വെനീസിലെ സുന്ദരിമാര്‍

Facebook
Twitter
WhatsApp
Email

ഓരോ വ്യക്തിയും ഓരോ രാജ്യങ്ങളും ഓരോരോ സംസ്ക്കാരത്തിന് ഉടമകളാണ് അടയാളങ്ങളാണ്. വികസിത രാജ്യങ്ങള്‍ സമ്പത്തില്‍ മാത്രമല്ല വളരുന്നത് വായനയിലും വളര്‍ന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ടാണവര്‍ അവരുടെ ഭാഷയെയും സംസ്ക്കാരത്തെയും ഹൃദയത്തോട് ചേര്‍ത്ത് ജീവിക്കുന്നത്. നമുക്ക് മുന്നേ നടന്നവരേ നാമറിയില്ലെങ്കില്‍ അവരെ മനുഷ്യനെന്ന് വിളിച്ചിട്ട് കാര്യമില്ല. ദരിദ്രരാജ്യങ്ങളിലെ കുട്ടികള്‍ ചരിത്രപാഠങ്ങള്‍ അധികം പഠിക്കാതെ കച്ചവട സിനിമകളെ കാണാപാഠമാക്കുന്നു. അതിനു കൂട്ടുനില്ക്കുന്നതും കച്ചവടസിനിമ ദൃശ്യമാധ്യമങ്ങളാണ്. ഞാന്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ വെനീസിലെ വ്യാപാരി എന്ന കഥ വായിച്ചിരുന്നു. കിഴക്കിന്‍റെ വെനീസായ ആലപ്പുഴയും, ഇറ്റലിയിലെ പടിഞ്ഞാറന്‍ വെനീസും കേട്ടിരുന്നു. ആലപ്പുഴ ചാരുമൂടുകാരനായ എനിക്ക് ആലപ്പുഴയെ ആരും പഠിപ്പിക്കേണ്ടതില്ല. യാത്രകള്‍ എപ്പോഴും എനിക്ക് അറിവു തേടിയുളള തീര്‍ത്ഥാടനങ്ങളാണ്. പഠിച്ചിരുന്ന കാലത്ത് തന്നെ പടിഞ്ഞാറന്‍ വെനീസ് കാണാന്‍ അതിയായ മോഹമായിരുന്നു. പാശ്ചാത്യജീവിതത്തിനിടയില്‍ ലണ്ടനില്‍ നിന്ന് റോമിലേക്കും അവിടെ നിന്ന് വെനീസിലേക്കും ഞാന്‍ യാത്ര തിരിച്ചു. വെനീസ് കണ്ടപ്പോള്‍ ഒരു കാര്യം മനസ്സിലായി. വെനീസ് ഒന്നേയുളളൂ അത് ഇറ്റലിയിലാണ്. മുന്‍ കാലങ്ങളിലെ വ്യാപാരികളാണ് ആലപ്പുഴയെ വെനീസുമായി താരതമ്യം ചെയ്തത്. അതിന്‍റെ പ്രധാന കാരണം ആലപ്പുഴയുടെ പ്രകൃതിരമണീയതയും തോടുകളും കനാലുകളുമാണ്. എന്നാല്‍ പടിഞ്ഞാറന്‍ വെനീസ് സൗന്ദര്യമാര്‍ന്ന ഒരു നഗരമാണ്. ഇവിടെ തോടുകളിലൂടെ മനുഷ്യമനസ്സിനെ തൊട്ടുണര്‍ത്തുന്നവിധം വളഞ്ഞുപുളഞ്ഞ് തോണികള്‍ ഒഴുകികൊണ്ടിരിക്കുന്നു. ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം എന്തെന്ന് ചോദിച്ചാല്‍ ചെറുതും വലുതുമായ ബോട്ടുകള്‍, ആഡംബര കപ്പലുകള്‍ തന്നെ.

