LIMA WORLD LIBRARY

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 35 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 35

മറക്കരുത് ചരിത്രം; ഗുരുത്വവും വേണം


ചെറുപ്പം മുതല്‍ ഞാന്‍ ചവിട്ടി നിന്ന മണ്ണിലെ ഭാഷാ-സാഹിത്യത്തിനൊപ്പമാണ് സഞ്ചരിച്ചത്. മറ്റു കലകളെക്കാള്‍ ഞാന്‍ സാഹിത്യത്തെ ഇഷ്ടപെട്ടത് എന്നെ അല്ലെങ്കില്‍ മറ്റുള്ളവരെ ദുഃഖദുരിതത്തില്‍ നിന്നും, അനീതിയില്‍ നിന്നും ഇരുട്ടില്‍ നിന്നും അല്‍മാവിന്‍റെ ആഴം പോലെ അറിവിന്‍റെ ആഴങ്ങളിലേക്ക് നയിക്കാന്‍ സാഹിത്യത്തിന് മാത്രമേ സാധിക്കു എന്നതു മനസ്സിലാക്കിയാണ്. അതുകൊണ്ടാണ് സാഹിത്യം ഓരോ ഭാഷയുടെയും സംസ്കാരത്തിന്‍റെയും പ്രതീകമായിനിലനില്‍ക്കുന്നത്. ഞാന്‍ കാണുന്ന സാഹിത്യം നമ്മുടെ മുന്നില്‍ വിരിഞ്ഞു നില്‍ക്കുന്ന വിവിധ നിറത്തിലുള്ള പൂക്കള്‍ നിറഞ്ഞ ഒരു പൂങ്കവനമാണ്, ആ മനോഹാരിത കരുത്തുള്ള ഒരു സുഗന്ധമായി സമൂഹത്തില്‍ ശക്തമായി ഇടപെടുകയും കരിങ്കല്‍ കൊട്ടകളെ ഇടിച്ചു തകര്‍ക്കുകയും ചെയ്യുന്നു.
മനുഷ്യജീവനെ അന്ധകാരത്തിലേക് നയിച്ച, ഫ്യൂഡല്‍ വ്യവസ്ഥിതി, അന്ധവിശ്വാസങ്ങള്‍, അരാജകത്വം, ജാതിമത അടിമത്വം ഇങ്ങനെ സമൂഹത്തെ കാര്‍ന്നുതിന്നുകൊണ്ടിരിന്ന എല്ലാ ജീര്‍ണതകള്‍ക്കുമെതിരെ തൂലിക എന്ന പടവാള്‍ ഉയര്‍ത്തിയവരാണ് ഉന്നത എഴുത്തുകാര്‍. എന്നാല്‍ നമ്മുടെ രാജ്യത്തെ എഴുത്തുകാരില്‍ കൂടുതലും ഓരോരോ മത-രാഷ്ടിയക്കാരുടെ ചേരികളിലാല്‍. ഈ കൂട്ടര്‍ അധികാരത്തിലെത്തിയാല്‍ അവര്‍ കൊടുക്കുന്ന അപ്പക്കഷ്ണങ്ങള്‍ കഴിച്ചു തൃപതരായി സസുഖം വാഴുന്നു. ഈ കൂട്ടരെ നമ്മള്‍ കൂടുതലായി അറിയുന്നത് അവരുടെ പദവി, അംഗീകാരങ്ങളിലൂടെയാണ്. ഈ കൂട്ടര്‍ ഭാഷയ്ക് നല്‍കിയ സംഭവനകള്‍ വിലയിരുത്തപ്പെടാറുണ്ടോ?
ചെറുപ്പത്തില്‍ എറണാകുളത്ത് ഒരു സാഹിത്യ ശില്പശാല മനോരമയുടെ യുവസാഹിത്യ സഖ്യം നടത്തി. ട്രെയില്‍ ടിക്കറ്റിനു കാശില്ലാത്തതിനാല്‍ എന്‍റെ ഒരു കോഴിയെ അമ്മയ്ക്ക് വിറ്റിട്ടാണ് പോയത്. അന്നൊക്കെ ഞാനീ നാടകവുമായി നടക്കുമ്പോള്‍ എന്‍റെ അച്ഛന്‍ പറയും “ചെറുപ്പത്തിലേ അവന്‍റെ തല തിരിഞ്ഞതാണ്. പോലീസ് പിടിച്ചുകൊണ്ടു പോകുന്നത് കാണുന്നില്ലേ? ഇവന്‍ നന്നാകില്ല.” അല്പസംതൃപ്തിക്കായി എഴുതിയവ സാഹിത്യമാണെന്നു എനിക്കറിയില്ലായിരുന്നു. ഒരു വിഷയത്തെ ആസ്പദമാക്കി കഥാപാത്രങ്ങളെ സൃഷ്ടിച്ചാല്‍ നാടകമാകുമെന്നു നാടകം കണ്ടപ്പോഴാണ് മനസ്സിലായത്. 2018-19 ല്‍ എത്തിനില്‍ക്കുമ്പോള്‍ അന്‍പതിനടുത്തു പുസ്തകങ്ങള്‍ എന്‍റെ പേരില്‍ ഉണ്ട്.
