പണ്ടൊരിക്കല്‍ ഒരിടത്ത് ഒരു ആല്‍മരം തണല്‍ വിരിച്ചുനിന്നിരുന്നു. തണല്‍ തേടി അവിടെ ഒന്നൊന്നായി അഞ്ച് വനിതകള്‍ എത്തി.
തണലിന്റെ ശീതളിമയില്‍ അവര്‍ പരസ്പരം ഒറ്റയ്ക്കും തെറ്റയ്ക്കും കുറവുകളും കുറ്റങ്ങളും ആരോപിച്ചു കലഹിച്ചു കൊണ്ടിരുന്നു.
ആല്‍മരം പാകിയ തണല്‍ മെല്ലെ സൂര്യായണം അനുസരിച്ച് മാറാന്‍ തുടങ്ങിയപ്പോള്‍ അവര്‍ ഒറ്റക്കെട്ടായി ആല്‍മരത്തെ കുറ്റം പറഞ്ഞു . ചെളിക്കട്ട വാരിയെറിഞ്ഞ് ആല്‍മരത്തെ ശപിച്ചുകൊണ്ട് പരിഹസിച്ച് പിരിഞ്ഞു.
ആല്‍മരം കാരണം പലതായി വന്നവര്‍ ഒന്നുചേര്‍ന്നതാണെന്ന കാര്യം മറന്ന് അവര്‍ അവിടെ നിന്നും മറ്റൊരു മരം തേടി ഒറ്റക്കെട്ടായി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്നു നീങ്ങി .
അല്‍പ്പം കഴിഞ്ഞപ്പോള്‍ അവര്‍ പഴയപടി ഒറ്റയ്ക്കും തെറ്റയ്ക്കും പരസ്പരം വീണ്ടും കുറ്റം ആരോപിക്കുവാന്‍ തുടങ്ങി.
പിന്നെ പലതായി പിരിയുവാനും തുടങ്ങി.
ആല്‍മരം അതിന്റെ ഇലകളിലെ പച്ചക്കണ്ണുകള്‍ തുറന്ന്, ശാഖകള്‍ പല ദിക്കുകളിലേക്ക് നീട്ടി, അവരെ മാടിവിളിച്ചു. പക്ഷേ ശത്രുക്കളെ പോലെ വേര്‍പിരിഞ്ഞ വനിതകള്‍ക്ക് വെയില്‍ചൂടില്‍ ആല്‍മരത്തെ കാണാനായില്ല.
അവര്‍ വീണ്ടും വേര്‍തിരിഞ്ഞു ഒറ്റപ്പെട്ട് ദിക്കറിയാതെ തണല്‍ തേടി പ്രാഞ്ചി നടന്നു.
About The Author
No related posts.