സാഹിത്യരംഗം അപചയ കാലഘട്ടത്തില്‍കൂടി സഞ്ചരിക്കുമ്പോഴാണ് പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ചത്. ദീര്‍ഘകാലമായി കേന്ദ്ര-_സംസ്ഥാന സര്‍ക്കാരുകള്‍ പ്രത്യക്ഷമായും പരോക്ഷമായും സാഹിത്യമേഖലകളില്‍ നുഴഞ്ഞു കയറുന്നുണ്ട്. അതിനെ നിരുത്സാഹപ്പെടുത്തേണ്ടത് സര്‍ഗപ്രതിഭകളുടെ കര്‍ത്തവ്യമാണ്. സാഹിത്യ–, സാംസ്‌കാരിക രംഗത്ത് നടക്കുന്ന വിപത്തുകളില്‍ ഒന്നാണ് അര്‍ഹതയില്ലാത്തവര്‍ ഇത്തരം വേദികളില്‍ മുഖ്യാതിഥികളായി കടന്നുവരുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി ഫെസ്റ്റിവല്‍, കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചും ആശങ്ക പങ്കുവച്ചുമാണ് സി. രാധാകൃഷ്ണന്‍ രാജിവച്ചത്. ഇതിനുമുമ്പ് കേന്ദ്ര സഹമന്ത്രി സാഹിത്യ അക്കാദമി ചടങ്ങില്‍ പങ്കെടുത്തപ്പോള്‍ പ്രതിഷേധം ഉയര്‍ന്നതാണ്. ആരുടെ രാഷ്ട്രീയ താല്‍പര്യമാണ് ഇവിടെ സംരക്ഷിക്കപ്പെടുന്നത്? രാഷ്ട്രീയ മേലാളന്മാര്‍ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ ഇടപെടുന്നതിന്റെ തെളിവാണിത്. അവരുടെ ഇംഗിതത്തിന് വഴങ്ങിയാല്‍ പുരസ്‌കാരങ്ങളും പദവികളും ലഭിക്കും. രാഷ്ട്രീയമില്ലാത്ത സ്വതന്ത്ര എഴുത്തുകാരന്‍ ഇവിടെ കണ്ണിലെ കരടല്ലേ? ഇന്ത്യയിലെ സര്‍ഗപ്രതിഭകളും എഴുത്തുകാരും സ്വതന്ത്രരാണോ? സാംസ്‌കാരിക കേന്ദ്രങ്ങളില്‍ ഭൂരിഭാഗവും ഭരണം നടത്തുന്നത് രാഷ്ട്രീയ രംഗത്തെ ഊതിവീര്‍പ്പിക്കപ്പെട്ട എഴുത്തുകാരല്ലേ? ഒരു എഴുത്തുകാരന്റെ സ്വാതന്ത്ര്യം നഷ്ടപ്പെട്ടാല്‍ അക്കാദമി മാത്രമല്ല സാംസ്‌കാരിക കേന്ദ്രങ്ങളുടെ സ്വതന്ത്ര സ്വഭാവവും നഷ്ടപ്പെടുമെന്ന മുന്നറിയിപ്പാണ് സി. രാധാകൃഷ്ണന്‍ നല്‍കിയത്. ഇതില്‍ സര്‍ക്കാരുകളെ കുറ്റപ്പെടുത്തുന്നതിനൊപ്പം രാഷ്ട്രീയ പ്രലോഭനങ്ങളില്‍ വീഴുന്ന സ്വാര്‍ഥമതികളായ എഴുത്തുകാരുമില്ലേ?
