ചിലരങ്ങനെയാണ് – രജനി സുരേഷ്

Facebook
Twitter
WhatsApp
Email

പാലക്കാട് ജില്ലയിലെ ആ ഗ്രാമത്തെ ലക്ഷ്യമാക്കിയാണ് കാറ് നീങ്ങുന്നത്. അടുത്തു പരിചയമുള്ള സുഹൃത്തുക്കളോടൊപ്പം പുറപ്പെട്ടു. പത്രവാർത്തയുടെ നിജസ്ഥിതി അറിയണം.

കലാകാരികളായ മൂന്നു സഹോദരിമാരുടെ അവസ്ഥ വിവരിച്ചു കൊണ്ടാണല്ലോ പത്രത്തിൽ പടം വന്നത്. മുഖശ്രീയുള്ള മൂന്നു കുട്ടികളുടെയും നിഷ്കളങ്ക ഭാവം കണ്ണിൽ നിന്ന് വേർപെടുത്തുവാൻ കഴിയുന്നില്ല. സഹതാപവും സ്നേഹവും എല്ലാം കൂടിക്കലർന്ന ആർദ്രത പാലക്കാട് ഗ്രാമത്തിലേയ്ക്കുള്ള യാത്രയിൽ കൊണ്ടെത്തിച്ചിരിക്കുക
യാണ്.

പാലക്കാട് ടൗൺ എത്തുന്നതിനു മുൻപെ ഗ്രാമത്തിലെ ഇടുങ്ങിയ പാതയിലേക്ക് കയറിയ കാറിന്റെ സഞ്ചാരഗതി മന്ദീഭവിക്കുവാൻ തുടങ്ങി. കാറിൽ ഒപ്പമുണ്ടായിരുന്ന സന്നദ്ധ പ്രവർത്തകർക്ക് ഇതൊന്നും പുത്തരിയല്ല എന്ന് ഭാവ പ്രകടനങ്ങളിൽ നിന്ന് മനസ്സിലായി. കുറച്ചു ദൂരം സഞ്ചരിച്ചതിനു ശേഷം തുടർന്ന് കുത്തനെയുള്ള കയറ്റമാണ്. കാറ് കയറ്റം കയറുവാൻ പണിപ്പെടുന്നുണ്ട്. ഒന്നു തെന്നിയാൽ മതി, അഗാധ ഗർത്തത്തിലേക്ക് പതിക്കുവാൻ !

ഒപ്പമുണ്ടായിരുന്ന സേതുപതിയുടെ ആവശ്യപ്രകാരം ഡ്രൈവർ ഒരു കുന്നിന്റെ മുകൾ പരപ്പിൽ കാർ നിർത്തിയിട്ടു. തുടർന്നുള്ള യാത്ര മണ്ണിട്ട് കുണ്ടും കുഴിയുമുള്ള പാതയിലൂടെയാണ്. അതിനു കാറ് പറ്റില്ലെന്നും അവിടെ നിർത്തിയിട്ടിരിക്കുന്ന ഒരു ജീപ്പിൽ എല്ലാവരും കയറാനും സേതുപതി പറഞ്ഞതിൻ പ്രകാരം വീണ്ടും മുകൾത്തട്ടിൽ നിന്ന് കൂടുതൽ ഉയരങ്ങളിലേക്ക് ജീപ്പിൽ യാത്ര തുടർന്നു.

ജീപ്പ് ഓടിച്ചിരുന്നത് അവിടെ കാത്തു നിന്നിരുന്ന ഒരു ഉയരം കുറഞ്ഞ മനുഷ്യനാണ്. സേതുപതി ഈ യാത്രയുടെ വിശദാംശങ്ങൾ ആരാഞ്ഞ് നേരത്തെ തന്നെ ജീപ്പ് തയ്യാറാക്കി നിർത്തിയതാണെന്ന് മനസ്സിലായി.

ചെമ്മൺ പാതയുടെ ഇരുവശത്തും ഉരുളൻ കല്ലുകൾ കൂട്ടിയിട്ടിരിക്കുന്നു. എവിടെയും ഒരു മനുഷ്യ ജീവിയെ കാണുന്നില്ല. നട്ടുച്ചയ്ക്കുള്ള പൊരി വെയിൽ യാത്രാ സംഘത്തിന് ദാഹവും ക്ഷീണവും വർദ്ധിപ്പിക്കുന്നുണ്ട്. യാത്ര തുടങ്ങുമ്പോൾ എടുത്തു വെച്ച കെറ്റിലിലെ വെള്ളം തീരാറായിരിക്കുന്നു.

