bhoomiyile

ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 3 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ

Facebook
Twitter
WhatsApp
Email
അന്ധതയിലാഴ്ന്നിരുന്ന ഞാന്‍ AUT TUNNEL AUT TUNNEL എന്ന പ്രദീപിന്‍റെ വാക്കുകള്‍ കേട്ട് പൊടുന്നനെ വിസ്മയം കൊണ്ടു. തുരങ്കത്തിനുള്ളിലായിരുന്നു ഞങ്ങളപ്പോള്‍. കൗതുകത്തോടെ മലര്‍ക്കെ തുറന്ന എന്‍റെ മിഴികള്‍ ഇരുട്ടുമായി താദാത്മ്യം പ്രാപിച്ച് ക്രമേണ പലതും കണ്ടു തുടങ്ങി. നനഞ്ഞ മത്താപ്പ് ചിമ്മുന്നപോലെ മുനിഞ്ഞു കത്തുന്ന ബള്‍ബുകളുടെ വെട്ടത്തില്‍ ഇടിഞ്ഞു വീഴുമെന്ന തരത്തില്‍ കാലപ്പഴക്കത്താല്‍ നരച്ച കല്ലുകള്‍ ഭിത്തികളില്‍ തള്ളി നില്‍ക്കുന്നു. വായു സഞ്ചാരം മോശമായതുകൊണ്ടാകാം അടിഞ്ഞുകൂടിയ പൊടി പടലങ്ങള്‍ പുറത്തു കടക്കാനാകാതെ മങ്ങിയ വെട്ടത്തിനു ചുറ്റും തങ്ങിനില്‍ക്കുന്നു. എത്രയും പെട്ടെന്ന് പുറത്തു കടക്കാനാഗ്രഹിച്ചെങ്കിലും പരിമിതമായ വേഗത്തിലേ സഞ്ചരിക്കാനാവൂവെന്ന നിബന്ധനയുള്ളതുകൊണ്ട് വളവുകളുള്ള ഇടുങ്ങിയ ആ പാതയിലൂടെ അതീവ ശ്രദ്ധയോടെയാണ് ഞങ്ങളുടെ ഡ്രൈവര്‍ വണ്ടിയോടിച്ചത്. വാഹനങ്ങള്‍ വേഗപരിധി മറികടക്കുന്നതിനാലാണ് പല അപകടങ്ങള്‍ക്കും കാരണമാകുന്നത്. ഔട്ട് തുരങ്കവും അത്തരത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ തുരങ്കങ്ങളിലൊന്നാണ്. അതാണ് കുളുവിലേക്കും മണാലിയിലേക്കുമുള്ള ഏക പാതയും. കനത്ത  ഗതാഗതം കൈകാര്യം ചെയ്യാനുള്ള സൗകര്യങ്ങളൊന്നും അവിടെ കണ്ടില്ല. റോഡ് ഡിവൈഡറോ, സി സി ടിവിയോ അഗ്നിശമന ഉപകരണങ്ങളോ ഇല്ലാത്ത തുരങ്കത്തിനകത്ത് അങ്ങിങ്ങ് ബള്‍ബുകളുണ്ടായിരുന്നെങ്കിലും പലതും പ്രവര്‍ത്തന രഹിതമായിരുന്നു.  പരിമിതമായ ദൂരക്കാഴ്ചയും അലഞ്ഞു തിരിഞ്ഞു നടക്കുന്ന കന്നുകാലികളുടെ പ്രവേശനവും പലപ്പോഴും അപകടം വരുത്തിവെയ്ക്കുന്നതിന് കാരണമാകുമത്രെ ! ഈ അടുത്ത കാലത്ത് ഒരുകൂട്ടം പോത്തുകള്‍ തുരങ്കത്തിലൂടെ നടന്നുപോയതു കാരണം ഒഞഠഇ ബസും ടെമ്പോയും ബൈക്കും കൂട്ടിയിടിച്ചു അപകടമുണ്ടായത് വാര്‍ത്തകളില്‍ കണ്ടിരുന്നു.
