കാലാന്തരങ്ങള്‍ (നോവല്‍) അദ്ധ്യായം 1 – കാരൂര്‍ സോമന്‍

Facebook
Twitter
WhatsApp
Email

കാരൂർ സോമൻ, ചാരുംമൂടിന്റെ  നോവൽ “കാലാന്തരങ്ങള്‍” ആരംഭിക്കുന്നു.

അധ്യായം-1

മോഹന്‍


നിലാവു പെയ്യുന്ന രാത്രികളെക്കുറിച്ചോര്‍ക്കുകയായിരുന്നു മോഹന്‍. കനലുപോലെ കത്തിനില്‍ക്കുന്ന കാമം ശമിപ്പിക്കാന്‍ മോഹനിഷ്ടം എന്നും നിലാവിന്‍റെ കൂട്ടായിരുന്നു. തുറന്നിട്ട ജാലകത്തിലൂടെ അരിച്ചിറങ്ങുന്ന നിലാവില്‍ ഇണയുടെ ആഴങ്ങളിലേയ്ക്കിറങ്ങുമ്പോള്‍ സുന്ദരമായൊരു ഭ്രാന്തിനൊപ്പമായിരിക്കും അയാള്‍. കനത്തു നിന്ന വികാരങ്ങളുടെ പടിയിറക്കത്തില്‍ മേഘങ്ങള്‍ മറയ്ക്കാത്ത വെള്ളിവെളിച്ചം വല്ലാത്തൊരനുഭൂതിയായി അയാളില്‍ പടരും. അത്തരം രാത്രികളില്‍ അയാള്‍ അരിച്ചരിച്ചു കയറിയ ഒരു പെണ്ണും നിറഞ്ഞുതുളുമ്പാതെ പിരിഞ്ഞിട്ടില്ല.
ഈ രാത്രിയിലും നിലാവുണ്ടാകുമോ. സോഫിയ ജോണിന്‍റെ അപ്പാര്‍ട്ടുമെന്‍റിലെ ജാലകപ്പാളികള്‍ മോഹന്‍ തുറന്നു.

ഈ ഡിസംബറിന്‍റെ കുളിര്‍മയില്‍ നിലാവില്ല. കാത്തിരിന്നു ചതിച്ചതുപോലെ വന്ധ്യമേഘങ്ങള്‍ നിലാവിനു മറയിട്ടിരിക്കുന്നു. ഇരുട്ടു മാത്രം. കനത്തുനില്‍ക്കുന്ന ഇരുട്ട് തന്നിലേക്കു ഇരച്ചു കയറുന്നതുപോലെ. തണുത്ത കാറ്റിന്‍റെ മുനകള്‍ നെഞ്ചിലേക്കാഞ്ഞു കയറുന്നു. അകലെക്കാണുന്ന നഗരത്തിരക്കിന്‍റെ ധവളിമയില്‍ നോക്കി മോഹന്‍ ജനലടച്ചു. കസേരയിലിരുന്നു സിഗരറ്റിനു തീ കൊളുത്തി. ടീപ്പോയില്‍ പകുതി നിറഞ്ഞ മദ്യക്കുപ്പി. ഗ്ലാസിലേക്കു മദ്യം അല്‍പം പകര്‍ത്തി.
ചവിട്ടിമെതിച്ചതെന്നു പോലെ തോന്നിച്ച ബെഡില്‍ സോഫിയ ഉറക്കത്തിലാണ്. അരണ്ട ബെഡ് ലാമ്പിന്‍റെ വെളിച്ചത്തില്‍ അവളുടെ നഗ്നമേനി ഹംപിയിലെ കരിങ്കല്‍ ശില്പം പോലെ. നിറം കൊടുത്ത മുടിയിഴകള്‍ നീര്‍ച്ചാലുകള്‍ പോലെ ഒഴുകിക്കിടക്കുന്നു. ചുണ്ടുകളില്‍ നുണഞ്ഞിറക്കിയ ടക്കീലക്കൂട്ടിന്‍റെ ലവണ ലഹരി തുളുമ്പിനില്‍ക്കുന്നു.