ജീപ്പു ഡ്രൈവർ പരിചിതമായ വഴികളിൽ കൂടി വണ്ടിയോടിക്കുകയാണെന്ന് ലാഘവത്തോടെയുള്ള ആ ഇരിപ്പു കണ്ടാൽ മനസ്സിലാക്കാം.

കുന്നിൻ ചെരിവുകളിൽ ധാരാളം പറങ്കിമാവുകൾ പൂത്തു കായ്ച്ചു നിൽക്കുന്നുണ്ട്. നീളമുള്ള ളോഹ പോലെ മാറിനു മുകളിൽ കറപിടിച്ച മുണ്ടുകൾ ചുറ്റി രണ്ടു മൂന്നു സ്ത്രീകളെ വഴിയരികിൽ കാണുകയുണ്ടായി. പറങ്കിമാങ്ങ ചപ്പിക്കുടിക്കുന്ന ഒരു സ്ത്രീയുടെ മാറത്തെ മുണ്ടു വകഞ്ഞു മാറ്റി കഴുത്തിൽ കെട്ടിയ തോർത്തു മുണ്ടിന്റെ കൈ താങ്ങിലിരിക്കുന്ന കുഞ്ഞ് അവളുടെ മുല ചപ്പുന്നു. ഇടിഞ്ഞു തൂങ്ങിയ മുലയുടെ ഞെട്ടു തപ്പിയെടുത്ത് കുഞ്ഞ് തന്റെ വിശപ്പകറ്റാൻ പാടുപെടുന്നു. സേതുപതിയുടെ നിർദ്ദേശപ്രകാരം ഏകദേശം മേടിനു മുകളിലെത്തിയപ്പോൾ ജീപ്പു നിർത്തി. വഴിയരികിൽ കാണുന്ന കാഴ്ചകൾ എല്ലാം ദാരിദ്ര്യം വിളിച്ചോതുന്നവ തന്നെ. ആ സ്ത്രീയ്ക്ക് നാലാളുകൾ ജീപ്പിൽ നിന്നിറങ്ങിയതു കണ്ടിട്ടും യാതൊരു ഭാവഭേദവുമില്ല. തന്റെ കുഞ്ഞിന്റെ നെറ്റിയിലും ചുണ്ടിലും ഇടയ്ക്കിടയ്ക്ക് ഒരു മുത്തം കൊടുത്ത് പറങ്കിമാങ്ങ ചപ്പുന്ന പ്രവൃത്തി തുടരുന്നു.

ഒന്ന് ദാഹം ശമിപ്പിച്ച് വിശ്രമിച്ചതിനു ശേഷം വീണ്ടും ജീപ്പിൽ കയറി യാത്ര തുടർന്നു. ഉയർന്ന മലമ്പ്രദേശത്തിൽ അവിടവിടെയായി കുടുസ്സു വഴികൾ. ഒരു വഴിയിലേക്ക് ജീപ്പ് ഇടുങ്ങി പ്രവേശിച്ചു. കുറച്ചു ദൂരം സഞ്ചരിച്ചപ്പോൾ കാൽനടവഴിയുടെ അടയാളം മാത്രമായി ഒറ്റയടിപ്പാത നീണ്ടുനിവർന്നു കിടക്കുന്നു.

ചുറ്റുമുള്ള പറങ്കിമാവുകളിൽ നിന്നു വീണ പറങ്കിമാങ്ങകൾ ചീഞ്ഞ് ദുർഗന്ധം അനുഭവപ്പെടുന്നുണ്ട്. കല്ലുവെട്ടു കുഴികളിൽ പാതി നഗ്നരായി ആൺ പെൺ ഭേദമില്ലാതെയുള്ള കുട്ടിപ്പട്ടാളം അടിവസ്ത്രം മാത്രം ധരിച്ച് കളിക്കുന്നു. ചില പെൺകുട്ടികളുടെ ശരീരം പൂർണമായും മറയ്ക്കപ്പെടാതെ കണ്ടപ്പോൾ ചെറിയ ഭീതിയും ആശങ്കയും ഉണ്ടാകാതെയിരുന്നില്ല. മ്ലാനവദനങ്ങളാണ് മിക്കതും.

