ദാഹമാണ് നമുക്ക് വിശപ്പിനേക്കാള്‍ ഏറെ തീവ്രകരമായ അനുഭവം. വേഴാമ്പല്‍ മഴ കാത്തിരിക്കുന്നതാണ് ദാഹത്തോടു ബന്ധപ്പെട്ട ഏറ്റം ഹൃദയഹാരിയായ പ്രതീകം. ദാഹം തൊണ്ടയിലനുഭവപ്പെടുന്ന ഒരു തോന്നലെന്നതിലുപരി നമ്മുടെ വിവിധ ജീവിത തലങ്ങളില്‍ നേരിടുന്ന തീവ്രവികാരം കൂടെയാണ്.
പഞ്ചേന്ദ്രിയങ്ങളില്‍ അന്തര്‍ലീനമായ ചില ദാഹങ്ങളാണ് നമ്മുടെ ജീവിതാന്ത്യം വരെ അനുഭവിക്കേണ്ടി വരുന്ന ശാരീരിക ദാഹങ്ങളില്‍ പ്രധാനം. കണ്ണിനു കാണാനും കാതിനു കേള്‍ക്കാനും ത്വക്കിന് സ്പര്‍ശിക്കാനും സ്പര്‍ശിക്കപ്പെടാനും മൂക്കിന് ഗന്ധമാസ്വദിക്കാനും നാവിന് രുചിക്കാനും പ്രകൃത്യാ തന്നെ ദാഹമുണ്ട്.
ഈ ഇന്ദ്രിയ ദാഹങ്ങളുടെ ഭാഗമാണ് അസൂയ, ജഡികാസക്തി, ദ്രവ്യാഗ്രഹം, കൊതി തുടങ്ങിയവ. പഞ്ചേന്ദ്രിയ കവാടങ്ങളിലൂടെ നമ്മുടെ ഉള്ളിലെത്തുന്ന ദാഹ വികാരങ്ങളെ വേണ്ട വിധം നമുക്ക് നിയന്ത്രിക്കാനായാല്‍ സ്വയം ജയിക്കാനാകും. ഇന്ദ്രിയ ദാഹങ്ങള്‍ ശമിപ്പിക്കാന്‍ മാത്രമായി നാം നമ്മുടെ ജീവിതത്തെ ചുരുക്കിക്കളയരുത്.