വല്ലാത്ത ജന്മം തന്നെ. തീക്കാറ്റു പോലെയാണ് സോഫിയ. കത്തിക്കയറും കാടെന്നപോലെ മനസിലും. അഴിയുന്തോറും കുരുക്കായി മാറുന്നവള്‍. അറിയില്ല എത്രകാലമിതെന്ന്. ഈ വിദേശ നഗരത്തില്‍ തനിക്കിവളെ വേണം. പിന്‍വഴികളില്‍ താന്‍ വലുതായൊന്നും അവശേഷിപ്പിക്കാറില്ല. എന്നാല്‍ മുന്നോട്ടുള്ള പാതകളില്‍ ആരോക്കെ കൂട്ടിനുണ്ടായിരിക്കുണമെന്ന ഉത്തമ ബോധ്യമുണ്ട്. ഇതൊരു പരസ്പരം വച്ചുമാറല്‍ മാത്രം. തനിക്കു വേണ്ടത് സോഫിയയുടെ ശരീരം മാത്രമല്ലല്ലോ. ഓരോ ചവിട്ടുപടിയിലും ഇവളുടെ സാന്നിധ്യം വലിയൊരു കരുത്താണ്. ഇന്ന് താന്‍ നേടിയതിന്‍റെയൊക്കെയും കാരണങ്ങളില്‍ വലിയ പങ്ക് സോഫിയയുടേതാണ്. സിലിക്കണ്‍ വാലിയിലെ ഐടി കമ്പനികളില്‍ തൊഴില്‍ തേടി നടന്ന കാലത്ത് വഴിയും വിളക്കുമായത് സോഫിയയാണ്. തന്‍റെ ദൈവം. ഭാര്യയുമൊത്തു കഴിയുന്ന വീടു പോലും സോഫിയയുടെ ദയ -മോഹന്‍ സിഗരറ്റുകുറ്റി കുത്തിക്കെടുത്തി.

അവരുടേത് ഒരു വെച്ചുമാറല്‍ തന്നെ. മോഹന് ജീവിതം കരുപിടിപ്പിക്കാന്‍ സോഫിയ വേണമായിരുന്നു. സോഫിയക്കാകട്ടെ ശരീരത്തിന്‍റെ തീ കെടുത്താന്‍ ഒരു പുരുഷനും. ആറു വര്‍ഷങ്ങള്‍ക്കു മുന്‍പ് മൂന്നാം ക്ലാസ് ഐടി ബിരുദത്തിന്‍റെ മാറാപ്പുമായി കാലിഫോര്‍ണിയയിലെ പെട്രോള്‍ ബങ്കില്‍ ദിവസക്കൂലിക്കാരനെന്ന വണ്ണം ജീവിതം മുന്നോട്ടു നീക്കിയ മോഹന് സോഫിയ നല്‍കിയത് പച്ചപ്പിന്‍റെ വലിയ സാധ്യതകളായിരുന്നു. അവള്‍ ചീഫ് കോര്‍ഡിനേറ്ററായ ഐടി കമ്പനിയില്‍ ഭേദപ്പെട്ട ശമ്പളത്തോടെ ജോലി. കമ്പനിയിലെ ഉദ്യോഗക്കയറ്റങ്ങളില്‍ മറ്റാര്‍ക്കുമില്ലാത്ത പരിഗണന. സോഫിയ മോഹന്‍റെ ജീവിതം നിര്‍ണയിക്കുകയായിരുന്നു. അകന്ന
ഒരു ബന്ധം നല്‍കിയ ഇഴയടുപ്പം പെട്ടന്നു വളരുകയായിരുന്നു. മുന്‍ ഭര്‍ത്താവിന്‍റെ അകന്ന ബന്ധുവിനു നല്‍കിയ ദയ ഒരു പക്ഷെ സോഫിയയുടെ മനസിന്‍റെ കണക്കുപറച്ചിലായിരിക്കാം.

മോഹന് അതൊന്നും തന്‍റെ വിഷയങ്ങളായി തോന്നിയിട്ടില്ല. ആരുടെയെങ്കിലും കണക്കുപറച്ചിലിന്‍റെ ഇരയായെന്ന തോന്നലും അയാള്‍ക്കുണ്ടായിട്ടില്ല. കനത്തു നിന്ന ജീവിതപ്പകപ്പില്‍ തനിക്കു ലഭിച്ച കച്ചിത്തുരുമ്പാണ് സോഫിയ. ആ ആത്മാര്‍ഥത അയാള്‍ ഇതുവരെ കാണിച്ചിട്ടുമുണ്ട്.

