പ്രഹേളിക-ദീപ ബിബീഷ് നായര്‍

Facebook
Twitter
WhatsApp
Email

പതിവുപോലെ ലയ ഓഫീസിലേക്ക് കാറില്‍ ചെന്നിറങ്ങി . ഗേറ്റിനടുത്തുള്ള ആല്‍മരച്ചുവട്ടില്‍ പതിവില്ലാതെ അപരിചിതനായ ഒരു വൃദ്ധനെ കണ്ടു.. ‘ആ, എത്രയോ പേരിതുപോലെ ‘അങ്ങനെ മനസിലോര്‍ത്തുകൊണ്ട് അവള്‍ അകത്തേക്കു പോയി. തിരികെവരുമ്പോഴുംഅവളറിയാതെ കണ്ണുകള്‍ ആ വൃദ്ധനിരുന്നടുത്തെത്തി, അയാളും അവളെത്തന്നെ നോക്കുകയായിരുന്നു. കാറിന്റെ ഹോണടി കേട്ടവള്‍ തിരിഞ്ഞു നോക്കി.ആ ശിവേട്ടനെത്തി. കാറിലിരുന്നു കൊണ്ട് അവള്‍ പറഞ്ഞു…

‘ശിവേട്ടാ, നമ്മുടെ ഓഫീസിലേക്ക് കയറുന്ന വഴിയിലെ ആല്‍മരച്ചുവട്ടില്‍ പതിവില്ലാതെ ഒരു വയസന്‍, അയാള്‍ടെ ഒരു നോട്ടം എന്തു പറയാനാ?” അതും പറഞ്ഞ് അവള്‍ ശിവനെ നോക്കി.

‘ നീ വായിനോക്കിയല്ലേ, നടക്കുന്നത്, അപ്പൊ അതൊക്കെ കാണും’, ഇതും പറഞ്ഞ് ശിവന്‍ ചിരിച്ചു. അവളുടെ മുഖം വാടി.ഇപ്പോള്‍ ഇങ്ങനാ, എന്തു പറഞ്ഞാലും മറുപടി. പണ്ട് എന്തായിരുന്നു? കാര്യം കേള്‍ക്കാന്‍ പുറകെ നടക്കുമായിരുന്നു. ഇപ്പൊ ഞാന്‍ പുറകെ നടക്കണം എന്തെങ്കിലും ഒന്ന് പറയണമെങ്കില്‍ പോലും. അവള്‍ മുഖം വീര്‍പ്പിച്ചിരുന്നു. എന്തായാലും അതേപ്പറ്റി കൂടുതല്‍ ഒന്നും സംസാരിക്കാന്‍ രണ്ടാളും മുതിര്‍ന്നില്ല. വീടെത്തി.വീട്ടില്‍ ഏഴ് വയസുള്ള ഒരു മോളും ശിവന്റെ മാതാപിതാക്കളുമാണുള്ളത്.

മോള്‍ മൊബൈലില്‍ കാര്‍ട്ടൂണ്‍ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അച്ഛനെയും അമ്മയെയും കണ്ട് ഒന്ന് തല ഉയര്‍ത്തി ഹായ് പറഞ്ഞ് വീണ്ടും കാര്‍ട്ടൂണില്‍ മുഴുകി. അമ്മ സന്ധ്യ ആയി വരുന്നതു കൊണ്ട് നിലവിളക്ക് കൊളുത്താനുള്ള തയ്യാറെടുപ്പിലായിരുന്നു. അച്ഛനെക്കാണാഞ്ഞ് ലയ അമ്മയോട് തിരക്കിയപ്പോള്‍ അമ്മ പറഞ്ഞു, ‘ വീടിന്റെ പുറകില്‍ കാണും, പുരയിടത്തില്‍ ഉണങ്ങിക്കിടക്കുന്ന കരിയില കൂട്ടി കത്തിക്കുന്നുണ്ടായിരുന്നു. ‘ഓ, ഈ സന്ധ്യാസമയത്തോ ? അച്ഛന്റെ ഒരു കാര്യം, ഒരു സ്ഥലത്ത് അടങ്ങിയിരിക്കാന്‍ ‘ പറഞ്ഞാല്‍ കേള്‍ക്കില്ല’ ഇതും പറഞ്ഞ് അവള്‍ റൂമിലേക്ക് പോയി.

