ഫ്രാന്‍സിലെ നേര്‍ക്കാഴ്ചകള്‍ – (രാജേന്ദ്രന്‍ വള്ളികുന്നം )

Facebook
Twitter
WhatsApp
Email
തനിക്കൊരു പുത്രനുണ്ടായിരുന്നെങ്കില്‍ അവനെ അമേരിക്കയിലല്ല ഫ്രാന്‍സിലായിരിക്കും പഠിപ്പിക്കുയെന്ന് സുകുമാര്‍ അഴീക്കോട് പറയുകയുണ്ടായി. അമേരിക്കയും ഫ്രാന്‍സും ലോകത്തെ പ്രധാനപ്പെട്ട രണ്ട് ജനാധിപത്യ രാജ്യങ്ങളാണെങ്കിലും അമേരിക്കന്‍ ഭരണകൂട താല്പര്യങ്ങള്‍ മിക്കപ്പോഴും മാനവികതയില്‍ നിന്നകന്നുനില്‍ക്കുന്നതും യുദ്ധോത്സുകവുമായിരിക്കും. അതുകൊണ്ടാണ് സ്വാതന്ത്ര്യത്തെ വെറുമൊരു പ്രതിമയാക്കിയ അമേരിക്കയെന്ന് പെറുവിയന്‍ കവിയായ നിക്കോണ്‍ പാറ പാടിയത്. എന്നാല്‍ ഫ്രാന്‍സ് സ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സാഹോദര്യത്തെക്കുറിച്ചും സ്വപ്നം കാണാന്‍ ലോകത്തെ പഠിപ്പിച്ചു. ജര്‍മ്മനിക്ക് പട്ടാളവും ഇറ്റലിക്ക് പോപ്പും ഉള്ളപ്പോള്‍ ഫ്രാന്‍സിന് സര്‍വ്വകലാശാല കളാണ് ഉള്ളത്. മലയാളികളുടെ സാഹിത്യ കലാഭിരുചികളെ നവീകരിക്കുകയും പുതുക്കിപ്പണിയുകയും ചെയ്ത ഫ്രാന്‍സിന്‍റെ ചരിത്രത്തെയും സംസ്ക്കാരത്തെയും അറിയുകയെന്നാല്‍ ലോകത്തിന്‍റെ വെളിച്ചത്തെ ഹൃദയത്തില്‍ നിറയ്ക്കലാണ്. ഇവിടെയാണ് കാരൂര്‍ സോമന്‍റെ څകണ്ണിന് കുളിരായി എന്ന യാത്രാവിവരണത്തിന്‍റെچ പ്രസക്തി വര്‍ദ്ധിക്കുന്നത്.
സെയിന്‍ നദിയുടെ ഇരുകരകളിലായി കിടക്കുന്ന ഗ്രീക്ക് ഇതിഹാസസുന്ദരിയാണ് പാരീസ്. നോര്‍ത്രദാം കത്തീഡ്രലിന്‍റെ മണിമുഴക്കമാണ് ഈ നഗരസുന്ദരിയുടെ ഹൃദയസ്പന്ദനം. സിറ്റി ഓഫ് ലൗ, സിറ്റി ഓഫ് ആര്‍ട്ട്, ദി മോസ്റ്റ് റൊമാന്‍റിക് സിറ്റി തുടങ്ങിയ വിശേഷണങ്ങള്‍കൊണ്ട് ലോകം ഈ പരിഷ്കൃതനഗരിയെ അണിയിച്ചൊരുക്കുന്നു. ഓരോ വര്‍ഷവും മൂന്ന് കോടിയിലധികം വിദേശികള്‍ ഇവിടെയെത്തുന്നു. ഓരോ സന്ദര്‍ശകര്‍ക്കും പാരീസ് നല്‍കുന്ന അനുഭൂതികള്‍ വ്യത്യസ്തം. ഏണസ്റ്റ് ഹെമിങ്ങ്വേയ്ക്ക് ഇവള്‍ ഉല്ലാസലഹരി നിറച്ച ഓരു വീഞ്ഞുകോപ്പ. എസ്രാപൗണ്ടിന് നുരഞ്ഞുപതഞ്ഞ കാവ്യപ്രചോദനം. എഴുത്തുകാരന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ څഇതുവരെയും പാടിത്തീരാത്ത ഒരു പാട്ടാണ് പാരീസ്. ഇതുവരെയും വരച്ചുതീരാത്ത ക്യാന്‍വാസ്. പ്രണയിച്ചുതീരാത്ത ഒരു ഹൃദയം. ചിന്തകള്‍ തുരുമ്പിക്കാത്ത ഒരു മസ്തിഷ്കം.چ