സോഫിയയുടെ ഒരിഷ്ടത്തിനും മോഹന്‍ എതിരുനില്‍ക്കാറില്ല. എതിര്‍പ്പ് എന്നത് സോഫിയയുടെ കാര്യത്തില്‍ മോഹനു എന്തെന്നറിയില്ല. അവള്‍ തന്നില്‍ നിന്നും സ്നേഹം തേടുന്നുണ്ടോ എന്നു പോലും അയാള്‍ ചിന്തിക്കാറില്ല. അവള്‍ക്കു താന്‍ നല്‍കുന്നത് സ്നേഹമാണോ എന്നു പോലും മോഹന്‍ സംശയിക്കാറുണ്ട്. സ്നേഹമല്ല മറിച്ച് മനുഷ്യന്‍റെ ആവശ്യങ്ങളാണ് തങ്ങള്‍ പങ്കുവയ്ക്കുന്നത് എന്നതാണ് സത്യമെന്നും അയാള്‍ക്കു തോന്നാറുണ്ട്. എങ്കിലും സോഫിയ തനിക്കു വിലപ്പെട്ടതാണെന്ന പച്ചയായ യാഥാര്‍ഥ്യം അയാള്‍ മനസില്‍ കരുപ്പിടിപ്പിച്ചിട്ടുണ്ട്.
ഇരുട്ടിനു കനമേറുന്നു. മോഹന്‍ വാച്ചിലേക്കു നോക്കി. തന്‍റെ വരവും കാത്ത് വീട്ടില്‍ അവള്‍ ഉറങ്ങാതിരിക്കുകയായിരിക്കുമോ. ആയിരിക്കണം. പതിവു പോലെയല്ല ഇന്ന്. തന്‍റെ സാന്നിധ്യം അവള്‍ ആഗ്രഹിക്കുന്നുണ്ടാകും. തന്നെ പുണര്‍ന്ന്. കണ്ണു നനയാതൊന്ന് ഉറങ്ങാന്‍ അവള്‍ കൊതിക്കുന്നുണ്ടാകും. വലിയൊരു പിരിയലിന്‍റെ നേര്‍ത്ത ഇടനാഴിയിലാണവള്‍. തിരിച്ചുവരവ് അതൊരു സത്യമൊ മിഥ്യയൊ ആകാം എന്നുപോലും കരുതാന്‍ കരുത്തില്ലാത്ത സമയം. ഒരുപക്ഷെ അവളും ഈ ഇരുളിലേക്കു നോക്കിയിരിക്കുകയാകും. തന്നോടവള്‍ പറഞ്ഞിട്ടുണ്ട്, ഇരുളിലേക്കു നോക്കുക ഒരു സുഖമാണെന്ന്. അവളുടെ ജീവിതം അറിയുന്നതുപോലെയാണ് ഇരുളെന്ന്. ഇരുളെന്നറിഞ്ഞു കൊണ്ടുതന്നെയാണ് മോഹന്‍ തന്‍റെ ജീവിതത്തിലേക്കു ബിന്ദുവിനെ ക്ഷണിച്ചത്. വലിയൊരു ഊഹക്കച്ചവടത്തിന്‍റെ സാധ്യതകള്‍ തേടിയുള്ള വിവാഹം. ആനന്ദ് ഉറക്കമായിട്ടുണ്ടാകും. അമ്മയുടെ അരികില്‍ അവനിത് അവസാന രാത്രിയാകുമോ. ഇന്ന് സോഫിയയുടെ അരികില്‍ വരരുതായിരുന്നുവോ. മോഹന്‍ ഗ്ലാസ് ചുണ്ടോടടുപ്പിച്ചു.

തന്‍റെ മനസെന്തേ ഇത്രയും വിചിത്രമായി ചിന്തിക്കുന്നതെന്നു പലപ്പോഴും മോഹനു തോന്നിയിട്ടുണ്ട്. ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകളില്‍ തന്‍റെ ചിന്തകളില്‍ പലതും അസ്വാഭാവികതയുടെ ചിതല്‍ കരണ്ടവയാണെന്നു സ്വയം തോന്നാറുണ്ട്. തനിക്കു ബിന്ദുവിനോട് സ്നേഹമുണ്ട്. സോഫിയയോടുണ്ട്, ആനന്ദിനോടുണ്ട്…. പക്ഷെ അവര്‍ ആഗ്രഹിക്കുന്നതുപോലെ തിരിച്ചുനല്‍കാന്‍ തനിക്കാവുന്നില്ല. തന്‍റെ മുഖംമൂടികള്‍ ഒരുപക്ഷെ അവരെ ആനന്ദിപ്പിക്കുന്നുണ്ടാകാം. ഏതൊരു സ്നേഹത്തിനും നിമിഷങ്ങളുടെ ആയുസു മാത്രമാണ്. അതുകൊണ്ടൂതന്നെ സ്നേഹം കൈമാറുന്ന ആ നിമിഷത്തേക്കു മാത്രമെ കടപ്പാടുകളുടെ ബന്ധനമുള്ളൂ. ആര്‍ക്കും ഒരു വേദനയും നല്‍കാതെ തനിക്കു മാത്രമായൊരു ജീവിതം. അങ്ങിനെതന്നെയാണോ… ആര്‍ക്കും ഒരു വേദനയും താന്‍ നല്‍കുന്നില്ലേ? വേദനകള്‍ നല്‍കുന്നുണ്ടാകാം- വലിച്ചുപകുതിയായ സിഗരറ്റിന്‍റെ തിളങ്ങുന്ന ചാരത്തരികളിലേക്കു മോഹന്‍ നോക്കി. പിന്നെ സിഗരറ്റിന്‍റെ കനല്‍ത്തലപ്പ് ആഷ്ട്രേയില്‍ കുത്തിയമര്‍ത്തി.