ലയ ഒരു പ്രൈവറ്റ് കമ്പനിയില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. ശിവന്‍ ഗള്‍ഫിലായിരുന്നു. വന്നിട്ട് കുറേ നാളായി, പുതിയ വിസയ്ക്കായി കാത്തിരിക്കുന്നു. അച്ഛനും അമ്മക്കും വാര്‍ദ്ധക്യ പെന്‍ഷനുണ്ട്. അച്ഛന്‍ കൃഷിയില്‍ തത്പരനായതു കൊണ്ട് ശിവനും കൂടെ കൂടും.പുരയിടത്തില്‍ നിന്നും അത്യാവശ്യം വേണുന്ന പച്ചക്കറികളൊക്കെ കിട്ടും.

മോള്‍ക്കിപ്പോ സ്‌കൂളില്ല, അവധിയാണ് . ചിത്രചനയും കഥ പറച്ചിലും കാര്‍ട്ടൂണ്‍ കാണലും . അമ്മുമ്മ മതി അവള്‍ക്ക്. രാവിലെ ലയയെ ഓഫീസില്‍ വിടുന്നതും കൊണ്ടു വരുന്നതും ശിവനാണ്. പിറ്റേന്നുംരാവിലെ ഓഫീസിനു മുന്നില്‍ കാറില്‍ നിന്നിറങ്ങവേ, അവളുടെ കണ്ണുകള്‍ എത്തിയത് ആ ആല്‍മരച്ചുവട്ടിലേക്കാണ്. അതെ, അദ്ദേഹം അവിടെത്തന്നെ ഇരിപ്പുണ്ട്. കുറേ കടലാസ് തുണ്ടുകള്‍ അരികിലായി കിടപ്പുണ്ട്. അവള്‍ അദ്ദേഹത്തെ ഒന്നു നോക്കി, ‘ഇല്ല അത്ര വൃദ്ധനല്ല, പക്ഷേ ആ കീറിപ്പറിഞ്ഞവേഷം, എണ്ണ തേയ്ക്കാത്ത തലമുടി, കാടു പോലെ താടി, തുണി സഞ്ചി ഒക്കെ കാണുമ്പോള്‍ തന്നെ പേടിയാകുന്നു. അവള്‍ അദ്ദേഹത്തിനടുത്തായി താഴെക്കിടന്ന ഒരു കടലാസു തുണ്ടെടുക്കാന്‍ കുനിയവെ, ആ കണ്ണുകളിലേക്ക് നോക്കി. വല്ലാത്തൊരു ദൈന്യത നിഴലിക്കുന്നു ആ കണ്ണുകളില്‍. ഒരു കടലാസുതുണ്ടെടുത്ത് അവള്‍വേഗം അകത്തേക്ക് നടന്നു.തന്റെ കസേരയിലിരുന്നു അവള്‍ ആ പേപ്പര്‍ നിവര്‍ത്തി നോക്കി. മനോഹരമായ ഒരു പെണ്ണിന്റെ ജീവസുറ്റ കണ്ണിന്റെ ചിത്രം. അതിന് താഴെ ഇങ്ങനെ എഴുതിയിരുന്നു.

‘പെയ്യുവാന്‍ വിതുമ്പുന്ന മേഘമായിരുന്ന നീ, എന്തേ എന്നില്‍ പെയ്തിറങ്ങിയില്ല??????’

