അധ്യായം-2
സോഫിയ
വെളുത്ത കിടക്കവിരിയില്‍ അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. കണ്ണുകള്‍ തുറക്കുവാനാകുന്നില്ല. ലഹരിയുടെ കനപ്പ് കണ്‍പോളകളില്‍ ഉരുണ്ടുകൂടുന്നു. ഒരു അവധിദിനം ആഘോഷിച്ചതിന്‍റെ സകല മയക്കവും അവളുടെ അടഞ്ഞ കണ്ണുകള്‍ പറയുന്നുണ്ട്. ശരീരമാസകലം രതിയുടെ നനവുണങ്ങിയ വലിച്ചിലുകള്‍. ചെറു നീറ്റലുകള്‍. വലിയൊരു കുന്ന് കയറിയിറങ്ങി തളര്‍ന്നതുപോലെ. ചിതറിക്കിടക്കുന്ന മുടിയിഴകള്‍ക്കുപോലും ലഹരിയുടെ തളര്‍ച്ച. ബ്ലാങ്കറ്റിനുള്ളില്‍ അടരാടി പരാജയപ്പെട്ട പെണ്‍ശരീരത്തിന്‍റെ സുഖകരമായ ആലസ്യം.
സോഫിയ പതിയെ കണ്ണുകള്‍ തുറന്നു. മുറിക്കുള്ളിലെ ചുടുകാറ്റിന്‍റെ സുഖമറിഞ്ഞു കുറച്ചു നേരം കൂടി കിടന്നു. പുറത്തു മഞ്ഞുവീഴ്ച തുടങ്ങിയോ. ഇനി ധവളിമയുടെ കാലമാണ്. മഞ്ഞുപെയ്തിറങ്ങുന്ന കാലം. മഞ്ഞുകാലം സോഫിയയ്ക്കു ബാല്യകാലമാണ്. ഓര്‍മകളുടെ കാലം.
പപ്പയും മമ്മയും ഓര്‍മകള്‍ മാത്രമാണ്. വെയിലേറ്റ് അലിഞ്ഞലിഞ്ഞില്ലാതായ മഞ്ഞുപോലെ. പപ്പയും മമ്മയും എന്നാണ് തന്‍റെ ജീവിതത്തില്‍നിന്നും അലിഞ്ഞില്ലാതെയായത്. അറിയില്ല. കൃത്യമായ കണക്കുകള്‍ പ്രകാരമല്ലല്ലോ അവര്‍ ജീവിച്ചിരുന്നത്. ബാല്യകാലത്തിലെവിടെയോ സ്നേഹത്തിന്‍റെ തുരുത്തുകള്‍ അവരില്‍ കണ്ടിരുന്നതായി താന്‍ ഓര്‍ക്കുന്നുണ്ട്. ആ നല്ല കാലത്തിന്‍റെ ഓര്‍മകളില്‍ മഞ്ഞുപുതഞ്ഞ നിമിഷങ്ങളുണ്ട്. കളിക്കൂട്ടുകാരുടെ നിറക്കൂട്ടുകളുണ്ട്. കറുത്തുമെലിഞ്ഞ സ്റ്റെല്ല, ചെമ്പന്‍ മുടിക്കാരി റോസിയ, നീല സൈക്കിളില്‍ തന്നേയും കയറ്റി കുന്നിന്‍ചരിവുകള്‍ താണ്ടിയ ജോ, പ്രതിമകളുണ്ടാക്കാന്‍ തനിക്കു മഞ്ഞുകൂനയൊരുക്കിത്തന്ന ഹാരി… അങ്ങിനെ എത്രയോ പേര്‍…. ഇതു പോലൊരു തണുപ്പിലാണ് പതിനൊന്നാം വയസിന്‍റെ തിളക്കത്തില്‍ മഞ്ഞുവകഞ്ഞു മാറ്റിയ വഴിയരികിലെ ഇലകള്‍ പൊഴിഞ്ഞ പേരറിയാ മരത്തിന്‍റെ ചുവട്ടില്‍ വച്ചു തന്‍റെ ജീവിതത്തിലെ പ്രണയം നിറഞ്ഞ ആദ്യ ചുംബനം ജോ തന്നത്- സോഫിയയുടെ ചുണ്ടില്‍ നൊമ്പരം നിറഞ്ഞ ഒരു ചിരി വിടര്‍ന്നു.