ആലപ്പുഴയില്‍ ആഡംബര കപ്പലുകള്‍ ഇല്ലെങ്കിലും രണ്ടിടത്തുളള ജലനൗകകളും ജലസവാരികളും കായലിന്‍റെ വിശാലമായ ജലപരപ്പും മറ്റും സമാനതകളുണ്ട്. കിഴക്കിന്‍റെ വെനീസില്‍ ബോട്ടുയാത്രകള്‍ ചെയ്യുന്നവര്‍ കാണുന്ന കാഴ്ച ചപ്പുകളും ചവറുകളും കെട്ടിപ്പുണര്‍ന്ന് കിടക്കുന്നതാണ്. തലയുയര്‍ത്തി നോക്കിയാല്‍ ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ മാത്രമല്ല കേരളമാകെ മാലിന്യങ്ങളാണ്. ഇതു സഞ്ചാരികള്‍ക്കു ലഭിക്കുന്ന ഒരു പ്രഹരമാണ്. ഇതിന്‍റെ പ്രത്യാഘാതം എന്തെന്ന് ചോദിച്ചാല്‍ ലോകഭൂപടത്തില്‍ മുന്‍നിരയില്‍ നില്ക്കേണ്ട നമ്മുടെ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ഇവിടുത്തേ ഭരണാധിപന്മാര്‍ വെറും ടൂറിസ്റ്റ് കോലങ്ങളാക്കി മാറ്റിയിരിക്കുന്നു.

നൂറിലധികം ചെറുദ്വീപുകള്‍ കൂടിചേര്‍ന്നതാണ് വെനീസ്. അതിലധികം പാലങ്ങള്‍ ഈ ദ്വീപുകളെ തമ്മില്‍ ബന്ധിപ്പിക്കുന്നു. എല്ലാം ബോട്ടുജട്ടികളിലും യാത്രക്കാര്‍ ഇറങ്ങുകയും കയറുകയും ചെയ്യും. ലിഡോ ദ്വീപില്‍ ഒരു കരയുണ്ട്. അതിനെ വിളിക്കുന്നത് ഗള്‍ഫ് ഓഫ് വെനീസ് എന്നാണ്. വെനീസിന്‍റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കുന്നത് സെന്‍റ് മാര്‍ക്കസ് സ്ക്വയറാണ്. ഇംഗ്ളീഷില്‍ ഇത് സെന്‍റ് മാര്‍ക്കസ് സ്ക്വയര്‍ ആണെങ്കിലും ഇറ്റലിക്കാര്‍ക്ക് ഇത് പിയാസ്സാ സാന്‍ മാര്‍ക്കോ ആണ്. യൂറോപ്പിന്‍റെ സ്വീകരണമുറി എന്നാണ് നെപ്പോളിയന്‍ ഈ അങ്കണത്തെ വിശേഷിപ്പിച്ചത്. പിയാസ്സയിലെ പ്രധാന ആകര്‍ഷണങ്ങള്‍ സെന്‍റ് മാര്‍ക്കസ് ബസിലിക്ക, ഡൌജിന്‍റെ മണിമേട ഇവയാണ്. പടിഞ്ഞാറ് ഭാഗത്തെ സ്തംഭത്തില്‍ വിശുദ്ധ തിയോഡോറും കിഴക്ക് ഭാഗത്തെ സ്തംഭത്തില്‍ സെന്‍റ് മാര്‍ക്കിന്‍റെ സിംഹവും നിലയുറപ്പിച്ചിരിക്കുന്നു. ലിഡോ ദ്വീപിന്‍റെ പ്രത്യേകത എന്തെന്ന് ചോദിച്ചാല്‍ ധാരാളം കുടിലുകള്‍ കാണാം. സൂര്യസ്നാനം ചെയ്യാനായി അര്‍ദ്ധനഗ്നശരീരങ്ങള്‍ നിവര്‍ന്ന് കിടക്കാനും, ശരീരത്ത് എണ്ണ തേക്കാനും, വസ്ത്രങ്ങളും മറ്റും സൂക്ഷിക്കാനും അത്യാവശ്യം ടോയ്ലറ്റ് സൗകര്യമൊക്കെ ആ കൊച്ചു കുടിലുകള്‍ക്കുണ്ട്. സാധാരണ ചൂട് കൂടിയാല്‍ പാശ്ചാത്യര്‍ക്കും ബീച്ച് വളരെ പ്രധാന്യമുളളതാണ്. ഗള്‍ഫ് രാജ്യങ്ങളിലെ കൊടും ചൂടിലും വീടിന് മുന്നില്‍ അവര്‍ മണിക്കൂറുകള്‍ കിടക്കും. പാശ്ചാത്യരാജ്യത്തെ പല ബീച്ചുകളിലും ബഞ്ചുകളിലും മണല്‍പുറത്തും നഗ്നരായും അര്‍ദ്ധനഗ്നരായും അവര്‍ കിടക്കാറുണ്ട്. മറ്റുളളവരുടെ സ്വകാര്യതയില്‍ ആരും നോക്കാറില്ല. കാക്ക കണ്ണുളള ഇന്ത്യക്കാരനും അത് നോക്കാറില്ല.

