bhoomiyile

ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 2 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ

Facebook
Twitter
WhatsApp
Email
ഒരു ദിവസമേ ഞങ്ങള്‍ക്ക് ഷിംലയുടെ ലാവണ്യം നുകരാനായുള്ളൂ. ഒരുപാടൊരുപാട് കാഴ്ചകള്‍ ബാക്കിവെച്ച് പിറ്റേന്ന് പ്രഭാതത്തിലെ മണാലിയിലേക്കു തിരിച്ചു. കിഴക്കു വടക്കോട്ടുള്ള ആ യാത്ര അതേ ബസ്സില്‍ തന്നെയായിരുന്നു.
ഗൂഗിളില്‍ ഏതാണ്ട് 250 കിലോമീറ്റര്‍ കാണിച്ചു മണാലിയിലേയ്ക്ക്. വളഞ്ഞും പുളഞ്ഞും കീഴ്ക്കാംതൂക്കായ മലകളിലൂടെയും പാറകള്‍ക്ക് കീഴെയും വണ്ടി നീങ്ങി. ചില കുന്നുകള്‍ നന്നേ വെള്ളപുതച്ചു കിടന്നിരുന്നു. പച്ചപ്പ് കണ്ട താഴ്വരകളിലെ സോപ്പുപെട്ടികള്‍ അടുക്കിവെച്ചതുപോലുള്ള വീടുകള്‍ക്ക് മീതെയും മഞ്ഞിന്‍റെ ശീലുകള്‍ കണ്ടു. അവയ്ക്കു മീതെ വെട്ടിത്തിളങ്ങിയ സൂര്യകിരണങ്ങള്‍ വെള്ളിവെട്ടം പ്രതിജ്വലിപ്പിച്ചു.
പ്രഭാത ഭക്ഷണത്തിനായി ഒരു ശര്‍മ്മ ഭോജന്‍ ശാലയായിരുന്നു ഞങ്ങള്‍ തിരഞ്ഞെടുത്തത്. അപ്പോള്‍ ഏതാണ്ട് പത്തോടടുത്തിരുന്നു സമയം. പൈപ്പ് തുറന്ന് കൈകഴുകിയപ്പോള്‍ വിറങ്ങലിച്ചുപോയി. എല്ലാവര്‍ക്കും ഒരിടത്തിരുന്ന് കഴിക്കാനുള്ള സൗകര്യമില്ലായിരുന്നു ആ ഭോജനശാലയ്ക്ക്. അതിനാല്‍ ഓരോ കുടുംബവും വെവ്വേറെ സ്ഥാനം പിടിച്ചു. ആലൂ പറാട്ട, പനീര്‍ പറാട്ട, പ്യാസ് പറാട്ട അങ്ങിനെ മേശപ്പുറത്ത് നിരന്നു വിവിധ വിഭവങ്ങള്‍. ഞാന്‍ ആലൂ പറാട്ടയെടുത്ത് പ്ലേറ്റില്‍ വെച്ചു. പ്ലേറ്റ് കവിഞ്ഞു നില്‍ക്കുന്ന വലിപ്പമുണ്ട് ഒന്നിന്. അത് മുഴുവനായും കഴിച്ചാല്‍ അന്നേയ്ക്ക് പിന്നെ ഭക്ഷണമൊന്നും കഴിക്കേണ്ടതായി വരില്ലെന്ന് എന്‍റെ മനസ്സ് പറഞ്ഞു. കറികളായി അച്ചാറും ദാഹിയും. നാം പ്രഭാതഭക്ഷണത്തിന് സാധാരണ അച്ചാര്‍ തിരഞ്ഞെടുക്കാറില്ലെന്നതല്ലേ യാഥാര്‍ത്ഥ്യം. എന്നാല്‍ വടക്കേ ഇന്ത്യയില്‍ മിക്ക സ്ഥലങ്ങളിലും റൊട്ടിയ്ക്കും മറ്റും പ്രധാന കറിയായി ഉപയോഗിക്കുന്നത് മാങ്ങയില്‍ തയ്യാറാക്കിയ അച്ചാറു തന്നെയാണ്. സ്പെഷ്യലായി ഒരു ബൂന്തിറയ്ത ഓര്‍ഡര്‍ ചെയ്തു. സവാളയും തൈരും കടലമാവോ മറ്റോ കൊണ്ടുണ്ടാക്കിയ മഞ്ഞനിറമുള്ള ബൂന്തി ഉരുളകളും പിന്നെന്തൊക്കെയോ മസാലകളും ചേര്‍ത്ത ബൂന്തിറെയ്ത. റായ്ബലേറിയിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാന്‍ അക്കാഡമിയിലെ വിമാന പരിശീലന കാലത്ത് തിന്നു തിന്നു മതിയായ വിഭവമാണ് നന്നുവിനത്. അതുകൊണ്ട് അവന്‍ മഞ്ഞ ഉരുകള്‍ പെറുക്കി എന്‍റെ പ്ലേറ്റിലേക്കിട്ടുകൊണ്ടിരുന്നു. അച്ചാറും സവാളയും ഇഷ്ട വിഭവമായതിനാല്‍ ഭര്‍ത്താവ് അതില്‍ തൃപ്തനായി.
ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയപ്പോള്‍ വെയില്‍ നന്നേ പരന്നിരുന്നു. ഞാന്‍ വാഹനത്തിനകത്ത് കയറി ഹരിതം പുതച്ച താഴ്വരകളും അതിനുമീതെ വെള്ള പുതച്ച കുന്നുകളും മുകളില്‍ നീലാകാശവുമുള്ള കണ്ടു മറഞ്ഞ ദൃശ്യചാരുതയെ മനസ്സിനകത്ത് വരച്ചിടാന്‍ തുടങ്ങി. വഴിയിലെവിടെയൊക്കെയോ വെച്ച് ആ ചിത്രങ്ങള്‍ എന്നെ ആനന്ദിപ്പിച്ചപ്പോള്‍, ഹേ ഒന്നു നിര്‍ത്തൂ അവയൊന്ന് പകര്‍ത്തിക്കോട്ടെ എന്നു പറഞ്ഞെങ്കിലും ആരും എന്‍റെ വാക്കുകള്‍ ചെവികൊണ്ടില്ല. ഉമ്മച്ചിയുടെ ആഗ്രഹങ്ങള്‍ വിചിത്രമെന്ന് കളിയാക്കി നന്നു ചിരിച്ചു. നീ ഉട്ടോപ്പിയന്‍ ലോകത്തിലല്ലേ ജീവിക്കുന്നതെന്ന ഗൗരവം ഭര്‍ത്താവില്‍. സഹയാത്രികരാകട്ടെ എത്രയും പെട്ടെന്ന് മണാലിയെന്ന സ്വര്‍ഗ്ഗത്തിലേക്കെത്താനുള്ള ആവേശത്തിലുമായിരുന്നു.
ചക്കാര, ബാനൂട്ട്, ബാഗ, സന്താളി അങ്ങിനെ പല പല സ്ഥല നാമങ്ങളിലുള്ള ഗ്രാമങ്ങളെയും പട്ടണങ്ങളെയും പകര്‍ത്തിക്കൊണ്ടിരുന്നു ഞാന്‍. ചിലത് മനസ്സിലും മറ്റു ചിലത് ക്യാമറയിലും. ഗ്രാമങ്ങളില്‍ പലേടത്തും പൂവിട്ട കടുക് പാടങ്ങള്‍ പൊക്കം കുറഞ്ഞ് പന്തലിച്ച മാവുകള്‍ക്ക് കീഴെ ഒരു ലാന്‍റ്സ്കേപ്പ് പോലെ പരന്നു കിടന്നു.
