പരീക്ഷാക്കാലമായതിനാൽ ഓർമ്മവന്നൊരു കാര്യമാണ്….. – (ജയരാജ് മിത്ര)

Facebook
Twitter
WhatsApp
Email

പരീക്ഷാക്കാലമായതിനാൽ ഓർമ്മവന്നൊരു കാര്യമാണ്…..

പണ്ടുമുതലേ മനസ്സിൽ അനിഷ്ടത്തോടെയും രോഷത്തോടെയും കൊണ്ടുനടക്കുന്ന വിഷയം ആണ്.

പരീക്ഷയുടെ സമയം കഴിയുന്നതിന് അഞ്ച് മിനിറ്റ് മുമ്പേ ഒരു വാണിങ്‌ബെൽ അടിക്കും.
ഇത് എന്തിനാണെന്ന്; പരീക്ഷാനിയമങ്ങളിൽ എന്താണ് പറയുന്നത് എന്നെനിക്കറിയില്ല.
എന്നാൽ, സാമാന്യബുദ്ധിയ്ക്ക് ആലോചിച്ചാൽ മനസ്സിലാവുന്നൊരു കാര്യമുണ്ട്.
എൻ്റെ ആ തോന്നൽ ഇങ്ങനെയാണ്.

ഒരു ഉപന്യാസം തിരക്കിട്ട് എഴുതിക്കൊണ്ടിരിക്കുന്ന കുട്ടിയ്ക്ക്, അതൊന്ന് വൃത്തിയ്ക്ക് പറഞ്ഞവസാനിപ്പിക്കാൻ നൽകുന്ന ചുരുക്കസമയമാണിത്.
പരീക്ഷയെഴുത്തിൽ സമയബോധം നഷ്ടപ്പെട്ട കുട്ടികളെ ഒന്നോർമ്മപ്പെടുത്തുന്നതിനാണിത്.
എഴുതുന്നതിനിടയ്ക്ക് പെട്ടെന്ന് ഓർമ്മകിട്ടാത്തതിനാൽ ഗ്യാപ്പിട്ട് വെച്ച ഒറ്റവാക്കിലെ ഉത്തരം ഓർമ്മ വന്നെങ്കിൽ എഴുതാനുള്ള സമയമാണിത്.
തിരക്കിട്ട് എഴുതുമ്പോൾ കിട്ടാതെപോയ ഒരു വാക്ക്,
ഒരു ഫോർമുല,
ഒരാളുടെ പേര്…….
ഇതൊക്കെ ഒന്നോടിച്ചുനോക്കിയാൽ കിട്ടിയേയ്ക്കാം; അതെഴുതാനുള്ള സമയമാണിത്.
ചുരുക്കത്തിൽ, പരീക്ഷ എഴുതുന്ന കുട്ടിയോട് സിസ്റ്റം പറയുന്നു;
‘ഇനി അഞ്ച് മിനിറ്റ് കൂടി മാത്രമേ ഉള്ളൂ; അർജൻറായി വല്ലതും ചെയ്യാനുണ്ടെങ്കിൽ ചെയ്തോളൂ.’

പക്ഷേ, കാലങ്ങളായി പരീക്ഷാഹാളിൽ ഡ്യൂട്ടിയ്ക്ക് വരുന്ന അദ്ധ്യാപകർ കരുതിയിരിക്കുന്നത്;
ഇത് അവർക്ക് ഡ്യൂട്ടി അവസാനിപ്പിച്ച് വീട്ടിൽ പോകാനുള്ള ബെല്ലാണ് എന്നാണ്!

വാണിങ് ബെല്ലടിച്ചാൽ ഉടൻ തുടങ്ങും; പാലക്കാട് ഭാഷയിൽ പറഞ്ഞാൽ ‘ത്വൈരക്കേട്! ‘

“മതീ നിർത്തിക്കോ..!
എല്ലാരും പേപ്പർ നൂലിട്ട് കെട്ടൂ .”

ആരെങ്കിലും ഈ അഞ്ച് മിനിറ്റിൽ എന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ; അത് മുടക്കലാണ് തങ്ങളുടെ ജോലി എന്ന മട്ടിലാണ് മിക്ക അദ്ധ്യാപകരും പെരുമാറുന്നത്.

വാണിങ് ബെല്ലിനുശേഷവും എഴുതുന്നവരോട്
പിന്നെ ചൂടാവലായി , ചീത്തവിളിയായി !

“നിർത്താനല്ലേ പറഞ്ഞത് !”

പേപ്പർ തട്ടിപ്പറിയ്ക്കൽ !
പേന വാങ്ങിവെയ്ക്കൽ !
ഇതൊക്കെ നടന്ന സന്ദർഭങ്ങളുണ്ട്.
ഈ അവസാന അഞ്ച് മിനിറ്റ്കൂടി; വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ അനുവദിച്ച സമയമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.
ഫൈനൽ ബെല്ലിൽമാത്രമേ എഴുതിയ പേപ്പറുകൾ നൂലിട്ട് കെട്ടൽ ചെയ്യേണ്ടതുള്ളൂ എന്നാണെൻ്റെ വിശ്വാസം.
എന്നാൽ, ഈ നൂലിട്ട്കെട്ടലാണ് പരീക്ഷ എന്ന മട്ടിലാണ് 99% അദ്ധ്യാപകരും പരീക്ഷാഹാളിൽ പെരുമാറുന്നത്.

പാവം കുട്ടികൾ !
അവർ കഞ്ചാവ് വലിക്കുകയോ
റാഗിങ് നടത്തി ഒരാളെ തല്ലിക്കൊല്ലുകയോ
ചുംബനസമരം നടത്തുകയോ അല്ല ഈ അഞ്ച് നിമിഷത്തിൽ ചെയ്യുന്നത്.
വിലപ്പെട്ട ഒരു വർഷം പഠിച്ചത് ഒന്ന് ഓർത്തെടുത്ത് പേപ്പറിലാക്കുകയാണ്.
ദയവുചെയ്ത് അതിൽക്കയറി അധികാരിയാകാതിരിക്കുക.

പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ഗുരുക്കൻമാർ സദയം പൊറുക്കുക.
പഠിക്കുന്ന കാലംമുതൽ ഞാൻ ഈ വിഷയത്തിൽ കുട്ടികൾക്കൊപ്പംതന്നെയാണ്.

About The Author

Leave a Reply

Your email address will not be published. Required fields are marked *