സംസ്‌കാരത്തിനും ജനതയ്ക്കും മദ്ധ്യേ ഒരു അദൃശ്യ മതില്‍ ഉയരുന്നുവോ ? …
തിയേറ്ററിലെ ടിക്കറ്റ് കൗണ്ടറിലെ കളക്ഷന്‍ മുഖ്യ ലക്ഷ്യമാക്കിയുള്ള ചലച്ചിത്ര നിര്‍മ്മാണത്തെ നാം വാണിജ്യ സിനിമ എന്ന് വിളിക്കുന്നു.
പ്രബുദ്ധിയുടെ കാര്യത്തില്‍ പിന്നാക്കം നില്‍ക്കുന്ന ബൃഹത് വിഭാഗം ജനങ്ങളെ കാണികളാക്കി വാണിജ്യ റേറ്റിംഗ് കൂട്ടുന്ന ടെലിവിഷന്‍ സീരിയലുകളും ചില പ്രോഗ്രാമുകളും ഹ്രസ്വ ചിത്രങ്ങളും ഏറെയും സാംസ്‌കാരിക വിരുദ്ധ നിര്‍മ്മിതികളാണ്.
ഇപ്പോള്‍ മലയാളത്തില്‍ സ്വകാര്യ ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന സീരിയലുകള്‍ കേരളീയ സംസ്‌കാരത്തിന്റേതല്ല. വൈജ്ഞാനികമായി പിന്നാക്കം നില്‍ക്കുന്നവര്‍ അവ സൗജന്യമായി കാണുന്നു എന്നുകരുതി അതിന് സാമൂഹികവും കലാപരവുമായ മൂല്യമില്ല.
മുമ്പ് ദൂരദര്‍ശന്‍ മാത്രമുള്ളപ്പോള്‍ സ്‌ക്രിപ്റ്റ് കമ്മിറ്റി പരിശോധിച്ച ശേഷമേ താല്‍ക്കാലിക അനുമതി സീരിയലുകള്‍ക്ക് നല്‍കിയിരുന്നുള്ളൂ. അവിടെ ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വ്യക്തമായ നിയന്ത്രണം ഉണ്ടായിരുന്നു. കേരള ജനത ആകമാനം അവ കാണുകയും ചെയ്തിരുന്നു. നിര്‍മ്മാണ ചെലവിന് പരസ്യത്തിലൂടെ സ്‌പോണ്‍സര്‍ഷിപ്പു0 ലഭിച്ചിരുന്നു.
ഇപ്പോള്‍ ഉള്ളടക്കത്തില്‍ പുരോഗമനപ്രദമായ മാറ്റം വേണം എന്ന് പറയുമ്പോള്‍ എന്തിന് എതിര്‍ക്കണം ? എതിര്‍ക്കുന്നവരുടെ വൈജ്ഞാനിക നിലവാര പശ്ചാത്തലം കൂടി പരിശോധിക്കണം. അവര്‍ കേരള സമൂഹത്തില്‍ ആധികാരിക നിരൂപകര്‍ പോലുമല്ല.
നൂറ് വര്‍ഷം മുമ്പ് സാക്ഷരത എന്നാല്‍ അക്ഷരം വായിക്കാനും എഴുതാനും അറിയുക എന്നതായിരുന്നു. ഇക്കാലത്ത് സാക്ഷരത എന്നാല്‍ വിജ്ഞാനം നേടുക എന്നതാണ്. ആ നവസാക്ഷരത കേരളത്തിന് നഷ്ടപ്പെട്ടിരിക്കുന്നു. പകരം സംസ്‌കാരത്തിനും ജനത്തിനും ഇടയില്‍ ഒരു വാണിജ്യമതില്‍ ഉയര്‍ന്ന് വന്നിരിക്കുന്നു.
വാണിജ്യം വേണം. പക്ഷേ അത് ജനത്തെയും സംസ്‌കാരത്തെയും തമ്മില്‍ വിഭജിക്കുന്ന വ9മതില്‍ ആയിത്തീരരുത്.
