സാധാരണക്കാര്‍- സോഷ്യല്‍ മീഡിയ പരിചയം പോലുമില്ലാത്ത മനുഷ്യര്‍ – ഉള്‍പ്പെടെയുള്ള വലിയ ഒരു വായനാ സമൂഹമമാണ് യഥാര്‍ഥത്തില്‍ ദിനപത്രങ്ങളെ ഇക്കാലത്ത് നിലനിര്‍ത്തുന്നത്. എന്നാല്‍ ഇന്ന് തികച്ചും അവിശ്വസനീയമായ രീതിയില്‍, പൂര്‍ണ്ണമായ വ്യാജവാര്‍ത്തകള്‍, ആദ്യ പേജില്‍ പ്രമുഖ പത്രങ്ങള്‍ നല്‍കി കണ്ടു..! ഫെബ്രുവരി ഒന്ന് മുതല്‍ ഡിജിറ്റല്‍ കറന്‍സി മാത്രം, ഒരു ലക്ഷം ആളുകള്‍ ആഴക്കടലില്‍ താമസം ആരംഭിക്കുന്നു എന്നിങ്ങനെ പോകുന്നു ഈ വ്യാജ വാര്‍ത്തകള്‍.
കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റിക്ക് വേണ്ടി നടത്തിയ മാര്‍ക്കറ്റിംഗ് ഫീച്ചറാണ് ഈ വാര്‍ത്തകള്‍ എന്ന് – 2050 ലെ സാങ്കല്പിക വാര്‍ത്തകള്‍ ആയാണ് ഇവ നല്‍കിയിട്ടുള്ളത് എന്ന് – വളരെ ശ്രദ്ധിച്ചാല്‍ മാത്രമേ മനസ്സിലാകൂ. സ്വന്തം വിശ്വാസ്യത ഇത്രയും ബാധിക്കുന്ന വിധം പത്രങ്ങള്‍ മാര്‍ക്കറ്റിംഗ് പരിപാടികളിലേക്ക് നീങ്ങുന്നത് എത്രമാത്രം ആശാവഹമാണ്? സ്വന്തം വായനക്കാരെ കബളിപ്പിച്ച് പണം നേടുന്നത് ഉചിതമാണോ എന്ന സന്ദേഹം സ്വാഭാവികമായും ഉയരുന്നു.