പറങ്കിമാങ്ങാക്കാട്ടിലൂടെ ഊർന്നിറങ്ങി ലക്ഷ്യസ്ഥാനത്തെത്തുമോ എന്ന ഭയപ്പാടോടെ സേതുപതി ക്കും സംഘത്തിനുമൊപ്പം ആഞ്ഞു നടന്നു. സേതുപതി തന്നോടൊപ്പമുള്ളവരെ പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹത്തിന്റെ നടത്തത്തിന്റെ വേഗത കുറഞ്ഞതിൽ നിന്നും മനസ്സിലാക്കാം.

ജീപ്പു ഡ്രൈവർ തന്നെയാണ് മുന്നിൽ സംഘത്തെ നയിക്കുന്നത് .
“മാഡം … ഇനി കുത്തനെയുള്ള ഇറക്കമാണ് ; വഴിയില്ല. “ഡ്രൈവർ പറഞ്ഞതു കേട്ട് ഞെട്ടിപ്പോയി. പേടിച്ച് സേതുപതിയെ നോക്കി. തങ്ങളുടെ സംഘത്തിലെ മറ്റു രണ്ടു യുവ സാഹസികരോടൊപ്പം ഒത്തുപിടിച്ചു പോകാമെന്ന ബലത്തിൽ സേതുപതി ഒന്ന് മന്ദഹസിച്ചു.

“മാഡം …. ഇവിടെ നിൽക്കുന്നതാണ് നല്ലത്. ഞങ്ങൾ തിരിച്ചു വരുന്നതു വരെ ഈ കാണുന്ന പാറയിൽ ഇരുന്ന് വിശ്രമിച്ചോളു. “ഡ്രൈവറുടെ അടുത്ത പരാമർശം കേട്ട് ഭയപ്പെട്ട് ചുറ്റും നോക്കി. കനത്ത നിശ്ശബ്ദത … ഒരു മനുഷ്യ ജീവി പോലുമില്ല. കൊന്നിട്ടാൽ അറിയില്ല.

ദൈവമേ… ഈ കാട്ടിൽ അകപ്പെട്ട് ചാവാനാണോ ഇവിടം വരെയെത്തിയത്? ആ പത്രവാർത്തയും കുട്ടികളുടെ അരുമ മുഖവും വീണ്ടും മനസ്സിലോടിക്കയറി.

“സേതുപതി … ഞാൻ വരുന്നുണ്ട്. ആ കുട്ടികളെ കണ്ട് ലക്ഷ്യം നേടുന്നതു വരെ ” എന്ന് ഉറപ്പിച്ച് പറഞ്ഞപ്പോൾ സേതുപതി ഡ്രൈവറെ നോക്കി. അയാൾ ഒന്നും മിണ്ടുന്നില്ല.

“മാഡം നമ്മുടെ കൂടെ വരട്ടെ. യാത്രാ സംഘം ഒരുമിച്ച് ലക്ഷ്യത്തിലെത്താം. “സേതുപതി പറഞ്ഞതു കേട്ട് യുവ സംഘാംഗങ്ങൾ സഹായവുമായെത്തി.

കുത്തനെയുള്ള ഇറക്കത്തിലെത്തിയപ്പോൾ യുവസംഘങ്ങൾ ഓടിയിറങ്ങി. സേതുപതി സാഹസപ്പെട്ട് ചരിഞ്ഞിറങ്ങി. ചപ്പിലകളിൽ കാലുറയ്ക്കുന്നില്ല. ദൈവത്തെ വിളിച്ച് ചപ്പിലകളിൽ ഇരുന്നു കൊടുത്തു. കണ്ണടച്ചു പ്രാർത്ഥിച്ചു. ഉരസി താഴേയ്ക്ക് പതിച്ചു. കണ്ണ് തുറന്നപ്പോൾ സേതുപതിയും സംഘാംഗങ്ങളും ചിരിയമർത്താൻ പാടുപെടുന്നുണ്ട്.

കുടിലിലേക്ക് വഴിപോലുമില്ലാതെ ഇവർ എങ്ങനെയിവിടെ താമസിക്കുന്നു!!

