിടഞ്ഞു വീണു.
ഒരുമിച്ചു ജീവിക്കാനോ കഴിഞ്ഞില്ല.. നിന്നെ കണ്ടു കൊണ്ട് മരിക്കാൻ എങ്കിലും നീ വരില്ലേ സുമംഗലെ എന്ന് ചോദിച്ചപ്പോൾ എന്റെ സപ്ത നാഡിയും തളർന്നു പോയി മോനെ…
ദൈവഹിതം പോലെ
മൂപ്പരുടെ കൂടെ ഞാൻ ഇറങ്ങിപ്പോയി…
പിന്നെ ഒരു കൊല്ലം ഞങ്ങൾ ഒരുമിച്ചു പലയിടങ്ങളിലും പോയി.
മൂകാംബിക, ചിദംബരം, കാഞ്ചിപുരം എല്ലാം കണ്ടു തൊഴുതു.
എന്റെ ആശയെല്ലാം നടത്തി തന്നു. തെളിനീര് പോലെ സ്നേഹവും സ്വാസ്ഥ്യവും തന്നു.
മൂന്ന് മാസം മുന്നേ മൂപ്പര്
ഭഗവാനിൽ ലയിച്ചു..
പിന്നെ ഒറ്റയ്ക്കായി..
ആ വീട്ടിൽ നിന്ന് മൂപ്പരുടെ മകൻ ഇറക്കി വിട്ടു…
കയ്യിലുള്ളതൊക്കെ കൊടുത്ത് പല സത്രങ്ങളിൽ അന്തിയുറങ്ങി…
ഓച്ചിറ വച്ചാണ് ഇന്നലെ എന്റെ വിനുവിനെ വീണ്ടും ഞാൻ കണ്ടത്….
ഒറ്റ ചോദ്യമാണ് അവൻ ചോദിച്ചത്..ലോകത്തിലെ ഏറ്റവും ഇരുണ്ട ചോദ്യം.
പോയി ചത്തൂടെ തള്ളേ എന്ന്??….
ഒരമ്മയും കേൾക്കാൻ ആഗ്രഹിക്കാത്ത കൊള്ളിവാക്കുകൾ കൊണ്ടെന്റെ ഉള്ളു പൊള്ളിപ്പോയി മോനെ.
നീ പറയ്…മോനെ
ഞാൻ ഇനി ജീവിക്കണോ…
ഞാൻ ജനിച്ചു വളർന്ന നാടാണിത്. ഒന്നീ മണ്ണിൽ കാലുകുത്തണം എന്ന് തോന്നി.
എന്നിട്ട് ഈ കായലിന്റെ അടിത്തട്ട് കാണണം എന്നും…
നീ പറയ് മോനെ
ഞാൻ കായൽ കണ്ടോട്ടെ…
തീക്ഷ്ണാതപം ഏറ്റു വാങ്ങി തളർന്ന പോലെ ആയമ്മ കിതച്ചു..
അമ്മയുടെ ജീവിതത്തിന്റെ ഒരു വർഷക്കാലമെങ്കിലും ഏറ്റവും തീവ്രവും സ്വകാര്യവുമായ സ്നേഹസാഫല്യത്തോടെ അവർക്കു ജീവിക്കാനായി എന്നതിൽ ആ മകന് സന്തോഷിക്കാൻ കഴിയാത്തത് എന്ത് കൊണ്ടാവും? നല്ല പ്രായത്തിൽ അടിപതറാതെ ജീവിച്ച അമ്മയെ എന്ത് കൊണ്ടാണ് ആ മകൻ നെഞ്ചോടു ചേർത്ത് നിർത്താത്തത്?
ജഗൻ അമ്മയെ ചേർത്ത് പിടിച്ചു സ്റ്റാൻഡ് വിട്ടിറങ്ങി.
മഴ തോർന്നിരുന്നു.
ആകാശം തെളിഞ്ഞ് അപ്പോൾ നക്ഷത്രങ്ങൾ
മിന്നിത്തുടങ്ങിയിരുന്നു.
അമ്മയുടെ പേരെന്താ? തികച്ചും സുതാര്യമായ ഒരു മന്ദഹാസത്തോടെ അവർ പറഞ്ഞു
“വസുധ ” അമ്മിണിയമ്മയുടെ അതേ പേര്. ജഗൻ അതീവ സൗമ്യമായ ഒരു സ്നേഹസംക്രമകാന്തിയോടെ അമ്മിണിയമ്മയുടെ വലത്തേ കൈ ചേർത്ത് പിടിച്ചുമ്മ വച്ചു.
അപ്പോൾ ജഗന്റെ മനസ്സിലേക്ക് ജലപ്രസാദം പോലെ ഒരീറൻ കണം ഇറ്റ് വീണു.