നവോത്ഥാന പ്രബുദ്ധതയ്ക്ക് തീ കൊളുത്തിയ നഗരമായിരുന്നു പാരീസ്. ലോകത്താദ്യമായി തെരുവു വിളക്കുകള്‍ പ്രകാശിച്ചതും ഇവിടെയായിരുന്നു. പാരീസിന്‍റെ മഹാപ്രൗഡിയ്ക്ക് ഗാംഭീര്യം സമ്മാനിക്കുന്ന ഈഫല്‍ ഗോപുരം മാത്രംമതി ലോകം ഈ മഹാനഗരത്തെ മതിമറന്നു പ്രണയിക്കുവാന്‍. നദിക്കരയില്‍ രണ്ടുകാലും വിടര്‍ത്തിനില്‍ക്കുന്ന നാഗരിക പ്രലോഭനത്തിന്‍റെ  നീണ്ടുമെലിഞ്ഞ കഴുത്തുനീട്ടിയുള്ള ഇരുമ്പിന്‍റെ ഈ അഴക് ഒരു പെണ്‍ശരീരമായി കാരൂര്‍ സോമന് അനുഭവപ്പെടുന്നു. അധികാരവും കാമവും ഇഴചേര്‍ന്നുണ്ടായ ഈഫല്‍ ടവര്‍ ഫ്രഞ്ചു വിപ്ലവത്തിന്‍റെ നൂറാം വാര്‍ഷികത്തില്‍ ഉദ്ഘാടനം ചെയ്ത് ലോകത്തിന് സമര്‍പ്പിച്ചപ്പോള്‍ അത് ഫ്രഞ്ചു ജനതയുടെ ഒരിക്കലും അവസാനിക്കാത്ത സ്വാതന്ത്ര്യദാഹത്തിന്‍റെ പ്രതീകം കൂടിയായിത്തീര്‍ന്നു. ഉന്മാദവും ലഹരിയും നരഞ്ഞുപതഞ്ഞ രാത്രികളില്‍ മോപ്പസാങ്ങിനെപ്പോലെയുള്ള സത്യാന്വേഷികള്‍ക്ക് തോന്നിയത് ഈഫല്‍ ടവര്‍ മനുഷ്യനിര്‍മ്മിത അസ്ഥിപഞ്ജരമായിട്ടാണ്. മനുഷ്യരുടെ വിചിത്രമായ തോന്നലുകളാണല്ലോ ലോകത്തെ നവീകരിച്ചുകൊണ്ടിരിക്കുന്നത്.
ഫ്രാന്‍സിനെക്കുറിച്ച് പറയുമ്പോള്‍ ആ നാടിന്‍റെ എഴുത്തുപാരമ്പര്യത്തെക്കുറിച്ചും കലാപാരമ്പര്യത്തെക്കുറിച്ചും ഒരു ഗവേഷകന്‍റെ ഉള്‍ക്കരുത്തോടെ കാരൂര്‍ സോമന്‍ വിവരിക്കുന്നു. നോത്രദാമിലെ ഒറ്റക്കണ്ണനും ബധിരനും വിരൂപനും കാട്ടുപോത്തിന്‍റെ കരുത്തുള്ളവനുമായ ക്വാസിമാദോ എന്ന് കൂനനെ വിശ്വസാഹിത്യവിഹായസ്സില്‍ പ്രതിഷ്ഠിച്ച് തന്‍റെതല്ലാത്ത കാരണങ്ങളാല്‍ ബഹിഷ്കൃതകരാകുന്ന ജീവിതങ്ങളെ ഈശ്വരചൈതന്യത്തോളം ഉയര്‍ത്തിയ വിക്ടര്‍ഹ്യുഗോവിനെ തൊട്ടുപോകുന്നു. എഴുത്തുകാരനെക്കുറിച്ച് പറയുമ്പോള്‍ അവരുടെ സാമൂഹിക രാഷ്ട്രീയ സാമൂഹിക പരിസരങ്ങളെക്കുറിച്ചുകൂടി അന്വേഷിക്കുന്നു. ഇവിടെയാണ് എഴുത്ത് രാഷ്ട്രീയവും ജൈവികവുമായിത്തീരുന്നത്. മാത്രമല്ല ചരിത്രാന്വേഷണം സ്വതന്ത്രവും മാനവികവുമായ ജ്ഞാനകലാന്വേഷണയാത്രകളുടെ ഓര്‍മ്മപ്പെടുത്തലുകൂടിയാവുന്നു.