ആത്മഗതമെങ്കിലും അതിനു ഡ്രൈവർ മറുപടി പറഞ്ഞു.
“മാഡം… അവർക്ക് കുരങ്ങുകളെപ്പോലെ മരങ്ങളിൽ തൂങ്ങിയും കുട്ടിച്ചാത്തന്മാരെപ്പോലെ കുത്തനെയുള്ള ഭൂമിയിൽ ഓടിക്കയറിയും എല്ലാം ശീലമാണ്. അവർക്ക് ഈ കാട്ടു പ്രദേശം വിട്ടു പുറത്തുകടന്നിട്ടും കാര്യമില്ലല്ലോ”.ഡ്രൈവറുടെ മറുപടി കേട്ട് സേതുപതി ചോദിച്ചു.

“അതെന്താ…? ”

” കയ്യിൽ കാശു വേണ്ടെ? ഈ പറങ്കിമാങ്ങച്ചാറും ഇടയ്ക്കെങ്ങാനും കിട്ടുന്ന റേഷനരിയും പിന്നെ ചാരായവും പട്ടിണിയും പരിവട്ടവുമായി ഒരുപറ്റം മനുഷ്യക്കോലങ്ങൾ . ”

ഡ്രൈവർ പറയുന്നതു കേട്ട് ഒരു നിമിഷം നിന്നു .പിന്നെ ചപ്പിലകളിലൂടെ ഓടി സംഘത്തിന്റെ അടുത്തെത്തി.

കാലിൽ നിന്ന് ചോരയൊലിക്കുന്നുണ്ട്. മുള്ളുകൊണ്ട് കോറിയും കുറ്റിച്ചെടികളുടെ മൂർച്ചയുള്ള കമ്പുകൊണ്ടും അവിടവിടെ നീറ്റൽ അനുഭവപ്പെടുന്നു.

” ഇനിയുള്ള ഇറക്കത്തിലാണ് അവറ്റകൾ കൂട്ടം കൂടി കഴിയുന്നത്. “വഴിയിൽ നിന്ന് യാത്രയിൽ ഒപ്പം കൂടിയ ഒരു പൊതു പ്രവർത്തകന്റെ പറച്ചിൽ കേട്ട് സേതുപതി ചോദിച്ചു.
“അവറ്റകളോ …? അതാരാ .. അവർ മനുഷ്യരല്ലേ ?”

” ജീവിതം മൃഗതുല്യമാണ് സാർ. അതിൽ നിന്ന് ആ മൂന്നു പെൺകുട്ടികളെങ്കിലും രക്ഷപ്പെടണം. ” ഡ്രൈവറുടെ വാക്കുകൾ ചെവിയിൽ പ്രകമ്പനം കൊണ്ടു.

ഇപ്രാവശ്യം ചാഞ്ഞു കിടക്കുന്ന ഒരു വള്ളിയിൽ പിടിച്ച് ആ ചരിവ് സാഹസികമായി ഇറങ്ങി. സംഘാംഗങ്ങളും ഡ്രൈവറും ഹൃദയം തുറന്ന് അഭിനന്ദനം അറിയിച്ചു.

ഒരു ഇടിഞ്ഞു പോയ കുടിലിന്റെ മുന്നിലാണ് ചെന്നെത്തിയത്. കുറേയേറെ വള്ളിപ്പടർപ്പുകൾ . അതിനിടയിൽ മൂന്നോ നാലോ ദ്രവിച്ചു പഴകിയ ചെങ്കല്ലുകൾ … അതിനു നടുവിൽ മാംസപിണ്ഡം പോലെ ആരോ ചുരുണ്ടു കിടക്കുന്നു.

ഡ്രൈവർ സേതുപതിയോടൊപ്പം അവിടെയെത്തി.
“കല്യാണീ …നിന്റെ മക്കളെ കാണാൻ വന്നവരാ … പത്രത്തിൽ വാർത്ത വന്നില്ലേ … അതു കണ്ടിട്ട്. ”

ഒരനക്കവുമില്ല..

” കുടിച്ച് കൂത്താടി നടന്ന് മാറാ രോഗിയാണ്. എങ്ങനെ എണീ ക്യാനാ …” ഡ്രൈവർ പരിതപിച്ചു.

“കല്യാണി … കൊറച്ച് ഏമാൻമാര് വന്ന് നിന്റെ മൂന്നു പെൺമക്കടെ പടം എടുത്തില്ലേ… അതു കണ്ടു വന്നവരാ . ”
മാംസപിണ്ഡം എന്നു കരുതിയ ശരീരം ഒന്നിളകി.