2003 ല്‍ ഗള്‍ഫില്‍ നിന്നു ലണ്ടനില്‍ വന്നു. അതിന്‍റെ പ്രധാന കാരണം കുട്ടികളുടെ പഠനം ലണ്ടനില്‍ നടത്താനായിരുന്നു. സൗദി അറേബ്യന്‍ ഓയില്‍ കമ്പനി (അരാംകൊ)യില്‍ എന്‍റെ ഒപ്പം ജോലി ചെയ്ത ബ്രിട്ടീഷ്-അമേരിക്കന്‍-കാനഡ പൗരന്മാരുടെ വിദ്യാഭ്യാസത്തിന്‍റെ തനിമ. മേന്മ അന്നാണ് ഞാന്‍ കാണുന്നത്. ഇവരുടെ പേരുകള്‍ ക്രിസ്താനിയുടേത് ആണെങ്കിലും ഇവരൊന്നും പള്ളിയില്‍ പോകുന്നവരല്ലെന്നും അതിന്‍റെ പ്രധാന കാരണം പൗരോഹിത്യം വെറും വെള്ളതേച്ച ശവക്കല്ലറകളായി മാറി എന്നുള്ളതാണ്. ഈ ശവ കല്ലറകളില്‍ കുട്ടികള്‍, സ്ത്രീകള്‍ നൂറ്റാണ്ടുകളായി പീഡിപ്പിക്കപ്പെടുന്നു. മരണം-വിവാഹം-സെമിത്തേരി തുടങ്ങിയ ആചാരങ്ങളാണ് വിശ്വാസികളെ അതിലേക്ക് അടുപ്പിക്കുന്നത്. ഈ ചൂഷണം ഭരണത്തിലുള്ളവര്‍ മനസ്സിലാക്കിയതുകൊണ്ടാണ് വികസിത രാജ്യങ്ങളില്‍ പള്ളിയോട് ചേര്‍ന്ന് ശവ കല്ലറകള്‍ ഇല്ലാത്തതും യുവതി യുവാക്കള്‍ കൂടുതലും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതും. മരണം-വിവാഹം സമ്പന്നരുടെ ഭവനത്തിലെങ്കില്‍ ഇവര്‍ കൂട്ടത്തോടെ വിലപിടിപ്പുള്ള കാറുകളില്‍ വരുന്നതും ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. ഒരു പാവപ്പെട്ടവന്‍റെ വീട്ടില്‍ ഇതുനൊന്നും അവര്‍ പോകില്ല. മതവും അധികാരവും കൂട്ടുകച്ചവടം നടത്തി എത്ര നാള്‍ ഇവര്‍ മനുഷ്യനെ അടിമകളായി നടത്തുമെന്ന സായിപ്പിന്‍റെ ചോദ്യം എന്നിലും ഒരു ചോദ്യമായി കിടക്കുന്നു. മതം മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് പാശ്ചാത്യര്‍ പഠിച്ചിരിക്കുന്നു. എന്തും പാശ്ചാത്യരില്‍ നിന്നും കടമെടുക്കുന്ന പൗരസ്ത്യര്‍ ഇതൊക്കെ എന്നറിയുമോ? വീട്ടില്‍ വളര്‍ത്തുന്ന നായും പൂച്ചയും ചത്താല്‍ പോലും മനുഷ്യനെപ്പോലെ എല്ലാ ബഹുമതികളോടെ അടക്കം ചെയ്ത് ശവകുടീരങ്ങള്‍ തീര്‍ക്കുന്ന ഇവരുടടെ സംസ്കാരം എന്നെ അശ്ചര്യപ്പെടുത്തിയിട്ടുണ്ട്. മതമല്ല മനുഷ്യനാണ് വലുത് എന്നവര്‍ പഠിച്ചിരിക്കുന്നു. നമ്മുടെ വിദ്യാഭ്യാസം ഇന്ത്യയിലെപോലെ വിറ്റഴിക്കുന്ന ഒരുല്പന്നമല്ലെന്നു ഞാന്‍ മനസ്സിലാക്കി. നമ്മുടെ നാട്ടില്‍ പ്രായം കൂടിയ സ്ത്രീകളെ പുരുഷന്മാര്‍ വിവാഹം കഴിക്കില്ല അതൊരു കുറവായി കാണുന്നു. ഇവിടെ പ്രായം ഒരു വിഷയമല്ല. ജാതി മത രാഷ്ട്രങ്ങള്‍ ഒരുവിഷയമല്ല. ആര്‍ക്കും ആരെയും പ്രണയിക്കാം. നല്ല മനുഷ്യര്‍ക്ക് നല്ല ജീവിതം നയിക്കാം.
മിടുക്കരായ കുട്ടികള്‍ക്ക് എത്ര വേണമെങ്കിലും പഠിക്കാം. ബാങ്കുകള്‍ സഹായിക്കും. ജോലി കിട്ടുമ്പോള്‍ അല്പമായ് അടച്ചു തീര്‍ത്താല്‍ മതി. പതിനെട്ടു വയസ്സുവരെ പഠനം എല്ലാം സര്‍ക്കാര്‍ ചെലവിലാണ്. കൈക്കൂലി കൊടുക്കേണ്ട ഒരു കാര്യവുമില്ല. എന്‍റെ മകനും മകളും സയന്‍സ്സില്‍ ഉപരി പഠനം നടത്തിയത് ഇവിടയാണ്. ഞങ്ങള്‍ക്ക് ഒരു തലവേദനയും ഈ കാര്യത്തിലുണ്ടായില്ല. അതുപോലെ ജോലിയിലും ഓരോരുത്തരുടെ കഴിവുകള്‍ക്ക് അനുസരിച്ചു തൊഴില്‍ ലഭിക്കുന്നു. ലക്ഷങ്ങള്‍ കൈക്കൂലി കൊടുക്കേണ്ടതില്ല. ചിലര്‍ ചിന്തിക്കും ബ്രിട്ടീഷുകള്‍ അവര്‍ക്കല്ലേ തൊഴില്‍ കൊടുക്കു. അവിടേയും ആ വിവേചനമില്ല. അവരവരുടെ യോഗ്യതകളാണ് ഇവിടെ പരിഗണിക്കപ്പെടുന്നത്.
ചില ചെറുകിട പ്രസാധകരു ഭാഷയുമായി ബന്ധമുള്ളവരുമാണ് പ്രവാസത്തില്‍

കഴിയുന്ന കുറച്ചുപേരെ എഴുത്തുകാരാക്കിയതും ചൂഷണം ചെയ്തതും. പലരും കബളിപ്പിക്കപ്പെട്ടു. സാഹിത്യലോകത്തുള്ളവര്‍ ആശയ-ആദര്‍ശങ്ങളില്‍ പരസ്പരം പൊരുതുന്നവരാണെങ്കിലും ശത്രുത വച്ചു പുലര്‍ത്തുന്നവരായി അറിയില്ല. വിദേശത്തുള്ള അഭിനവ എഴുത്തുകാരാണ് പ്രതിഭാധനരായ എഴുത്തുകാരോട് ശത്രുത പുലര്‍ത്തുന്നതായി എനിക്ക്  അനുഭവപ്പെട്ടത്. ലണ്ടനില്‍ എഴുത്തുകാരായ വായിക്കപ്പെടുന്നവരാണ് സിസിലി ജോര്‍ജ്, മലയാളികളായ ഇംഗ്ലീഷ് മലയാളം എഴുത്തുകാര്‍ ഡോ. സിറിയക് മാപ്രായില്‍, മീര കമല, നാടകസംവിധാന സംഗീതവിദ്വാന്‍ മനോജ് ശിവ, ജിന്‍സണ്‍ ഇരിട്ടി, സാംസ്കാരിക-സാമൂഹിക രംഗത്തുള്ള അപ്പച്ചന്‍ കണ്ണഞ്ചിറ, പ്രിയവ്രതന്‍, രാഷ്ട്രീയ-സാംസ്കാരിക പ്രവര്‍ത്തകനും ന്യൂഹാം കൗണ്‍സിലറുമായ സുഗതന്‍ തെക്കേപുരയില്‍, ആന്‍റണി പട്ടേരി, ബിലാത്തി പട്ടണം മുരളി, മുകുന്ദന്‍, വക്കം ജി. സുരേഷ്കുമാര്‍ (തമ്പി), ശാമുവേല്‍തോമസ്, ലിവര്‍പൂളിലെ തോമസുകുട്ടി, ബിജു പീറ്റര്‍, അഡ്വ. ശ്രീജിത്ത്, ജോയ് അഗസ്തി, അരുണ ശശി, ബിന്ദു ബിനു, പ്രഭ ശശിധരന്‍, രമ ഫ്രാന്‍സിസ്, ബ്രിട്ടനിലെ പ്രമുഖ ഓണ്‍ലൈന്‍ പത്രമായ മലയാളം യുകെയുടെ പത്രാധിപര്‍ ബിന്‍സു ജോണ്‍, അമേരിക്കയിലെ പ്രമുഖ ഓണ്‍ലൈന്‍ ഈ മലയാളീ ജോര്‍ജ് ജോസഫ്, മലയാളം പത്രിക ടാജ് മാത്യു, ജോയിച്ചന്‍ പുതുക്കുളം, ഡെയിലി മലയാളം ന്യൂസ്, കേരള എക്സ്പ്രസ്സ്, സംഗമം, ജര്‍മനിയിലെ പ്രവാസി ഓണ്‍ലൈന്‍ ജോസ് കുമ്പിളിവേലില്‍, നമ്മുടെ ലോകം, ജോസ് പുതുശ്ശേരി ഇവരെല്ലാം പാശ്ചാത്യ രാജ്യങ്ങളില്‍ ഭാഷയുടെ തനിമയും സംസ്കാരവും നിലനിര്‍ത്തി പോകുന്നവരാണ്.
വിശ്വപ്രസിദ്ധനായിരുന്ന ടോള്‍സ്റ്റോയ് തന്നെ സമീപിച്ച പ്രമുഖ എഴുത്തുകാരന്‍ മാര്‍ക്സിം ഗോര്‍ക്കിയോട് പറഞ്ഞു. “താങ്കള്‍ എഴുത്തില്‍ മിടുമിടുക്കന്‍ പക്ഷെ ഒരു കുറവുണ്ട്. ഗുരുത്വമില്ല.” ഇവിടെയുള്ളവര്‍ പണവും പ്രശസ്തിയും  ആഗ്രഹിക്കുന്നവര്‍ അല്ലെങ്കിലും ഇതുപോലുള്ള കാര്യങ്ങളില്‍ വളരെ പിന്നിലാണ്. നല്ല സാഹിത്യകൃതികള്‍ പോലെ  നമ്മേക്കാള്‍ മുതിര്‍ന്ന എഴുത്തുകാരുടെ വാക്കുകള്‍ കേള്‍ക്കുക അതുള്‍കൊള്ളുക എന്നതും ഒരു ലഹരിയായിട്ടാണ് ഞാന്‍ കണ്ടിട്ടിട്ടുള്ളത്. കേരളത്തിലെ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കു ഗുരുത്വം കുറഞ്ഞതും ഇതുമായി കുട്ടിവയ്ക്കാവുന്നതാണ്. ഇതു കേരളത്തിലെ കുറെ യുവഎഴുത്തുകാരിലും കാണാന്‍ സാധിക്കും. അവരുടെ രചനകളില്‍ സൗന്ദര്യ തുളുമ്പി നില്ക്കുമെങ്കിലും ഇവരില്‍ എത്രപേര്‍ക് ഒരു  കാവ്യത്തിന്‍റെ അല്മഭാവങ്ങളായ അലങ്കാരം, ശബ്ദം, ആശയം, ഗുണം, മാര്‍ഗ്ഗം, ലക്ഷ്യം, അനുകമ്പ, ഭാഷയുടെ ഭാവരൂപങ്ങള്‍, സ്നേഹം എന്നിവ അറിയാം. സാഹിത്യത്തിന് സാധാരണ ഭാഷ മതി എന്നാല്‍പോലും അവിടേയും ഒരു സര്‍ഗ്ഗപ്രതിഭയുടെ കരകൗശലമുണ്ട്.
സാഹിത്യത്തിലായാലും രാഷ്ട്രീയത്തിലായാലും മത വിഷയത്തിലായാലും പൂര്‍വ്വികര്‍ രേഖപ്പെടുത്തിയിട്ടുള്ള മഹത്തായ ചരിത്രമുണ്ട് അതൊക്കെമായിക്കപ്പെടുകയോ മറക്കപ്പെടുകയോ ചെയ്യുന്ന ഒരു സാമൂഹികാന്തരീക്ഷത്തിലാണ് ഇന്ന് കേരളം നീങ്ങുന്നത്. ശ്രീനാരായണ ഗുരു കണ്ണാടി പ്രതിഷ്ഠ നടത്തിയത് ഓരോരുത്തനും ആദ്യം കണ്ണാടിയില്‍ നോക്കി അവനവനെത്തന്നെ തിരിച്ചറിയണമെന്ന ഉള്‍ക്കാഴ്ചയോടെയായിരുന്നു ഇന്നിപ്പോള്‍ മൊബൈല്‍ യുഗത്തില്‍ സെല്‍ഫിയിലൂടെ സ്വന്തം മുഖം മിനുക്കി ലോകര്‍ക്ക് കാണാനായി സമര്‍പ്പിച്ചു കൊണ്ട് അതിന്‍റെ ലൈക്കിന്‍റെ  എണ്ണം നോക്കി പരമാനന്ദം കൊണ്ടിരിക്കുമ്പോള്‍ ആ തലമുറയ്ക്ക് ലോകത്തെ കാണാനോ സമൂഹത്തെ കാണാനോ എവിടെയാണ് നേരം.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px