പ്രപഞ്ചമെന്ന മഹത്തായ കവിത – അഡ്വ. പാവുമ്പ സഹദേവൻ

Facebook
Twitter
WhatsApp
Email

പണ്ടൊക്കെ കവിത രചിക്കാനായി, ഞാൻ കടൽതീരത്തും കായലോരത്തും പോയിരിക്കുമായിരുന്നു.
എന്നാൽ വെറുതെ കാറ്റുകൊള്ളാമെന്നല്ലാതെ വേറെ
വിശേഷങ്ങളൊന്നുമുണ്ടായിട്ടില്ല.
പിന്നീട് ഞാൻ ആകാശത്തിലേക്ക്
നോക്കാൻ തുടങ്ങി.
അതോടെ എൻ്റെ കവനശേഷിയുടെ
ചക്രവാളസീമകൾ വികസിക്കാൻ തുടങ്ങി. അങ്ങനെയിപ്പോൾ
നക്ഷത്രങ്ങളിൽനിന്ന് പൊട്ടിച്ചിതറി വീഴുന്ന വാക്കുകളെടുത്താണ് ഞാൻ കവിത എഴുതിക്കൊണ്ടിരുന്നത്.
ആത്മാവിൽ കിടക്കുന്ന കൽക്കരിക്കഷണങ്ങൾ ആട്ടിയെടുത്താൽ, കവിത പുറത്തേക്ക് പൊട്ടിയൊഴുകുമെന്ന് ഈ അടുത്ത കാലത്താണ് എനിക്ക് ബോധ്യപ്പെടുന്നത്. മനസ്സിൽ കിടക്കുന്ന കല്ലും കമ്പും കട്ടയുമൊക്കെ കവിതയുടെ അസംസ്കൃത വസ്തുക്കളാണെന്ന്
സമീപകാലത്ത് ആരോ എന്നോട് പറയുകയുണ്ടായി.
കവിതയെഴുതാൻ സ്വർഗ്ഗത്തെക്കാൾ നല്ലത് നരകത്തിലേക്ക് പോകുന്നതാണെന്ന് ഒരിക്കൽ കാവ്യദേവത എന്നെ ഉപദേശിച്ചിരുന്നു.
സ്വർഗ്ഗീയാനുഭവങ്ങൾ മധുരതരങ്ങളാണെന്നും എന്നാൽ
നരകതുല്യമായ അനുഭവങ്ങൾ
ആളുകൾ കൂടുതൽ ഇഷ്ടപ്പെടുമെന്നും കാവ്യദേവത എൻ്റെ ചെവിയിൽ മന്ത്രിച്ചു.
ഇതൊക്കെ കേട്ടിട്ട്, കവിത എഴുതാൻ പാതാളത്തിൽ പോകുന്നതല്ലേ നല്ലതെന്ന് എനിക്ക് ചിലപ്പോൾ തോന്നാതിരുന്നിട്ടില്ല.
മേഘങ്ങളെ ധ്യാനിച്ചാൽ ആത്മാവിൽ നിന്ന് കവിത ഉരുൾപൊട്ടിയൊഴുകുമെന്ന് ഞാനൊരിക്കൽ സ്വപ്നം കണ്ടിട്ടുണ്ട്.
കവിത ഏതൊ ഒരു വലിയ സംഭവമാണെന്ന മൂഢധാരണ ഉപേക്ഷിച്ചാൽ, ഹൃദയത്തിൽ കവിത തനിയെ പൊട്ടിവിടരുമെന്ന്
ഒരു മഹർഷിവര്യൻ എന്നോട്
മധുരതരമായി മൊഴിയുകയുണ്ടായി.
ഈ പ്രപഞ്ചംതന്നെ ഒരു മഹത്തായ കവിതയായിരിക്കുമ്പോൾ,
ഞാൻ കവിത എഴുതുന്നത്, എന്ത് മണ്ടത്തരമായിരിക്കുമെന്നാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.

16.06.2024.

Written by അഡ്വ. പാവുമ്പ സഹദേവൻ.

About The Author

Leave a Reply

Your email address will not be published. Required fields are marked *