പയ്യന്‍മാരായ ഏതാനും ബൈക്ക് സഞ്ചാരികള്‍ ഞങ്ങളുടെ വാഹനത്തെ മറികടന്ന് കൂക്കിവിളിച്ചുകൊണ്ട് കടന്നുപോയപ്പോള്‍ ആ പ്രതിധ്വനി അവിടെയാകെ മുഴങ്ങി. ഭാഗ്യത്തിന് എതിരെ വണ്ടികളൊന്നുമില്ലാതിരുന്നതിനാല്‍ യുവാക്കളുടെ സാഹസത്തിന് ഒരു പോറലും സംഭവിച്ചില്ല. പലപ്പോഴും ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്നവരാണ് അപകടത്തിനിരയാകുന്നത് തന്നെ.
ചിത്രം
പുറത്ത് പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെങ്കിലും അവര്‍ക്ക് തുരങ്കത്തിനുള്ളിലെ ഗതാഗതം നിയന്ത്രിക്കാനുള്ള സംവിധാനങ്ങളൊന്നുമില്ല. രാവും പകലും തുരങ്കത്തിനകം പ്രകാശിപ്പിക്കുകയും വൃത്തിയാക്കലുമാണ് അവരുടെ ജോലി. തുരങ്കം പരിപാലിക്കുന്നതിന് പ്രതിമാസം 30 ലക്ഷം രൂപയാണത്രെ ചെലവാക്കുന്നത്. 2006-ല്‍ ലാര്‍ജി പവര്‍ പ്രോജക്ടിന്‍റെ ഭാഗമായി ഏതാണ്ട് 43 കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ഈ ഇരട്ടവഴി തുരങ്കം ഹിമാചല്‍പ്രദേശ് സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡാണ് പരിപാലിക്കുന്നത്. കിരാത്പൂര്‍-മണാലി നാലുവരിപ്പാതയുടെ നിര്‍മ്മാണത്തിനുശേഷം ഇപ്പോള്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (ചഒഅക) തുരങ്കത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു.
മണാലിയിലേക്കുള്ള യാത്രയില്‍ സഞ്ചാരികള്‍ മണ്ണിടിച്ചില്‍ മൂലം മണിക്കൂറുകളോളം വഴിയോരത്ത് കാത്തുനില്‍ക്കുന്ന വാര്‍ത്തകള്‍ നാം കേള്‍ക്കാറുണ്ടല്ലോ! അതുപോലെയാണ് ഔട്ട് തുരങ്കത്തില്‍ അപകടം സംഭവിച്ചാലും.
മിഴികള്‍ പൂട്ടി ഫോണിലെ ടോര്‍ച്ചും മിന്നിച്ചിരിക്കുന്ന പടയപ്പയെ ഞാന്‍ എപ്പോഴോ ശ്രദ്ധിച്ചു. ശ്വാസമടക്കിപ്പിടിച്ച് ഒരേ ഇരിപ്പാണയാള്‍. ഏതാണ്ട് 2.8 കിലോമീറ്റര്‍ ദൂരമുള്ള ആ തുരങ്കത്തിലെ യാത്ര പലര്‍ക്കും ഭീതിതമായിരുന്നു. എന്നാല്‍ ഇരുട്ടവസാനിച്ച് വെളിച്ചം കണ്ടപ്പോള്‍ ജൂവല്‍ മാത്രം വാശിപിടിച്ചു.
“ഇനിയും കേറണം മായാവി ഗുഹയില്‍” തുടക്കത്തില്‍ ഭീതി തോന്നിയെങ്കിലും അവളെപ്പോലെ എന്‍റെ മനസ്സും അപ്പോള്‍ അങ്ങിനെ മന്ത്രിച്ചു.
“തിരിച്ചു വരുമ്പോള്‍ കയറാം മോളെ” – ചന്ദ്രന്‍റെ ആശ്വാസവാക്ക് പ്രദീപിന്‍റെ കച്ചവട ബുദ്ധി ലാക്കാക്കി.
“ഇനിവരുമ്പോള്‍ ഇതുപോലുള്ള ഒരുപാട് തുരങ്കങ്ങളിലൂടെയല്ലേ അങ്കിള്‍ മോളെ കൊണ്ടുവരുന്നത്.”
കിരാത്പൂര്‍-മണാലി നാലുവരിപ്പാത പദ്ധതിക്കായി മാണ്ഡി ജില്ലയിലെ പാണ്ഡോ മുതല്‍ ഔട്ട് വരെ പത്തു ടണലുകളാണത്രെ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്നത്. അതില്‍ പലതും ഇതിനകം പൂര്‍ത്തിയാക്കേണ്ടതായിരുന്നു. കോവിഡ് കാരണമാണ് പണി നീണ്ട് പോയത്.