ജനവും സംസ്‌കാരവും വേര്‍തിരിക്കപ്പെട്ടാല്‍, സാമൂഹിക അവബോധം ഇല്ലാതാവും. രാഷ്ട്രിയ സാക്ഷരത, മാധ്യമ സാക്ഷരത , നൈതിക സാക്ഷരത , മൂല്യ സാക്ഷരത , സാമ്പത്തിക സാക്ഷരത, ശാസ്ത്ര സങ്കേതിക സാക്ഷരത തുടങ്ങി പുരോഗതിയുടെ ചാലക ശക്തികള്‍ വഴി പൗരന് സിദ്ധിക്കേണ്ടതായ അറിവും വിവേകവും നഷ്ടമാകും. സാഹിത്യ – ചലച്ചിത്ര സാക്ഷരതയും ക്രിയാശേഷിയും ഒഴുകിപോകും.
മനുഷ്യനും സമൂഹവും തമ്മിലുള്ള പാരസ്പര്യം റദ്ദ് ചെയ്യപ്പെടുന്നതോടെ അരാജകത്വവും അരക്ഷിതാവസ്ഥയും രൂപപ്പെടും. ഒരു ദേശത്തിന്റെ മനുഷ്യ വിഭവശേഷി സമൂഹ വിരുദ്ധമായി തീരും. കുറ്റകൃത്യങ്ങള്‍ സാമര്‍ത്ഥ്യമായി വ്യാഖ്യാനിക്കപ്പെടും. ഇക്കാലത്തെ വാര്‍ത്താ പത്രങ്ങളില്‍ ഈ പ്രവണത സ്പഷ്ടമാണ്.
സോഷ്യല്‍ സൈക്കോളജി ഒരുതരം രോഗഗ്രസ്തമായ അബ്നോര്‍മല്‍ സൈക്കോളജിയിലേക്ക് വഴിമാറും. തെറ്റും ശരിയും തിരിച്ചറിയാത്ത സാമൂഹ്യ വ്യവസ്ഥിതി അന്ധകാരത്തിന്റെ അധികാര ശക്തികളുടേതാവും. പല ലാറ്റിന്‍ അമേരിക്കന്‍ – ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നാമിത് കണ്ടതാണ്.
ഇതൊക്കെയും ഗ്രഹിച്ചെടുക്കാന്‍ കഴിയുന്ന മനസ്സ് അസാധാരണമായ അവസ്ഥയില്‍ പുതിയ രൂപങ്ങള്‍ കണ്ടെത്തുക സ്വാഭാവികമാണ്. അവ പലപ്പോഴും സാമൂഹിക സത്യത്തിന്റെ , യാഥാര്‍ത്ഥ്യത്തിന്റെ , ജീവന സ്പന്ദനങ്ങള്‍ രാഷ്ട്രീയ പ്രതിഭാസങ്ങളുടേതാവും.
വൈവിധ്യമാര്‍ന്ന , പ്രസക്തമായ ഉള്ളടക്കങ്ങള്‍ ആവിഷ്‌കരിച്ചില്ലെങ്കില്‍ താളം തെറ്റിയ സമൂഹം മനോരോഗത്തിന് വരെ അടിമപ്പെട്ട് പോകാം. പൗരന്‍ എന്നതിന്റെ ശബ്ദവും സംജ്ഞയും വേര്‍തിരിയും. ഒരു ഭൂമേഖലയിലെ ജനതയും സംസ്‌കാരവും തമ്മില്‍ വേര്‍തിരിയും. ഒരു സമൂഹത്തിന്റെ ബൗദ്ധിക സമ്പത്തായ , സര്‍ഗ്ഗ ശേഷിയുടെ രംഗമായ കല ശുഷ്‌കമാവും. ഒരു വാണിജ്യ മതില്‍ ജനത്തിനും സംസ്‌കാരത്തിനും ഇടയില്‍ ഉയര്‍ന്നുവരും.