പിന്നെ എപ്പോഴോ പപ്പയുടെയും മമ്മയുടെയും യാന്ത്രികമായ വിടവാങ്ങല്‍. ബോര്‍ഡിങുകളിലെ ജീവിതത്തിനിടെ ഇടയ്ക്കിടെ തേടിയെത്തുന്ന പപ്പ. മമ്മയുടെ മുഖം ഓര്‍മയിലുണ്ടോ. ഇല്ലെന്നു പറയുകയായിരിക്കും ശരി. അമേരിക്കന്‍ ജീവിതത്തിന്‍റെ സ്വാഭാവിക പരിണാമങ്ങളിലൊന്നാണ് തന്‍റേതെന്നു സോഫിയക്കറിയാം- അവള്‍ ചില്ലുപ്രതലമുള്ള ടീപ്പോയില്‍ നിന്നും സിഗരറ്റെടുത്തു കത്തിച്ചു. ലൈറ്ററിന്‍റെ നീലജ്വലയുടെ ചൂട് പുകയായി അവള്‍ ഏറ്റുവാങ്ങി. അവളുടെ ശരീരത്തിന്‍റെതായി മാറിയ സുഗന്ധദ്രവ്യ ഗന്ധത്തിനൊപ്പം മുറിയില്‍ തങ്ങി നില്‍ക്കുന്ന പുകയില ഗന്ധം തെറിച്ചു നില്‍ക്കുന്നു. വല്ലാതെ കൊതിപ്പിക്കുന്ന ഗന്ധം. മോഹന്‍ തനിക്കു നല്‍ക്കുന്ന ഗന്ധം.
മോഹന്‍ എപ്പോള്‍ പോയിക്കാണും? സമയം പത്തു കഴിഞ്ഞിരിക്കുന്നു. പാതി മയക്കത്തിനിടെ ക്ലോക്കിന്‍റെ നേര്‍ത്ത ബിഥോവന്‍ സംഗീതം കേട്ടതായി ഓര്‍ക്കുന്നു. മോഹന്‍ എന്നും ഇങ്ങനെയാണ്. തന്നെ ഉറക്കത്തിനു വിട്ടുകൊടുത്ത് ആരുമറിയാതെ പോകും. ഉണര്‍വിന്‍റ ആദ്യ നിമിഷങ്ങളില്‍ തന്‍റെ വിരലുകള്‍ അവനെത്തേടുമ്പോള്‍ ഊഷ്മളമായ ശൂന്യതയായിരിക്കും എന്നും ലഭിക്കുക. എങ്കിലും ആ ശൂന്യതയ്ക്കുമുണ്ട് വന്യമായ രതി ലഹരി. ടീപ്പോയിലിരിക്കുന്ന ഗ്ലാസില്‍ മോഹന്‍ ബാക്കിവച്ച ജാക്ക് ഡാനിയേലിന്‍റെ നിറമില്ലായ്മ തന്നെ ക്ഷണിക്കുന്നതായി സോഫിയക്കു തോന്നി. ചെറുനാരങ്ങയുടെ പുളിപ്പില്‍ ഉപ്പുരസത്തില്‍ ആ ഗ്ലാസിലുള്ള ദ്രാവകം കവിളില്‍കൊണ്ടു. അകത്തേക്കു നുരച്ചിറങ്ങിയ മദ്യക്കൂട്ടിന്‍റെ പൊള്ളല്‍ ശരീരത്തെ കുടഞ്ഞിടുന്നു. കത്തിച്ചുവച്ച സിഗരറ്റില്‍ നിന്നും നാലഞ്ചു പുകകള്‍ അകത്തേക്കാവാഹിച്ചു.