അവള്‍ക്കത്ഭുതം തോന്നി. എന്തു മനോഹരമാണ് അദ്ദേഹത്തിന്റെ വരയും ആ എഴുത്തും… അവള്‍ അത് തന്റെ മേശവലിപ്പില്‍ സൂക്ഷിച്ചു വച്ചു. ജോലി ചെയ്യുമ്പോഴും ഉച്ചക്ക് ഊണ് കഴിക്കുമ്പോഴുമൊക്കെ ആ മനുഷ്യനെക്കുറിച്ചായിരുന്നു അവള്‍ ഓര്‍ത്തത്. അദ്ദേഹം വല്ലതും കഴിച്ചു കാണുമോ? തനിക്ക് എന്താണ് പറ്റിയത്? ഇത്ര ജിജ്ഞാസപ്പെടാന്‍ അതാരാണ്? അറിയില്ല, പക്ഷേ എന്തിനാണെന്നറിയില്ല അദ്ദേഹത്തെക്കുറിച്ചറിയാന്‍ വല്ലാത്ത ആഗ്രഹം.ആരോട് ചോദിക്കും? കൂടെ ജോലി ചെയ്യുന്ന രമ്യ തിരക്കി, ‘എന്തു പറ്റി ലയക്ക് ‘എന്ന്, പക്ഷേ അവളോടും ഒന്നും പറയാന്‍ തോന്നിയില്ല.

അന്നു വൈകിട്ട് ഓഫീസില്‍ നിന്നിറങ്ങവേ, ആല്‍മരച്ചുവട്ടിലിരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോള്‍ ചുണ്ടിലൊരു ചിരി വരുത്താന്‍ ശ്രമിച്ചു. പക്ഷേ ഒരു പ്രതികരണവുമില്ലായിരുന്നു ആ മുഖത്ത്.

അദ്ദേഹത്തിനടുത്തായി ചുരുണ്ടു കിടന്ന ഒരു പേപ്പര്‍ കഷണമെടുത്തപ്പോഴേക്കും അദ്ദേഹം അവളെ നോക്കി, അവളും. കാറിന്റെ ഹോണടി കേട്ട് അവള്‍ തിരികെ നടന്നു. കാറിനകത്തു കയറിയ ഉടനെ ആ പേപ്പര്‍ ചുരുള്‍ നിവര്‍ത്തി നോക്കി. പിന്‍തിരിഞ്ഞു നടക്കുന്ന ഒരു പെണ്ണിന്റെ ജീവന്‍ തുടിക്കുന്ന ചിത്രം… അതിന്റെ താഴെയായി ഇങ്ങനെ എഴുതിയിരുന്നു.
‘ മറുവഴിയറിയാത്ത പുഴയായിരുന്നില്ലേ നീ?

എന്നിട്ടും കാത്തിരുന്ന എന്റെ ഹൃദയസാഗരത്തില്‍ ലയിക്കാതെ നീ എങ്ങനെ പോയി?????’
ഏതോ പ്രണയ നൈരാശ്യത്തിന് ഇരയായിരിക്കാം അദ്ദേഹമെന്ന് അവളുറപ്പിച്ചു. എന്തൊരു സാഹിത്യമാണ് ആ എഴുത്തില്‍. ഹൃദയവേദനയാല്‍ കൂരമ്പ് പോലെ തുളച്ചുകയറുന്ന മനസുകള്‍ക്കേ ഇങ്ങനെയൊക്കെ എഴുതാന്‍ കഴിയൂ… അവള്‍ ചിന്തിച്ചു…….

