പഞ്ചുവിന്റേയും കുഞ്ചിയുടേയും വീട് – (ശ്രീപ്രസാദ്‌ വടക്കേപ്പാട്ട്)

Facebook
Twitter
WhatsApp
Email

ഒരു പഴയ വായനയുടെ ഓർമ്മ വായനദിനത്തിൽ പങ്കുവയ്ക്കുന്നു. മുൻപ് വായിച്ചിട്ടുള്ളവർ ക്ഷമിക്കുക 🙏.

പഞ്ചുവിന്റേയും കുഞ്ചിയുടേയും വീട്
——————————————
നിങ്ങൾക്ക് ഹാസ്യം ഇഷ്ടമാണോ? മറ്റുള്ളവരുടെ മുന്നിലോ, അല്ലെങ്കിൽ തനിച്ചിരിക്കുമ്പോഴോ പേശികൾ ഇറുക്കിപ്പിടിക്കാതെ ചിരിക്കാൻ ഒരുമടിയുമില്ലാത്ത ആളാണോ? എങ്കിൽ വായിച്ചുചിരിക്കാൻ പഞ്ചുമേനവന്റേയും കുഞ്ചിയമ്മയുടെയും വീട്ടിലേയ്ക്കു പോകാം. പതിറ്റാണ്ടുകൾക്ക് മുമ്പ് മലയാളത്തിൽ ഈ വായനാവീടൊരുക്കിയത് യശശ്ശരീരനായ പി.കെ.രാജരാജവർമ്മയാണ്. പക്ഷേ അതിനുമുമ്പ് ഒരു വ്യവസ്ഥയുണ്ട്. ഹാസ്യസമ്രാട്ടുകളായ സഞ്ജയനും ഇ.വി.കൃഷ്ണപിള്ളയുമൊക്കെ എഴുതിയതരം മലയാളം വായിച്ച് രസിക്കാൻ തയ്യാറാണെങ്കിൽ മാത്രം നിങ്ങൾ ഈ ചിരിവീട്ടിലേയ്ക്ക് പ്രവേശിച്ചാൽ മതി.

വക്കീലായ പഞ്ചുമേനവന്റെ ജീവിതത്തിലേയ്ക്ക് കുഞ്ചിയമ്മ കടന്നുവരുന്നതോടെ കഥ ആരംഭിക്കുന്നു. ഭർത്താവും ഭാര്യയും കുട്ടികളും കുഞ്ചിയുടെ അമ്മ കാളിയമ്മയും ഉൾപ്പെട്ട ഒരു ഇടത്തരം കുടുംബത്തിന്റെ ജീവിതമാണ് ഈ കഥയുടെ ഇതിവൃത്തം. നിർദ്ദോഷമായ ഹാസ്യത്തിലൂടെ പുരോഗമിക്കുന്ന കഥയിൽ കുടുംബജീവിതമുണ്ട്, രാഷ്ട്രീയമുണ്ട്, പിണക്കങ്ങളുണ്ട്, സ്ത്രീസമത്വസിദ്ധാന്തത്തിന്റെ വാദ-പ്രതിവാദങ്ങളുണ്ട്, പ്രണയമുണ്ട്, ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത ഒരുപാട് തത്വശാസ്ത്രങ്ങളുണ്ട്, ശൃംഗാരമുണ്ട്, ആണിന്റെയും പെണ്ണിന്റെയും ബലഹീനതയുണ്ട്, ബലവുമുണ്ട്. പഞ്ചുമേനവന്റെ വിവാഹത്തിൽ തുടങ്ങി ഷഷ്ടിപൂർത്തിയിൽ അവസാനിക്കുന്ന കഥയിൽ പരാമർശിക്കാത്തതായ ഭൂലോക വിഷയങ്ങൾ നന്നേ കുറവ്. ഓരോ പുരുഷനും തന്റെയുള്ളിലുള്ള പഞ്ചുവിനെ ദർശിക്കാവുന്നതുപോലെത്തന്നെ ഓരോ സ്‌ത്രീയ്ക്കും അവരിലെ കുഞ്ചിയേയും ഈ കഥയിലൂടെ കാണാം!

