കാവുകൾ ക്ഷേത്രങ്ങളായാൽ…… – (ജയരാജ് മിത്ര)

Facebook
Twitter
WhatsApp
Email

പാറമേക്കാവ് ക്ഷേത്രം
ചെനക്കത്തൂർക്കാവ് ക്ഷേത്രം
തെച്ചിക്കോട്ടുകാവ് ക്ഷേത്രം
മാങ്ങോട്ടുകാവ് ക്ഷേത്രം
………

ഇങ്ങനെയൊക്കെയാണ് പുതിയ പേരുകൾ!

പണ്ട് സിംഹമായിരുന്നു;
ഇപ്പോൾ പുലിയാണ്.
അതുകൊണ്ട്, ”സിംഹപ്പുലി ‘ എന്ന് പേര് എന്ന മട്ടിലാണ് ഈ ‘കാവുക്ഷേത്രങ്ങൾ ! ‘

കാവും ക്ഷേത്രവും തമ്മിലുള്ള വ്യത്യാസം ആചാര്യൻമാർ പലരും പലവട്ടം പറഞ്ഞതാണ്.

ഒരു കാവ് ക്ഷേത്രമാക്കി മാറ്റുമ്പോൾ, അത് നാടിൻ്റെ പുരോഗതിയല്ല എന്നും ; ഒരു തട്ടകം അതിൻ്റെ ധാർമ്മികതയിൽ ഒരു നാശം തുടങ്ങിവെച്ചു എന്നുമാണത്രേ അർത്ഥം.

‘അമ്മ, വിളിച്ചാൽ വിളിപ്പുറത്താണ് ‘ എന്ന് ഒരു ചൊല്ലുണ്ട്.
നമ്മുടെ ഭാഗത്താണ് ശരിയെങ്കിൽ; നമ്മൾ ഒരു പെടൽ പെട്ടുനിൽക്കുമ്പോൾ, ഉള്ളുപൊള്ളി, ‘ അമ്മേ ‘ എന്നൊന്നു വിളിച്ചാൽ, കാവിലെ അമ്മ രക്ഷയ്ക്കെത്തിയിരിക്കും എന്നാണ് പ്രമാണം.
ഇത്, ക്ഷേത്രത്തിലെ ദേവതയേക്കുറിച്ച് പറയാറില്ല.
ഇതുതന്നെയാണ് കാവും ക്ഷേത്രവും തമ്മിലുള്ള പ്രധാന വ്യത്യാസം.

കാവിലെ ദേവത സർവ്വതന്ത്ര സ്വതന്ത്രയാണ്.
തട്ടകം മുഴുവൻ സഞ്ചരിച്ച്, ഓരോ വീട്ടിലും കയറിയിറങ്ങി, സദാ മക്കളുടെ ക്ഷേമം അന്വേഷിച്ചുകൊണ്ടിരിക്കും.
കാവിലേയ്ക്കാരും പോകേണ്ട കാര്യംപോലുമില്ല.
വേല – പൂരങ്ങൾക്ക് മാത്രമേ തട്ടകത്തിലെ ഏവരും കാവിൽ ചെല്ലേണ്ടതുള്ളൂ.
അത് നിർബന്ധവുമാണ്.
വേല കുറയിട്ടാൽ / പൂരം കൊടികയറിയാൽ പിന്നെ, വേല തീരുംവരെ ആരും തട്ടകത്തിന് പുറത്തേയ്ക്ക് പോകാൻ പാടില്ല എന്നാണ്.

ഉഗ്രമൂർത്തികളുടെ കാവുകളിൽ ചിലത്,
വേല കഴിഞ്ഞാൽ പത്ത്നാൾ അടച്ചിടും.
‘ഉച്ചാറൽവേല ‘ എന്നൊക്കെ പറയുന്നതരം വേലകൾ.
വേല-പൂരങ്ങൾക്കുശേഷം ശക്തി വർദ്ധിച്ച ഈ കാവിലെ ദേവതാപ്രഭാവം ഒരു മനുഷ്യന് താങ്ങാനാവുന്നതിലധികമായതിനാലാണ് ഈ അടച്ചിടൽ .
ആ ഊർജ്ജം ഒന്ന് മയപ്പെട്ടിട്ടേ , കാവ് തുറന്ന്, സാധാരണ നിലയിലെത്തൂ.