ശിവന്‍ കാറോടിക്കുന്നതിനിടയില്‍ ഏറുകണ്ണിട്ട് ലയയെ നോക്കി, അവള്‍ വേറെ ഏതോ ലോകത്താണെന്ന് അവന് തോന്നി. വീട്ടില്‍ കാര്‍ കൊണ്ട് നിര്‍ത്തുമ്പോഴും അവളുടെ ചിന്തകള്‍ വേറെയാണെന്നു തോന്നി ശിവന്. പതിവു വീട്ടുജോലികള്‍ ചെയ്ത് മകളെ ഉറക്കിയതിന് ശേഷം അവള്‍ ശിവന്റെയടുത്തേക്ക് വന്ന് അവനടുത്തേക്ക് ചരിഞ്ഞു കിടന്നു. രോമാവൃതമായ ആ നെഞ്ചിലേക്ക് തല ചേര്‍ത്തുവച്ച് കൊണ്ട് അവള്‍ ചോദിച്ചു ‘ശിവേട്ടാ ,ഒരു കാര്യം പറയട്ടെ, ‘ ശിവന്‍ ഒന്നും മിണ്ടിയില്ല. ലയ തുടര്‍ന്നു ‘ഞാനൊരാളിന്റെ കാര്യം ഇന്നലെ പറഞ്ഞില്ലേ, എന്താണെന്നറിയില്ല അയാളെ കാണുമ്പോള്‍ എന്റെ മനസിന് വല്ലാത്ത സങ്കടം, അയാള്‍ വലിയൊരു കലാകാരനാണ് എന്നാണെനിക്ക് തോന്നുന്നത്. ‘ ‘അത് നിനക്കെങ്ങനെ അറിയാം?’ ശിവന്‍ ആരാഞ്ഞു.

അത് അന്ന് രാവിലെ മുതലുള്ള കാര്യങ്ങള്‍ അവള്‍ പറഞ്ഞു. കട്ടിലില്‍ നിന്നും ചാടിയെഴുന്നേറ്റ് ബാഗിലിരുന്ന ആ ചുരുണ്ട പേപ്പര്‍ നിവര്‍ത്തി ശിവനെ കാണിച്ചു. ‘ഏതോ പെണ്ണ് തേയ്ച്ചിട്ട് പോയി ഭ്രാന്തായതായിരിക്കും, നീ കിടന്നുറങ്ങ്. ‘ അവന്‍ എന്തോ താത്പര്യമില്ലാത്തതുപോലെ പറഞ്ഞു.
ലയക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. അവള്‍ക്ക് ഒരേ സമയം സങ്കടവും നിരാശയും വന്നു. ഈ ഏട്ടനെന്താ ഇങ്ങനെ? എന്താ ഒന്നു സമാധാനമായി പ്രതികരിച്ചാല്‍? വെറുതേ ഓരോന്ന് തലയില്‍ വയ്ക്കണ്ടാന്ന് കരുതിയിട്ടാകും. ഓരോന്ന് ആലോചിച്ച് കിടന്ന് എപ്പോഴോ അവള്‍ ഉറങ്ങി. പിറ്റേ ദിവസവും ശിവന്‍ ലയയെ ഓഫീസിന് മുന്നില്‍ വിട്ടു. ലയ കണ്ണുകൊണ്ട് ആല്‍ മരത്തിന് മുന്നിലേക്ക് നോക്കാന്‍ ആംഗ്യം കാട്ടി.

ശിവന്‍ അവിടേക്ക് അലക്ഷ്യമായി ഒന്ന് നോക്കി .ശരിയാണ് ഒറ്റനോട്ടത്തില്‍ തന്നെ ഒരു ഭ്രാന്തന്റെ ലക്ഷണം. ശിവന്‍ മുഖം തിരിച്ച് ഒന്ന് ലയയെ നോക്കി. എന്നിട്ട് കാര്‍ വിട്ടു പോയി. ലയ പതുക്കെ നടന്ന് അദ്ദേഹത്തിനടുത്തെത്തി. പതിവുപോലെ ചുരുട്ടിയെറിഞ്ഞിരിക്കുന്ന തുണ്ടില്‍ നിന്നും ഒന്നെടുത്തു. എന്തോ ചോദിക്കണമെന്നുണ്ട്. പേടി കാരണം ശബ്ദം വെളിയിലേക്ക് വരുന്നില്ല. അവള്‍ ഓഫീസിലേക്ക് നടന്നു. കസേരയിലിരുന്ന ഉടനെ ആ പേപ്പര്‍ കഷണം നിവര്‍ത്തി നോക്കി. നല്ല ഭംഗിയുള്ള മറുകോടു കൂടിയ ഒരു ചുണ്ട്…. അതിനടിയിലായി ഇങ്ങനെയെഴുതിയിരുന്നു…

‘ നിന്നധരത്തിലെയാ മധുകണം. എന്തേ പകരാനെനിക്കു തന്നില്ല……’.ലയക്ക് തല പെരുക്കുന്നതു പോലെ തോന്നി. ആകെയൊരു വിഷമം. എന്തെങ്കിലും തനിക്ക് ചെയ്യണം ആ മനുഷ്യനുവേണ്ടി… അവള്‍ മനസിലുറപ്പിച്ചു. വൈകുന്നേരമാകാന്‍ തിടുക്കമായി…

ഓഫീസ് വിട്ട ഉടനെ അവള്‍ ബാഗുമെടുത്ത് ഓടി വെളിയിലിറങ്ങി. ആല്‍മരച്ചുവട് ശൂന്യമായിരുന്നു. അവള്‍ നാലുവശവും പരതി. ആരെയും കണ്ടില്ല. അവള്‍ക്ക് വല്ലാത്ത നിരാശയും ഉത്കണ്ഠയും സങ്കടവുമൊക്കെ തോന്നി. എന്തോ നഷ്ടപ്പെട്ട മട്ടില്‍ നില്‍ക്കുമ്പോഴേക്കും കാറുമായി ശിവന്‍ എത്തി.ലയയുടെ മുഖത്ത് ഭാവവ്യത്യാസം കണ്ടെങ്കിലും അവന്‍ അത് കണ്ടതായി ഭാവിച്ചില്ല. പതിവു വഴിയല്ലാതെ കാര്‍ വേറൊരു വഴിയിലേക്ക് തിരിച്ചപ്പോള്‍ ഒരു ചോദ്യചിഹ്നം പോലെ ലയ ശിവനെ നോക്കി.കാര്‍ നേരെ പോയത് അവിടുത്തെ പ്രശസ്തമായ ‘കാരുണ്യ’ എന്ന സ്ഥാപനത്തിലേക്കാണ്. അശരണരും അനാഥരുമായ കുറേപ്പേര്‍ വസിക്കുന്ന ഒരിടം. അതിന്റെ മാനേജര്‍ ശിവേട്ടന്റെ കൂട്ടുകാരനാണ്.

ഇതിപ്പൊ എന്തിനാ ഇങ്ങോട്ട് വന്നതെന്ന് ചോദിക്കുന്നതിന് മുന്നേ ശിവന്‍ പറഞ്ഞു. ‘നീ ഇറങ്ങിയെ’.ലയ ഇറങ്ങി. കൂടെ ശിവനും. രണ്ടു പേരെയും ശിവന്റെ കൂട്ടുകാരന്‍ സ്വീകരിച്ചിരുത്തി. കൂട്ടുകാരന്‍ അകത്തേക്ക് നോക്കി പറഞ്ഞു, ഇന്ന് കൊണ്ടുവന്ന ആളിനെ കൊണ്ടുവരൂ. ലയ ജിജ്ഞാസയോടെ വാതില്‍ക്കലേക്ക് നോക്കി. വന്ന ആളിനെ ഒറ്റ നോട്ടത്തില്‍ അവള്‍ക്ക് മനസിലാക്കാനായില്ല. ശിവന്‍ പറഞ്ഞു ഒന്ന് ‘സൂക്ഷിച്ച് നോക്കിയെ, ഇദ്ദേഹത്തെയാണോ നീ ആ ആല്‍മരച്ചുവട്ടില്‍ കണ്ടത്?’ ലയക്ക് സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. മുടിയൊക്കെ വെട്ടി, താടിയൊക്കെ വൃത്തിയാക്കി, കുളിച്ച്, വൃത്തിയുള്ള വേഷത്തില്‍ നില്‍ക്കുന്ന, ഒരു നല്ല മനുഷ്യന്‍…….

