ലണ്ടൻ ഡയറി.
*******************
സ്റ്റോൺ ഹെഞ്ച് :
UK യിലെ ചരിത്രാതീതകാലസ്മാരകങ്ങളിൽ ഒന്നാണ് സ്റ്റോൺ ഹെഞ്ച്. ലോകത്തിലെ ഏറ്റവും നിഗൂഢമായ ഘടനകളിൽ ഒന്നായ ഇത് സ്ഥിതിചെയ്യുന്നത് ലണ്ടനിൽ നിന്ന് 130 കിലോമീറ്റർ അകലെയുള്ള വിൽറ്റ് ഷെയർ കൗണ്ടിയിലെ ഈംസ്ബറിയിലാണ്.
നിയോലിതിക് കാലഘട്ടത്തിലാണ് ഇതിന്റെ നിർമ്മാണം എന്ന് പറയപ്പെടുന്നു. പ്രായത്തിൽ ഈജിപ്ഷ്യൻ പിരമിഡിനോളം പഴക്കമുണ്ട് ഇതിന്!ഏതാണ്ട് ബി.സി 3500 നും 1600 നും ഇടയിലാണ് ഇവയുടെ നിർമ്മാണ സമയം എന്ന് ചിലർ അഭിപ്രായപ്പെടുന്നു. പല ഘട്ടങ്ങളിലായി നിർമ്മിച്ച സ്റ്റോൺഹെഞ്ചിന്റെ നിർമ്മാണ പ്രക്രിയയ്ക്കിടയിലുള്ള ഇടവേളകൾക്ക്, നൂറ്റാണ്ടുകളുടെ കാലദൈർഘ്യം അവകാശപ്പെടാം!
എന്താണ് സ്റ്റോൺ ഹെഞ്ച് എന്നല്ലേ? പേര് സൂചിപ്പിക്കുന്നത് പോലെത്തന്നെ കല്ലുകൊണ്ടുള്ള ഏതാണ്ട് വൃത്താകൃതിയിലുള്ള ഒരു നിർമ്മിതിയാണ് ഇത്. 82 ടൺ വീതമുള്ള 5 കല്ലുകൾ, 30 ടൺ വീതമുള്ള 25 കല്ലുകൾ അഞ്ച് ടൺ വീതമുള്ള 50 ട്രൈലിത്തുകൾ എന്നിവയാണ് ഈ നിർമ്മിതിയിൽ ഉപയോഗിച്ചിരിക്കുന്നത്. പ്രവേശന കവാടത്തിൽ ആറ് മീറ്റർ ഉയരമുള്ള ഹീൽ സ്റ്റോൺ ഉണ്ട്. വേനൽക്കാല അറുതി ദിനത്തിൽ അതിനു മുകളിൽ സൂര്യോദയം ദൃശ്യമാണത്രേ!
സെൽറ്റുകളുടെ ഭാഷയിൽ ഇവയ്ക്ക് നൃത്തം ചെയ്യുന്ന കല്ലുകൾ എന്നും അർത്ഥമുണ്ട്. ബ്രിടീഷുകാർ ഈ നിർമ്മിതിയെ “ഡാൻസ് ഓഫ് ദ ജയന്റ്സ് “ എന്നു വിളിക്കും. വട്ടത്തിൽ കൈകോർത്തുനിന്ന് നൃത്തം ചെയ്യുന്ന രാക്ഷസന്മാരുടെ രൂപത്തിലാണ് ഈ കല്ലുകൾ, എന്നതുകൊണ്ട് ആയിരിക്കാം ഈ പേര് വന്നത്.

ലണ്ടനിലേക്കുള്ള യാത്രയിലാണ് ഞങ്ങൾ സ്റ്റോൺ ഹെഞ്ചിലിറങ്ങിയത്. നല്ല കാലാവസ്ഥ! പരന്ന പുൽമേടുകളെ തഴുകിവരുന്ന തണുത്ത കാറ്റ് ചീറിയടിക്കുന്നതിനാൽ വെയിലിന്റെ ചൂട് ഒട്ടും അനുഭവപ്പെട്ടില്ല. പാർക്കിംഗ് ഏരിയയിൽ നിന്ന് കുറച്ചു നടന്നാൽ ടിക്കറ്റ് കൗണ്ടർ ആയി. ടിക്കറ്റ് മുൻകൂട്ടി ഓൺലൈനിൽ ബുക്ക് ചെയ്തതിനാൽ, ഞങ്ങൾക്ക് ക്യൂ നിൽക്കേണ്ടി വന്നില്ല. സാമാന്യം നല്ല തിരക്കുണ്ടായിരുന്നു ആ ദിവസം. ടിക്കറ്റ് കൗണ്ടറിൽനിന്നും നാം ആനയിക്കപ്പെടുന്നത് ഒരു ബസിന്റെ അടുത്തേക്കാണ്. ഏക്കറുകൾ നീണ്ടുകിടക്കുന്ന പുൽമേടുകൾക്കിടയിലൂടെ വാഹനം ഒഴുകി നീങ്ങി!
ഇത്രയും ദൂരം നാം യാത്രചെയ്തത് ഈ കല്ലുകൾ കാണാനാണോ എന്ന ചോദ്യം ചോദിക്കാൻ വരട്ടേ!ആദ്യം ഈ കല്ലിനു പിന്നിലെ കഥ പറയാം.