പ്രകൃതിയുടെ മുഖമൊന്നു കറുത്തപ്പോള്‍ മണ്ണിടിച്ചിലിനെക്കുറിച്ചോര്‍ത്ത് സ്വല്പം അങ്കലാപ്പ് തോന്നി എനിക്ക്. എന്നാല്‍ അടുത്ത നിമിഷം മനോഹരമായ ഈ വേളയില്‍ നെഗറ്റീവ് ചിന്ത അരുതെന്ന് വിലക്കി മനസ്സിനെ ആഹ്ലാദത്തിലാഴ്ത്തി. മുമ്പെങ്ങോ നടന്ന മണ്ണിടിച്ചില്‍ കാരണം താത്ക്കാലികമായുണ്ടാക്കിയ
പാലത്തിലൂടെ കടന്നു വന്നതുകൊണ്ടാണ് അത്തരം ചിന്ത അറിയാതെ മനസ്സിനെ മഥിച്ചത്.
മണാലിയിലേയ്ക്കുള്ള യാത്ര വേഗത്തിലാക്കാനും സുഗമമാക്കാനും വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയ പണി പൂര്‍ത്തിയായിരുന്നില്ല പലേടത്തും. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയും പി.ഡബ്ലിയു.ഡിയും ചേര്‍ന്ന് ഏറ്റെടുത്തു നടത്തുന്ന പാത ഇരട്ടിക്കല്‍ പണികള്‍ക്കിടയില്‍ വാഹനം അപ്പപ്പോള്‍ നിര്‍ത്തിയും വേഗത കുറച്ചും നീങ്ങി.
കിരാത്പൂര്‍-മണാലി ദേശീയപാതയുടെ പണിയാണ് നടന്നുകൊണ്ടിരുന്നത്. മലകള്‍ തുരന്നുള്ള ഒട്ടനവധി തുരംഗങ്ങളും, പാലങ്ങളും എലിവേറ്റ് വയഡക്ടും കൊണ്ടു നിറഞ്ഞ നാലുവരിപ്പാതയുടെ പണി അങ്ങിങ്ങ് പുരോഗമിച്ചുകൊണ്ടിരുന്നു. വാഹനത്തിലിരുന്ന് പൂര്‍ത്തിയാക്കാത്ത പല തുരംഗങ്ങളുടെയും മുഖങ്ങള്‍ കാണാനായി. ഛണ്ഡിഗഡിനും മണാലിക്കും ഇടയിലുള്ള ചഒ 21 ന്‍റെ ഏറ്റവും അപകടകരമായ ഭാഗങ്ങളിലൂടെയായിരുന്നു ഞങ്ങള്‍ സഞ്ചരിച്ചത്. പാണ്ഡോ മുതല്‍ ഔട്ട് വരെ മണ്ണിടിച്ചില്‍ സാധ്യത ഏറെയുളള പ്രദേശമാണ്. ബിയാസിന്‍റെ തീരത്തുള്ള കുന്നുകള്‍ വെട്ടിമാറ്റുന്നത് അതുകൊണ്ട് തന്നെ വെല്ലുവിളി നിറഞ്ഞ ജോലിയാണെന്നാണ് എന്‍ജിനീയറന്മാരുടെ അഭിപ്രായം. ചണ്ഡിഗഡ് മണാലി പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 320 കിലോമീറ്ററില്‍ നിന്നും 260 കിലോമീറ്ററായി ചുരുങ്ങും യാത്രാദൂരം. അതായത് ഒമ്പതു മണിക്കൂറില്‍ നിന്നും ഏഴുമണിക്കൂറായി കുറയുമെന്ന് തീര്‍ച്ച. എന്തായാലും ഒരുവശത്ത് ബിയാസിലൂടെയും മറുവശത്ത് കുത്തനെയുള്ള മലനിരകളിലൂടെയും കടന്നു പോകുന്ന റോഡിന്‍റെ ഭൂമിശാസ്ത്രപരമായ അവസ്ഥ കണക്കിലെടുക്കുമ്പോള്‍ അവിടുത്തെ പണി ശ്രമകരമായ ഒന്നുതന്നെയെന്ന് മനസ്സിലാകും.
എല്ലാ കാലാവസ്ഥയിലും യോജിച്ചുപോകുന്ന തരത്തിലുള്ള ‘ഓള്‍വെതര്‍’ റോഡുകളാണ് നിര്‍മ്മിച്ചിരുന്നതെങ്കിലും അടുത്തകാലത്തെ വെള്ളപൊക്കം ഒട്ടനവധി റോഡുകളെ അടര്‍ത്തിയെടുത്ത വാര്‍ത്ത നാം കേട്ടതാണ്. ധൃതി പിടിച്ചതും

അശാസ്ത്രീയവുമായ നിര്‍മ്മാണമാണ് ദുരന്തത്തിന് കാരണമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
മണ്ണിടിച്ചില്‍ തടയാന്‍ മലകള്‍ക്ക് കീഴെ റോഡിനോട് ചേര്‍ന്ന് അട്ടിയട്ടിയായി പാറക്കല്ലുകള്‍ പൊക്കി നിരത്തി കമ്പിവേലി പൊതിഞ്ഞിരിക്കുന്നത് അപൂര്‍വ്വമായ കാഴ്ചതന്നെയായിരുന്നു. മണ്ണിടിഞ്ഞ് മുകളില്‍ നിന്നും ഉരുണ്ടുവരുന്ന ചെറിയ പാറകള്‍ കമ്പിവലയ്ക്കുള്ളില്‍ കുടുങ്ങാന്‍ കൂടിയാണത്.
ഹൈറേഞ്ച് യാത്ര ജുവാന് തെല്ലുമേ പിടിക്കുന്നില്ലെന്ന മട്ടായിരുന്നു തലേന്നും. അഡ്വ. ആന്‍സിയുടെ നാലുവയസ്സുള്ള മകനെയും തോളിലിട്ട് ചന്ദ്രനും ആന്‍സിയും അപ്പപ്പോള്‍ വാഹനത്തിന് പുറത്തിറങ്ങി അവനെ ഛര്‍ദ്ദിപ്പിക്കാന്‍ കൊണ്ടുപോയി. സുന്ദര്‍നഗര്‍ പിന്നിട്ട് മാണ്ടിയിലെത്തുമ്പോള്‍ ജുവന്‍ ചീരപോലെ കുഴഞ്ഞിരുന്നു.
സ്കൂളുകളും വിദ്യാലയങ്ങളും ആശുപത്രികളും മുനിസിപ്പല്‍ കൗണ്‍സിലിന്‍റെ  കേന്ദ്രങ്ങളും നിരവധി കച്ചവട സ്ഥാപനങ്ങളും കൊണ്ട് നിറഞ്ഞ മാണ്ടിയിലെ ഹോട്ടലുകളുടെ കൊതിപ്പിക്കുന്ന ബോര്‍ഡുകള്‍ ചില ഭക്ഷണ പ്രീയരില്‍ വിശപ്പുണ്ടാക്കി. പ്രഭാത ഭക്ഷണം ദഹിക്കാത്തതിനാല്‍ ഒട്ടുമേ വിശപ്പില്ലായിരുന്നു എനിക്ക്. പട്ടണം വിട്ടുപോരെ എന്ന എന്‍റെ മനസ്സിന്‍റെ ചോദ്യം ആരോ ഉന്നയിച്ചപ്പോള്‍ അവിടെ ഇറങ്ങാതെ ബസ്സ് നീങ്ങി. ശരിക്കും മലമടക്കുകളില്‍ ചിതറിക്കിടക്കുന്ന വീടുകളും ആരാധനാലയങ്ങളുംകൊണ്ട് നിറഞ്ഞ മാണ്ടി ഗന്ധര്‍വ്വ കുന്നുകളാല്‍ ചുറ്റപ്പെട്ട ഇടമാണെന്നാണ് വിശ്വാസം.
(ചിത്രം 1)
ബിയാസിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ഏറ്റവും പഴക്കം ചെന്ന പട്ടണങ്ങളിലൊന്നായ മാണ്ടി ഹിമാചലിന്‍റെ ഹൃദയഭാഗം കൂടിയാണ്. ഹിമാചലിലെ കാശി, ചോട്ടി കാശി, മലകളുടെ വരാണസി എന്നിങ്ങനെ വിളിപ്പേരുള്ള ആ പ്രദേശത്ത് വീടുകളെക്കാള്‍ കൂടുതലും ക്ഷേത്രങ്ങളാണ് മലമടക്കുകളിലും കുന്നിലുമായി കണ്ടത്. ശിവനും കാളിയുമാണത്രെ അവിടുത്തെ ഇഷ്ടദേവതകള്‍. കൃഷ്ണ ക്ഷേത്രങ്ങളും ഗുരുദ്വാരയും വിരളമല്ല.
ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷ 13-ാം ദിനം നടക്കുന്ന ശിവരാത്രിമേള അന്താരാഷ്ട്ര പ്രസിദ്ധമായ ഒരു ഉത്സവമാണ്. അന്നേദിവസം രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ മാണ്ടിയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുമത്രെ! ഇതെല്ലാം ഞങ്ങളുടെ ബസ്സിന്‍റെ ഡ്രൈവറില്‍ നിന്നും മനസ്സിലാക്കി പ്രദീപ് ഞങ്ങള്‍ക്ക് വിളമ്പിക്കൊണ്ടിരുന്നു. പാതയുടെ വശങ്ങളിലും ചില ക്ഷേത്രങ്ങള്‍ക്കു മുന്നിലും തൂങ്ങികിടന്ന കൊടിതോരണങ്ങള്‍ ചൂണ്ടികാട്ടി ഫാഗുലി (എമൗഴഹശ എലശ്മെേഹ) ഉത്സവത്തെക്കുറിച്ച് പറയാന്‍ തുടങ്ങി പ്രദീപ്. ഡ്രൈവറില്‍ നിന്നും കേട്ട വിവരങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് പ്രദീപ് പറയുമെങ്കിലും അതൊക്കെ എനിക്ക്

പുതിയ അറിവുകളായിരുന്നു. ആ കൊടിതോരണങ്ങള്‍ ഞാന്നു കിടന്നത് ഫാഗുലി  ഉത്സവത്തിന്‍റെ വരവറിയിക്കാനാണത്രെ ! ശൈത്യത്തിന്‍റെ അവസാനവും വസന്തത്തിന്‍റെ തുടക്കവും അടയാളപ്പെടുത്തിക്കൊണ്ടുള്ള ഫാഗുലി തിന്‍മയുടെ മേല്‍ നന്‍മയുടെ വിജയമായിട്ടാണ് വിശ്വാസികള്‍ കരുതുന്നത്. അതായത് അസുരന്‍മാരുടെ മേലുള്ള ദൈവങ്ങളുടെ വിജയം. ഹിമാചല്‍പ്രദേശിലെ വിവിധ ഗ്രാമങ്ങളിലും മുഖം മൂടികളുടെ ഉത്സവമായിട്ടാണ് ഫാഗുലി ആചരിക്കുന്നത്. ഈ ഉത്സവം കൂടുതലും പുരുഷന്‍മാര്‍ക്കുള്ളതാണ്. അവര്‍ വിവിധ മുഖം മൂടികള്‍ ധരിച്ച് പിച്ചളകൊണ്ട് നിര്‍മ്മിച്ച പാവാടയും മഞ്ഞമാല പൂക്കളും വര്‍ണ്ണാഭമായ ശിരോവസ്ത്രവുമണിഞ്ഞ് ദുഷ്ട ശക്തികളെ ആട്ടിയോടിക്കാന്‍ ‘നാറ്റി’ (ഹിമാചലിലെ നാടോടി നൃത്തം) ചെയ്യും. നൃത്തത്തിനിടയില്‍ നര്‍ത്തകര്‍ ഉന്‍മാദത്തിലാഴ്ന്ന് ദൈവത്തെ പ്രതിനിധീകരിച്ച് സമീപഭാവിയില്‍ നാട്ടില്‍ നടക്കാവുന്ന ദുരന്തങ്ങളെക്കുറിച്ചൊക്കെ പ്രവചിക്കും.
ഉച്ചഭക്ഷണത്തിനായി പുറത്തിറങ്ങി കയറിയപ്പോള്‍ ജുവാന്‍ ഉഷാറായി.
അമ്മാമ്മയുടെ ഒപ്പമിരിക്കാന്‍ വാശിപ്പിടിച്ച് ജുവലുമായി വഴക്കിട്ടു അവന്‍. ജുവലിനെ അവന്‍ കറുമ്പിയെന്ന് വിളിച്ച് വര്‍ണ്ണാധിക്ഷേപം നടത്തിയത് ആന്‍സിക്ക് പിടിച്ചില്ല. ആന്‍സി മകനെ നോക്കി കണ്ണുരുട്ടിയപ്പോള്‍ അവന്‍ ചിണുങ്ങിക്കൊണ്ട് അമ്മാമ്മയെതന്നെ ചേര്‍ന്നിരുന്നു. ഷൈല ചേച്ചി അവനെ മെല്ലെ മെല്ലെ തഴുകി ഉറക്കാനുമാരംഭിച്ചു. ജുവാന്‍ ഉറങ്ങുന്നതിനു മുമ്പേ നമ്മളിലെ പല പുരുഷ കേസരികളും ഉറങ്ങിക്കഴിഞ്ഞിരുന്നു ഉച്ചയൂണിന്‍റെ ബലത്തില്‍.
കാഴ്ചകളൊന്നും നഷ്പ്പെടാതിരിക്കാന്‍ ക്ഷീണം തോന്നിയെങ്കിലും ഞാന്‍ ഉറങ്ങാതിരുന്നു. ഒരുവശത്ത് ആകാശത്തെ ചുംബിച്ചു നില്‍ക്കുന്ന മലയും മറുവശത്ത് വെള്ളിമുത്തുകള്‍ ചിന്നിചിതറുന്ന ബിയാസും. ജലം നന്നേ കുറവായിരുന്നെങ്കിലും ബിയാസിന്‍റെ സൗന്ദര്യത്തിന് ഒട്ടും മങ്ങലേറ്റിരുന്നില്ല. വെളുത്ത മിനുസമാര്‍ന്ന ഉരുളന്‍ കല്ലുകള്‍ ബിയാസിന് ആഭയേറ്റി. നദിക്ക് കുറുകെയുള്ള തൂക്കുപാലങ്ങളും ഇരു മലകളെ ബന്ധിച്ചുകൊണ്ടുള്ള വൈദ്യുത കമ്പികളും ഒട്ടനവധി കണ്ടു.
(ചിത്രം 2)
ആള്‍പാര്‍പ്പില്ലാത്ത താഴ്വരകളിലേക്കുള്ള തൂക്കുപാലങ്ങളിലൂടെ ഗ്രാമീണര്‍ നടന്നുപോകുന്നത് കണ്ടപ്പോള്‍ അവരുടെ വീട് അവിടെ എവിടെയായിരിക്കുമെന്ന് ചിന്തിച്ച് ആ കുന്നാകെ എന്‍റെ കണ്ണുകള്‍ ഓടി നടന്നു. അങ്ങകലെ ചെറുപൊട്ടായി വളരെ കുറച്ച് കെട്ടിടങ്ങള്‍ മാത്രം കണ്ടപ്പോള്‍ അവര്‍ അവിടെ എങ്ങിനെ പാര്‍ക്കുന്നുവെന്നും അവശ്യസാധനങ്ങള്‍ക്ക് കിലോമീറ്ററുകള്‍ താണ്ടിവേണ്ടേ ഇങ്ങ് താഴ്വരയിലേക്ക് വരേണ്ടതെന്നും ഞാന്‍ ആശ്ചര്യപ്പെട്ടു. കുന്നിറങ്ങിയും കയറിയും ജീവിതം നയിച്ചതുകൊണ്ടാകാം ഹിമാചലിലെ ആള്‍ക്കാര്‍ കുറുകിപ്പോയതെന്നായിരുന്നു എന്‍റെ വിചിത്രമായ കണ്ടെത്തല്‍.
മാണ്ടി കഴിഞ്ഞപ്പോള്‍ അടുത്ത വലിയ പട്ടണമായി പാണ്ഡോ. ബിയാസിന്‍റെ

ജലത്തെ തെക്കു പടിഞ്ഞാറായി തിരിച്ചുവിടുന്നതിന് 1977ലോ മറ്റോ നിര്‍മ്മിച്ച പാണ്ഡോ അണക്കെട്ടിന് കുറുകെയുള്ള പാലത്തിലൂടെയാണ് ബസ്സ് നീങ്ങിയത്. ദൂരെ അണക്കെട്ടിന്‍റെ അഗാധതയിലേക്ക് ചൂണ്ടിക്കാട്ടി പ്രദീപ് ആ ദുരന്ത ചരിത്രം പറഞ്ഞു: വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈദരാബാദിലെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ വലിയൊരു സംഘം നദീതീരത്തിനടുത്തുനിന്ന് ചിത്രങ്ങള്‍ പകര്‍ത്തുന്നതിനിടയില്‍ അണക്കെട്ടിന്‍റെ റിസര്‍വോയറില്‍ നിന്നും പെട്ടെന്ന് തുറന്നുവിട്ട ജലത്തില്‍പ്പെട്ട് ഒഴുകിപോയതിന്‍റെ ദുരന്തകഥ പറഞ്ഞപ്പോള്‍ വാഹനത്തിനകം നിശ്ശബ്ദമായി. കിട്ടാതവശേഷിക്കുന്ന ധാരാളം മൃതദേഹങ്ങള്‍ പാണ്ഡേ അണക്കെട്ടിന്‍റെ അഗാധതയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് പ്രദീപ് സംശയം പറഞ്ഞു. ബസ് നദിയിലേക്ക് വീണ് എത്രയോ പേരെ കാണാതായതും കൂടി കേട്ടപ്പോള്‍ പലരും താന്താങ്ങളുടെ ദൈവങ്ങളെ വിളിച്ച് പ്രാര്‍ത്ഥിക്കാന്‍ തുടങ്ങി.
“മാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്” – പെട്ടെന്നായിരുന്നു പാള പാറയിലുരച്ചപോലുള്ള ശബ്ദത്താല്‍ പടയപ്പ ഗാനം തുടങ്ങിയത്. അതുകേട്ട് എല്ലാവരും ചിരിച്ച് മൂഡ് ശരിയാക്കി. ഞങ്ങളുടെ സംഘത്തില്‍പ്പെട്ടവരില്‍ ഒരാളായ പടയപ്പയുടെ രസികത്തം പല അവസരങ്ങളിലും വിനോദയാത്രയെ കൊഴുപ്പിച്ചിരുന്നു. പുള്ളിക്കാരന്‍റെ ആകാര സവിശേഷതകൊണ്ടാണ് പുള്ളി അറിയാതെ ഞങ്ങളില്‍ ചിലര്‍
‘പടയപ്പ’ രഹസ്യമായി പ്രയോഗിച്ചത്. പടയപ്പയുടെ പാട്ടിനെ പിന്തുടര്‍ന്ന് അദ്ദേഹത്തിന്‍റെ പാട്ടുകാരിയായ ഭാര്യ അന്താക്ഷരിക്ക് തുടക്കമിട്ടു. തലേന്ന് വാഹനത്തിനകം അത്തരം കലാപരിപാടികളാല്‍ നിറം നല്‍കിയിരുന്നു. അങ്ങിനെ ആഹ്ലാദതിമിര്‍പ്പില്‍ അലിഞ്ഞിരുന്നപ്പോഴാണ് പൊടുന്നനെ കാഴ്ചനഷ്ടപ്പെട്ടതായി എനിക്ക് തോന്നിയത്. ബസ്സിനകവും അടുത്തിരിക്കുന്നവരെയും കാണാനാകുന്നില്ല. രാത്രിയാകാനുള്ള നേരവുമായില്ല. പിന്നെ എന്താണ് സംഭവിച്ചതെന്ന് വിഹ്വലപ്പെട്ടിരുന്നപ്പോള്‍ പ്രദീപ് വിളിച്ചു പറഞ്ഞു.
(തുടരും)

About The Author

Leave a Reply

Your email address will not be published. Required fields are marked *