മോഹന്‍ ജീവിതമറിഞ്ഞത് ഇങ്ങനെയൊക്കെത്തന്നെയാണ്. ഓര്‍മ മനസില്‍ നുരയിട്ട കാലം മുതല്‍ ഓരോ നിമിഷത്തിലും നേട്ടങ്ങളുടെ കണക്കുക്കൂട്ടലുകള്‍ക്കൊപ്പമായിരുന്നു അവന്‍. സ്വപ്നങ്ങളില്‍ പോലും കച്ചവടത്തിന്‍റെ സാധ്യതകള്‍ തേടുമായിരുന്നു ആ മനസ്. അപ്പനും അമ്മയും സഹോദരങ്ങളുമെല്ലാം ഒരു കച്ചവടക്കൂട്ടിന്‍റെ പങ്കുകാര്‍മാത്രം. കണക്കോടു കണക്കുപറഞ്ഞ് കൃത്യമായി പങ്കുവയ്ക്കുന്നവരെയായിരുന്നു മോഹനെന്നുമിഷ്ടം. ഇന്നു വെറുക്കുന്നവരെ നാളെ നന്നായി സ്നേഹിക്കാന്‍ പഠിച്ചവന്‍. വെറുപ്പിന്‍റെയും സ്നേഹത്തിന്‍റെയും അവസാന അളവുകള്‍ ലാഭക്കണക്കുകളാക്കി മാറ്റാന്‍ ശീലിച്ചവന്‍.

മോഹന്‍ കസേരയില്‍നിന്നും എഴുന്നേറ്റു. ഗ്ലാസിലെ അവസാന തുള്ളിയും അവന്‍ വായിലേക്കു കമഴ്ത്തി. എരിഞ്ഞിറങ്ങുന്ന ദ്രാവകത്തിനു ലഹരിയുടെ ഒരു കണികപോലുമില്ലെന്നു അവനു തോന്നി.

നാളെ കുറെയേറെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാനുണ്ട്. കണക്കുകൂട്ടലിന്‍റെ ഫലസമാപ്തി അടുത്ത ദിവസങ്ങള്‍ക്കകം അറിയാം. ഒരു പക്ഷെ ലക്ഷ്യമിട്ട കാര്യങ്ങളില്‍ അപാകതയുണ്ടാകുമോ? ഉണ്ടാവില്ല. മോഹന്‍ സ്വയം ആശ്വസിക്കാന്‍ ശ്രമിച്ചു. ആശുപത്രിയില്‍ നാളെത്തന്നെ അഡ്മിറ്റാക്കേണ്ടതുണ്ട്. ഇന്‍ഷുറന്‍സ് കടലാസുകളില്‍ യാതൊരു പാകപ്പിഴകളും വരരുത്.

എല്ലാത്തിനും സഹായമായി ഡോക്റ്റര്‍ തോമസുണ്ട്. കിട്ടുന്നതില്‍ കൃത്യമായി കമ്മിഷന്‍ നല്‍കണമെന്ന കരാറില്‍.