എങ്ങിനെയാണു മോഹന്‍ തന്‍റെ ജീവിതത്തിലേക്കു ഇത്രയും ആഴത്തില്‍ കടന്നു വന്നത്. ഉത്തരം കിട്ടാത്ത ചോദ്യമായി അത് പലപ്പോഴും സോഫിയയെ വിസ്മയിപ്പിക്കാറുണ്ട്. ആദ്യ ചുംബനം നല്‍കിയ ജോ മുതല്‍ മോഹന്‍ വരെ ഒട്ടേറെ പേര്‍ തന്നിലെ സ്ത്രീയെ അറിഞ്ഞും അറിയാതെയും കടന്നു പോയിട്ടുണ്ട്. അതിനിടയില്‍ പേരിനൊരു വിവാഹവും. പിരിഞ്ഞു പോയ ഭര്‍ത്താവിന്‍റെ ഓര്‍മക്കുറിപ്പിന്നെ പോലെ അഞ്ചലീന. അയാള്‍ ഇപ്പോള്‍ എവിടെയായിരിക്കും. കാറ്റിനൊപ്പം
ഒഴുകിയും ഇടയ്ക്കെവിടെയെങ്കിലും തടഞ്ഞും മുന്നോട്ടുപോയ തന്‍റെ ജീവിതത്തെ എവിടെയെങ്കിലും കുരുക്കിയിടണമെന്ന ചെറിയ ആഗ്രഹമായിരുന്നു ആന്‍ഡ്രൂവുമായുള്ള വിവാഹം. ആ പകുതി വെളുത്തവന്‍റെ സ്വപ്നങ്ങള്‍ക്കു താന്‍ ചേരില്ലെന്ന കാര്യം അധികം വൈകാതെതന്നെ അവനും താനും മനസിലാക്കി. രണ്ടു വര്‍ഷത്തിന്‍റെ ദാമ്പത്യം പിരിയുമ്പോള്‍ ഇരുവരുടേയും കണ്ണുകളില്‍ കുറ്റപ്പെടുത്തലുകളോ വൈരമോ ഇല്ലായിരുന്നു. മാന്യമായ പിരിയല്‍. മകളെ നോക്കുവാനുള്ള പണത്തിന്‍റെ കൃത്യമായ കണക്കുകള്‍ തന്നെ ഏല്‍പ്പിച്ചാണ് ആന്‍ഡ്രൂ വഴിപിരിഞ്ഞത്. ആരുടേതായിരുന്നു തെറ്റുകള്‍. അങ്ങിനെ തെറ്റുകളൊന്നും പരസ്പരം ചെയ്യാതെയായിരുന്നു ആ പിരിയല്‍. എന്തോ, പപ്പ തന്‍റെ ചെറുപ്പത്തിലെന്നോ പറഞ്ഞതുപോലെ ജാതക ചേര്‍ച്ചയുടെ കുറവായിരിക്കാം. എവിടെയോ എന്തൊക്കെയോ പാകപ്പിഴകള്‍. അത് മൂര്‍ച്ഛിക്കും മുന്‍പെ പിരിഞ്ഞത് നന്നായി. എന്നെങ്കിലും നേരില്‍ കാണുമ്പോള്‍ മുഖം തിരിക്കാതെ കടന്നുപോകാമല്ലോ.
പക്ഷെ മോഹനില്‍ താനിങ്ങനെ തടഞ്ഞുനില്‍ക്കുകയാണ്. വലിയൊരൊഴുക്കിലൂടെ വന്ന് ഏതോ കരയിലെ കളിമണലില്‍ പുതഞ്ഞു കിടക്കും പോലെ. ഇവിടെ നിന്നും മുന്നോട്ടൊഴുകാന്‍ തനിക്കാവുമോ. ഇനി സാധ്യമല്ലെന്നാണു തോന്നല്‍. എന്തു പ്രത്യേകതയാണ് തനിക്കവനില്‍ കാണാന്‍ കഴിഞ്ഞത്. ന്യൂയോര്‍ക്കിലെ പെട്രോള്‍ ബങ്കിലെ ജോലിക്കാരനായി കണ്ടുമുട്ടിയ മോഹന്‍റെ കണ്ണുകളിലെ വികാര ശൂന്യതയാണോ അവനെ തന്നിലേക്കടുപ്പിച്ചത്. ആരോടും യാതൊരു വിധേയത്തമില്ലാതെ സ്വയം ഒഴുകി നടക്കുന്ന രീതിയോ. പരിചയപ്പെടുമ്പോള്‍ കരുതിയില്ല മോഹന്‍ വിവാഹിതനാണെന്നും ഒരു കുഞ്ഞിന്‍റെ അച്ഛനാണെന്നും. ആര്‍ക്കും വേണ്ടാത്ത ഒരു ഐടി ബിരുദത്തിന്‍റെ കഥ പറഞ്ഞപ്പോള്‍ തന്‍റെ കമ്പനിയിലേക്കു മോഹനെ കൂട്ടിക്കൊണ്ടു വരികയായിരുന്നു. പഠനക്കുറവിന്‍റെ കുഴപ്പമൊന്നും മോഹന്‍ കാണിച്ചില്ല. തന്‍റെ സഹായം കൂടിയായതോടെ മോഹന്‍ കമ്പനിയിലെ അത്യാവശ്യം നല്ല ജീവനക്കാരനായി. തിരിച്ചൊന്നു മാത്രമെ ചോദിച്ചൊള്ളു. തനിക്കാവശ്യമുള്ളപ്പോള്‍ ഒരിണയായി വേണമെന്നു. പകുതി ചിരിച്ചു കൊണ്ട് മോഹനന്നു പറഞ്ഞ മറുപടി തന്നെ അത്ഭുതപ്പെടുത്തി- അതുമാത്രമെ പ്രതീക്ഷീക്കാവൂ എന്ന്. ഇന്നു വരെ ഒരു ഇണയുടെ പങ്ക് മാത്രമെ അവന്‍ പറ്റിയിട്ടുള്ളു. തന്‍റെ ജീവിതത്തിന്‍റെ മറ്റൊരിടവഴികളിലും മോഹന്‍ എത്തിനോക്കിയിട്ടില്ല. തന്‍റെ മകളെപ്പോലും ഒരിക്കല്‍ മാത്രമായിരിക്കും മോഹന്‍ കണ്ടിരിക്കുക.