“മൂന്നിനേം കൊണ്ടോയ്ക്കോട്ടെ . ഇവിടെന്തിനാ …”
ഡ്രൈവർ ഞങ്ങളെ മാറി മാറി നോക്കി.

“മൂന്നിനേം കൊണ്ടോയ്ക്കോളാനാ പറഞ്ഞത്. സമ്മതം കിട്ടി. ”

” അവരെവിടെ ? കുട്ടികൾ … “സേതുപതി ഭീതിയോടെ ചോദിച്ചു.
” ആ താഴത്തെ കുടീല്ണ്ട് …. അവക്കടെ മാമനാ.” കല്യാണിയുടെ പ്രതികരണം നേർത്ത മൂളലായി ഒതുങ്ങി.

ഡ്രൈവർ കാണിച്ച കുടിലിനെ ലക്ഷ്യമാക്കി നീങ്ങുമ്പോൾ ചങ്കു പിടയ്ക്കുകയായിരുന്നു.
അവിടെ അരയിൽ കീറത്തുണി ചുറ്റിയ എല്ലും തോലുമായ ഒരു മനുഷ്യൻ പുറത്തിരിപ്പുണ്ട്.

“കല്യാണീടെ മക്കളെ വളർത്താൻ വന്നോരാ .. ” ഡ്രൈവർ പരിചയപ്പെടുത്തി.

“കടലാസും കാര്യങ്ങളും ഒക്കെ അവർ നേരത്തെ ശരിയാക്കീട്ടുണ്ട്. ഇപ്പൊ കൊണ്ടോവാൻ വന്നതാ.”
അയാൾ കേൾക്കാത്ത മട്ടിലിരുന്നു.

ഡ്രൈവർ വീണ്ടും പറഞ്ഞു.
“കല്യാണ്യേയ്… അവക്കടെ മക്കളെ ഈ ഏമാൻമാരോടൊപ്പം അയയ്ക്കണം മണിയാ… കുട്ട്യോളെ വിളി . ”
ചെറ്റക്കുടിലിൽ നിന്ന് കാഴ്ചയിൽ ഒന്നോ രണ്ടോ വയസ്സു വ്യത്യാസം തോന്നിക്കുന്ന മൂന്നു പെൺകുട്ടികൾ തലയിട്ടു പുറത്തേയ്ക്കു നോക്കി.

പത്രത്തിൽ കണ്ട അരുമ മുഖങ്ങൾ .. അവരെ സ്നേഹപൂർവം കൈകാട്ടി വിളിച്ചു. കീറിപ്പറിഞ്ഞ ഉടുപ്പുമിട്ട് മൂവരും പുറത്തു വന്നു.

മണിയന്റെ കണ്ണ് മൂത്ത കുട്ടിയുടെ ശരീരത്തിലാണ് . അവൾ തല താഴ്ത്തി നിൽക്കുന്നു. മൂന്നു മക്കളേയും കൈക്കുള്ളിൽ ഒതുക്കി .
കഴുകൻ കണ്ണുള്ള മാമൻ . കുറച്ചുനേരം കൂടി ഇവിടെ നിന്നാൽ …

ഒരു കെട്ടു ചുള്ളിക്കമ്പുമായി ഒരു പെണ്ണും കാരിരുമ്പിന്റെ കറുപ്പുള്ള രണ്ട് ആണുങ്ങളും കുടിലിന്റെ മുറ്റത്തു വന്നു.

“കൊടിച്ചീ… ഈ മക്കളെ ഈ ഏമാൻമാര് കൊണ്ടുപോവാ …കടലാസ്സൊക്കെ ശരിയാക്കീട്ട്ണ്ട്. ”
കൊടിച്ചി ഒന്നും മിണ്ടാതെ ഉറഞ്ഞുതുള്ളി ഉള്ളിലേക്കു പോയി.

വാടീ ഇവടെന്ന് ആക്രോശിച്ച് ആണുങ്ങൾ പെൺകുട്ടികളെ കടന്നു പിടിച്ചു.

” വിടടാ ആ കുട്ടികളെ … ” ഡ്രൈവറുടെ ആജ്ഞ കേട്ട് ആണുങ്ങൾ കുട്ടികളെ പിടി വിട്ടു.