തുരങ്കത്തിലൂടെ സഞ്ചരിക്കുന്നതിന്‍റെ സാഹസമോര്‍ത്ത് ഞാനല്‍പ്പം ത്രില്ലടിച്ചെങ്കിലും കുന്നുകളെ മാന്തി ചുരന്ന് അവയുടെ കുടല്‍മാല പുറത്തെടുക്കുന്നതില്‍ ആരോടൊക്കെയോ അമര്‍ഷം തോന്നി. മഞ്ഞില്‍ കുളിക്കാന്‍ മാത്രമല്ലല്ലോ നാം മണാലി പോലുള്ള സ്ഥലങ്ങള്‍ വിനോദ സഞ്ചാരത്തിനായി തിരഞ്ഞെടുക്കുന്നത്. പ്രകൃതിയുടെ മാറില്‍ ഒന്നു തലചായ്ക്കാനും ആ തണലിലൂടെ ഒന്നു നടക്കാനുമൊക്കെ കൂടിയാണ് എന്നെപ്പോലുള്ളവര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍ എന്‍റെ ‘ഉച്ചാടനം’ നോവലില്‍ എഴുതിയ പോലെയായിരുന്നു പലേടത്തെയും സ്ഥിതി. ഹരിതചേല ചുറ്റി ഭാംഗിയായി ഒതുക്കിവെച്ചിരുന്ന നിമ്ന്നോന്നതങ്ങളും ആരാമങ്ങളാലലങ്കരിച്ച നീര്‍ത്തടങ്ങളും, പവനന്‍റെ തലോടലേറ്റ് ഇളകിക്കൊണ്ടിരുന്ന വൃക്ഷങ്ങളും നശിച്ച് ആ സുന്ദര ഭൂമി വിവസ്ത്രയായി കിടന്നിരുന്നു. വികസനത്തിന്‍റെ പേരില്‍ സ്വയം അപഹാസ്യതയായി കിടന്നിരുന്നു ആ മനോജ്ഞ ഭൂമി. മുറിവേറ്റും ചതഞ്ഞും ഉടഞ്ഞും അങ്ങിങ്ങായി ചിതറിക്കിടന്നിരുന്നു വനവൃക്ഷങ്ങളും കുന്നുകളും.
ഔട്ട് തുരങ്കത്തില്‍ നിന്നും മണാലിയിലേക്കെത്താന്‍ പിന്നെയും സഞ്ചരിക്കേ

ണ്ടതുണ്ട് ഞങ്ങള്‍ക്ക് 68 കിലോമീറ്ററോളം. തുരങ്കംവിട്ട് പത്തുപതിനഞ്ച് കിലോമീറ്റര്‍ സഞ്ചരിച്ചതും സൂര്യന്‍ പടിഞ്ഞാറേയ്ക്ക് ചായാന്‍ തുടങ്ങി. അപ്പോള്‍ കോട്ടുവായിട്ടൂ പലരും. വലിയ കുടകള്‍ നിവര്‍ത്തിവെച്ച് അതിനടിയില്‍ ചക്രങ്ങളില്‍ തീര്‍ത്ത വണ്ടിക്കടകള്‍ അങ്ങിങ്ങു കണ്ടു. പ്രദീപ് ആവശ്യപ്പെട്ട പ്രകാരം വണ്ടി ഏതോ വണ്ടിക്കടയുടെ മുന്നില്‍ നിര്‍ത്തി. പുറത്തിറങ്ങിയതും മണ്ണെണ്ണയുടെയും മൊരിഞ്ഞ മുട്ടയുടെയും സംയുക്ത ഗന്ധം മൂക്കില്‍ അടിച്ചു കയറി.
രണ്ടു കുടകള്‍ക്ക് കീഴില്‍ നിന്നുകൊണ്ട് ഒരു സ്ത്രീയും പുരുഷനും കച്ചവടം നടത്തുകയാണ്. മണ്ണെണ്ണ സ്റ്റൗവില്‍ വെള്ളം തിളയ്ക്കുന്നുണ്ട്. പലരും ചായക്കായി ഓര്‍ഡര്‍ ചെയ്ത് കാത്തു നിന്നു. എന്‍റെ ശ്രദ്ധയപ്പോള്‍ ഞങ്ങളെ സസൂഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന ഒരു അപ്പുപ്പനിലേയ്ക്കു തിരിഞ്ഞു. വണ്ടികടയുടെ വശത്തായി കൂട്ടിയിട്ടിരിക്കുന്ന കല്ലുകളിലൊന്നില്‍ മേഘ നിറത്തിലുള്ള പാന്‍റ്സും സഫാരി കോട്ടും ശിരസ്സില്‍ തൊപ്പിയുമണിഞ്ഞ് ഇരിക്കുകയാണ് അപ്പൂപ്പന്‍.