ഫ്രാന്‍സിന് വിരുദ്ധമായ രണ്ടുമുഖങ്ങളുണ്ട്. വീഞ്ഞുകുടിച്ചും അമിതമായി ഭക്ഷിച്ചും പ്രണയിച്ചും നൃത്തം ചെയ്തും മുന്നോട്ടുപോകുന്ന ഭോഗാസക്തിയുടെ ഒരു മുഖം. മറ്റൊന്ന് വിശ്വാസലഹരിയുടെ ആത്മീയമുഖം. ഇറ്റലി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിശുദ്ധരുള്ള രാജ്യമാണ് ഫ്രാന്‍സ്. ഓരോ ഗ്രാമത്തിനും നഗരത്തിനും ഓരോ വിശുദ്ധരുണ്ട്. ഭക്തി സ്വകാര്യമായി കൊണ്ടുനടക്കുകയും വിശ്വാസത്തില്‍ രാഷ്ട്രീയം ഇടപെടാതിരിക്കുകയും ചെയ്യുന്ന ജനാതിപത്യത്തിന്‍റെയും സ്വാതന്ത്രത്തിന്‍റെയും പരമമായ അവസ്ഥയ്ക്ക് ഫ്രാന്‍സെന്ന് പേരിടാം.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ തെരുവുകളും വീഥികളുമുള്ള നഗരം പാരീസാണ്. അയ്യായിരത്തിലധികം തെരുവുകള്‍. അവിടെയെല്ലാം ചിതറിക്കിടക്കുന്ന ആര്‍ട്ട് ഗ്യാലറികളും സിനിമാ തിയേറ്ററുകളും പാരീസിനെ ഏറ്റവും ആധുനികവും ജനാധിപത്യപൂര്‍ണ്ണവുമായ പരിഷ്കൃത നഗരമാക്കിമാറ്റുന്നു. ദൗര്‍ഭാഗ്യവശാല്‍ പാരീസും മാറുകയാണ്. വഴികളില്‍ തിരക്കുകുറഞ്ഞു തുടങ്ങിയിരിക്കുന്നു. പ്രണയോത്സവങ്ങളുടെ നീളുന്ന രാത്രികള്‍ ഇല്ലാതാകുന്നു. ചെറുപ്പക്കാര്‍ അസ്വസ്തരും അരക്ഷിതരുമാണ്. ജോലിയെക്കുറിച്ചും ഭാവിയെക്കുറിച്ചും ആശങ്കയുണ്ടവര്‍ക്ക്. സാമൂഹികസുരക്ഷ നഷ്ടമാകുന്നു. വാരാന്ത്യത്തില്‍ മാത്രമേ പാരീസിനിപ്പോള്‍ നുരഞ്ഞുപതയുന്ന രാത്രി ജീവിതമുള്ളെന്ന് ലേഖകന്‍ ഓര്‍മ്മപ്പെടുത്തുന്നു.
ഫ്രാന്‍സിന്‍റെ ചിരിത്രം യൂറോപ്പിന്‍റെ ചരിത്രം കൂടിയാണ്. യൂറോപ്പിന്‍റെ മതബോധത്തെയും കലാബോധത്തെയും നവീകരിക്കുന്നതിലും പുതുക്കിപ്പണിയുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ച  രാഷ്ട്രമാണ് ഫ്രാന്‍സ്. ഭാഷയും സംസ്കാരവും സംരക്ഷിക്കുന്നതില്‍ നിരന്തര പോരാട്ടത്തിലായിരുന്നു ഫ്രഞ്ച് ജനത. അറുപതിനായിരം പേരുടെ രക്തസാക്ഷിത്വം കൊണ്ട് ഫ്രഞ്ചു വിപ്ലവം ശോണപൂര്‍ണ്ണമാകുമ്പോഴും അത് പുതിയൊരു ലോകത്തിന്‍റെ പിറവിക്കുകാരണമായിത്തീര്‍ന്നതാണ് ചരിത്ര പാഠം. ഫ്രഞ്ചു വിപ്ലവം പാരീസിനെ അടിമുടി മതേതരമാക്കി. അത് വംശീയ ചിഹ്നങ്ങളുടെയും മത ചിഹ്നങ്ങളുടെയും കൊമ്പൊടിച്ചുകളഞ്ഞു. അതുകൊണ്ടുതന്നെയാണ് ഭീകരവാദികള്‍ പാരീസിനെ ലക്ഷ്യമിടുന്നതും!
ദീര്‍ഘമായ പ്രവാസ ജീവിതത്തിന്‍റെ ആഴമുള്ള അനുഭവലോകമാണ് കാരൂര്‍ സോമന്‍റെ കരുത്ത്. അന്‍മ്പത്തിയൊന്ന് രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ച അനുഭവസമ്പത്താണ് എഴുത്തിന്‍റെ ജനാധിപത്യ പരിസരം. ശമമില്ലാത്ത അന്വേഷണതൃഷ്ണകളുമായി കാരൂര്‍ സോമന്‍ യാത്രയിലാണ്. പുറംകാഴ്ചകളുടെ മേനി പറച്ചിലില്‍ ഗ്രന്ഥകര്‍ത്താവ് അഭിരമിക്കുന്നില്ല. ദേശത്തിന്‍റെ സാംസ്കാരികപ്രതലത്തിലൂടെയുള്ള കൃത്യമായ അന്വേഷണം എഴുത്തിനെ മൂല്യമുള്ളതാക്കുന്നു. ഫ്രാന്‍സിന്‍റെ ചരിത്ര സര്‍ഗ്ഗപ്രപഞ്ചത്തിലൂടെ സഞ്ചരി ക്കുന്ന څകണ്ണിന് കുളിരായി യാത്രാവിവരണംچ അറിവിന്‍റെ മഹാസന്ദേശം നല്‍കുന്ന ശ്രദ്ധേയമായ കൃതിയാണ്. ഈ കൃതി പ്രഭാത് ബുക്സ്, കെ.പി.ആമസോണ്‍ പബ്ലിക്കേഷനില്‍ ലഭ്യമാണ്.വില 100 രൂപ

About The Author

Leave a Reply

Your email address will not be published. Required fields are marked *