പഞ്ചുവിന്റെ കൂട്ടുകാരൻ പല്ലുപൊങ്ങിയവീട്ടിൽ കുണ്ടുണ്ണി നായർ ICS-കാരനാകുമ്പോൾ അദ്ദേഹം മിസ്റ്റർ പാൽപോംഗ് ആയി മാറുന്നു. “Kisses don’t last, cookery do” എന്ന പഞ്ചുവിന്റെ പ്രണയ രഹസ്യതത്വശാസ്ത്രം ഒരളവുവരെ കുടുംബങ്ങളിൽ ഇന്നും ശരിയാണെന്നുകാണാം. ആംഗലേയ വിദ്യാഭ്യാസമില്ലാത്ത കുഞ്ചി Mrs.മേനോൻ എന്ന പുല്ലിംഗ പദത്തെ തന്റെ പേരായി സ്വീകരിക്കാൻ കാണിക്കുന്ന എതിർപ്പ്, പേരിൽ ജാതി വാലുള്ള ഏതൊരു മഹിളയ്ക്കും ചിന്തനീയവിഷയമാക്കാം. വർത്തമാനകാലത്തിൽപ്പോലും നടന്നുകൊണ്ടിരിക്കുന്ന വനവൽക്കരണത്തിന്റെയും വനം പതിച്ചു കൊടുക്കലിന്റേയുമൊക്കെ ഇരട്ടത്താപ്പ് സരസമായിത്തന്നെ കഥയിൽ തുറന്നുകാട്ടുന്നുണ്ട്.

“നാം തിന്നുന്നതാകുന്നു നാം” “നാം തിന്നുന്നത് നാം ആകുന്നു” “നാം നാം തിന്നുന്നതാകുന്നു”. “We are what we eat” എന്ന ചൊല്ലിനെ കുഞ്ചിക്ക് മൂന്നുതരത്തിൽ പഞ്ചു മലയാളീകരിച്ചു കൊടുക്കുന്നത് വായിച്ചാൽ ആർക്കാണ് രസിക്കാതിരിക്കുക!

അപാരമായ ഇംഗ്ലീഷ് പാണ്ഡിത്യമുള്ള പഞ്ചുമേനവൻ, ഭക്ഷണകാര്യത്തിൽ റേഷനരി സാത്വികമോ അതോ രാജസമോ എന്ന കുഞ്ചിയുടെ ചോദ്യത്തിനുമുന്നിൽ പകച്ചുപോകുന്നുണ്ട്! ശാസ്ത്രീയമായ ദാമ്പത്യ നിർവ്വചനങ്ങളെ കുഞ്ചി അശ്ലീലമെന്ന് പറയുമ്പോൾ മേനവന്റെ തത്വജ്ഞാനം പുറത്തേയ്ക്ക് ഒഴുകുന്നു “അനാവശ്യം അശ്ലീലം അങ്ങിനെയൊന്നും ഇല്ല കുഞ്ചി. ഒരാളുടെ ആവശ്യം മറ്റൊരാൾക്ക് അനാവശ്യം. ഒരു പ്രായത്തിൽ അനാവശ്യം മറ്റൊരു പ്രായത്തിൽ ആവശ്യം. ഒരു സമയത്ത് അശ്ലീലം മറ്റൊരു സമയത്ത് ദൈവീകം” ഭക്ഷണ കാര്യത്തിലെ അഹിംസയെക്കുറിച്ചും പഞ്ചുമേനവന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. അദ്ദേഹം പറയുന്നു “ഭക്ഷണക്കാര്യത്തിൽ അനുഷ്ഠിക്കേണ്ട നിബന്ധനയല്ല അഹിംസ. ബുദ്ധിയോ വിവേകമോ ഇല്ലാത്ത അധസ്‌ഥ ജീവികളോട് സമഭാവനയോ സഹോദര്യമോ കാണിച്ച് താഴ്ത്തുവാനുള്ളതുമല്ല. മനുഷ്യവർഗ്ഗത്തിന്റെ ഐക്യവും സാഹോദര്യവും മാന്യതയും പരിപാലിക്കുന്നതിനുള്ള പ്രമാണമാണ് അഹിംസ” ഇത്രയും നല്ല ഒരു നിർവ്വചനം വേറെ ഒരിടത്തും ഇതുവരെ കാണാനെനിക്ക് സാധിച്ചിട്ടില്ല.