അര്‍ത്ഥമില്ലാത്ത ദൃശ്യങ്ങളിലെ കെട്ടുകാഴ്ച മാത്രം ആസ്വദിക്കുന്ന ഒരു സമൂഹത്തിന്റെ കണ്ണുകള്‍ സാഹിത്യം , സിനിമ, നാടകം , ചിത്രകല , മാധ്യമം തുടങ്ങിയവയെ കാണുന്നത് ഏത് നിലവാരത്തില്‍ ആയിരിക്കും ?
ഭൗതിക ശാസ്ത്രത്തിന് ദേശവും സംസ്‌കാരവും ദേശീയഭാഷയും ഇല്ല. അതിന്റെ ഗണിതഭാഷ ബൗദ്ധികമാണ്. സാര്‍വലൗകികമാണ്. അതുപോലെ ചലച്ചിത്ര ഭാഷയ്ക്കും സാര്‍വലൗകിക മണ്ഡലമുണ്ട്. നൂതനമായ ഉള്ളടക്കം കൂടി കൈവരിക്കുമ്പോള്‍ ചലച്ചിത്രസൃഷ്ടി രാജ്യാന്തരമായി തീരുന്നു. മാനവികത നിറഞ്ഞുനില്‍ക്കുന്നു.
ചരിത്രപരവും സാംസ്‌കാരികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്ന കാണികളുടെ ബൗദ്ധിക മണ്ഡലത്തില്‍ ആസ്വാദനത്തിന്റെയും സ്വതന്ത്ര ചിന്തയുടെയും വിജ്ഞാനത്തിന്റെയും അന്വേഷണത്തിന്റെയും ദീപ്തി വിടരുമ്പോള്‍ മെച്ചപ്പെട്ട ആശയവിനിമയം സംഭവിക്കുന്നു. ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന അനുഭവ അന്തരീക്ഷം സിനിമയുടെ ആത്മാവായി മാറുന്നു. കലയും മാധ്യമവും സമൂഹ മനഃശാസ്ത്രവും തമ്മിലുള്ള പാരസ്പര്യം ഒരു ബോധന പ്രക്രിയ കൂടിയായി വികസിക്കുന്നു. ജനകീയ മനഃശാസ്ത്രത്തെ പ്രകാശിപ്പിക്കുന്നു. അതൊരു ശാക്തീകരണം കൂടിയാണ്.
കലാരൂപങ്ങളില്‍ പ്രമുഖ സ്ഥാനമുള്ള ചലച്ചിത്രം പ്രായത്തിനു അനുസരിച്ച് പല തട്ടുകളില്‍ ആസ്വാദനത്തിനും ആശയവിനിമയത്തിനും നിര്‍മ്മിക്കപ്പെടുന്ന രീതി നമുക്കുണ്ട്. പല വിഭാഗങ്ങളായി തിരിച്ച് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു. അതുപോലെ ടെലിവിഷന്‍ സീരിയലുകള്‍ക്കും ഉള്ളടക്കം പരിശോധിച്ച് ഒരു സര്‍ട്ടിഫിക്കറ്റ് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നല്‍കാന്‍ കഴിയും.
നിയന്ത്രണം സര്‍ഗ്ഗാത്മക വിമര്‍ശനാത്മക ആവിഷ്‌കാരത്തെ പ്രതികൂലമായി ബാധിക്കരുത് എന്ന് വാദിക്കുന്നതിനൊപ്പം തന്നെ സംസ്‌കാരത്തിനും ജനതയ്ക്കും മദ്ധ്യേ ഉയര്‍ന്ന് വരുന്ന അദൃശ്യ മതില്‍ തകര്‍ക്കപ്പെടുകയും വേണം…
(സാബു ശങ്കര്‍: നോവലിസ്റ്റ്, ചലച്ചിത്ര ഗ്രന്ഥകാരന്‍ , ചീഫ് കറസ്‌പോണ്ടന്റ് – നേര്‍ക്കാഴ്ച വാരിക അമേരിക്ക, സമീക്ഷ മാഗസിന്‍ കാനഡ & ലിമ വേള്‍ഡ് ലൈബ്രറി ലണ്ടന്‍, യു.കെ)
About The Author
No related posts.