ഹിന്ദി ഭാഷ എനിക്കത്ര വശമില്ലാത്തതുകൊണ്ട് ഞാന്‍ നന്നുവിനോട് അപ്പൂപ്പനോടൊന്ന് സംസാരിക്കാന്‍ ആവശ്യപ്പെട്ടു.
– നന്നു ചോദിച്ചു. ‘കിദര്‍ ജാരാഹാ’ നന്നുവിന്‍റെ ‘ഡെല്‍ഹി ഹിന്ദി’ അപ്പൂപ്പന് മനസ്സിലായില്ലയോ അതോ അപ്പൂപ്പന്‍റെ ഹിമാചല്‍ ഭാഷ നന്നുവിന് മനസ്സിലായില്ലയോ എന്തോ അപ്പൂപ്പന്‍റെ മറുപടി ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല. ഞാന്‍ പ്രദീപിനെ തിരഞ്ഞു. അയാള്‍ക്കാകുമ്പോള്‍ പല ദേശത്തേയും ഭാഷ വശമാണല്ലോ. അയാള്‍ ചൂടുള്ള മാഗി നുണയുകയായിരുന്നു. എന്‍റെ ആവശ്യപ്രകാരം അയാള്‍ അപ്പൂപ്പനോട് എന്തൊക്കെയോ തിരക്കി. അപ്പൂപ്പന്‍ മുന്നില്‍ കണ്ട മല ചൂണ്ടി തന്‍റെ വീട് അവിടെഎവിടെയോ ആണെന്ന് പറയുന്നതായി എനിക്ക് തോന്നി.
ചിത്രം
ബജൗറയിലേക്കുള്ള ബസ്സിനായി കാത്തു നില്‍ക്കുകയായിരുന്നു അപ്പൂപ്പന്‍. അദ്ദേഹത്തിന് അവിടുത്തെ ശ്രീ ബാശേശ്വര്‍ മഹാദേവ ക്ഷേത്രം സന്ദര്‍ശിക്കേണ്ടതുണ്ടത്രെ ! സംഘത്തിലുള്ളവര്‍ക്കെല്ലാം ചായ തയ്യാറാക്കി കിട്ടുന്നതുവരെ ഞങ്ങള്‍ പത്തിരുപത് മിനിട്ട് അവിടെ തങ്ങി. അപ്പോഴേക്കും ബജൗറയിലേക്കുള്ള ബസ്സ് വന്നുനിന്നു. അപ്പൂപ്പന്‍ ചെറുചിരിയോടെ ബസ്സില്‍ കയറി. എന്‍റെ ക്യാമറയിലപ്പോള്‍ അപ്പൂപ്പനും കയറി.
ബസ്സില്‍ കയറിയതിനു ശേഷം ഞാന്‍ ബാശേശ്വര്‍ മഹാദേവ ക്ഷേത്രം ഗുഗിളില്‍ തിരഞ്ഞു. 8-ാം നൂറ്റാണ്ടിലോ മറ്റോ സ്ഥാപിച്ച വളരെ പുരാതനമായൊരു ശിവക്ഷേത്രമാണ് ബാശേശ്വര്‍ ക്ഷേത്രമെന്ന് കണ്ടപ്പോള്‍ എന്‍റെ ചരിത്ര കൗതുകം അവിടേക്ക് പോകാന്‍ വാശിപിടിച്ചു. പ്രദീപ് അക്കാര്യം മറ്റു യാത്രികരെ അറിയിച്ചെങ്കിലും അവരാരും അതില്‍ താത്പര്യം കാട്ടിയില്ല. മാത്രവുമല്ല ആ ക്ഷേത്രത്തില്‍ സ്ഥാപിച്ചിരിക്കുന്ന വലിയൊരു യോനി-ലിംഗ വിഗ്രഹത്തെക്കുറിച്ച് പ്രദീപ് ഏതോ പുരുഷ കാതില്‍ മന്ത്രിക്കുക കൂടി ചെയ്തപ്പോള്‍ പലരും ആ സന്ദര്‍ശനം വേണ്ടെന്നുതന്നെ പറഞ്ഞു.