“തന്തേടെ തനിനെറം …. കണ്ടില്ലേ രണ്ടിന്റേം നോട്ടോം ഭാവോം. ”
പെൺകുട്ടികളെ ആർത്തിയോടെ നോക്കുന്ന മണിയന്റെ അതേ കണ്ണുകൾ …അഴുകിയ കണ്ണുകൾ.

“ദൈവമേ … ഇത്രയും കാലം ഈ കുട്ടികൾ … ഇവിടെ. ”

സേതുപതി പറഞ്ഞു. “പേടിക്കേണ്ട … അവർ സുരക്ഷിതരായിരുന്നു. ഇത്ര നേരവും നമ്മോടൊപ്പമുള്ള ഡ്രൈവർ സജീവൻ മാസ്റ്റർ കുട്ടികളുടെ രക്ഷകനാണെന്നു പറയാം.
യു.പി.സ്കൂൾ അധ്യാപകനായ അദ്ദേഹത്തിന്റെ നൻമയാണ് നമ്മെ ഇവിടെ എത്തിച്ചത്. ഇവിടുത്തെ കലക്ടറുമായി ബന്ധപ്പെട്ടു തന്നെയാണ് അദ്ദേഹം ഇത്രയും വിദഗ്ദ്ധമായി കാര്യങ്ങൾ നടത്തിയത്. ”

കൂടുതലും തിരിച്ചു വരവിലാണറിഞ്ഞത്. പെൺകുട്ടികളുടെ അമ്മ കല്യാണി പറങ്കിമാങ്ങച്ചാറ് മൺകുടത്തിലാക്കി ഭൂമിയിൽ കുഴിച്ചിടുമത്രെ. അത് വീര്യമേറിയ ലഹരിയാക്കി മാറ്റിയെടുത്ത് , കുടിച്ച് ബോധം നശിച്ച് വഴിയരികിൽ കിടക്കു മത്രേ. ആളുകൾ എടുത്ത് താങ്ങി കുടിലിൽ ആക്കുമ്പോൾ പേടിച്ച് വിറച്ചു നിൽക്കുന്ന അരുമക്കിടാങ്ങൾ. രണ്ടു വർഷമായി കുട്ടികളുടെ അപ്പൻ മുണ്ടീര ചത്തിട്ട്. പഠനം അന്ന് നിർത്തിയതാണ്. ചില നാട്ടുകാരുടെയും ഹൃദയാലുക്കളുടെയും കാരുണ്യം കൊണ്ട് രണ്ടു വർഷം എങ്ങനെയോ തള്ളിനീക്കി. പത്രത്തിൽ വന്ന വാർത്ത ആരുടെയും കരളലിയിക്കും. മനോഹരമായി പാടുന്ന പെൺകുട്ടികൾ ശരീരം മറയ്ക്കുവാൻ ഉടുതുണിയില്ലാതെ … തല ചായ്ക്കാൻ ഒരു കൂരയില്ലാതെ …അപ്പൻ മുണ്ടീരയും നന്നായി പാടുമായിരുന്നത്രെ.

ജീപ്പിൽ നിന്നിറങ്ങി. പെൺകുട്ടികളെയും കൊണ്ട് കാറിൽ കയറുമ്പോൾ മഹാനുഭാവനായ സജീവൻ മാഷെ ആദരവോടെ കൈകൂപ്പി. അയാൾ ഹൃദ്യമായൊന്ന് പുഞ്ചിരിച്ചു.

കാറിൽ കയറിയ സേതുപതിയുടെ ആത്മഗതം ഉയർന്നു കേൾക്കാമായിരുന്നു.
“ചിലരങ്ങനെയാണ് ….”

“എങ്ങനെ ….?” യാന്ത്രികമായി ചോദിച്ചു.

” സജീവൻ മാഷെപ്പോലെ … സഹാനുഭൂതിയുള്ള വിവേകികളായ മനുഷ്യരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നവർ . ”

” മറ്റു ചിലർ സേതുപതിയെ പോലെയും . ”

സേതുപതിയുടെ ചിരി കാറിനുള്ളിലെ നിസ്സംഗതയെ തളർത്തി.

നാം അറിയാതെ ആടുന്ന ജീവിത വേഷങ്ങളുമായി കുറേയേറെ മനുഷ്യർ.