‘വരുത്തുപോക്ക് ‘ എന്ന സംഗതിയും കാവുകളുമായി ബന്ധപ്പെട്ട ഇടങ്ങളിലായിരിക്കും.
അതായത്,
ദേവത, സ്വന്തം ഇഷ്ടപ്രകാരം, തട്ടകം മുഴുവൻ സഞ്ചരിക്കുന്നതാണ് ഈ
‘വരുത്തുപോക്ക്. ‘
ഇത് മനുഷ്യർ കണ്ടുകൂടാ എന്നാണ് പറയുക.
ദേവത നടന്നുനീങ്ങുമ്പോഴുള്ള ഭൂമിയുടെ ചെറിയ കുലുങ്ങലായും
കാൽച്ചിലമ്പിൻ്റെ ശബ്ദമായും
അരമണിയുടെ കിലുക്കമായുമൊക്കെ പലരും ഈ വരുത്തുപോക്ക് തൊട്ടറിഞ്ഞിട്ടുണ്ട്.
അപൂർവ്വം പേർ, അസമയത്ത്, നാട്ടുവഴികളിലോ കുളത്തിലോ നാൽക്കവലയിലോ ആൽച്ചുവട്ടിലോ എത്തിപ്പെട്ട്, ദേവതയുടെ വരുത്തുപോക്ക് നേരിട്ട് കണ്ടവരുമുണ്ട്.

അതായത്, കാവിലെ ദേവത സ്വതന്ത്രമാണ്.
തട്ടകത്തിലെ എല്ലാ ജീവജാലങ്ങളും അമ്മയ്ക്ക് മക്കളാണ്.
ജാതി, മത, രാഷ്ട്രീയ, യുക്തിവാദ ,അന്ധവിശ്വാസ വ്യത്യാസമൊന്നും ഈ അമ്മയ്ക്കില്ല.
‘വിളിച്ചാൽ അമ്മ വിളിപ്പുറത്താണ്. ‘

എന്നാൽ, ക്ഷേത്രം എന്നത് വേലികെട്ടിത്തിരിച്ച വളപ്പുപോലെയാണ്.
മതിൽ കെട്ടി, ദേവതയുടെ സഞ്ചാരത്തിനെല്ലാം അതിര് നിശ്ചയിക്കപ്പെട്ടിരിക്കുന്നു.
കൊടിമരം എന്നത് ദേവതയെ ബന്ധിച്ചിരുത്താൻകൂടിയാണ് എന്ന് പൊതുവേ പറയാം.

‘ നിങ്ങൾക്ക് വല്ലതും പറയാനുണ്ടെങ്കിൽ ക്ഷേത്രത്തിലേയ്ക്ക് വരൂ…..
തരൂ,
പറയൂ,
ചെയ്തുതരാം……
എന്ന മട്ട്.

അഷ്ടബന്ധങ്ങളാൽ വിഗ്രഹത്തിൽ ഇരുത്തി, ദേവതയെ മന്ത്രങ്ങൾകൊണ്ട് നിയന്ത്രിച്ച്, ദേവതയ്ക്ക് വേണ്ടതെല്ലാം തിരുമുന്നിൽ സമർപ്പിക്കുന്ന രീതിയാണ് ക്ഷേത്രങ്ങളിൽ.

ബിച്ചുതിരുമല എഴുതിയ, ‘തെരുവുഗീതം’ എന്ന സിനിമയിലെ , ‘ദ്വാദശിനാളിൽ യാമിനിയിൽ’ എന്ന പാട്ടിലെ, ‘അഷ്ടബന്ധങ്ങളാൽ അഞ്ജനശിലയിൽ നീയെന്തിനെന്നേ തളച്ചൂ…. ഭക്താ , നിന്നോടു ഞാനെന്തു തെറ്റുചെയ്തൂ…..!? ‘
എന്ന വരികൾ ഓർക്കാം.

ഞാൻ പറഞ്ഞത്, കാവും ക്ഷേത്രവും തമ്മിലുള്ള,
ഏറ്റവും അടിസ്ഥാനപരമായ വ്യത്യാസമാണ്. അതിങ്ങനെയാണ് –
കാവിലെ ദേവത സ്വതന്ത്രമാണ്.
ക്ഷേത്രത്തിൽ നിയന്ത്രണത്തിലാണ്. ക്ഷേത്രത്തിൽ ദേവതയുടെ സഞ്ചാരത്തിന്, നിശ്ചയിക്കപ്പെട്ടൊരു പരിധിയുണ്ട്.
കാവിലെ ദേവത വേണ്ടതെല്ലാം നടന്ന് നേടും.
ക്ഷേത്രത്തിലെ ദേവതയ്ക്കുള്ളത് കൊണ്ടുചെന്ന് സമർപ്പിക്കണം.

ക്ഷേത്രത്തിനും കാവിനും ഉദ്ദേശ്യങ്ങളും രണ്ടാണ്.
ഫലങ്ങളും രണ്ടാണ്.
ലക്ഷ്യവും രണ്ടാണ്.
ക്ഷേത്രങ്ങൾ ക്ഷേത്രങ്ങളായും കാവുകൾ കാവുകളായും തുടരേണ്ടതുണ്ട് എന്ന് ചുരുക്കം.