‘നിങ്ങള്‍ നോക്കിക്കോ ഞാനൊരു സോളോ ട്രിപ്പടിച്ച് ഇവിടെയെല്ലാം ചുറ്റിയടിക്കും’ എന്ന എന്‍റെ വെല്ലുവിളിയെ നന്നു അഭിനന്ദിച്ചെങ്കിലും നല്ലൊരു സന്ദര്‍ശനം നഷ്ടമായതില്‍ എന്‍റെ മനസ്സ് വിങ്ങിക്കൊണ്ടിരുന്നു.
“നമ്മള്‍ ഭുന്തറിലെത്തി ദേ നോക്കൂ ഭുന്തര്‍ എയര്‍പോര്‍ട്ട്”
നന്നുവിന്‍റെ പൈലറ്റ് മനസ്സ് ആവേശം കൊണ്ടതും ഞാന്‍ മറ്റെല്ലാം മറന്ന് അവനോടൊപ്പം ചേര്‍ന്നു. മലകള്‍ക്കിടയിലെ മനോഹരമായൊരു വിമാനത്താവളമാണ് ഭുന്തര്‍. ചെറിയൊരു എയര്‍പോര്‍ട്ടാണത്. ലോകത്തിലെ തന്നെ വെല്ലുവിളി നിറഞ്ഞ (ഇൃശശേരമഹ അശൃുീൃേ) വിമാനത്താവളങ്ങളില്‍ ഒന്നായ ഭുന്താറിലേക്ക് ചുറ്റുമുള്ള മലകളെ അതിസൂക്ഷ്മം ശ്രദ്ധിച്ചുവേണം ഒരു വൈമാനികന്‍ വിമാനമിറക്കാന്‍. ബിയാസിന്‍റെ തീരത്ത് സ്ഥിതി ചെയ്യുന്ന ആ ആഭ്യന്തര വിമാനത്താവളമാണ് മണാലിയിലേക്കും കസൗളിലേക്കും മറ്റും പോകാന്‍ വിമാന സഞ്ചാരികള്‍ തിരഞ്ഞെടുക്കേണ്ടത്. ഒരു കിലോമീറ്ററോളം മാത്രം നീളമുള്ള റണ്‍വേയില്‍ അന്ന് (അഹഹശമിരല അശൃ) ന്‍റെ 80 പേര്‍ക്ക് സഞ്ചരിക്കാവുന്ന അഠഞ (അശൃ ഠൃമിുീൃമെേശേീി ഞമരസ) വിമാനം കിടന്നിരുന്നു. ഡല്‍ഹിയില്‍ നിന്നാണ് ഭുന്തറിലേയ്ക്കുള്ള പ്രധാന സര്‍വ്വീസ്. അടുത്തകാലത്തായി ഷിംലയില്‍ നിന്നും സര്‍വ്വീസ് തുടങ്ങി എന്നാണ് കേട്ടത്. കുളുവില്‍ ഇതുവരെയും റെയില്‍വെ ട്രാക്കുകളൊന്നും നിര്‍മ്മിച്ചിട്ടില്ല. മണാലിയിലേയ്ക്ക് ട്രെയിന്‍ യാത്ര തിരയുന്നവര്‍ക്ക് ചണ്ഡിഗഡ് വരെ ട്രെയിനില്‍ സഞ്ചരിക്കാനാകൂ.
ബിയാസിന്‍റെയും പാര്‍വ്വതി നദിയുടെയും സംഗമ സ്ഥാനം കൂടിയായ ഭുന്തര്‍ അല്‍പം തിരക്കുള്ള ഒരു പട്ടണമാണ്. പാര്‍വ്വതി താഴ്വര ഈ സംഗമ സ്ഥാനത്തു നിന്നും ആരംഭിച്ച് കിഴക്കോട്ട് പോകുന്നു. അങ്ങോട്ടു തന്നെയാണ് കസോളിലേക്കും മണികരണിലേയ്ക്കും മറ്റുമുള്ള റോഡും.