അതു തന്നെയാണ് താന്‍ അന്നു പ്രതീക്ഷിച്ചത്. ഒരു പെണ്ണിനു വേണ്ടതുമാത്രം നല്‍കി മടങ്ങിപ്പോകുന്ന പുരുഷന്‍. യാതൊരു ബന്ധനങ്ങളുമില്ലാതെ ഇണയുടെ കൊതികള്‍ മാത്രം നുകര്‍ന്നു പിരിയുന്നവന്‍. മോഹന്‍ തന്നെ യഥാര്‍ഥത്തില്‍ ഇഷ്ടപ്പെടുന്നുണ്ടാകുമോ. ഉണ്ടായിരിക്കാം. ചിലപ്പോള്‍ നല്‍കിയ സഹായത്തിന്‍റെ പ്രത്യുപകാരം മാത്രമായിരിക്കാം അവന്‍റെ പ്രകടനങ്ങള്‍. എങ്കിലും കൂടെക്കിടക്കുമ്പോള്‍ അവനെപ്പോലെ ഒരുവനെ താന്‍ അനുഭവിച്ചിട്ടില്ല. ചെറുകാറ്റായ് തുടങ്ങി പ്രതീക്ഷകള്‍ക്കുമപ്പുറം കൊടുങ്കാറ്റായി ഒടുങ്ങുന്നവന്‍. ഒരിക്കലും കൊതിമാറാതെ അവനിങ്ങനെ തനിക്കു ഭ്രാന്തായി തീരുന്നുണ്ടോ?
താനെന്താ ഇങ്ങനെ ചിന്തിക്കുന്നത്. മനസുതൊടുന്ന പ്രണയങ്ങള്‍ വേണ്ടന്ന് ഒരിക്കല്‍ താന്‍ തീരുമാനിച്ചതാണ്. ആന്‍ഡ്രൂവിനു ശേഷം ഭര്‍ത്താവ് പദവിക്ക് മറ്റൊരാളെ തേടാതിരുന്നതും അതിനാലാണ്. ഇവിടെ താന്‍ പരാജയപ്പെടുന്നുണ്ടോ. ഏതു നിമിഷവും മോഹന്‍ തന്‍റെ അരികിലുണ്ടാകണമെന്ന ആഗ്രഹം തന്നില്‍ കനക്കുന്നതെന്തുകൊണ്ട്. അഞ്ചലീന വലുതാകുകയാണ്. അവളുടെ അമ്മ എന്ന സ്ഥാനം തനിക്കെന്നെങ്കിലും സത്യസന്ധമായി പുലര്‍ത്താന്‍ കഴിയുമെന്ന തോന്നല്‍ മനസില്‍ മുളച്ചതുകൊണ്ടാണോ. തന്നെപ്പോലെ അവളാകരുത് എന്ന ചിന്ത വന്നു തുടങ്ങിയിരിക്കുന്നു. അവള്‍ക്ക് പതിനൊന്നു വയസാകുന്നു. തനിക്ക് ആദ്യ ചുംബനം കിട്ടിയ സമയം. തനിക്കു ഭയമാകുന്നുണ്ട്. മകള്‍ വഴിത്തെറ്റിപ്പോകുമെന്ന ചിന്ത മനസിനെ ഇടയ്ക്കിടക്ക് മഥിക്കാന്‍ തുടങ്ങിയിരിക്കുന്നു. അവള്‍ക്ക് ഒരച്ഛന്‍റെ സംരക്ഷണം വേണം. അമ്മയുടെ നിയന്ത്രണം വേണം. അതിനു മോഹന്‍ തനിക്കു കൂട്ടാകുമോ.