നമ്മുടെ സാംസ്‌കാരിക രംഗം തളിരില്ലാത്ത മരങ്ങളായി മാറാന്‍ കാരണം സാഹിത്യത്തിന്റെ സൗന്ദര്യ ശാസ്ത്രത്തേക്കാള്‍ നിലനില്‍പ്പിനുവേണ്ടിയുള്ള ഉല്‍പാദന കേന്ദ്രമായി സാഹിത്യരംഗം മാറി എന്നതാണ്. അധികാരത്തിലുള്ളവര്‍ ഈ രംഗത്തെ ഒരു കമ്പോള സംസ്‌കാരമായി മാറ്റി, ചുണ്ടെലികള്‍ കരണ്ടുതിന്നുന്നതുപോലെ സാഹിത്യത്തെ കരണ്ടുതിന്നുന്നു. ഇവരുടെ ഈ പിന്തിരിപ്പന്‍ സമീപനത്തിന് പ്രോത്സാഹനം കൊടുക്കുന്നത് അധികാരമാണ്. കൊടിയുടെ നിറംനോക്കി യോഗ്യരായ എഴുത്തുകാരെ ഇകഴ്ത്തിക്കാട്ടാന്‍ ഇവര്‍ക്ക് ഒരു മടിയുമില്ല. ഈ സര്‍വാധിപത്യത്തില്‍ അര്‍ഹതപ്പെട്ട ആദരമൊന്നും യോഗ്യരായ സാഹിത്യപ്രതിഭകള്‍ക്ക് ലഭിക്കാറില്ല. മറ്റുള്ളവരുടെ മുന്നില്‍ തലകുനിക്കാനും നാണംകെടാനും അവര്‍ തയാറല്ല. സി.ആര്‍, രാഷ്ട്രീയ കടന്നുകയറ്റത്തെ വസ്തുനിഷ്ഠമായും കാവ്യാത്മകമായും അപഗ്രഥിച്ചതുകൊണ്ടാകണം സാഹിത്യരംഗത്ത് മാറിക്കൊണ്ടിരിക്കുന്ന ഭൗതിക യാഥാര്‍ഥ്യത്തെ തുറന്നു കാട്ടിയത്. ഈ സങ്കൂചിത പക്ഷപാതമുള്ളവര്‍ കൂട്ടംകൂടി, കൂട്ടുകൂടി പരസ്പരം പുറം ചൊറിഞ്ഞു കൂടുതല്‍ ആനുകൂല്യങ്ങള്‍ സ്വന്തമാക്കാറുണ്ട്. കേരള സാഹിത്യ അക്കാദമി, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡടക്കം രാഷ്ട്രീയ അടിയനായി നിന്നാല്‍ പദവികളടക്കം ഒഴുകിയെത്തും. ഗൂഢതന്ത്ര ഉപായംകൊണ്ട് ഓട്ടയടച്ച് പപ്പടം ചുട്ടുതിന്നുന്നവരെ നമ്മള്‍ കണ്ടിട്ടുള്ളത് രാഷ്ട്രീയത്തിലാണ്. ഇന്നത് സാഹിത്യ, സാംസ്‌കാരിക രംഗങ്ങളില്‍ നിഴലിച്ചു നില്‍ക്കുന്നു.
ഓരോ സാഹിത്യ അവാര്‍ഡ് കൊടുക്കുമ്പോഴും പേരുദോഷം വരാതിരിക്കാന്‍ യോഗ്യരായ പ്രതിഭാധനരെ ഉള്‍പ്പെടുത്താറുണ്ട്.രാഷ്ട്രീയ സ്വാധീന മറവില്‍ പുരസ്‌കാരങ്ങളും പദവികളും വണങ്ങി വാങ്ങുന്നവര്‍ ഭാഷയിലെ പൊങ്ങച്ചക്കാരായ നാട്യക്കാരാണ്. നാട്യം നാല് വിധമുണ്ട്. ആംഗികം, വാചികം, ആഹാര്യം, സ്വാത്തികം.ദൃശ്യ സാഹിത്യത്തിലെ ഈ നടന്മാര്‍ കുടത്തില്‍വച്ച വിളക്കുപോലെ സാഹിത്യ, സാംസ്‌കാരിക രംഗത്ത് തിളങ്ങുന്നു.
കഴിഞ്ഞ നൂറ്റാണ്ടില്‍ പുരോഹിതവര്‍ഗം കാണാത്ത ദൈവങ്ങളെ മുന്‍നിര്‍ത്തി കളിമണ്‍ വിഗ്രഹങ്ങളും പൂജകളും സൃഷ്ടിച്ചതുപോലെ ഇന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ ആള്‍ദൈവങ്ങളെപ്പോലെ ഓരോ വിഗ്രഹം കൊത്തിവച്ചിട്ടുണ്ട്. അവിടെ ഉടുത്തൊരുങ്ങി പൂജ നടത്തിയാല്‍ അറിവിന്റെ അല്‍പത്വത്തെ വലുതാക്കി കാണിക്കാം.സര്‍ഗപ്രതിഭയുടെ അറിവോ ജ്ഞാനമോ അനുഭവമോ ഭാവമോ ഒന്നും വേണമെന്നില്ല. സ്വന്തം കാശുമുടക്കി മറ്റുള്ളവരെക്കൊണ്ട് എഴുതിച്ച് സ്വന്തമായിറക്കിയ ഒന്നോ രണ്ടോ പുസ്തകം കൂടി പുറത്തിറക്കിയാല്‍ എഴുത്തുകാരന്‍ എന്ന പേര് ലഭിക്കും. സുഗതകുമാരി ടീച്ചര്‍ പറഞ്ഞതുപോലെ മുക്കിലും മൂലയിലും കവികള്‍ എന്നതുപോലെ മുക്കിലും മൂലയിലും എഴുത്തുകാരാണ്. ഈ കൂട്ടര്‍ പണം കൊടുത്തു പുരസ്‌കാരങ്ങള്‍ വാങ്ങാറുണ്ട്. കൂട്ടില്‍നിന്ന് ഇറക്കിവിടുന്ന സിംഹത്തെപ്പോലെ ഭാഷയെ കൊന്നുകീറുന്നു. കവീശ്വര,_രസസിദ്ധരുടെ കാലം. ഒടുവില്‍ മാധ്യമങ്ങള്‍ ഇതങ്ങ് ഏറ്റെടുക്കും. പത്രവാര്‍ത്തകള്‍, ചാനലില്‍ അഭിമുഖം, സാഹിത്യവേദികളില്‍ മുഖ്യാതിഥിയായി തെളിഞ്ഞും മറഞ്ഞും കാണാം. അവിടെ ഒരു കവിത കൂടി ചൊല്ലിയാല്‍ മഹാകവിയായി. ഭാഷാബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവരുടെ സാഹിത്യത്തിലെ മുഖമുദ്ര എന്താണ്?