ഞങ്ങളുടെ യാത്രയില്‍ അതുവരെ ബിയാസ് ഇടതുഭാഗം ചേര്‍ന്നാണ് ഒപ്പം സഞ്ചരിച്ചത്. വിമാനത്താവളം പിന്നിട്ട് ഭുന്തര്‍ചൗകില്‍ എത്തിയപ്പോള്‍ അവിടം നാലുവശത്തേയ്ക്കുള്ള വഴികളുടെ പോയിന്‍റായി. നമ്മുടെ നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ നാലും കൂടിയ മുക്ക്. നേരെ മണാലി, വലത്തോട്ട് മണികരണ്‍, ഇടത്തോട്ട് ഭുന്തര്‍. ഭുന്തര്‍ചൗകിലെ പാലം കടന്ന് ഇടത്തുതിരിഞ്ഞ് നേരെ സഞ്ചരിച്ചു ഞങ്ങളുടെ വാഹനം. അപ്പോഴേയ്ക്കും ബിയാസ് സ്ഥാനം മാറി വലതിലൂടെ ഒഴുകാന്‍ തുടങ്ങി. ഞാന്‍ വാഹനത്തിന്‍റെ ഇടതുവശത്തായിരുന്നു ഇരുന്നത്. അതുകൊണ്ടുതന്നെ ബിയാസിനെ കാണാനാകാതെ പാറകളെ നോക്കിയിരിക്കാനേ കഴിഞ്ഞുള്ളൂ. അതത്ര സുഖകരമല്ലാത്ത ദൃശ്യമായതിനാല്‍ ഞാനെഴുന്നേറ്റ് വാഹനത്തിന്‍റെ പിന്നില്‍ ചെന്നുനിന്ന് പിന്‍ജാലകത്തിലൂടെ പിന്നിട്ട വഴികളിലേയ്ക്ക് നോക്കി നിന്നു. ഒരുവശത്ത് ബിയാസും, ബിയാസിന്‍റെ മുകളില്‍ ആകാശത്തോളം പന്തലിച്ച് നില്‍ക്കുന്ന പൈന്‍മരങ്ങളും. മറുവശത്ത് റോഡിലേയ്ക്ക് തള്ളിനില്‍ക്കുന്ന കൂറ്റന്‍ പാറകളും. ജാസ്മിന്‍ അതെല്ലാം വീഡിയോവില്‍ പകര്‍ത്തുകയായിരുന്നു. ഞങ്ങള്‍ക്ക് പിന്നില്‍ വാഹനങ്ങളുടെ നീണ്ട നിരയാണ് കണ്ടത്. എവിടെ നിന്നൊക്കെയോ പുറപ്പെട്ട ഭൂമിയിലെ സ്വര്‍ഗ്ഗം തേടി വരുന്ന സഞ്ചാരികള്‍.
ബിയാസിന്‍റെ ഓളങ്ങളില്‍ പടിഞ്ഞാറ് വെട്ടം ക്രമേണ പ്രഭ വിതറാന്‍ തുടങ്ങി. സിന്ധുനദീജല കരാര്‍ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധൂ, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്ഥാനുമാണ്.
ദേവന്‍മാരുടെ താഴ്വര എന്നറിയപ്പെടുന്ന കുളുവിന്‍റെ പട്ടണാതിര്‍ത്തിയില്‍ പ്രവേശിച്ചതും സൂര്യവെട്ടം നന്നേ മങ്ങാന്‍ തുടങ്ങി. കുളു പട്ടണത്തെ നമുക്ക് വേണമെങ്കില്‍ മലപട്ടണം എന്നു തന്നെ വിശേഷിപ്പിക്കാം. കാരണം ബിയാസിന്‍റെ ഇരുവശവുമുള്ള റോഡുകള്‍ക്കുമേലെ മലമടക്കുകളിലായി ഒട്ടനവധി കെട്ടിടങ്ങളാണ് മുട്ടിയുരുമ്മി സ്ഥിതി ചെയ്യുന്നത്. ഏഴെട്ട് നിലകളുള്ള പാര്‍പ്പിട സമുച്ചയങ്ങളും, ഭരണ കേന്ദ്രങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും, ആശുപത്രികളും, ക്ഷേത്രങ്ങളും, ഗുരുദ്വാരകളും അങ്ങിനെ ഒരു പട്ടണത്തിനുവേണ്ടുന്ന എല്ലാ സവിശേഷതകളുമുണ്ട് കുളു പട്ടണത്തിന്. മനു മഹര്‍ഷി വെറുതെയല്ല ‘വാസയോഗ്യമായ ലോകത്തിന്‍റെ അവസാനം’ എന്നര്‍ത്ഥം വരുന്ന ‘കുലന്ത് പീഠ്’ എന്ന് കുളുവിനെ വിശേഷിപ്പിച്ചതെന്ന് എനിക്കപ്പോള്‍ തോന്നി. നല്ല കാലാവസ്ഥയും പ്രകൃതി രമണീയതയുംകൊണ്ട് സുന്ദരമായ ആ പട്ടണത്തില്‍ പണ്ട് മനു മഹര്‍ഷി വന്നിരുന്നുവത്രെ. ഒരു മഹാപ്രളയകാലത്ത് മനു ഈ താഴ്വര സന്ദര്‍ശിച്ചെന്നും റോഹ്താങ് ചുരം കടക്കാനാകാത്തതിനാല്‍ താന്‍ കണ്ടെത്തിയ അവസാനത്തെ സെറ്റില്‍മെന്‍റ് എന്ന നിലയ്ക്ക് കുലന്ത് പീഠ് എന്ന് നാമകരണം ചെയ്തെന്നും കുലന്ത് പീഠ് ലോപിച്ച് കുലൂട്ട് ആയെന്നും അതുപിന്നെ കുളുവായി മാറിയെന്നുമൊക്കെയാണ് ഐതീഹ്യം.