രജനി സുരേഷ്

About The Author

8 thoughts on “ചിലരങ്ങനെയാണ് – രജനി സുരേഷ്”
 1. ടീച്ചറുടെ പതിവ് വള്ളുവനാടൻ ശൈലിയിൽനിന്നും വ്യത്യസ്തമായി പൊന്നാനി ക്യാൻവാസിലേക്കുള്ള പകർച്ച ഒരത്ഭുതം തന്നെ. കഥയിലൊരു ഉറൂബിയൻ ടച് ഉള്ളതുപോലെ തോന്നി.

 2. The story made me to feel like I also want to help someone 😄 it was simply amazing Rajani miss 😄

 3. സമൂഹത്തിന്റെ നേരെ നീട്ടി പിടിച്ച കണ്ണാടിയാണ് ഈ കഥ എന്ന് പറയാം . വാളയാറിലെ സംഭവങ്ങൾ ഓർമ്മ വന്നു. ചുരുക്കം ചില സംഭവങ്ങൾ മാത്രമാണ് പുറത്ത് വരുന്നത് തന്നെ. ജീവിതത്തിന്റെ ഇത്തരം ഞെട്ടിക്കുന്ന സത്യങ്ങളെ തുറന്ന് കാട്ടിയതിൽ കഥാകാരി തികച്ചുംഅഭിനന്ദനമർഹിക്കുന്നു . കൂരിരുട്ടിൽ നിരാലംബരായ കുട്ടികൾക്ക് കൈതാങ്ങായി സജീവൻ മാഷേ പോലെയുള്ളവരുടെ സാന്നിധ്യം നൻമ വറ്റാത്ത സമൂഹത്തിന്റെ ചില ഒറ്റപ്പെട്ട ചിത്രങ്ങളാണ്. തന്റെ പതിവ് വള്ളുവനാടൻ കഥകളിൽ നിന്നും വ്യത്യസ്തമായ അവതരണവും ശ്രേദ്ധേയമായി . രജനി സുരേഷിന് അഭിനന്ദനങ്ങൾ.

 4. ഇതൊരു കഥയല്ല . സംഭവിച്ചു കൊണ്ടിരിക്കുന്ന
  ചില യാഥാർഥ്യങ്ങൾ . അറിയാതെപോകുന്ന,
  കരുതാതെ പോകുന്ന നൊമ്പരങ്ങൾ . പലരും അവസരം കാത്തിരിക്കുന്നു . ഇരകളെ . അവിടെ ബന്ധങ്ങൾ ഇല്ല ,കാരുണ്യമില്ല .ഉള്ളത് കാമത്തിന്റെ കണ്ണുകൾ മാത്രം . പിച്ചി ചീന്തപ്പെടുന്ന ബാല്യങ്ങൾ .കൗമാരങ്ങൾ . അവരുടെ സ്വായത്തവും നൈസർഗികവുമായ കഴിവുകളൊക്കെ
  കശാപ്പു ചെയ്യപ്പെടുന്നു .
  അപ്പോൾ ദൈവം സജീവൻ
  മാസ്റ്ററുടെയും സേതുപതി യുടെയും മറ്റും രൂപത്തിൽ
  അവതരിക്കുന്നു . ശരിയാണ്. ചിലർ അങ്ങിനെയാണ് .മറ്റുള്ളവർ കഥാകാരിയെപോലെയാണ് . വായനക്കാരെ കൈപിടിച്ചു കൂടെ കൊണ്ടുപോകുന്നു ,ആ യാത്രയിൽ .
  ഒരു നല്ല കഥ കൂടി വായിച്ചു . അഭിനന്ദനങ്ങൾ .

 5. സഹാനുഭൂതിയും ദീനാനുകമ്പയും ഹൃദയത്തിൽ സൂക്ഷിക്കുന്നവർ അങ്ങിനെയാണ് .. തേടിപ്പിടിച്ചെത്തും.. ദാരിദ്യത്തിൻ്റെയും ചൂഷണത്തിൻ്റെയും പടുകുഴിയിൽ നിന്ന് കൈത്താങ്ങായി രക്ഷയ്ക്കെത്തും.. അതെ.. ചിലരേ അങ്ങിനെയാവൂ..
  കഥാകാരിയുടെ സാമൂഹിക പ്രതിബദ്ധതയും ആശങ്കയും പ്രതീക്ഷയ്ക്ക്ക്ക് തിളക്കമേറ്റുന്നു.. അഭിനന്ദനങ്ങൾ..

Leave a Reply

Your email address will not be published. Required fields are marked *