ആർതർ രാജാവിന്റെ കൊട്ടാരത്തിലെ സർവ്വശക്തനായ മാന്ത്രികൻ, മെർലിൻ ഒറ്റ രാത്രി കൊണ്ടാണത്രേ തെക്കു പടിഞ്ഞാറിൻ വെയിൽസിലെ അരുവികളിൽനിന്ന് ഈ വലിയ പാറക്കല്ലുകൾ നിർമ്മിതിക്കായി നീക്കം ചെയ്തത്. നീല നിറത്തിലുള്ള ഉരുളൻ കല്ലുകൾക്ക്, രോഗശാന്തിക്കുള്ള അമാനുഷിക ശക്തി ഉണ്ടെന്ന് കരുതപ്പെടുന്നു. ഇന്നും വെയിൽസിലെ ജനങ്ങൾക്കിടയിൽ ഈ നീലപ്പൊടിയെക്കുറിച്ചുള്ള കഥകൾ കൈമാറ്റം ചെയ്യപ്പെടുന്നു എന്നത് ഇക്കഥയുടെ വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.രാജകീയ ശവകുടീരങ്ങളോ, പ്രാദേശിക നേതാക്കളുടെ ശ്മശാനമോ ആയിരിക്കാം ഈ പ്രദേശം എന്നും ചരിത്രകാരന്മാർ പറയുന്നു.
സെൽറ്റുകൾ ആണ് കല്ലു വൃത്തത്തിന്റെ നിർമ്മാതാക്കൾ എന്ന് വിശ്വസിക്കപ്പെടുമ്പോഴും അല്ല റോമക്കാരാണ് ഇതു പണിതത് എന്ന സംശയം സൂക്ഷിക്കുന്നവരും ഉണ്ട്. സൂര്യനെ ആരാധിച്ചിരുന്ന, കെൽറ്റിക് ഡ്റൂയിഡുകളുടെ ക്ഷേത്രമായിരുന്നു ഈ ഘടന എന്ന വിശ്വാസവും ബലവത്താണ്. പന്തീയോണിലെ ദേവൻമാരിലൊരാളുടെ ബഹുമാനാർത്ഥം റോമക്കാർ നിർമ്മിച്ചതാണത്രേ ഈ കൽക്കെട്ടുകൾ എന്നാണ് ഇതുപറയുന്നവരുടെ അവകാശവാദം.അതല്ല സ്വിറ്റ്സർലണ്ടുകാരാണ് നിർമ്മാതാക്കൾ എന്ന് വിശ്വസിക്കുന്നവരും ഉണ്ട്.

മറ്റൊരു വിശ്വാസമാണ് ഏറെ രസകരം. ഇതു നിർമ്മിച്ചത് അന്യഗ്രഹജീവികളാണത്രേ! കാരണം നിയോളിതിക് കാലഘട്ടത്തിൽ,ആളുകൾക്ക് ഭൂമി ചന്ദ്രൻ,ഗ്രഹങ്ങൾ ഇവയുടെ കൃത്യമായ അളവുകൾ അറിയില്ല എന്നാണ് ഇവരുടെ വാദം. ഈ നിർമ്മാണമാണെങ്കിൽ കൃത്യമായ ജ്യാമിതീരൂപത്തിലാണ്. ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം വാസ്തുവിദ്യ എന്നിവയിൽ അഗാധമായ അറിവുള്ളവർക്കേ ഇത്തരം നിർമ്മാണം സാദ്ധ്യമാവൂ! ഇവിടെയുള്ള കൂറ്റൻ ട്രൈലിത്തുകൾ ജ്യോതിശാസ്ത്ര ഉപകരണങ്ങളായി വർത്തിക്കുന്നവയാണ്. ശീതകാലഅറുതിദിനത്തിൽ സൂര്യനെ, കമ്മികളുടെ ത്രിതലങ്ങളിൽ ഒന്നിലൂടെ വ്യക്തമായി കാണാം. മറ്റു രണ്ടു തലങ്ങളിലൂടെ നിങ്ങൾക്ക് ആകാശഗോളങ്ങളുടെ സൂര്യാസ്തമനം നിരീക്ഷിക്കാനും കഴിയും. കല്ലുകളുടെ വൃത്തം മറ്റൊരു മാനത്തിലേക്കുള്ള കവാടം ആണെന്നും, മറ്റു ലോകങ്ങളിൽ നിന്നുള്ള സന്ദേശമാണെന്നും വിശ്വസിക്കുന്നവർ, “ഈ നിർമ്മാണം അന്യഗ്രഹജീവികളുടെതുതന്നെ” എന്ന് ഉറപ്പിച്ചുപറയുന്നു.
കഥകളും വിശ്വാസങ്ങളും എന്തുതന്നെ ആയിക്കോട്ടെ, കാലത്തെ അതിജീവിച്ചുകൊണ്ട് ഈ കൂറ്റൻ കൽനിർമ്മിതി ലോകത്തിലെ എട്ടാമത്തെ അത്ഭുതംപോലെ നിലകൊള്ളുന്നു!വ്യക്തമായ ചരിത്രരേഖകൾ ഇല്ലാത്തതുകൊണ്ട് ഇതിലേതു വിശ്വസിക്കണം എന്ന് നമുക്കു തീരുമാനിക്കാം.സ്റ്റോൺ ഹെഞ്ച് വിട്ടിറങ്ങുമ്പോൾ, അന്യഗ്രഹ ജീവികളുടെ ഒരു കഥയ്ക്കുള്ള സ്കോപ്പ് ഉണ്ടല്ലോഎന്ന സന്തോഷത്തിലായിരുന്നു ഞാൻ!