പട്ടണം കടന്നതും നേരം ഇരുണ്ടു തുടങ്ങി. പാതയോരത്തെ കച്ചവട കേന്ദ്രങ്ങളില്‍ വെളിച്ചം തെളിഞ്ഞു. പ്രദീപ് അപ്പോള്‍ തമാശയോടെ കുളുവിലെ കുളിര് കുളുവിലെ കുളിര് എന്ന് പാടിപ്പാടി നിങ്ങള്‍ക്ക് കുളിര് ആസ്വദിക്കണ്ടേ എന്ന് ചോദിച്ചു. വേണമെന്നായി പലരും. അതിനായി വാഹനജാലകം അല്‍പം താഴ്ത്തി വെയ്ക്കൂവെന്ന അയാളുടെ നിര്‍ദ്ദേശം കേട്ട് ആരൊക്കെയോ ജാലകം തെല്ലൊന്നു നീക്കി. കോരിത്തരിപ്പിക്കുന്ന തണുപ്പ് ഉള്ളിലേയ്ക്ക് അടിച്ചുകയറിയതും ജുവാന്‍ അവളുടെ കൈകള്‍ പുറത്തേയ്ക്കിട്ട് ചുണ്ടുകള്‍ കോട്ടി വിറച്ചുകാണിച്ചു.
പാതയ്ക്ക് ഇരുവശത്തും സഞ്ചാരികളെ കാത്തുനില്‍ക്കുന്ന കച്ചവട കേന്ദ്രങ്ങള്‍ ധാരാളം കണ്ടു. പുതപ്പുകളും കോട്ടുകളും ഷാളുകളുമെല്ലാം വില്‍ക്കുന്ന കടകള്‍. നന്നുവിനപ്പോള്‍ ആര്‍ക്കോ സമ്മാനിക്കാനായി കാശ്മീരീ ഷാളും പഹാരി ക്യാപും വാങ്ങണമെന്ന് പറഞ്ഞതിനാല്‍ ഞങ്ങളുടെ ഡ്രൈവര്‍ റോഡില്‍ നിന്നും അല്‍പം അകത്തേയ്ക്കുള്ള ഒരിടത്തായി വാഹനം മാറ്റി നിര്‍ത്തി. ഹിമാചല്‍പ്രദേശ് ഗവണ്‍മെന്‍റിന്‍റെ ഉടമസ്ഥതയിലുള്ള വസ്ത്രവില്‍പ്പനശാല സ്ഥിതി ചെയ്തിരുന്ന സ്ഥലമായിരുന്നു അവിടം. വില പേശാനൊന്നും അവിടെ വകുപ്പില്ല. എല്ലാം ഫിക്സഡ് റേറ്റില്‍. വലിയൊരു പടയെ കണ്ടതിനാലാകാം കടക്കാര്‍ ആവേശത്തോടെ ഞങ്ങളെ വരവേറ്റ് സാധനങ്ങള്‍ നിരത്താന്‍ തുടങ്ങി. മോതിര കുഴലിനകത്ത് കയറാന്‍ തക്ക നേര്‍ത്ത ഒരു സാരിയെടുത്ത് ഒരാള്‍ എന്‍റെ മുന്നില്‍ നിവര്‍ത്തി. തൂവലോളം ഭാരമുള്ള ഒരു കാശ്മീരി സാരി. വിലയോ ഇരുപതിനായിരവും. ഞാന്‍ വേണ്ടെന്ന് പറഞ്ഞ് തിരികെ നടന്നു. ഒടുവില്‍ ആരും ഒന്നും വാങ്ങാതെ നന്നു മാത്രം ഇരുന്നൂറ് രൂപയ്ക്കോ മറ്റോ ഉള്ള ഒരു ഷാള്‍ തിരഞ്ഞെടുത്ത് അവിടം വിട്ടു. വലിയ ബലൂണ്‍ വീര്‍പ്പിച്ച പോലുള്ള ചങ്ങാടങ്ങള്‍ ബിയാസിന്‍റെ തീരങ്ങളില്‍ വിശ്രമിക്കുന്നുണ്ടായിരുന്നു. കാലാവസ്ഥ അനുകൂലമായാല്‍ ആനന്ദകരമായ പല സാഹസിക വിനോദങ്ങളും നമുക്ക് തിരഞ്ഞെടുക്കാം കുളുവില്‍. ചങ്ങാടത്തില്‍ കയറി റിവര്‍ റാഫ്റ്റിങില്‍ ഏര്‍പ്പെട്ട് ഉല്ലസിക്കാം, കാടുകളിലേയ്ക്ക് ട്രക്കുചെയ്യാം. ബലൂണില്‍ കയറി ആകാശത്തേയ്ക്ക് പറക്കാം. ട്രൗട്ട് മത്സ്യങ്ങളെ കായികമായി പിടിക്കാം അങ്ങിനെ പലതുമുണ്ട് കുളുവിനും മണാലിയ്ക്കുമിടയില്‍. റിവര്‍ റാഫ്റ്റിങ്ങിനു വേണ്ടുന്ന വെള്ളമില്ലായിരുന്നു ബിയാസിലന്ന്. റിവര്‍ റാഫ്റ്റിങ്ങിനും പാരാ ഗ്ലൈഡിങ്ങിനും ബുക്ക് ചെയ്യേണ്ട നമ്പരും ബോര്‍ഡും ധാരാളം കണ്ടു പലേടത്തും. മുമ്പ് ഞങ്ങള്‍ മണാലി സന്ദര്‍ശിച്ചപ്പോള്‍ നന്നു റിവര്‍ റാഫ്റ്റിങ്ങിന് വാശിപിടിച്ചത് ഞാന്‍ അപ്പോള്‍ ഓര്‍ത്തു. അങ്ങോട്ടു പോകുന്ന വേളയിലായിരുന്നു അത്. മടങ്ങി വരുമ്പോള്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും മഴ കാരണം അവന്‍റെ ആഗ്രഹം അന്നു നടക്കാതെ പോയി. അതോര്‍ത്തിട്ടാകാം നന്നു പറഞ്ഞു ‘ഞാന്‍ ഇപ്രാവശ്യം പാരാ ഗ്ലൈഡിങ് നടത്തിയിട്ടേ മടങ്ങൂ.’ ഓകെയെടാ എന്ന് ഞാന്‍ അവനെ പിന്‍താങ്ങിയെങ്കിലും വൈമാനികനായിട്ടും പാരച്യൂട്ടില്‍ പറക്കുന്ന അവനെയോര്‍ത്ത് എന്‍റെ അമ്മ മനസ്സ് ഒന്നു പിടഞ്ഞു.
വഴി നീളെ കണ്ട കച്ചവട കേന്ദ്രങ്ങള്‍ക്കും കുടിലുകള്‍ക്കും മുന്നിലെല്ലാം അഗ്നി കുണ്ഡങ്ങള്‍ എരിഞ്ഞുകൊണ്ടിരുന്നു. അവയ്ക്ക് ചുറ്റും കൈകള്‍ നീട്ടിവെച്ച് ശരീരത്തിന് ചൂടേകുകയായിരുന്നു പലരും. അതെല്ലാം കണ്ടുകണ്ട് മണാലി പട്ടണത്തില്‍ പ്രവേശിച്ചപ്പോള്‍ നേരം നന്നേ ഇരുട്ടിയിരുന്നു.

About The Author

Leave a Reply

Your email address will not be published. Required fields are marked *