‘ഇത്….ഇതെങ്ങനെ….. ‘

ശിവന്റെകൂട്ടുകാരന്‍പറഞ്ഞു. ‘ഇങ്ങനെയൊരാളെപ്പറ്റി ഇന്നലെ ഇവന്‍ പറഞ്ഞിരുന്നു. ഇന്ന് നിന്നെ ഓഫീസിലാക്കിയിട്ട്അവന്‍നേരെ ഇവിടെയാണ് വന്നത്. ഞങ്ങള്‍ പോയി നിര്‍ബന്ധിച്ച്കൂട്ടിക്കൊണ്ടു വന്നു. ഏതോ കോളേജിലെപ്രൊഫസര്‍ആയിരുന്നെന്ന് കയ്യിലുണ്ടായിരുന്നഡയറിയില്‍ നിന്നുമറിയാന്‍ കഴിഞ്ഞു. ഇദ്ദേഹമൊരു നല്ലഎഴുത്തുകാരന്‍കൂടിയാണെന്ന് തോന്നുന്നു.ഡയറി മുഴുവന്‍ അവളോടുള്ളതീവ്രപ്രണയമാണ്. പേര് പറഞ്ഞിട്ടില്ല.

ആ പ്രണയത്തിന്റെ മരണമായിരിക്കാം അദ്ദേഹത്തെ ഈ കോലത്തിലെത്തിച്ചതെന്ന് തോന്നുന്നു.ഒന്നുമങ്ങനെ പറയുന്നില്ല. എന്നാലും ഒരു മുഴുഭ്രാന്തനല്ല, പതിയെ നമുക്ക് ഇദ്ദേഹത്തെ തിരികെ കൊണ്ടുവരാന്‍ നോക്കാം. ഒരുപാടുണ്ട് എഴുത്തുകുത്തുകള്‍,അത് നമുക്ക് ഒരു പുസ്തകമോ മറ്റോ ആക്കാന്‍ ശ്രമിക്കാം, ഒരു അതിജീവന മാര്‍ഗ്ഗവുമാകും അദ്ദേഹത്തിന് ഭാവിയില്‍ എന്നു തോന്നുന്നു.’ അവന്‍ പറഞ്ഞു നിര്‍ത്തി.
ലയ പരിസരം മറന്ന് ശിവനെ കെട്ടിപ്പിടിച്ചു. ‘വെറുതെ എന്നെ ടെന്‍ഷന്‍ അടിപ്പിക്കുന്നതാ ഈ ഏട്ടന്‍’സ്‌നേഹപൂര്‍വ്വം അവള്‍ ആ കൈത്തണ്ടയില്‍ ഒരു നുള്ളുകൊടുത്തു…..

അവര്‍ തിരികെ പോകാനിറങ്ങി. കാറിനടുത്തെത്തിയപ്പോള്‍ ഒന്നു കൂടി ലയ തിരിഞ്ഞ് അദ്ദേഹത്തെ നോക്കി. അവള്‍ക്ക് മനസിലോര്‍മ്മ വന്നത് മഹാകവികുമാരനാശാന്റെ പ്രണയകാവ്യമായ ‘ലീല’യിലെ വരികളാണ്.

‘ദേഹം വെടിഞ്ഞാല്‍ തീരുന്നില്ലീ
പ്രണയജടിലം ദേഹി തന്‍ ദേഹബന്ധം’

About The Author

Leave a Reply

Your email address will not be published. Required fields are marked *