ഒരു ദേശത്ത്,
ബാധാദോഷമോ
എന്തെങ്കിലും അസുഖമോ ദുരിതമോ
സ്ഥിരമായി കാണപ്പെടുന്നുണ്ടെങ്കിൽ; അന്നത്തെ കാലത്തെ ഭരണാധികാരികളും ആചാര്യൻമാരും പണ്ഡിതരും മാന്ത്രികരും ഒന്നിച്ചുകൂടി ചർച്ചചെയ്ത്, ‘ഇന്ന ഭാവത്തിലെ ഇന്ന ദേവതയെ ഇവിടെ പ്രതിഷ്ഠിച്ച്, ഇന്ന വിതാനത്തിൽ മന്ത്ര -ജപ- പൂജാവിധികൾ അനുഷ്ഠിച്ചാൽ, ഈ ദേശത്തെ ദുരിതം മാറ്റാം ‘ എന്ന് മനസ്സിലാക്കി, ഉണ്ടാക്കിയെടുക്കുന്നവയാണ് ക്ഷേത്രങ്ങളിൽ മിക്കവയും.
‘ക്ഷതങ്ങളിൽനിന്ന് ത്രാണനം ചെയ്യുന്നത് ‘ (കേടുകളിൽ നിന്നും നമ്മളെ കടത്തിക്കൊണ്ടുപോകുന്നത്) എന്നാണ് ‘ ക്ഷേത്രം’ എന്ന വാക്കിൻ്റെ അർത്ഥം.
അവിടെ മുമ്പില്ലാത്തതായ ഒരു ചൈതന്യത്തെ, സാധനാബലത്താൽ പ്രതിഷ്ഠിക്കുമ്പോഴാണ്
അവിടെ ദേവതയെ ബന്ധിച്ച് ഇരുത്തേണ്ടിവരുന്നത്.
കൊടിമരം കൊണ്ട് തട വെക്കേണ്ടിവരുന്നത്.
ക്രിയാപദ്ധതിയിൽപ്പെടുത്തി ഇരുത്തിയതായതുകൊണ്ടാണ് ‘ചുറ്റുമതിലുകൾ ‘ എന്ന അതിര് നിശ്ചയിക്കപ്പെടേണ്ടിവരുന്നത്.

( ഈ വിഷയത്തിൽ കൂടുതൽ അറിവ് വേണ്ടവർക്ക്, താഴെ ഫസ്റ്റ് കമൻ്റിൽ ഒരു ലിങ്ക് നൽകാം. സ്വാമി അഭിനവ ബാലാനന്ദ ഭൈരവൻ FBയിൽ പോസ്റ്റ് ചെയ്തതാണ്. )

എന്നാൽ,
കാവുകൾ ഇതല്ല.
അതുകൊണ്ടുതന്നെ കാവുകൾ ക്ഷേത്രങ്ങളാവുന്നത് നാടിൻ്റെ പുരോഗതിയല്ല;
നാശത്തിൻ്റെ തുടക്കമാണ്. സർവ്വതന്ത്രസ്വതന്ത്രയായിരുന്നതും; വിളിച്ചാൽ വിളിപ്പുറത്തുണ്ടായിരുന്നതുമായ ദേവതയെ പിടികൂടി നിയന്ത്രിച്ച് ഇരുത്തി, പുറത്തിറങ്ങാതിരിക്കാൻ കൊടിമരം നാട്ടി തടവെച്ച്, ദേവതയുടെ പ്രവൃത്തിമണ്ഡലത്തെ തട്ടകത്തിൽനിന്നും ക്ഷേത്രമതിൽക്കെട്ടിനകത്തേയ്ക്ക് ചുരുക്കുന്നത് എന്തിനായിരിക്കും?
വിശ്വാസികളെ,
‘ ഇതാണ് പുരോഗതി ‘ എന്ന് തെറ്റിദ്ധരിപ്പിക്കുന്നതെന്തിനായിരിക്കും?
ആരായിരിക്കും ഇതിൻ്റെയൊക്കെ പുറകിൽ?

വിളയാടി നിറയുന്ന ആ പ്രഭാവത്തെ ചെറിയൊരിടത്തേയ്ക്കാക്കി ചുരുക്കിയാൽ ; തിരിച്ചടിയുണ്ടാകാതെ കൈവശപ്പെടുത്താവുന്ന, കാവിൻ്റെ വിശാലമായ ഭൂമിയിൽ കണ്ണുവെച്ച് വന്നവരുണ്ടാകും എന്നുറപ്പ്.

ഇതുകൂടാതെ,
ഭക്തരാരും കാവിൽ വരാത്ത രീതി മാറി, എന്തിനും ഏതിനും ക്ഷേത്രത്തിൽ വന്ന് വഴിപാട് ചെയ്യുന്നതിലേയ്ക്ക് മാറ്റം വരുത്തിയാൽ ആർക്കൊക്കെ ഗുണമുണ്ടാകുമോ അവരെല്ലാം ഈ നിഗൂഢപദ്ധതിയുടെ ഗുണഭോക്താക്കളായിരിക്കും.

പതിവുപോലെ, ഗുണം വ്യക്തികൾക്കും
നാശം നാടിനും.

About The Author

Leave a Reply

Your email address will not be published. Required fields are marked *