നാടനാണ് നല്ലത് – (ജയരാജ് മിത്ര)

Facebook
Twitter
WhatsApp
Email

 

മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പണ്ട് വന്നൊരു ലേഖനമാണ്.
ഓർമ്മയിൽനിന്ന് പെറുക്കുമ്പോൾ ഏതാണ്ടിങ്ങനെ.

“നിങ്ങൾ ഒരു ചെമ്പരത്തിക്കൊമ്പ് മുറിച്ചുനട്ടിട്ട് എത്ര കാലമായി?”

ശരിയാണ്.
പണ്ട്, മദ്ധ്യവേനലവധിയിൽ അമ്മവീട്ടിലും മറ്റും പോയിവരുന്ന കുട്ടികളുടെ കയ്യിലൊക്കെ ന്യൂസ്പേപ്പർകൊണ്ട് പൊതിഞ്ഞ്, ചാക്കുനൂൽകൊണ്ട് കെട്ടിയൊരു പൊതി കാണുമായിരുന്നു.
തൻ്റെ വീട്ടിലില്ലാത്ത ചെടികളുടെ കമ്പുകൾ, ചെന്ന ഇടങ്ങളിൽനിന്നും സംഘടിപ്പിക്കുന്നതാണ്. വിത്ത് മുളപ്പിച്ച് തയ്യാറാക്കൽ പൊതുവേ ശീലമില്ല. മിക്കവയും കമ്പ് നട്ടാൽ കിളിർക്കും.

അങ്ങനെ, നമ്മൾപോലുമറിയാതെ നമ്മൾ സംരക്ഷിച്ചുപോന്ന പല ചെടികളും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു.
ആദ്യം;
ഇവയെ സംരക്ഷിച്ചുനിർത്തിയ വേലിപ്പടർപ്പ് അപ്രത്യക്ഷമായി.
പിന്നെ,
മുറ്റം മണ്ണുകാണാതെ മുഖം മിനുക്കി.
പതുക്കെ പൂന്തോട്ടവും അപ്രത്യക്ഷമായി.
പിന്നെ, ചെറിയ ചെടികളും നിറയെ പൂക്കുന്ന ചെടികളും എന്നും പൂക്കുന്ന ചെടികളും ഈ നാടൻമാരുടെ സ്ഥാനം ഏറ്റെടുത്തു.
നാടൻനായ അടക്കം എല്ലാ നാടനും നമ്മൾക്ക് അഭിമാനക്ഷതമായി.

സയൻസ്മാഷ് പറയുന്നു..
“നമ്മൾ പഠിച്ചതും പഠിപ്പിച്ചതുമായ ലിറ്റ്മസ് ടെസ്റ്റ്, നാടൻചെമ്പരത്തി കൊണ്ടുമാത്രമേ നടക്കൂ. മറ്റെല്ലാം വ്യാജൻമാർ.”

വൈദ്യൻ ഷാജി പറയുന്നു;
“നാടൻ നന്ത്യാർവട്ടം തന്നെ വേണം .അതിനേ ഔഷധഗുണമുള്ളൂ.”

നാട്ടുവൈദ്യൻ പറയുന്നു;
“നാടൻ തെച്ചിയില്ലേ…. മരുന്നുതെച്ചി ; അതിൻ്റെ ഇലയിട്ടു തിളപ്പിച്ച വെള്ളമുപയോഗിച്ച് കുട്ടിയെ കുളിപ്പിച്ചാൽ, തൊലിക്ക് വന്ന ഈ രോഗം മാറും.”

ആയുർവ്വേദ ഡോക്ടർ പറയുന്നു;
“നാടൻ പ്ലാവിൻ്റെ ഇലതന്നെ വേണം.
പഴുത്തത് അഞ്ചാറെണ്ണം.”

അതായത്,
നിറ വൈവിദ്ധ്യം കൊണ്ടും അനിശ്ചിതമായ പൂവിടൽ കൊണ്ടും വലിപ്പക്കുറവുകൊണ്ടും നമ്മളെ വശീകരിച്ചവരെല്ലാം ഗുണത്തിൽ ഏറെ പുറകിലായിരുന്നെന്ന് സാരം.

നമ്മൾക്കു നഷ്ടമായിപ്പോയ നാടൻ നെൽവിത്തും നാടൻ പച്ചക്കറികളുംപോലെ ഇവരും നഷ്ടമാകാതിരിക്കാൻ അവയെ സംരക്ഷിക്കേണ്ടതുണ്ട്.

തെച്ചി / ചെത്തി
ചെമ്പരത്തി
നന്ത്യാർവട്ടം
പിച്ചകം
പാരിജാതം
പവിഴമല്ലി
ഗന്ധരാജൻ
മന്ദാരം
മുല്ല
എന്നിവയാണ് ഇപ്രകാരം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നവർ.

ലാംഗിലാംഗിയും
വെള്ളത്താമരയും
മൈലാഞ്ചിയും
കായാമ്പൂവും
ചെമ്പകവും
അശോകവും
ഇപ്രകാരം പതുക്കെ വിടവാങ്ങിത്തുടങ്ങി.

പറ്റുന്നവർ
പറ്റുമെങ്കിൽ,
ഈ ചെടികളുടെ കമ്പ് സംഘടിപ്പിച്ച്, ഉള്ള സ്ഥലത്ത് വെച്ചുപിടിപ്പിക്കുക എന്നതുമാത്രമാണ് പരിഹാരം.

ജയരാജ് മിത്ര

About The Author

Leave a Reply

Your email address will not be published. Required fields are marked *