മുന്‍ കാലങ്ങളില്‍ കിഴക്ക് പടിഞ്ഞാറന്‍ രാജ്യങ്ങളിലെ എല്ലാ വ്യാപാരങ്ങളുടെയും നേതൃത്വം വെനീസിനായിരുന്നു. അന്നത്തെ ചരക്ക് കപ്പല്‍ ഉടമസ്ഥര്‍ ഈ വ്യാപാരത്തില്‍ അളവറ്റ സമ്പാദ്യമാണുണ്ടാക്കിയത്. അവര്‍ക്ക് കൂടുതല്‍ സമ്പത്ത് ലഭിച്ചപ്പോള്‍ ദൈവത്തോട് കാരുണ്യം തോന്നി. ധാരാളം പളളികള്‍ വഴിപാടായി തീര്‍ത്തുകൊടുത്തു. അതിനായി പേര്‍ഷ്യയില്‍നിന്നുളള പരവതാനികളും ഇന്ത്യയില്‍ നിന്നുളള പട്ടുകളും ഉള്‍പ്പെട്ടിരുന്നു. സെന്‍റ് മാര്‍ക്കസ് സ്ക്വയറിലെ ദേവാലയത്തില്‍ നിന്ന് പളളിമണി മുഴങ്ങി. img src=”https://limaworldlibrary.com/wp-content/uploads/2021/04/st.marks-square-300×200.jpg” alt=”” width=”300″ height=”200″ class=”alignnone size-medium wp-image-2159″ />


സംഗീതമുയര്‍ന്നു അവിടുത്തെ പ്രാവുകള്‍ ആര്‍ക്കും ഒരു കൗതുക കാഴ്ച്ചയാണ്. ഈ പ്രാവുകള്‍ മനുഷ്യരുടെ ഉറ്റമിത്രങ്ങളാണ്. ഇന്ത്യക്കാരനെ കണ്ടാലും പറന്നകലില്ല. സന്ദര്‍ശകരുടെ കൈകളിലും തോളിലുമൊക്കെ പ്രാവുകള്‍ വന്നിരിക്കും. 1797-ല്‍ ഫ്രഞ്ചുകാര്‍ വെനീസ് കീഴടക്കിയതോടെ വെനീസിന്‍റെ ചരിത്രത്താളുകളില്‍ നെപ്പോളിയന്‍ ഒരു പ്രധാന കഥാപാത്രമായി. 1814-ലാണ് നെപ്പോളിയന്‍റെ ഭരണം അവസാനിച്ചത്. ബസിക്കയുടെ മണിമേടയാണ് പിയാസ്സായിലെ മറ്റൊരു പ്രധാന കാഴ്ച. 323 അടി ഉയരമുളള ആ മണിമേടയുടെ മുകളില്‍ കയറി നിന്ന് നോക്കിയാല്‍ വെനീസിന്‍റെ നല്ലൊരു ഭാഗം കാണാന്‍ കഴിയും. എ.ഡി. 829-ല്‍ മരത്തില്‍ തീര്‍ത്ത സെന്‍റ മാര്‍ക്കസ് ദേവാലയം 976-ല്‍ അഗ്നിക്കിരയായി. പിന്നീടത് അലങ്കാരപ്പണികളാല്‍ അവര്‍ണ്ണനീയമാക്കി. ആരിലും അനുരാഗമുണര്‍ത്തുന്ന കലാസൃഷ്ടികള്‍ അത് എല്ലാം ദേവാലയങ്ങളിലും കാണാന്‍ കഴിയും വെനീസ് വശ്യസുന്ദരമായ കാഴ്ചകളാണ് സന്ദര്‍ശകര്‍ക്ക് നല്‍കുന്നത്. അവിടുത്തെ ഗോളോ എന്ന അലംകൃതമായ കൊച്ചുവളളത്തിലിരുന്നാല്‍പോലും ആനന്ദമാണ് ലഭിക്കുന്നത്. കിഴക്കന്‍ വെനീസിന്‍റെ ബോട്ടുയാത്രയല്ലാതെ എന്തെങ്കിലും പുതുമ നിറഞ്ഞ കാഴ്ചകള്‍ സന്ദര്‍ശകര്‍ക്ക് നല്കുന്നുണ്ടോ

About The Author

Leave a Reply

Your email address will not be published. Required fields are marked *