നാലാംവിരലിലെ മായാജാലം – (കെ ആർ മോഹൻദാസ്)

Facebook
Twitter
WhatsApp
Email

ഏഴു കടലുകള്‍ക്കിടയിലെ ഗുഹയിലെ ഏഴു പടികളിറങ്ങിച്ചെല്ലമ്പോള്‍ കാണുന്ന അറയുടെ പൂട്ടുതുറന്നാല്‍ ഏഴു സര്‍പ്പങ്ങള്‍ കാവല്‍ നില്‍ക്കുന്ന ഏഴുതട്ടുകളുള്ള പേടകത്തിന്‍റെയുള്ളിലെ മഴ പത്മരാജന്‍റെ സ്വപ്നങ്ങളിലുണ്ടായിരുന്നു…

പത്മരാജന്‍റെ മനസ്സില്‍ പെയ്ത മഴ മായാബാലകൃഷ്ന്‍റെ കവിതകളിലും പെയ്യുന്നുണ്ട്.

….ഇനിയൊരു ജന്മമുണ്ടെങ്കിലെനിക്കു മഴയായി ജനിക്കണം, മഴയെങ്കിലോയെനിക്കിടവമഴയായ് പിറക്കണം എന്നെഴുതിയ വരികള്‍ എന്‍റെ മിഴിക്കോണിൽ അടർന്നു വീഴാതെ തുളുമ്പി നിൽക്കുന്ന മിഴിനീര്‍മഴത്തുള്ളിയാവുന്നു.

മായാബാലകൃഷ്ണന്‍റെ മണ്ണാങ്കട്ടേം കരീലേം , നിഷ്കാസിതരുടെ ആരൂഢം എന്നീ രണ്ടു കാവ്യസമാഹാരങ്ങളെ വായനക്കാർക്കായി പരിചയപ്പെടുത്തുകയാണ്.

വിടരാതെ പോയ വസന്തകാലത്തോടുള്ള തര്‍ക്കങ്ങളും പരിഭവങ്ങളുമാണ് മായാബാലകൃഷ്ണന്‍റെ കവിതകള്‍.
ആ കലഹങ്ങള്‍ ദൈവത്തിനോടും സമൂഹത്തോടുമെല്ലാം നടത്താറുണ്ട് ഈ കവയിത്രി.

കവിതകള്‍ വിരിയുന്നത് മനസ്സിലാണ്. മനസ്സ് പറയുന്നതു പോലെ കവിത പകര്‍ത്തിയെഴുതുമ്പോളാണ് കവി വിജയിക്കുന്നത്. മായാബാലകൃഷ്ണന്‍റെ കവിതകള്‍ ഇങ്ങനെ രചിക്കപ്പെട്ടതാണ്.

വെറുക്കപ്പെട്ടവരുടെ ഒതുക്കിവയ്ക്കപ്പെട്ട മൗനങ്ങളില്‍ നിന്നും വെറുക്കപ്പെട്ടവളുടെ മനസ്സിന്‍റെ അടിയൊഴുക്കുകളാണ് കവിതയുടെ സുവിശേഷമാകുന്നതെന്ന് മായ കോറിയിടുന്നു.
വിശന്നുവലഞ്ഞ ഒരാണും പെണ്ണും തെരുവില്‍ കണ്ടുമുട്ടുമ്പോള്‍ എന്നെഴുതുമ്പോള്‍ കനല്‍ പോലെ വെന്ത ഉടലും മനസ്സും അനുവാചകനും നീറ്റലാവുന്നു.

വിഹ്വലതകളുടെ ജാലകങ്ങള്‍ തുറന്നിടുന്ന കാഴ്ചകളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോവുകയാണ് കവി. തന്‍റെ നൊമ്പരങ്ങള്‍ , ചിന്തകൾ, ഓർമ്മകൾ , പ്രണയങ്ങൾ, എല്ലാം ഈ കവിതകളിൽ
വായിച്ചെടുക്കാം .

ജീവിതത്തിന്‍റെ ആത്മസ്പർശങ്ങൾ തുടിക്കുന്ന വാക്കുകളുടെ നിശബ്ദമായ ഒഴുക്കാണ് മായാബാലകൃഷ്ണന്‍റെ കവിതകള്‍.

ഇതില്‍ മായയുടെ തപ്തഹൃദയമുണ്ട്,
വിശ്വാസമുണ്ട്,
പ്രതീക്ഷകളുണ്ട്, ദർശനമുണ്ട്.

മണ്ണാങ്കട്ടേം കരീലേം , നിഷ്കാസിതരുടെ ആരൂഢം
എന്നീ രണ്ടു കാവ്യസമാഹാരങ്ങളിലെ കവിതകൾ വായിച്ചുകഴിഞ്ഞാലും മനസ്സില്‍ നിന്നും മാഞ്ഞുപോവാതെ ഒളി മങ്ങാതെ നിൽക്കുന്നു. മായാ ബാലകൃഷ്ണൻ്റെ കാവ്യസഞ്ചാരങ്ങൾ ഹൃദയം കൊണ്ടാണ്. കാണുന്നതും കേൾക്കുന്നതും എല്ലാം ഹൃദയം കൊണ്ടാണ്. അതുകൊണ്ടാണ് ഈ കവിയുടെ ഒരോ വാക്കും ഹൃദയത്തെ ആർദ്രമായി തൊടുന്നത്.

കവിത കൊണ്ട് ഒരു കൊച്ചുസ്വപ്‌നം പണിയുന്ന മായാബാലകൃഷ്ണൻ്റെ ഈ കവിതകൾ പ്രിയപ്പെട്ട
വായനക്കാരുടെ മുന്നിൽ പ്രാർത്ഥനാനിർഭരമായ മനസ്സോടെ സമർപ്പിക്കുന്നു. ഹൃദയപൂർവ്വം.

ഈ കാവ്യസഞ്ചാരത്തിലും ജീവിതയാത്രയിലും നമുക്കും ഒരു കൂട്ടാവാം.

കെ ആർ മോഹൻദാസ്
Journalist and Content writer

About The Author

Leave a Reply

Your email address will not be published. Required fields are marked *