രാഷ്ട്രീയവും സാമൂഹികവും കുടുംബപരവുമായ ഒരുവിധം എല്ലാ വിഷയങ്ങളെയും കഥയിൽ എഴുത്തുകാരൻ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതിൽ ശ്രദ്ധിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഇത്രയും സമ്പൂർണ്ണമായ ഒരു ഹാസ്യകൃതി മലയാളത്തിൽ എഴുതപ്പെട്ടിട്ടുണ്ടോ എന്നെനിക്കറിയില്ല. പരാമർശിക്കപ്പെട്ട വിഷയങ്ങളിൽ ഭൂരിഭാഗവും കാലത്തിനതീതമായി ഇന്നും ഉണ്ടെന്നുള്ളതുതന്നെയാണ് പി.കെ.രാജരാജവർമ്മ എന്ന എഴുത്തുകാരന്റെ വിജയവും.

പഞ്ചുമേനവനും കുഞ്ചിയമ്മക്കും, കൂട്ടത്തിൽ രചയിതാവായ പി.കെ.രാജരാജവർമ്മയ്ക്കും മഹാകവി ഉള്ളൂർ എസ്സ്. പരമേശ്വരയ്യർ എഴുതിയ ആശംസാ കുറിപ്പ് ഈ പുസ്തകത്തിന്റെ വൈഭവത്തെ തുറന്നുകാണിക്കുന്നതാണ്.

“ഒരു ഫലിതസാഹിത്യകാരനെന്ന നിലയിൽ അവിടുന്ന് ഇതിനിടയ്ക്കുതന്നെ സമാർജ്ജിച്ചെടുത്തിട്ടുള്ള സദ്യശസ്സ്‌ ശാശ്വതമാണ്. മനുഷ്യനെ മൃഗീയവികാരങ്ങൾക്ക് അധീനനാക്കാതെയും അവനിൽ വർഗ്ഗീയവൈരവിഷാണുക്കൾ കുത്തിവയ്ക്കാതെയും, സാഹിത്യത്തെ വ്യക്തിവിദ്വേഷത്തിനും ജാതിമതവിരോധത്തിനും പ്രകടനോപായമാക്കാതെയും, എത്ര നല്ല കഥകൾ വേണമെങ്കിലും എഴുതി സഹൃദയാനന്ദം നൽകാമെന്നു കാണിച്ച അവിടുന്ന് പുരോഗമനമാർഗമേതെന്ന് അറിയാതെ നട്ടംതിരിയുന്ന യുവാക്കന്മാർക്കു നേതൃത്വം വഹിക്കുന്നു. ഇത് ഒരു നിസ്സാരരീതിയിലുള്ള ഭാഷാപോഷണമല്ല. കറയറ്റ വാസന, കമനീയമായ സാഹിത്യശൈലി ഇവയാൽ അനുഗ്രഹീതനായ അവിടുത്തേക്കു സകല വിജയങ്ങളും സർവ്വാത്മനാ ആശംസിച്ചുകൊള്ളുന്നു. ‘പഞ്ചുമേനവനും കുഞ്ചിയമ്മയും’ എന്നെ ഖണ്ഡികതോറും ആനന്ദസാഗരത്തിൽ ആറാടിച്ചു.”

പഞ്ചുമേനവനും കുഞ്ചിയമ്മയും : ഹാസ്യസാഹിത്യം
രചന : പി.കെ.രാജരാജവർമ്മ
പ്രസാധനം : പൂർണ്ണ പബ്ലിക്കേഷൻസ്
താളുകൾ : 204
****************************
-ശ്രീപ്രസാദ്‌ വടക്കേപ്പാട്ട്

About The Author

Leave a Reply

Your email address will not be published. Required fields are marked *