വായനയുടെ വളർത്തച്ഛന് പ്രണാമം – സൂസൻ പാലാത്ര

Facebook
Twitter
WhatsApp
Email

ഇന്ന് വായനാദിനം – ഏവർക്കും ആശംസകൾ

 

വായനയുടെ വളർത്തച്ഛൻ എന്ന് വിശേഷിക്കപ്പെട്ടിട്ടുള്ള യശ:ശരീരനായ പി.എൻ. പണിക്കർ സാറിനെ അനുസ്മരിക്കുന്ന ഈ വേളയിൽ എൻ്റെ മനോമുകുരത്തിൽ തെളിഞ്ഞു വരുന്നത് അദ്ദേഹത്തിൻറെ ലാളിത്യമാർന്ന പ്രവർത്തനശൈലിയും, അർപ്പണബോധവും ആണ്. ഈ പ്രത്യേകതകളായിരുന്നു അദ്ദേഹത്തിൻറെ മുഖമുദ്ര. അദ്ദേഹത്തിന്റെ ചരമദിനമാണ് നാം വായനാദിനമായി ഘോഷിയ്ക്കുന്നത്.

ജീവിതത്തിൻറെ സിംഹഭാഗവും അദ്ദേഹം ഗ്രന്ഥശാലാ പ്രവർത്തനത്തിനും സാക്ഷരത പ്രവർത്തനങ്ങൾക്കുമായി വിനിയോഗിച്ചു.

കാൻഫെഡിൻ്റെ സ്ഥാപകനായിരുന്നു അദ്ദേഹം. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാതെ എഴുത്തും വായനയും അഭ്യസിക്കാനുള്ള ഭാഗ്യമോ അവസരമോ ലഭ്യമാകാതിരുന്ന ഒരു വിഭാഗം ജനങ്ങളെ അദ്ദേഹം കരം പിടിച്ചുയർത്തി സമൂഹത്തിൻറെ ഭാഗമാക്കിമാറ്റി.

ആ കാലഘട്ടത്തിൽ അദ്ദേഹത്തിൻറെ പ്രസ്ഥാനമായ കാൻഫെഡിൽ ഒരു ഇൻസ്ട്രക്റായി പ്രവർത്തിക്കാനുള്ള എളിയഭാഗ്യം എനിക്കും ലഭിച്ചു. കേരള ഗവൺമെൻറ് തുടങ്ങിവച്ച എൻ. എ. ഇ പി. (നാഷണൽ അഡൽറ്റ് എഡ്യൂക്കേഷൻ പ്രോഗ്രാം) യിലും പണിക്കർ സാറിൻ്റെ കാൻഫെഡിലും ചേർന്ന് കുറേക്കാലം കോട്ടയം ജില്ലയിലെ പാമ്പാടിയിൽ, വാർദ്ധക്യത്തിൽ എത്തിച്ചേർന്ന സ്ത്രീ ജനങ്ങളെയും സാഹചര്യത്തിന്റെ സമ്മർദ്ദം മൂലം വിദ്യാഭ്യാസം മുടങ്ങിപ്പോയ കുറച്ചു പെൺകുട്ടികളെയും അക്ഷരം പഠിപ്പിച്ചു.

ഗവൺമെൻറിൽനിന്നോ കാൻഫെഡിൽനിന്നോ ഗ്രാൻ്റുകൾ ഒന്നും തന്നെ ഞാൻ വാങ്ങിയിരുന്നില്ല. ഗ്രാൻ്റ് വേണ്ട എന്നു വച്ചതല്ല. അന്നത് കിട്ടിയിരുന്നെങ്കിൽ എനിക്ക് ഏറെ ഉപകാരപ്രദമാകുമായിരുന്നു. സാങ്കേതിക തടസ്സങ്ങളുടെ പേരിൽ കിട്ടിയില്ല. പിന്നീടതിന് ഞാൻ മിനക്കെട്ടുമില്ല.

പ്രഭാതംമുതൽ
പ്രദോഷംവരെ കൂലിവേല ചെയ്തിട്ട് കിട്ടുന്ന പണം എണ്ണി വാങ്ങിക്കാനറിയാതെ, അത് കൊടുത്തു പലവ്യഞ്ജനവും വാങ്ങിയിട്ട് കണക്കറിയാതെ, എണ്ണാ നറിയാതെ, ബാക്കി ചോദിച്ചുവാങ്ങിക്കാനറിയാത്ത ഒരു വിഭാഗത്തെയാണ് കാൻഫെഡിലൂടെ പി. എൻ. പണിക്കർസാർ കണ്ണ് തെളിയിച്ചു കൊടുത്തത്. അതിൽ ഭാഗഭാക്കാകാൻ സാധിച്ചതിൽ ഞാൻ ദൈവത്തിന് നന്ദി പറയുന്നു.