മലയാള സാഹിത്യരംഗത്തുള്ള എത്രയോ പേര്‍ അധികാര രാഷ്ട്രീയത്തിന്റെ കേന്ദ്ര,- കേരള അക്കാദമി പുരസ്‌കാരങ്ങള്‍, പദവികള്‍ നേടി വിരാജിക്കുമ്പോള്‍ അവരുടെ കെണിയില്‍ കുടുങ്ങാതെ തടവുകാരാകാതെ ദുഃഖ-_ദുരിതമനുഭവിക്കുന്നവരുടെ മനസുകളില്‍ പെയ്തിറങ്ങുന്ന എത്രയോ സര്‍ഗപ്രതിഭകള്‍ ഇന്ന് കണ്ടുകൊണ്ടുരിക്കുന്ന ഉപജാപ സംഘങ്ങളെ എതിര്‍ക്കുന്നവരാണ്. കാലത്തിന്റെ മടിത്തട്ടില്‍ സ്വന്തം കര്‍ത്തവ്യം നിറവേറ്റിയവര്‍ മരണത്തിലും അനന്തമായി ജീവിക്കുന്നു.
അധികാരമുള്ള രാഷ്ട്രീയ_ലളിതകല കൈയിലുള്ളപ്പോള്‍ ബുദ്ധിജീവികളുടെ, ക്രാന്തദര്‍ശികളുടെ, പക്വമതികളായ വായനക്കാരുടെ മധ്യത്തില്‍ ഒഴിയാബാധകളായി എന്തിനാണ് കടന്നുവരുന്നത്? ക്രാന്തദര്‍ശികള്‍ എന്ന് പറഞ്ഞാല്‍ വര്‍ത്തമാനത്തെ മറികടന്ന് ഭാവിയെ കണ്ടറിയാനുള്ള ദീര്‍ഘ ദര്‍ശനമുള്ളവര്‍. ഈ മിതത്വമാണ് സാഹിത്യത്തിന്റെ ആധാരശില.
പ്രതിജ്ഞാബദ്ധരായ മഹാപ്രതിഭകള്‍ സാഹിത്യരംഗത്ത് നടക്കുന്ന ജീര്‍ണതകള്‍ വ്യക്തമായ ഭാഷയില്‍ ചോദ്യം ചെയ്യും. ഒരു അക്കാദമിയില്‍ ഇരുന്നുകൊണ്ട് കിട്ടുന്ന ആനുകൂല്യങ്ങള്‍ വലിച്ചെറിഞ്ഞു തന്റെ ആത്മസത്തയെ സര്‍ക്കാരിന്റെ പ്രസാദം വാങ്ങാതെ വെളിപ്പെടുത്താന്‍ നമ്മുടെ എത്ര സാഹിത്യപ്രതിഭകള്‍ക്ക് സാധിച്ചിട്ടുണ്ട്? ഇത് വരുംതലമുറക്കു വേണ്ടി, സുഖശയന സുഖമനുഭവിക്കുന്നവര്‍ മാതൃകയാക്കണം. അതിനെ അഹന്താധിഷ്ഠിതമായ അധികാരഭാവത്തോടെ കണ്ടിട്ട് കാര്യമില്ല. അധികാരികള്‍ സാഹിത്യ സാംസ്‌കാരിക സ്ഥാപനങ്ങളില്‍ കടന്നുകയറുന്നതും രാഷ്ട്രീയ നിറം നോക്കി വിലയിരുത്തുന്നതും എത്ര അപഹാസ്യമാണ്. Read more at: https://www.suprabhaatham.com/todaysarticle?id=109&link=