ബിന്ദുവിന്‍റെ രോഗവിവരം അറിഞ്ഞ മുതല്‍ തന്‍റെ മനസ് അറിയാതെ സന്തോഷിച്ചത് എന്തുകൊണ്ടാണ്. ഒരു പകരക്കാരിയുടെ വേഷം മോഹന്‍റെ ജീവിതത്തിനു തുണയാകുമെങ്കില്‍
അതൊരു നല്ല കാര്യമാകുമോ. നല്ലത്… ചീത്ത… അങ്ങിനെയൊന്നുമില്ല. സോഫിയ ഒരു പകരക്കാരിയാകാന്‍ ഒരിക്കലും ആഗ്രഹിക്കുന്നില്ല. കണക്കുപറയുമ്പോള്‍ പരസ്പരം നഷ്ടമില്ലാതെ ജീവിക്കണം. ജീവിതവഴികളില്‍ ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ അത് തിരഞ്ഞെടുത്തു ശീലിക്കുന്നവരാണ് മിക്കവരും. എങ്കിലും മകള്‍ക്കുവേണ്ടി തന്‍റെ മനസ് തപിച്ചു തുടങ്ങിയിരിക്കുന്നു. മോഹനു വേണ്ടി തന്‍റെ ഹൃദയം തുടിച്ചു തുടങ്ങിയിരിക്കുന്നു. താനൊരു യഥാര്‍ഥ അമ്മയും ഭാര്യയുമാകാന്‍ കൊതിക്കുകയാണോ- സോഫിയയുടെ മനസു വല്ലാതെ കനത്തു വന്നു.
മോഹനെ ഇത്രയും നേരം പിടിച്ചുനിര്‍ത്തേണ്ടിയിരുന്നില്ലെന്നു സോഫിയക്കു തോന്നി. താന്‍ നിര്‍ബന്ധിച്ചതു കൊണ്ടാണോ മോഹന്‍ ഇന്നിവിടെ വന്നത്. ഉച്ചയ്ക്കു വരുമ്പോള്‍ വേഗം പിരിയാമെന്നാണു കരുതിയത്. മദ്യലഹരിയില്‍ പരസ്പരം മറന്നപ്പോള്‍ സമയം പോയതറിഞ്ഞില്ല. നാളെയാണ് ബിന്ദുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഭര്‍ത്താവിന്‍റെ സാമീപ്യം വല്ലാതെ ആഗ്രഹിക്കുന്നുണ്ടാകും ആ പെണ്ണ്. അളക്കാനാവാത്ത ശൂന്യതയുടെ മുന്നിലായിരിക്കും ബിന്ദു. ഒരാശ്വാസമായി മോഹന്‍ അവിടെ ഉണ്ടാകണമായിരുന്നു. ബിന്ദുവിനു മോഹന്‍ നല്‍കുന്ന ഏറ്റവും വലിയ ദയകളിലൊന്നാകുമായിരുന്നു അത്. ബിന്ദുവിന്‍റെ മനസ് എങ്ങിനെയായിരിക്കുമിപ്പോള്‍. മരണത്തെക്കുറിച്ചു താനിതുവരെ ആലോചിച്ചിട്ടുണ്ടോ. ഇരുളു പോലെ ഒന്ന്. അത് എപ്പോള്‍ വേണമെങ്കിലും വരാം എന്നൊരു ചിതറിയ ചിന്ത മാത്രം. അത് നാളെ നാളെയെന്നു കരുതി ആശ്വസിക്കാം. പക്ഷെ ഇന്നത് ബിന്ദുവിന്‍റെ തൊട്ടുമുന്നില്‍ നില്‍ക്കുകയാണ്.
അവര്‍ക്കൊപ്പം ആശുപത്രിയില്‍ പോകണം. വലിയൊരാശ്വാസമായിരിക്കും അവര്‍ക്ക്. നാളെ അവധിയെടുക്കണം- സോഫിയ കിടക്കയില്‍നിന്നെഴുന്നേറ്റു. ബാത്ത് കാബിനിലേക്കു നടന്നു.