പണിക്കർസാറിൻ്റെ നിർദ്ദേശപ്രകാരം വീടുതോറും കയറിയിറങ്ങി നടന്ന് എഴുത്തും വായനയും അറിയാത്തവരെ പ്രത്യേകിച്ച് വയോജനങ്ങളെ വിളിച്ചുകൂട്ടി ക്ലാസുകൾ എടുത്തിരുന്ന ഒരുകാലം സ്മരണയിൽ ഓടിയെത്തുന്നു. ആകെ കൈമുതലായി കിട്ടിയത് ഒരു മലയാളഭാഷാ പുസ്തകം മാത്രമാണ്. അത് സാധാരണ ഒന്നാം പാഠപുസ്തകം പോലെ ‘അ’ യിലോ ‘അമ്മ’ എന്ന അക്ഷരങ്ങളിലോ തുടങ്ങുന്നതല്ല.

അതിലെ ആദ്യപാഠങ്ങളിലെ ആദ്യവരികൾ പറഞ്ഞ് എൻ്റെ കൂട്ടുകാർ എന്നെ കുറെ കളിയാക്കിയിട്ടുണ്ട്. അത് തുടങ്ങുന്നത് ഇപ്രകാരമാണ് : “പാറുവിൻറെ ജോലി പാറപൊട്ടിക്കലാണ്” പഠിതാക്കൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ തൊഴിലുമായി ബന്ധപ്പെട്ട പാഠം. ‘പ’ യും ‘റ’ യും എളുപ്പം എഴുതാൻ പറ്റുന്ന അക്ഷരങ്ങളും.

ഞാനുംചേച്ചിയും ഞങ്ങളുടെ കൂട്ടുകാരും സരസമ്മ എന്ന സരസകവിയുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങിയാണ് ഇന്ന് പാമ്പാടിയുടെ ഹൃദയ ഭാഗത്ത് കാണുന്ന നവോദയ മഹിളാസമാജം ഞങ്ങൾ ഉണ്ടാക്കിയെടുത്തത്. ഒത്തിരി ശ്രമദാനങ്ങൾ നടത്തി മണ്ണിട്ടു പൊക്കി കെട്ടിടം പണിയാൻ ഞങ്ങൾ അത്യുത്സാഹത്തോടെ യത്നിച്ചു. ആ മഹിളാസമാജത്തിൽ എൻ. എ. ഇ. പി. യുടെയും കാൻഫെഡിൻ്റെയും ക്ലാസ്സുകൾ ഞാൻ നടത്തി. എൻ്റെ വീടിൻ്റെ അടുക്കള ജനലിൻ്റെ പലക എടുത്ത് തൊട്ടടുത്ത് വാടകയ്ക്ക് താമസിച്ച പി.ഡബ്ല്യു.ഡി. എൻജിനീയർ, ചങ്ങനാശ്ശേരി സ്വദേശി അസീസ്സ് സാർ സമ്മാനിച്ച മഞ്ഞയും കറുപ്പും നിറമുള്ള പെയിൻ്റ് ഉപയോഗിച്ച് ‘ഗ്രാമ വിദ്യാകേന്ദ്രം’ എന്ന ഒരു ബോർഡ് എന്റെ വീടിനുമുമ്പിൽ ഞാൻ സ്ഥാപിച്ചിരുന്നു.

ഞാൻ നിധിപോലെ പണിക്കർ സാറിൻ്റെ കത്തുകൾ സൂക്ഷിച്ചു. “പ്രിയപ്പെട്ട സൂസി ” എന്നുതുടങ്ങുന്ന സംബോധനയുള്ള കത്തുകളിൽ അദ്ദേഹത്തിൻ്റെ സ്വഭാവ മഹിമയും ജീവിത ലാളിത്യവും പ്രകടമായിരുന്നു. ക്ലാസ്സുകളെക്കുറിച്ചുള്ള നിർദ്ദേശങ്ങളും ഗ്രാൻ്റിനെ സംബന്ധിച്ചും അദ്ദേഹം എനിക്കെഴുതിയ
കത്തുകളെല്ലാം എന്നെക്കാൾ അർപ്പണബോധത്തോടെ പ്രവർത്തിച്ചു എന്ന് ഞാൻ വിശ്വസിക്കുന്ന, കൂരോപ്പട സ്വദേശിനിയായ എൻ്റെ സുഹൃത്ത് ലില്ലിക്കുട്ടി എൻ്റെ കൈയിൽ നിന്ന് വാങ്ങിക്കൊണ്ടുപോയി. കത്തുകൾ പിന്നീട് തിരിച്ചു തരാം, ഗ്രാൻ്റും വാങ്ങിത്തരാമെന്നു പറഞ്ഞ്. പിന്നീടൊരിക്കലും ആ കത്തുകളോ, ഗ്രാൻറോ എനിക്ക് തിരിച്ചു കിട്ടിയതുമില്ല.