എത്രകാലത്തെ കാത്തിരിപ്പാണ് നടക്കുവാന്‍ പോകുന്നത്. ക്രൂരതയാണിതെങ്കിലും പട്ടുപോകേണ്ട ഒരു ജീവിതത്തിനു എത്രമാത്രം സൗഭാഗ്യങ്ങളാണ് താന്‍ നല്‍കിയത്. വെറുതെയല്ല, താന്‍ നല്‍കിയ സൗഭാഗ്യങ്ങള്‍ക്കു പകരം നല്‍കാന്‍ ഇങ്ങനെയെങ്കിലും കഴിയുമെന്നത് അവളുടെ ആശ്വാസമായിരിക്കും. കത്തുന്ന സൗന്ദര്യം മാത്രമായിരുന്നില്ല താനവളില്‍ കണ്ടത്. അവളുടെ വീടിന്‍റെ ഈര്‍പ്പംതിങ്ങിയ മുറിക്കുള്ളില്‍വച്ചു നിന്നെ എനിക്കുവേണമെന്നു പറയുമ്പോള്‍ തിളങ്ങുന്ന കണ്ണുകളിലല്ലായിരുന്നു തന്‍റെ മനസ്, അവളുടെ തലച്ചോറില്‍ മൂളുന്ന താളം പിഴച്ച വളര്‍ച്ചയിലായിരുന്നു. ഇഷ്ടമായിരുന്നു അവളെ. അവളുടെ സര്‍പ്പ സൗന്ദര്യത്തെ. കൊതിയോടെ കണ്ടിരുന്നിട്ടുണ്ട്. അമേരിക്കക്കാരന്‍ പയ്യന്‍റെ ഭ്രാന്തായി മാത്രമെ പലരും ആ എടുത്തുചാട്ടത്തെ കണ്ടിരുന്നുള്ളൂ. അര്‍ബുദനാരുകള്‍ വലനെയ്യുന്ന ഒരു പെണ്ണിനെ കെട്ടാന്‍ യോഗ്യനായൊരുത്തന്‍ വന്നത് ഭ്രാന്തല്ലാതെ മറ്റെന്ത്. പക്ഷെ തന്‍റെ മനസ് ആരറിയാന്‍. ഒരു വിവാഹം വേണം. അത് ലാഭക്കണക്കില്‍ വലിയ സഖ്യകളായി തിരിച്ചുകിട്ടുമെങ്കില്‍ പിന്നെന്തിനു താന്‍ മാറിനില്‍ക്കണം. കോടികള്‍ ലഭിക്കാവുന്ന സാധ്യതകളാണ് താന്‍ കണക്കുകൂട്ടിയിരിക്കുന്നത്. ആരും ചിന്തിക്കാത്ത എന്നാല്‍ പിഴവു പറ്റാതിരുന്നാല്‍ ഏറ്റവും സാധ്യതയുള്ള ഒരു ബിസിനസ്. കണക്കുക്കൂട്ടലുകള്‍ തെറ്റുന്നില്ല. എല്ലാം കരുതിയതുപോലെയാണു മുന്നോട്ടു പോകുന്നത്. പന്ത്രണ്ടു കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി തുകയാണ് താനവള്‍ക്കു വിലയിട്ടിരിക്കുന്നത്.

പക്ഷെ തെറ്റുപറ്റിയത് അവളുടെ അച്ഛന്‍റെ സ്വത്തിന്‍റെ കാര്യത്തില്‍ മാത്രമായിരുന്നു. മരിക്കും മുന്‍പ് ആ കിഴവന്‍ എഴുതിയ വില്‍പത്രം വലിയ കുടുക്കാകുമെന്നു താന്‍ കരുതിയില്ല. മകളുടെ കാലം കഴിഞ്ഞാല്‍ സ്വത്തുകളെല്ലാം കുടുംബട്രസ്റ്റിനായി നീക്കി വച്ചിരിക്കുകയാണ്. ഇനി അത് മറ്റാര്‍ക്കെങ്കിലും കിട്ടണമെങ്കില്‍ അവളുടെ മക്കള്‍ക്കായിരിക്കുമത്രെ. കിഴവന്‍റെ വിദൂര പ്രതീക്ഷ. അവിടേയും പരാജയപ്പെടാന്‍ താന്‍ ഒരുക്കമായിരുന്നില്ല. ഏറെ ബൂദ്ധിമുട്ട് സഹിക്കേണ്ടി വന്നെങ്കിലും ബിന്ദുവിനെ ഒരമ്മയാക്കി. മകനെന്നു പറയാനായി ആനന്ദും. അവനെ തനിക്കിഷ്ടമാണ്. എല്ലാ സ്വത്തുകളുടേയും ഏക അവകാശി- മോഹന്‍ ഒരു ദീര്‍ഘനിശ്വാസമെടുത്തു.

സോഫിയ നല്ല ഉറക്കത്തിലാണ്. സമയമേറെയായിരിക്കുന്നു. ജനല്‍ക്കാഴ്ചയില്‍ വിജനമായ വഴികള്‍. വലിച്ചെറിഞ്ഞ വസ്ത്രങ്ങള്‍ വലിച്ചുകയറ്റി കാറിന്‍റെ കീയെടുത്ത് ലഹരിയുടെ ചെറിയ തരിപ്പില്‍ അവളെ വിളിച്ചുണര്‍ത്താതെ അയാള്‍ അവിടെനിന്നുമിറങ്ങി.

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *