bhoomiyile

ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 1 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ

Facebook
Twitter
WhatsApp
Email

ഹിമമണിഞ്ഞ കൊടുമുടികള്‍, സുന്ദരമായ താഴ്വരകള്‍ പച്ചപ്പ് പുതച്ച മലനിരകള്‍; ആ മാന്ത്രികതയിലേക്ക് ഒരിക്കല്‍കൂടി ഒരു യാത്ര. മനസ്സ് ബിയാസ് നദിപോലെ പതഞ്ഞൊഴുകി.
ഫെബ്രുവരി മൂന്ന് രണ്ടായിരത്തി ഇരുപത്തിമൂന്ന് തിരുവനന്തപുരത്തും അന്ന് കുളിരുള്ള പ്രഭാതമായിരുന്നു. ഒന്നര മണിക്കൂര്‍ മുമ്പ് പരിശോധനകള്‍ പൂര്‍ത്തിയാക്കേണ്ടതിനാല്‍ നാലുമണിക്കേ പുറപ്പെട്ടു ഞങ്ങള്‍. എയര്‍പോര്‍ട്ടിലെത്തി പരിശോധനകള്‍ കഴിഞ്ഞ് മൂന്നാം നമ്പര്‍ ഗേറ്റില്‍ രാജന്‍ അണ്ണനും കുടുംബത്തിനുമായി കാത്തു. ആറുമണിക്കാണ് വിമാനം പുറപ്പെടുക. അണ്ണനും കുടുംബവും താമസിയാതെ എത്തുമെന്ന് ഫോണിലറിയിച്ചു. പേരകുട്ടികളെയും മറ്റും ഉണര്‍ത്തിയെടുക്കാന്‍ വൈകുന്നുവത്രെ! എന്തായാലും 5.30ന് ഗേറ്റു തുറന്നപ്പോഴുണ്ട് അവര്‍ ഞങ്ങളുടെ പിന്നില്‍ നില്‍ക്കുന്നു. ബോര്‍ഡിംഗ് പാസ്സ് കാട്ടി എയ്റോബ്രിഡ്ജിലൂടെ നടന്നതും പുലരി വെട്ടം ഞങ്ങള്‍ക്ക് സഞ്ചരിക്കേണ്ട ഇന്‍ഡിഗോയുടെ ചിറകുകളെ വര്‍ണ്ണാഭമാക്കുന്നതു കണ്ടു. മന്ദഹാസം തൂകി സ്വാഗതമേകി നില്‍ക്കുന്ന സുന്ദരിമാരായ ആകാശദേവതകള്‍ വാതില്‍ക്കലും. അവരോട് നന്ദിപറഞ്ഞ് ഇരിപ്പടം തേടി ഞാന്‍. ആഗ്രഹിച്ചതുപോലെ ജാലക വശത്താണ് സീറ്റ് കിട്ടിയതെങ്കിലും ചിറകിനടുത്തായതിനാല്‍ പുറംകാഴ്ചകള്‍ക്ക് ശിരസ്സ് തിരിക്കേണ്ടതുണ്ടായിരുന്നു.
ഭൂമിവിട്ട് താണും ഉയര്‍ന്നും വിമാനം കെട്ടുപിണഞ്ഞുകിടക്കുന്ന നീലയും വെളുപ്പും മേഘങ്ങള്‍ക്കിടയിലൂടെ പറന്നുകൊണ്ടിരുന്നു. ഞാനപ്പോള്‍ പുറത്തു നോക്കിയും പിന്നെ മുന്നിലെ സീറ്റില്‍ എഴുതിയിരിക്കുന്നതു വായിച്ചുമിരുന്നു.
“അയാം സിക്സ്റ്റീന്‍ ഗോയിംഗ് ഓണ്‍ സെവന്‍റീന്‍” – വിമാനക്കമ്പനി എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്കറിയില്ല. എന്നാല്‍ ഞാന്‍ വിശ്വസിച്ചു; എനിക്കിപ്പോള്‍ പതിനാറോ പതിനേഴോ പ്രായമെന്ന്. കാരണം ഉള്ളാകെ ആഹ്ലാദം പതഞ്ഞുയരുകയായിരുന്നല്ലോ. രണ്ടുമാസങ്ങള്‍ക്കുശേഷം നന്നുവിനെ കാണാനാകുമെന്നത് ഒന്ന്. പിന്നെ ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്കാണ് യാത്രയും.
9.25ന് ഡല്‍ഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയതും ഞങ്ങളെ സ്വീകരിക്കാന്‍ ടൂര്‍ ഓപ്പറേറ്റര്‍ പ്രദീപ് അവിടെ കാത്തു നിന്നിരുന്നു. ഡെല്‍ഹി നല്ല തണുപ്പിലാണ്. അതങ്ങിനെയാണ്; അതിശൈത്യത്താലും കഠിന ചൂടിനാലും ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ നമ്മളെ വല്ലാതെ കുഴപ്പിക്കും ഡെല്‍ഹി. മൂന്നാറില്‍ നിന്നും തിരിച്ച ഒരു കുടുംബം കൂടി ഞങ്ങളോടൊപ്പം ചേരേണ്ടതിനാല്‍ അവര്‍ക്കായി കാത്തുനിന്നു കുറച്ചു നേരം.
‘ഇന്‍ഡിഗോ’ ആയതിനാല്‍ സൗജന്യമായി ഭക്ഷണമൊന്നും ലഭിച്ചിരുന്നില്ല. പര്‍ക്കും വിശന്നു തുടങ്ങി. പ്രദീപ് ഏര്‍പ്പാടാക്കിയ ടാക്സികളില്‍ തന്നെ ഞങ്ങള്‍ ആര്‍.കെ. ആശ്രം റോഡില്‍ സ്ഥിതിചെയ്യുന്ന ഹോട്ടലിലേക്ക് തിരിച്ചു. അവിടെയപ്പോള്‍ ്യൂഞങ്ങള്‍ക്ക് മുമ്പേ നന്നു എത്തിയിരുന്നു. ഡെല്‍ഹിയില്‍ പൈലറ്റായി ജോലി ചെയ്യുന്ന എന്‍റെ മൂത്തമകന്‍. അവന്‍ അവിടെ ദ്വാരകയിലാണ് താമസം. അവനെ കണ്ടതും അവന്‍റെ നര്‍മ്മം നിറഞ്ഞ ‘കെളവി’ എന്ന വിളിയില്‍ അറിയാതെ കണ്ണുകള്‍ നിറഞ്ഞുപോയി.
കച്ചവട കേന്ദ്രങ്ങള്‍ക്കിടയിലെ ഹോട്ടലായിരുന്നു അത്. അധികം സൗകര്യങ്ങളൊന്നുമില്ല. രണ്ടുംകെട്ട സമയമായതിനാല്‍ പ്രഭാത ഭക്ഷണവും തീര്‍ന്നിരുന്നു. ഒന്ന് ഫ്രഷ് ആകുന്നതിന് വേണ്ടി മാത്രം പ്രദീപ് ഏര്‍പ്പാടാക്കിയതാണത്. പ്രഭാത ഭക്ഷണം ഉപേക്ഷിച്ച് പന്ത്രണ്ടായപ്പോള്‍ താലിയും റൊട്ടിയും കഴിച്ചു. അപ്പോഴേക്കും കൂട്ടത്തിലുള്ളവര്‍ക്ക് ചാന്ദ്നിചൗകില്‍ പോകണമെന്ന താല്പര്യമുദിച്ചു. രാത്രിയിലാണ് ഷിംലയിലേക്കുള്ള ബസ്സ്. നന്നുവിന്‍റെ നിയന്ത്രണത്തില്‍ രണ്ടു ഓട്ടോറിക്ഷകളില്‍ ഞങ്ങള്‍ കുറച്ചുപേര്‍ മധ്യദില്ലിയിലെ ചാന്ദ്നിചൗകില്‍ പോയി. ചെങ്കോട്ടയ്ക്കും ജുമാമസ്ജിദിനും ഇടയില്‍ നിരന്നു കിടക്കുന്ന നീണ്ട ചന്തകളാണ് ചാന്ദ്നിചൗക്. തിരക്കും വൃത്തിഹീനവുമാണ് പലേടങ്ങളും. പോക്കറ്റില്‍ ഫോണ്‍ ഇട്ട് നടന്നാല്‍ അത് തട്ടിപ്പറിക്കും കള്ളന്‍മാര്‍. ജനമധ്യത്തില്‍ വെച്ചുതന്നെ മോഷണം നടത്താന്‍ ധൈര്യം കാട്ടുന്നവര്‍. ഒരിക്കല്‍ ഞങ്ങള്‍ അതുവഴി നടന്നപ്പോള്‍ വയസ്സായ ഒരുവന്‍റെ ഫോണ്‍ തട്ടിപ്പറിച്ച് ഓടുന്ന കള്ളനെ കണ്ടിരുന്നു. പിറകേ തമിഴില്‍ എന്തോപറഞ്ഞു വിളിച്ചുകൂവിക്കൊണ്ട് ഉടമയും. പോലീസുകാര്‍ നോക്കുകുത്തികളാകും അവിടെ. 2022 ആഗസ്റ്റില്‍ ഞങ്ങള്‍ വരുമ്പോള്‍ അവിടമാകെ അടഞ്ഞു കിടന്നിരുന്നത് ഓര്‍ത്തു. ഓഗസ്റ്റ് പതിനഞ്ചിലെ സ്വാതന്ത്ര്യദിന പരിപാടിയുടെ മുന്നോടിയായി ‘ബന്ത്’ ചെയ്തിരുന്നു മലിനജലം ഒഴുകുന്ന ഓടപോലും.
എന്തും കിട്ടുന്ന ചന്തയാണ് ചാന്ദ്നിചൗക്. പലതും വളരെ കുറഞ്ഞ വിലയില്‍ വിലപേശി വാങ്ങാം. മണാലിയിലെ തണുപ്പിനെ ചെറുക്കാന്‍ പലര്‍ക്കും വസ്ത്രങ്ങളും ഷൂസും വാങ്ങേണ്ടതുണ്ടായിരുന്നു. ഹണിമൂണ്‍ ദമ്പതികളായ ജിഫിലും (ഭര്‍ത്താവിന്‍റെ സഹോദരി പുത്രന്‍) അവന്‍റെ ഭാര്യ ജാസ്മിനും ജാക്കറ്റും ഷൂസും വാങ്ങി. ജാസ്മിന്‍ 500 രൂപ നല്‍കി വാങ്ങിയ രോമതൊപ്പിയുള്ള ജാക്കറ്റില്‍ അവള്‍ ഒരു ബ്രിട്ടീഷ് പ്രഫ്വിയായി തിളങ്ങി.
മണിക്കൂറുകളുടെ അലച്ചിലില്‍ പലരും തളര്‍ന്നുപോയി. ജുമാമസ്ജിദിനു മുന്നിലെ ഭക്ഷണത്തെരുവില്‍ നിന്നുള്ള കൊതിപ്പിക്കുന്ന ഗന്ധം വിശപ്പിനെ ആധിക്യത്തിലാക്കി. ഞങ്ങള്‍ ഡല്‍ഹിയില്‍ വരുമ്പോള്‍ അവിടുത്തെ ഹോട്ടലായ ‘കരീം’ല്‍ കയറുക പതിവാണ്. പ്രശസ്തമായ ആ ഹോട്ടലിന്‍റെ ശാഖകള്‍ ഇപ്പോള്‍ കേരളത്തിലുമുണ്ട്. കമീരി റൊട്ടി, മട്ടന്‍ബറ (മണിക്കൂറുകളോളം മാരിനേറ്റ് ചെയ്ത് പാകപ്പെടുത്തിയെടുക്കുന്ന മട്ടന്‍) മട്ടന്‍ കോര്‍മ അങ്ങിനെ പലതും പലരും കഴിച്ച് പുറത്തിറങ്ങിയതും അഡ്വ. ആന്‍സിക്ക് റബ്ടി ഫലൂഡ വേണമെന്നായി. നെയ്യും മധുരമൊക്കെ ചേര്‍ത്തുണ്ടാക്കുന്ന ഒരു സംഗതി. അപ്പോഴാണ് ഭര്‍ത്താവിന്‍റെ വിളി; നിങ്ങള്‍ ലഘുവായി എന്തെങ്കിലും കഴിച്ചാല്‍ മതി ‘ഹിമാചല്‍ ഭവനില്‍’ നമുക്കായി ഭക്ഷണം തയ്യാറാക്കുന്നുവത്രെ ! അതുമല്ല എത്രയും പെട്ടെന്ന് എത്തണം.
നേരം ഇരുണ്ടുതുടങ്ങിയിരുന്നു. കഞ്ചാവിന്‍റെ ലഹരിയില്‍ വാഹനമോട്ടിക്കുന്നവരാണ് ചാന്ദ്നിചൗക്കിലെ ഭൂരിപക്ഷം ഓട്ടോ ഡ്രൈവറന്‍മാരും. മഞ്ഞപല്ലും കറുത്ത ചുണ്ടുമായി അവര്‍ ധാര്‍ഷ്ട്യം കാണിക്കും യാതികരോട്. തിക്കിലും തിരക്കിലുംപെട്ട് ഏതാണ്ട് മുക്കാല്‍ മണിക്കൂറെടുത്തു ഹോട്ടലിലെത്താന്‍.
ഹിമാചല്‍പ്രദേശിന്‍റെ അതിഥി മന്ദിരമായ ഹിമാചല്‍ ഭവനിലെത്തുമ്പോള്‍ അവിടെ റൊട്ടിയും ചിക്കന്‍കറിയും തയ്യാറാക്കിവെച്ചിരുന്നു. പുറത്ത് ഹിമാചല്‍പ്രദേശിന്‍റെ വോള്‍വോ കാത്തുകിടക്കുകയാണ്. കൃത്യം പത്തുമണിക്കു തന്നെ വാഹനം പുറപ്പെടും. സഞ്ചാരികളായെത്തുന്നവരെ തൃപ്തിപ്പെടുത്താന്‍ തക്ക വൃത്തിയും സുരക്ഷിതവുമുള്ള വാഹനം ഒപ്പം യാത്രികരുടെ സംശയങ്ങള്‍ക്ക് പുഞ്ചിരിയോടെ മറുപടി നല്‍കുന്ന ബസ്സ് ജീവനക്കാരും. ടൂറിസംകൊണ്ട് ജീവിക്കുന്ന നാടിന് അതൊക്കെ വേണമല്ലോ. വണ്ടിയില്‍ കയറിയ പാടെ കൂര്‍ക്കം വലിക്കാന്‍ തുടങ്ങി പലരും. ഞാന്‍ സ്ഥലബോര്‍ഡുകള്‍ വായിച്ചുകൊണ്ടിരുന്നു. ഡെല്‍ഹി വിട്ട് സോനിപറ്റും, കുരുക്ഷേത്രയും, അംബാലയും അങ്ങിനെ അങ്ങിനെ. ഇടയ്ക്കിടയ്ക്ക് കുഞ്ചുവിനെ ഓര്‍ക്കും. അവന്‍ ഒപ്പം ഇല്ലാത്തതുകൊണ്ട്. അമേരിക്കയില്‍ പഠനം നടത്തുന്ന ഇളയമകനാണ് കുഞ്ചു. പഞ്ചാബിലെ ടഒകഢ ഉഅആഅ യ്ക്ക് മുന്നില്‍ ബസ്സു നിന്നു. ചായകുടിക്കാനും ശുചിമുറിയില്‍ പോകാനും മറ്റും.
ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനമുള്ള ദാബയില്‍ കയറി ചായ കുടിച്ചു. പിന്നെ പലരും ഉറങ്ങാതെ പുലരാന്‍ വേണ്ടി കാത്തിരുന്നു. എന്‍റെ ഓര്‍മ്മയിലപ്പോള്‍ പഞ്ചാബിലെ നീണ്ട സൂര്യകാന്തി പാടങ്ങള്‍ തെളിഞ്ഞുവന്നു. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് അതുവഴി വരുമ്പോള്‍ കണ്ട മഞ്ഞപട്ടാംബരം പുതച്ചു കിടന്ന ഗ്രാമങ്ങള്‍. സൂര്യകാന്തിയും കടുകും പിന്നെ നീണ്ട കരിമ്പിന്‍ പാടങ്ങളും. രാത്രി യാത്രയില്‍ നമുക്ക് നഷ്ടമാകുന്നത് ഒരുപക്ഷെ പ്രകൃതിയുടെ ഇത്തരം ചമയങ്ങളാണ്. ഛണ്ഡിഗഡും കഴിഞ്ഞ് മലമടക്കുകളിലൂടെ വണ്ടിചെന്നു നിന്നത് ചരിത്രപ്രസിദ്ധമായ കല്‍ക്ക ഷിംല ടോയ് ട്രെയിന്‍ നില്‍ക്കുന്ന റെയില്‍വെ സ്റ്റേഷന് മുകളിലാണ്. ഇടുങ്ങിയ പാതയിലൂടെ നിരവധി തുരങ്കങ്ങളും പാലങ്ങളും വളവുകളും പിന്നിട്ട് പരുക്കന്‍ പര്‍വ്വതങ്ങള്‍ക്കിടയിലൂടെയും പൈന്‍ വനങ്ങള്‍ക്കിടയിലൂടെയും സഞ്ചരിക്കുന്ന ടോയ് ട്രെയിനിനെക്കുറിച്ച് കേട്ടറിവുകളെയുണ്ടായിരുന്നുള്ളൂ. ബാക്കി നില്‍ക്കുന്ന ആഗ്രഹങ്ങളിലൊന്നായി അതിലൂടെയുള്ള യാത്ര ഇന്നും അവശേഷിക്കുന്നു.
വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയതും ഞങ്ങള്‍ കിടുകിടാ വിറക്കാന്‍ തുടങ്ങി. സഞ്ചാരികളെ കാത്തുകിടക്കുന്ന ടാക്സികള്‍ വിലപേശി നില്‍ക്കുകയാണ്. പ്രദീപ് അവരോട് തര്‍ക്കിച്ചുകൊണ്ടും. എങ്ങിനെയും റൂമില്‍ എത്തിയാല്‍ മതിയെന്നായി ഏവരും.
മലഞ്ചെരുവില്‍ തട്ടു തട്ടുകളായി കിടന്ന റോഡുകളിലൊന്നില്‍ ഞങ്ങള്‍ സഞ്ചരിച്ച ടാക്സികള്‍ നിന്നു. ലഗ്ഗേജിറക്കുമ്പോള്‍ ഹോട്ടല്‍ റോഡിനരികിലാണെന്നാണ് കരുതിയത്. എന്നാല്‍ പ്രദീപ് മുകളിലേക്ക് നോക്കി څഒീലേഹ ഇീാീെെچ ചൂണ്ടികാട്ടി പറഞ്ഞു “അതാണ് നമ്മുടെ ഹോട്ടല്‍” ലെഗ്ഗേജുകളും എടുത്തുവേണം പടി കയറാന്‍. നാലഞ്ചു പടി കയറിയതും കിതച്ചു തുടങ്ങി. എത്രയെന്നറിയില്ല കയറി കയറി മുകളിലെത്തിയപ്പോഴാണ് ഹോട്ടലിനു മുന്നില്‍ റോഡുപോകുന്നത് കണ്ടത്.
“ഇവിടെ ഗതാഗത നിയന്ത്രണമുണ്ട് അതാണ് മാള്‍റോഡിന്‍റെ പ്രത്യേകത.”

പ്രദീപ് പറഞ്ഞപ്പോള്‍ അയാളെ വിശ്വസിക്കാന്‍ തോന്നിയില്ല. ടാക്സി ചാര്‍ജ്ജ് ലാഭിക്കാനുള്ള തന്ത്രമാണെന്നേ കരുതിയുള്ളൂ. തുളച്ചു കയറുന്ന തണുപ്പില്‍ റോഡരികില്‍ കിടന്ന ബെഞ്ചില്‍ കിതപ്പോടെ ഇരുന്നതും പ്രഷ്ടം ഐസില്‍ വീണപോലെ തോന്നി. പൊടുന്നനെ ചാടിയെണീറ്റു. څഒീലേഹ ഇീാീെെچ തരക്കേടില്ല. ഉറക്കം കൊതിച്ച് ക്വില്‍റ്റ് വലിച്ചുമൂടി കിടന്നെങ്കിലും ചില്ലുപാളികളില്‍ കണ്ട സൂര്യവെട്ടം എഴുന്നേല്‍പ്പിച്ചു. പ്രഭാതത്തില്‍ ഹോട്ടലില്‍ നിന്നിറങ്ങി നടക്കുമ്പോള്‍ പ്രദീപ് പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി. തറയില്‍ കിടന്നുറങ്ങാനും ചോറിട്ട് വിളമ്പി തിന്നാനും തോന്നിപ്പിക്കുന്നത്ര മനോഹരമായ മാള്‍റോഡില്‍ അധികം വാഹനങ്ങള്‍ കടത്തിവിടാത്തതിനാല്‍ വൃത്തിയുടെ കാര്യത്തില്‍ ഒന്നാം സ്ഥാനം കൊടുക്കാം. ധാരാളം കച്ചവടസ്ഥാപനങ്ങളും ഓഫീസുകളും, പള്ളികളും, ക്ഷേത്രങ്ങളും മറ്റുംകൊണ്ട് നിറഞ്ഞ ഒരിടമാണ് മാള്‍റോഡ്. ബ്രിട്ടീഷ് കാലത്ത് പണിത പലപല കെട്ടിടങ്ങള്‍ അതിന്‍റെ തനതുശൈലി നഷ്ടപ്പെടാതെ നിലനില്‍ക്കുന്നു. ഏതോ യൂറോപ്യന്‍ രാജ്യത്തിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് തോന്നിപ്പോകും അതുവഴി നടക്കുമ്പോള്‍. മാള്‍ റോഡിന് പടിഞ്ഞാറ് റിഡ്ജ് റോഡുമായി ചേരുന്ന സ്കാന്‍റല്‍ പോയിന്‍റിലൂടെയാണ് കിടുകിടാവിറച്ചുകൊണ്ട് ഞങ്ങള്‍ നടന്നത്. പട്യാല മഹാരാജാവായ ഭുവേന്ദുസിംഗ് ബ്രിട്ടീഷ് വൈസ്രോയിയായിരുന്ന കഴ്സണ്‍ പ്രഭുവിന്‍റെ മകളുമായി പ്രണയത്തിലായതിന്‍റെയും തട്ടിക്കൊണ്ടുപോയതിന്‍റെയും കഥയുമായി ബന്ധമുണ്ട് ഈ സ്കാന്‍റല്‍ പോയിന്‍റിന്. പ്രഭുവിന്‍റെ മകള്‍ എല്ലാ ദിവസവും ഷിംലയിലെ മാള്‍റോഡിലൂടെ നടക്കുമായിരുന്നത്രെ. ബ്രിട്ടീഷുകാര്‍ക്ക് മാത്രമായുള്ള ആ റോഡിലൂടെ ഒരു ദിവസം ഭുവേന്ദസിംഗ് കുതിരപ്പുറത്തു സഞ്ചരിച്ച് പ്രഭുവിന്‍റെ മകളെ മാള്‍റോഡില്‍ വെച്ച് തട്ടിക്കൊണ്ടുപോയി. ഇത് ബ്രിട്ടീഷ് അധികാരികളാല്‍ മഹാരാജാവിനെ ഷിംലയില്‍ പ്രവേശിക്കുന്നതിനും മഹാരാജ സ്ഥാനത്തുനിന്നും പുറത്താക്കുന്നതിനും കാരണമായി. കഥയെന്തായാലും ഇന്ന് ഇന്ത്യന്‍ സ്വാതന്ത്ര്യസമരസേനാനി ലാലാ ലജ്പത് റായിയുടെ പ്രതിമയാണ് ആ പോയിന്‍റിലുള്ളത്.
(ചിത്രം 1)
മാള്‍ റോഡിലെ ടൗണ്‍ഹാള്‍ കെട്ടിടത്തിന്‍റെ പ്രവേശന കവാടത്തിന് മുന്നിലെ വലിയ പടികളിരുന്ന് ഫോട്ടോ എടുക്കാതെ ആരും നടക്കുന്നില്ല. സഞ്ചാരികളുടെ പ്രിയ സ്ഥലമാണവിടം. ബറോഗ് കല്ലുകളും തടികളുംകൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ കെട്ടിടത്തിന്‍റെ ബാഹ്യരൂപം ഒരു കത്തീഡ്രല്‍ പോലെയുണ്ട്. മഞ്ഞും വെള്ളവും അടിഞ്ഞുകൂടാത്ത തരത്തില്‍ ചരിച്ചുപണിത മേല്‍ക്കൂരകള്‍ ചാരനിറത്തിലുള്ള സ്ലേറ്റുകളാലാണ്. 1885-ലോ മറ്റോ പണിതതാണത്രെ ആ കെട്ടിടം. അന്നത് ബ്രിട്ടീഷുകാര്‍ വേനല്‍ക്കാല തലസ്ഥാനമാക്കി പ്രവര്‍ത്തിപ്പിച്ചിരുന്നു. ഇപ്പോള്‍ ഷിംല മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെ വിവിധ വകുപ്പുകളുടെ ഓഫീസുകളാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലം മുതലുള്ള ഒരു ലൈബ്രറി ഇപ്പോഴുമുണ്ട് അതിനകത്ത്. ഇതിനിടെ ‘ഞാനിപ്പോള്‍ ലണ്ടനിലാണെന്ന്’ അടിക്കുറിപ്പോടെ മാള്‍ റോഡില്‍ നിന്നുകൊണ്ടെടുത്ത ജാസ്മിന്‍റെ ഫെയ്സ്ബുക്കിലെ ഫോട്ടോ വൈറലായിക്കഴിഞ്ഞിരുന്നു.
മാള്‍ റോഡിലെ ഇന്ത്യന്‍ കോഫി ഹൗസില്‍ നിന്നുള്ള പ്രഭാത ഭക്ഷണം തരക്കേടില്ലായിരുന്നു. വിലയല്പം കൂടുതലെന്നു മാത്രം. ഒരു കെട്ടിടത്തിലെ വിവിധ നിലകളില്‍ കയറിയിറങ്ങാനണല്ലോ സാധാരണ നാം ലിഫ്റ്റ് ഉപയോഗിക്കുന്നത്. എന്നാല്‍ ഒരു റോഡില്‍ നിന്നും മറ്റൊന്നിലേക്കിറങ്ങാനാണെങ്കിലോ ? കൗതുകം തന്നെയായിരിക്കും. മലനിരകള്‍ക്കിടയില്‍ വളഞ്ഞും പുളഞ്ഞും കിടക്കുന്ന റോഡുകള്‍ താണ്ടാന്‍ ദീര്‍ഘ ദൂരമെടുക്കാതെ പ്രധാന റോഡില്‍ നിന്നും ഗതാഗതനിയന്ത്രണമുള്ള മാള്‍ റോഡിലേക്ക് കയറാനും ഇറങ്ങാനുമുള്ള ഹിമാചല്‍ ടൂറിസം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍റെ വകയായ ലിഫ്റ്റിന് ഒരാള്‍ക്ക് പത്ത് രൂപയോ മറ്റോവാണ്. മല തുരന്ന് താഴേയ്ക്ക് പോകുന്ന പ്രതീതി തോന്നി ലിഫ്റ്റിനുള്ളില്‍ നിന്നപ്പോള്‍. താഴെ റോഡില്‍ ഹിമാചല്‍ ടൂറിസത്തിന്‍റെ ബസ്സ് ഞങ്ങള്‍ക്ക് മാത്രമായി ഉടനെ എത്തും. ടിബറ്റന്‍ കരകൗശല വസ്തുക്കളും ആഭരണങ്ങളും വില്‍ക്കുന്ന ടിബറ്റന്‍ മാര്‍ക്കറ്റിന് താഴെയാണ് ഞങ്ങള്‍ വണ്ടി കാത്തു നിന്നത്. ചുറ്റിലും ബ്രാന്‍ഡഡ് കമ്പനികളുടെ വസ്ത്രങ്ങളും ജാക്കറ്റും സോക്സുമെല്ലും വില്‍ക്കുന്ന ഷോപ്പുകളുണ്ട്.
വണ്ടി എത്തിയാല്‍ ഉടനെ കയറിക്കൊള്ളണമെന്ന് പ്രദീപ് പറഞ്ഞു. അവിടെ കൂടുതല്‍ നേരം വാഹനം നിര്‍ത്താന്‍ പാടില്ലത്രെ ! ഏതാണ്ട് അഞ്ചുമിനിറ്റേ കാത്തു നിന്നുള്ളൂ. അപ്പോഴേക്കും വണ്ടി വന്നു. ആ വണ്ടിയാണ് ഇനി ഞങ്ങളെ ഷിംലയിലേക്കും മണാലിയിലേക്കും കൊണ്ടുപോകുന്നത്. പ്രദീപ് പറഞ്ഞതുപോലെ വണ്ടിനിര്‍ത്തി ഒരു മിനിറ്റായതും റോഡിന്‍റെ കോണിലെവിടെയോ നിന്നും ചൂളംവിളിയുയര്‍ന്നു. ട്രാഫിക് പോലീസിന്‍റെ താക്കീതാണത്. ഞങ്ങള്‍ പതിനഞ്ച് പേരും പ്രധാനവാതിലിലൂടെയും വിന്‍റോകളിലൂടെയും മറ്റും ഇടിച്ചു കയറി.
ആ ദിവസത്തെ ഞങ്ങളുടെ ആദ്യ യാത്ര ഗ്രീന്‍വാലിയിലേക്കായിരുന്നു. ആ യാത്രയില്‍ എന്നെ ഏറെ ആകര്‍ഷിച്ചത് മലമടക്കുകളില്‍ കണ്ട വീടുകളാണ്. നാലഞ്ചു നിലകളുള്ളതും വിരളമല്ല. എല്ലാറ്റിനും ആസ്ബറ്റോസ് കൊണ്ടുള്ള മേല്‍ക്കൂരകള്‍. അവിടെ എത്തപ്പെടാന്‍ ഇടുങ്ങിയ വഴികളും പടികെട്ടുകളുമുണ്ട്.
നാം നമ്മുടെ വാഹനത്തില്‍ സഞ്ചരിച്ച് വീടോട് ചേര്‍ന്ന കാര്‍പോര്‍ച്ചില്‍ ചെന്നിറങ്ങുമ്പോള്‍ ഷിംലയിലെ ഭൂരിഭാഗം ജനങ്ങളും അവരുടെ വാഹനങ്ങളെ റോഡിനരികില്‍ നിര്‍ത്തിയിട്ടിട്ട് പടികെട്ടുകള്‍ കയറുന്നു. വീടിനു മന്നില്‍ പാര്‍ക്ക് ചെയ്യാന്‍ ഭാഗ്യമില്ലാത്ത റോഡിനരികിലെ വാഹനങ്ങളുടെ നിര കണ്ടാല്‍ തോന്നും അവകള്‍ ഏതോ ആശുപത്രിക്കുമുന്നിലോ വലിയ ഷോപ്പിംഗ് മാളിനു മുന്നിലോ നിര്‍ത്തിയിട്ടിരിക്കുന്നതാണെന്ന്. അത്രയ്ക്ക് ജനസാന്ദ്രതയുണ്ട് ആ മലമടക്കുകളില്‍.
ഷിംലയില്‍ നിന്നും ഏതാണ്ട് മുപ്പത് മിനിറ്റ്കൊണ്ട് ഞങ്ങള്‍ ഹരിത താഴ്വരയിലെത്തി. അവിടെ പ്രവേശനഫീസൊന്നുമില്ല. റോഡരികില്‍ നിന്നുകൊണ്ടുതന്നെ ദേവദാരുമരങ്ങളാലും പൈന്‍മരങ്ങളാലും മറ്റുപലവിധ സസ്യജാലങ്ങളാലും നിറഞ്ഞ കണ്ണുകളെ പ്രലോഭിപ്പിക്കുന്ന പ്രകൃതിയുടെ പച്ചപ്പ് കാണാം. ബൈനോക്കുലറിലൂടെ നോക്കിയാല്‍ ഒരുപക്ഷെ വന്യമൃഗങ്ങള്‍ സഞ്ചരിക്കുന്നത് കാണാമെന്ന് ആരോ പറഞ്ഞു. വഴിയരികില്‍ റാഗിയും മുട്ടയും ബിസ്ക്കറ്റും നിരത്തിവെച്ച് ചെറിയ കടയുടെ വശത്ത് കൂട്ടിയ തീയില്‍ ചായയുണ്ടാക്കുന്നതിന്‍റെ തിരക്കിലായിരുന്നു ഒരുവള്‍. എന്‍റെ ഭര്‍ത്താവിന് എവിടെ ഇറങ്ങിയാലും ചായ വേണമല്ലോ. അദ്ദേഹത്തിനും പിന്നെ ആര്‍ക്കൊക്കെയോ അവള്‍ ചായ തയ്യാറാക്കികൊണ്ടിരുന്നതും അവളറിയാതെ ഞാന്‍ അവളുടെ ഫോട്ടോ എടുത്തു.

(ചിത്രം 2)
പിന്നെ പോയത് കുഫ്രയിലെ ഹിമാലയന്‍ നേച്ചര്‍ പാര്‍ക്കിലേക്കാണ്. അവിടെ ടിക്കറ്റെടുത്തു വേണം അകത്തു കയറാന്‍. ഇരുപത് രൂപ മുതിര്‍ന്നവര്‍ക്ക് കുട്ടികള്‍ക്ക് പത്ത് രൂപ. വന്യജീവി സ്നേഹികള്‍ക്ക് ശരിക്കും ഇഷ്ടപ്പെടുന്ന ഒരിടമാണവിടം. ഹിമാലയന്‍ പര്‍വ്വതനിരകളില്‍ കണ്ടുവരാറുള്ള വ്യത്യസ്തമായ അപൂര്‍വ്വയിനം പക്ഷി മൃഗാദികളെ ഞങ്ങളവിടെ കണ്ടു. ടിബറ്റന്‍ ചെന്നായ, പുള്ളിപ്പുലി, കസ്തൂരിമാന്‍, കാശ്മീര്‍ സ്റ്റഗ്, കുരയ്ക്കുന്ന മാന്‍, വിവിധയിനം പക്ഷികള്‍ അങ്ങിനെ പലതും അവയുടെ ആവാസ വ്യവസ്ഥയുമായി ജീവിക്കുന്നു. ഇടയ്ക്കിടെ മഞ്ഞുമൂടിക്കിടക്കുന്ന ചെറിയ കുന്നുകളില്‍ കയറി നിന്ന് കുട്ടികള്‍ മഞ്ഞെറിഞ്ഞ് കളിക്കുന്നതു കണ്ടു. ഏതാണ്ട് ഒന്നൊന്നര മണിക്കൂര്‍ നടന്ന് അതിനകത്തുനിന്നു പുറത്തിറങ്ങിയപ്പോള്‍ വല്ലാത്ത ക്ഷീണം. ഉച്ചഭക്ഷണം പാര്‍ക്കിനടത്തുന്ന ഹോട്ടലില്‍ നിന്നു കഴിച്ച് മറ്റൊരു സഞ്ചാര കേന്ദ്രത്തിലേക്ക് പോയി. ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവം സമ്മാനിച്ച നാല്‍ദാരായിലേക്ക്. കുതിര സവാരി അത്ര താത്പര്യമില്ലാതിരുന്ന ഞാന്‍ കൊടും വനത്തിലൂടെ കുതിരപ്പുറത്ത് സഞ്ചരിച്ചാല്‍ ചൈനാ അതിര്‍ത്തി കാണാമെന്ന് കേട്ടപ്പോള്‍; ചരിത്ര താത്പര്യവും കാടിനോടുള്ള പ്രിയവും എന്നിലെ ഭീതിയെ വകഞ്ഞു മാറ്റി. ഞങ്ങളുടെ സംഘത്തിലെ നാലഞ്ചുപേര്‍ ഇതിനകം സവാരിക്ക് തയ്യാറായി കഴിഞ്ഞിരുന്നു. അതുകൊണ്ട് തന്നെ സമൃദ്ധ രോമത്താലും മാര്‍ദ്ദവമേനിയാലും ചന്തത്തില്‍ നിന്ന കുതിരകളെ അവര്‍ തിരഞ്ഞെടുത്തു കഴിഞ്ഞിരുന്നു. മടിച്ചും പേടിച്ചും നിന്ന എനിക്ക് അത്ര വൃത്തിയില്ലാത്തതൊന്നാണ് കിട്ടിയത്. ഒരു കുതിരസവാരിക്ക് 500 രൂപ എന്ന നിലയില്‍ ഹിമാചല്‍ ടൂറിസം നിശ്ചയിച്ച തുക ഓരോരുത്തരും സാരഥിയ്ക്കു നല്‍കി. കുതിരയുടെ പൊക്കത്തിന് തക്കമുള്ള തടിപ്പുറത്തേറിയിട്ടാണ് കുതിരയുടെ മേല്‍ ഇരുന്നത്. ഗോള്‍ഫ് കോഴ്സിന്‍റെ സമീപ പ്രദേശങ്ങളെ ചുറ്റി വനത്തിലൂടെ അഞ്ചുകിലോമീറ്റര്‍ സഞ്ചാരമാണ് വാഗ്ദാനം ചെയ്തിരുന്നത്.
അഞ്ചുകിലോമീറ്ററോ ? കുതിരപ്പുറത്തിരുന്ന് എന്‍റെ നെഞ്ചൊന്ന് ആളിയിരുന്നു. കുത്തനെയുള്ള ചരിവുകളിലൂടെ ഞങ്ങളുടെ എട്ടു കുതിരകളും അതിന്‍റെ സാരഥിമാരും (എന്‍റെ സാരഥിയുടെ പേര് ഫ്രഭുല്ലെന്നോ മറ്റോവാണ്) സഞ്ചരിച്ചു. ഞങ്ങള്‍ രാജാവും റാണിയും മന്ത്രിയും പടയാളികളുമായി . മണ്ണിളകിക്കിടന്ന ഇടുങ്ങിയ പാത നല്ല വെടിപ്പുള്ളതായിരുന്നു. ചുറ്റും ദേവദാരുവും പൈനുകളും പിന്നെ പേരറിയാത്ത കാട്ടുചെടികളും., കാടിന്‍റെ വന്യത എന്നില്‍ റോബര്‍ട്ട് ഫ്റോസ്റ്റിന്‍റെ കവിതാശകലങ്ങളുണര്‍ത്തി.
ഠവല ംീീറെ മൃല ഹീ്ലഹ്യ, റമൃസ മിറ റലലു
ആൗേ ക വമ്ല ുൃീാശലെെ ീേ സലലു
അിറ ാശഹലെ ീേ ഴീ യലളീൃല ക ഹെലലു;
ഞാനും നന്നുവും സഞ്ചരിച്ച കുതിരകള്‍ അപ്പപ്പോള്‍ തമ്മില്‍ പരസ്പരം മുഖങ്ങളുരസി വഴക്കു കൂടി. ഞാനപ്പോള്‍ എന്നിലെ ശകലം പേടി ആരും കാണാതെ ഒതുക്കി നിര്‍ത്തി. അതിനായി ഞാന്‍ കടിഞ്ഞാണില്‍ ബലമായി പിടിച്ചും എന്‍റെ പാദങ്ങള്‍ ഘടിപ്പിച്ച കമ്പിയില്‍ നന്നേ അമര്‍ത്തിയും അനങ്ങാതിരുന്നു. കടിഞ്ഞാണ്‍

മുറുകിയതുകൊണ്ടാകാം കുതിര ചിനച്ചു. പ്രഫുല്‍ എന്നെ നോക്കി “ഡറോമത് മാഡം” (പേടിക്കാതിരിക്കണം മാഡം) എന്നു പറഞ്ഞു.
പുല്ലു കണ്ടപ്പോള്‍ അവന്‍ മുഖം ഭൂമിയിലേക്കടുപ്പിക്കുകയാണ്. ഞാന്‍ പ്രഭുല്ലിനോട് കുതിരയെ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. അങ്ങിനെ ഒരു ഇളവ് കൊടുത്താല്‍ അവന്‍ പുല്ല് തേടി എവിടെയെങ്കിലും ഓടിപ്പോകുമെന്നുള്ള അയാളുടെ വാക്കുകള്‍കേട്ട് കുതിരയോട് തോന്നിയ സഹതാപം മാറ്റിവെച്ച് പിന്നെയും ബലംപിടിച്ചു തന്നെ ഞാനിരുന്നു. പ്രഫുല്‍ കുതിരയുടെ പുറകില്‍ അപ്പപ്പോള്‍ തട്ടികൊടുത്തു. നില്‍ക്കാതെ നടക്കാനാണത്. കയറ്റവും ഇറക്കവുമുള്ള സഞ്ചാരങ്ങളില്‍ ഇടതു വശത്ത് അഗാധമായ കൊക്കയാണ്. കുതിര ഒന്നു ചരിഞ്ഞാല്‍ തെറിച്ചു കൊക്കയിലേക്ക് വീണതു തന്നെ. ഇടത് ഭാഗത്തു കൂടിയൊഴുകുന്ന സത്ലജ് നദിക്ക് അക്കരെയുള്ള ഒരു നേര്‍ത്ത വര ചൂണ്ടി പ്രഫുല്‍ പറഞ്ഞു; “അതാണ് ചൈന ബോര്‍ഡര്‍.”
ഒരു മേശപ്പുറംപോലെ അല്പം വീതിമാത്രമുള്ള സ്ഥലമാണു ഞങ്ങള്‍ സഞ്ചരിച്ച ആ കുന്നിന്‍റെ നെറുക. അവിടെ ചെറിയൊരു ക്ഷേത്രമുണ്ട്. വളരെ പുരാതനമായൊരു ക്ഷേത്രമാണത്. കുതിരയെ അവിടെ അല്പം വിശ്രമിക്കാന്‍ അനുവദിച്ചിട്ട് വീണ്ടും കയറ്റം ഇറങ്ങിയതും പച്ചിലപ്പടര്‍പ്പുകള്‍ക്കിടയിലൂടെ പടിഞ്ഞാറ് ചെങ്കതിരുകള്‍ പാളിനോക്കി. താഴെ ടാറിട്ട റോഡിലെത്തുമ്പോള്‍ ദൂരെ സൂര്യന്‍ നന്നേ തുടുത്തിരുന്നു.
സൂര്യനും ഞങ്ങളും ഒരുപോലെ വിടപറഞ്ഞു നല്‍ദേരയോട്. മനോഹരമായൊരു സായാഹ്നം സമ്മാനിച്ച നാല്‍ദേരയെ ഒരിക്കലും മറക്കാനിഷ്ടമില്ലെന്ന നന്ദിയോടെ മാള്‍ റോഡിലെ ഹോട്ടലിലേക്ക് മടങ്ങുമ്പോഴും വന്യമായ ആ ലോകവും കുതിരയുടെ സഞ്ചാരവും പുളകം കൊള്ളിച്ചുകൊണ്ടിരുന്നു എന്നില്‍.

About The Author

Leave a Reply

Your email address will not be published. Required fields are marked *