കാൻഫെഡിൻ്റെ സമ്മേളനങ്ങൾ നടക്കുമ്പോൾ ഒരു കാരണവരെപ്പോലെ ഓടിയോടി നടന്ന് കാര്യങ്ങളന്വേഷിക്കുന്ന, ജാഡകളൊന്നുമില്ലാത്ത തികഞ്ഞ ഒരു മനുഷ്യസ്നേഹിയെയാണ് അദ്ദേഹത്തിലൂടെ കാണാൻ കഴിഞ്ഞത്.

‘ കാൻഫെഡിന് ഒരു സമകാലിക വാർത്താപത്രിക ഉണ്ടായിരുന്നു. അതിലെ ക്യാപ്ഷൻ “വായിച്ചു വളരുക” എന്നതായിരുന്നു. അതിലൂടെയൊക്കെയാണ് എന്നിൽ ഒരു എഴുത്തുകാരി ഒളിഞ്ഞിരിപ്പുണ്ടെന്ന് ഞാൻ മനസ്സിലാക്കി തുടങ്ങിയത്. അന്നൊരു മീറ്റിംഗിൽ, വെട്ടൂർ രാമൻ നായർസാർ എന്നെ പാലാ പുലിയന്നൂരുള്ള സഹൃദയ സമിതിയിലേക്ക് ക്ഷണിക്കുകയും, രചനകൾ അയച്ചുകൊടുക്കാൻ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് അദ്ദേഹം എനിക്ക് സഹൃദയ സമിതിയുടെ സ്മരണിക അയച്ചു തരികയുണ്ടായി. പാലാ സഹൃദയ സമിതിയിൽ എനിക്ക് നാളിതുവരെയും പോകാൻ കഴിഞ്ഞിട്ടില്ല എന്നത് ഒരു ദു:ഖസത്യം മാത്രം.

എൻ.ഡി. ജോഷി സാറിന്റെ നവസാക്ഷര കഥാപ്രസംഗം മുഴുവൻ കേട്ട് അതു മുഴുവൻ അതേപോലെ എൻ്റെ പഠിതാക്കളുടെ മുമ്പാകെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്. പണിക്കർ സാറിൻ്റെ പ്രസ്ഥാനത്തിൻ്റെ മുൻനിരയിലല്ല, ഏറ്റവും പിൻനിരയിൽ ഏറ്റവും താഴത്തെത്തട്ടിൽനിന്നുകൊണ്ട്, ആരാലും അറിയപ്പെടാതെ, കുറെയധികം വയോധികരെ പേരെഴുതി ഒപ്പിടാൻ പഠിപ്പിച്ചത് എൻ്റെ ദൈവാനുഗ്രഹമായി ഞാൻ കരുതുന്നു. ആ കൂട്ടത്തിൽ അഞ്ചാംക്ലാസ്സിൽ പഠനം നിർത്തിയ ഒരു പെൺകുട്ടിയുൾപ്പടെ ഒന്നുരണ്ടു കുമാരിമാരുമുണ്ടായിരുന്നു. അതിലൊരാൾ ഇന്ന് ഗവ. സർവീസിൽ വർക്കു ചെയ്യുന്നതായി അറിഞ്ഞു. സർക്കാരിൻ്റെ നാലുകാശ് അവർ വാങ്ങിക്കുന്നതിൻ്റെ ചാരിതാർത്ഥ്യം എൻ്റെ മനസ്സിൽ നിറഞ്ഞുനില്ക്കുന്നു.

നല്ല പേർ സുഗന്ധതൈലത്തെക്കാളും…. ഉത്തമം എന്ന് ബൈബിളിൽ സഭാപ്രസംഗി 7:1-ൽ പറയുന്നു. പി.എൻ. പണിക്കർസാറിൻ്റെ മരിക്കാത്ത ഓർമ്മകൾക്ക് മുന്നിൽ പ്രണാമം💐🙏 അദ്ദേഹത്തിന് ആത്മശാന്തി നേരുന്നു🙏🙏🙏🌹🌹🌹

വായനയ്ക്കായി ശുപാർശ ചെയ്യുന്ന പുസ്തകങ്ങൾ
(1) സൂസൻ പാലാത്രയുടെ ജോർദ്ദാൻ മുതൽ ഈജിപ്ത് വരെ ( യാത്രാവിവരണം )
(2) ദുഃഖത്തിന്റെ കതിരുകൾ (നോവൽ)

About The Author

Leave a Reply

Your email address will not be published. Required fields are marked *