രാസ ലഹരികള്‍ പിടിക്കപ്പെട്ടാല്‍ ശിക്ഷ ഉറപ്പ്. ജീവിതം കരിനിഴലില്‍-അഡ്വ. ചാര്‍ളി പോള്‍

Facebook
Twitter
WhatsApp
Email

ലഹരി മരുന്നിന്റെ ഉപയോഗവും വിതരണവും സൂക്ഷിപ്പും കുറ്റകൃത്യമാണ്. പിടിക്കപ്പെട്ടാല്‍ ശിക്ഷയും ഉറപ്പാണ്.
ചെറിയ അളവില്‍ ലഹരി പിടികൂടിയാല്‍ പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം ലഭിക്കും. പക്ഷേ പിന്നീട് കോടതിയില്‍ ഹാജരായി കുറ്റം സമ്മതിച്ച് പിഴ അടക്കേണ്ടതുണ്ട്. ഈ കുറ്റസമ്മതവുംഫൈന്‍ അടച്ചതും ശിക്ഷയായിട്ടാണ് കണക്കാക്കുക. പോലീസിന്റെ ക്രൈം റിക്കോര്‍ഡ് ബ്യൂറോയില്‍ നിന്ന് ശിക്ഷാവിവരങ്ങള്‍ ലഭിക്കും.

ചെറിയതോതില്‍ ലഹരി പിടികൂടുന്ന കേസുകളില്‍ ശിക്ഷാനിരക്ക് 98 ശതമാനം ആണ് .ഇത് 99.5 ശതമാനം ആക്കുവാന്‍ പോലീസ് ശ്രമിക്കുകയാണ്. മുന്‍കാലങ്ങളില്‍ ലഹരി ഉപയോഗിക്കുന്നതായി കണ്ടാല്‍ കുട്ടികളാണെങ്കില്‍, ആദ്യമായി പിടിക്കുന്നതിന്റെ ഔദാര്യം എന്ന നിലയില്‍ മാതാപിതാക്കളെ വിളിച്ചു വരുത്തി ശാസിച്ച് വിടാറുണ്ട്.
മാറിയ സാഹചര്യത്തില്‍ കേസെടുക്കാനാണ് സാധ്യത.

പോലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം കിട്ടിയാല്‍ കാര്യങ്ങള്‍ കഴിഞ്ഞു എന്ന് ധരിക്കരുത്. പിന്നീട് കോടതിയില്‍ ഹാജരായി കുറ്റം സമ്മതിക്കുന്നതും പിഴ ഒടുക്കുന്നതും ശിക്ഷ പോലെ തന്നെ ആയതിനാല്‍ ഭാവിജീവിതത്തില്‍ ഇത് കരിനിഴല്‍ വീഴ്ത്തും. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുമ്പോഴും തുടര്‍ പഠനത്തിനും
ഒരു ജോലിയില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോഴും വിവാഹ ആലോചനാ സമയത്തും ഒക്കെ ഇത് ഗുരുതരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മുന്‍ കുറ്റവാളി എന്ന നിലയില്‍ കുറ്റകൃത്യം ആവര്‍ത്തിക്കാനിടയുണ്ട് എന്ന രീതിയില്‍ കണ്ട് ഒഴിവാക്കപ്പെടും. ഭാവിയില്‍ നല്ല മനുഷ്യനായി മാറിയെന്ന് ആര് സാക്ഷ്യപ്പെടുത്തിയാലും സംശയത്തിന്റെ മുന്‍മുനയിലായിരിക്കും നോക്കിക്കാണുക. ലഹരി കേസിന്റെ ഹിസ്റ്ററി ഉള്ളവര്‍ അത് ആവര്‍ത്തിക്കാന്‍ സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ ഇക്കാര്യത്തില്‍
റിസ്‌ക് എടുക്കാന്‍ ആരും തയ്യാറാകില്ല.

ലഹരി മരുന്നുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പിടിച്ചെടുക്കുന്ന ലഹരി മരുന്നിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ സാധാരണയായി മൂന്ന് തരത്തിലാണ് കേസെടുക്കുക. കുറഞ്ഞ അളവ്, (സ്മാള്‍ ക്വാണ്ടിറ്റി ) ഇടത്തരം അളവ്, (മീഡിയം ക്വാണ്ടിറ്റി )വാണിജ്യ അളവ് (കോമേഴ്‌സില്‍ ക്വാണ്ടിറ്റി ) എന്നിങ്ങനെയാണ് തരം തിരിക്കുക.

സ്മാള്‍ ക്വാണ്ടിറ്റിയാണെങ്കില്‍ ആറുമാസം വരെ കഠിന തടവും പതിനായിരം രൂപ വരെ പിഴയും മീഡിയം ക്വാണ്ടിറ്റി ആണെങ്കില്‍ 10 വര്‍ഷം വരെ കഠിനതടവും ഒരു ലക്ഷം രൂപ വരെ പിഴയും ക്വമേഴ്‌സല്‍ ക്വാണ്ടിറ്റി ആണെങ്കില്‍ കുറഞ്ഞത് പത്തുവര്‍ഷവും പരമാവധി 20 വര്‍ഷം വരെയും കഠിനതടവും 2 ലക്ഷം രൂപയും ആണ് ശിക്ഷ.

എന്‍ഡിപിഎസ് ആക്ട് 37 വകുപ്പ് പ്രകാരം മയക്കുമരുന്ന് കേസില്‍ പിടിയിലാവുന്നവര്‍ക്ക് ജാമ്യം കിട്ടുക സാധാരണ സാഹചര്യങ്ങളില്‍ അസാധ്യമാണ്. എന്നാല്‍ പിടിച്ചെടുത്ത മയക്കുമരുന്ന് വാണിജ്യ അളവില്‍ താഴെയെങ്കില്‍ പ്രതികള്‍ക്ക് സെഷന്‍സ് കോടതികള്‍ക്ക് ജാമ്യം അനുവദിക്കാം. ഓരോ മയക്കുമരുന്നുകളുടെ കാര്യത്തിലും വാണിജ്യ അളവ് വ്യത്യസ്തമാണ്. കഞ്ചാവിന്റെ കാര്യത്തില്‍ ആണെങ്കില്‍ 20 കിലോയില്‍ അധികമാണെങ്കിലേ വാണിജ്യ അളവാകു .
എന്നാല്‍ കഞ്ചാവ് ഒരു കിലോയില്‍ താഴെയാണെങ്കില്‍ ചെറിയ അളവായി (സ്മാള്‍ ക്വാണ്ടിറ്റിയായി )കണക്കാക്കും. കഞ്ചാവ് ഒരു കിലോയ്ക്കും 20 കിലോയ്ക്കും ഇടയിലാണെങ്കില്‍ ചെറിയ അളവിലും വാണിജ്യ അളവിലും ഇടയിലുള്ള (മീഡിയം ക്വാണ്ടിറ്റി )ആയിട്ടാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലും ജാമ്യം ലഭിക്കില്ല. എന്നാല്‍ വാണിജ്യ അളവിന്റെ കാര്യത്തിലുള്ള പോലെ കര്‍ക്കശമായ വ്യവസ്ഥകള്‍ 20 കിലോയില്‍ കുറവാണെങ്കില്‍ ജാമ്യം അനുവദിക്കുന്ന കാര്യത്തില്‍ ഉണ്ടാകില്ല. വാണിജ്യ അളവാണെങ്കില്‍ പ്രഥമ ദൃഷ്ട്യാ കുറ്റക്കാരനെല്ലന്ന്‌കോടതിക്ക് ബോധ്യമായാല്‍ മാത്രമേ ജാമ്യം അനുവദിക്കാന്‍ കഴിയു. സാധാരണ ഗതിയില്‍ ജാമ്യം ലഭിക്കില്ല.

എം.ഡി.എം. എ യുടെ കാര്യത്തില്‍ പോയിന്റ് 0.2ഗ്രാം ആണ് ചെറിയ അളവ്. 0.2 മുതല്‍ 5 ഗ്രാം വരെ ഇടത്തരം . 5 ഗ്രാമിന് മുകളില്‍ ആണെങ്കില്‍ വാണിജ്യ അളവായി.
എല്‍. എസ്. ഡി .സ്റ്റാമ്പിന്റെ കാര്യത്തില്‍ പോയിന്റ് 002 ആണ് ചെറിയ അളവ്. ഒരു ഗ്രാം ആയാല്‍ വാണിജ്യ അളവാകും .
ഹഷീഷ് ഓയില്‍ ഒരു കിലോയില്‍ ഏറെ വന്നാല്‍ വാണിജ്യ അളവാണ്. 100 ഗ്രാം മുതല്‍ ഒരു കിലോ വരെ ഇടത്തരം. 100 ഗ്രാം വരെ ചെറിയ കേസ്.

ലഹരി മരുന്നുകള്‍ ചെറിയ അളവുമായി പിടികൂടിയാല്‍ ചെറിയ കേസില്‍ സ്റ്റേഷന്‍ ജാമ്യം കിട്ടും. പക്ഷെ ഇടത്തരം കേസില്‍ 60 ദിവസം വരെയും വാണിജ്യ അളവില്‍ 180 ദിവസം വരെയും ജാമ്യം കിട്ടില്ല.

കൊക്കെയ്ന്‍, മോര്‍ഫിന്‍, ഹെറോയിന്‍ എന്നിവ ഉപയോഗിച്ചാല്‍ ഒരു വര്‍ഷം വരെ തടവും 20,000 രൂപ വരെ പിഴയും ലഭിക്കും. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കുക,അവര്‍ക്ക് സാമ്പത്തിക സഹായം ചെയ്യുക,കുറ്റകരമായ ക്രിമിനല്‍ ഗൂഢാലോചന നടത്തുക തുടങ്ങിയവയ്ക്ക് 10 മുതല്‍ 20 വര്‍ഷം വരെ തടവും 2 ലക്ഷം രൂപ പിഴയുമുണ്ട്.

കൊമേഴ്‌സ്യല്‍ ക്വാണ്ടിറ്റി ലഹരി മരുന്നുമായി ഒന്നിലധികം തവണ പിടിക്കപ്പെടുക, ശിക്ഷിക്കപ്പെടുക ഉള്‍പ്പെടെ ആവര്‍ത്തിച്ച് ചെയ്യുന്ന കുറ്റകൃത്യത്തിന് വധശിക്ഷ വരെ ലഭിക്കും.

ചെറിയ അളവില്‍ പോലും മയക്കുമരുന്നുകള്‍ കൈവശം വയ്ക്കുന്നത് ശിക്ഷാര്‍ഹമാണ്. മയക്കുമരുന്ന് ഇനത്തില്‍പ്പെട്ട ചെടികള്‍ കൃഷി ചെയ്യുന്നതും കുറ്റകരമാണ്. കഞ്ചാവ് ചെടി നട്ടുപിടിപ്പിച്ചാല്‍ പത്തുവര്‍ഷം വരെ കഠിന തടവും ഒരു ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ. 23 വയസ്സില്‍ താഴെയുള്ളവര്‍ക്ക് മദ്യം വില്‍ക്കുന്നതും ശിക്ഷാര്‍ഹമാണ്.

സംസ്ഥാനത്ത് പോയ വര്‍ഷം 5.04 ലക്ഷം കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത് .അതില്‍ 1.09 ലക്ഷം കേസുകളും ലഹരി – അബ്കാരി കേസുകളാണ്. രാസലഹരി വില്‍പ്പന കുതിച്ചുയര്‍ന്നതായി എക്‌സൈസും പോലീസും വ്യക്തമാക്കുന്നുണ്ട്.സിറ്റി പോലീസ് കമ്മീഷണര്‍മാര്‍ ,റൂറല്‍ ജില്ലാ പോലീസ് മേധാവിമാര്‍ എന്നിവരുടെ മേല്‍നോട്ടത്തിലുള്ള നര്‍ക്കോട്ടിക് സെല്‍,ഡാന്‍സാഫ് എന്നിവ ശക്തിപ്പെടുത്തിയിട്ടുണ്ട് .പിടികൂടുന്നു ലഹരിയുടെ 80% ത്തോളം മെത്താം ഫെറ്റമിനും എം.ഡി.എം.എ .യുമാണ്. 2024 ല്‍ സംസ്ഥാനത്ത് മയക്കുമരുന്ന് കേസില്‍ 25, 517 പേരെയാണ് അറസ്റ്റ് ചെയ്തത്. മറ്റ് നടപടികള്‍ നിറുത്തി വെച്ച് നിയമസഭ ഇക്കാര്യം ചര്‍ച്ച ചെയ്തു. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നര്‍ക്കോട്ടിക് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

പതിവ് ലഹരി കടത്തുകാരെ കാപ്പയ്ക്ക് സമാനമായ ‘ പിറ്റ് ‘ (പ്രിവന്‍ഷന്‍ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇന്‍ നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോ ട്രോപിക് സബ്സ്റ്റന്‍സസ് ആക്ട്) നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കുന്നുണ്ട്. നൂറിലധികം പേരാണ് ഇത്തരത്തില്‍ കരുതല്‍ തടങ്കലിലുള്ളത്.

ലഹരിക്ക് എതിരെയുള്ള പോലീസ് – എക്‌സൈസ് പോരാട്ടം ഇനി ഒരുമിച്ച് ആയിരിക്കും നടക്കുക. ഇരു സേനകളുടെയും ഇന്റലിജന്‍സ് വിഭാഗങ്ങള്‍ ശേഖരിക്കുന്ന വിവരങ്ങള്‍ പങ്കുവയ്ക്കാനും കോള്‍ ഡേറ്റ,റെക്കോര്‍ഡ് ,മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ എന്നിവ എക്‌സൈസ് ആവശ്യപ്പെടുമ്പോള്‍ താമസമില്ലാതെ കൈമാറാനും തീരുമാനിച്ചിട്ടുണ്ട് .ആദ്യപടിയായി എക്‌സൈസ് തയ്യാറാക്കിയ സ്ഥിരം ലഹരി കടത്ത് പ്രതികളായ 9 97 പേരുടെ പട്ടിക പോലീസിന് കൈമാറി. മുഖ്യമന്ത്രി ലഹരി കടത്തുകാരുടെ പട്ടിക കേരള നിയമസഭയില്‍ വച്ചു.

ലഹരി കടത്തു കേസുകളിലെ 497 പേരും അബ്കാരി കേസുകളിലെ 500 പേരും ഉള്‍പ്പെടുന്നതാണ് ഈ പട്ടിക. മുന്നിലധികം കേസു ള്ള 108 പേര്‍ പട്ടികയിലുണ്ട്. പട്ടികയില്‍ ഉള്ളവരെ സ്ഥിരം കുറ്റവാളികള്‍ എന്ന് കണക്കാക്കി നീക്കങ്ങള്‍ നിരീക്ഷിക്കും. സമാന സ്വഭാവമുള്ള ഒന്നിലധികം കേസുകളില്‍ ഉള്‍പ്പെട്ടതാണ് മാനദണ്ഡം. പട്ടികയില്‍ ഉള്ളവരുടെ വീടുകളില്‍ ആഴ്ചയില്‍ ഒരിക്കല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ എത്തും. വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് ഉദ്ദേശ്യം. ഭാവിയിലെ കേസുകള്‍ക്ക് അനുസരിച്ച് പട്ടിക വിപുലീകരിക്കും. പോലീസിന്റെ കെഡി (നോണ്‍ ഡിപ്രഡേറ്റര്‍ – അറിയപ്പെടുന്ന കുറ്റവാളി ) പട്ടികയ്ക്ക് സമാനമാണിത് .മരണത്തോടെ മാത്രമേ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുകയുള്ളു.

ഇനി മുതല്‍
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് പോലീസും എക്‌സൈസും പിടികൂടുന്ന കേസുകളുടെ വിവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കും. ഇതോടെ രണ്ടു വകുപ്പുകളിലെയും കേസുകള്‍ സംയോജിപ്പിച്ച് കാപ്പ നിയമവും പിറ്റ് എന്‍.ഡി.പി. എസ് നിയമവും ചുമത്താന്‍ ആകും.’

ലഹരി കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ കാലാവധി തീരും വരെ ജയിലില്‍ കഴിയണമെന്നാണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്. ഇത്തരം തടവുകാര്‍ക്ക് സാധാരണ പരോളും അടിയന്തിര പരോളും ലഭിക്കില്ല. ശിക്ഷ തടവുകാര്‍ക്ക് വര്‍ഷത്തില്‍ 30 ദിവസമാണ് അവധി. പ്രത്യേക സാഹചര്യത്തില്‍ പത്ത് ദിവസം കൂടി നീട്ടി നല്‍കാറുണ്ട്. അടിയന്തര അവധി സൂപ്രണ്ട് മുഖേന മൂന്ന് ദിവസവും സര്‍ക്കാര്‍ വഴി 15 ദിവസവും ലഭിക്കും.ഇതൊന്നും ലഹരി കേസിലെ തടവുകാരനു ലഭിക്കില്ല.

ലഹരി ഉപയോഗിക്കുന്നവരില്‍ 90 ശതമാനം പേരും 23 വയസ്സില്‍ താഴെയുള്ളവരാണെന്നാണ് 2023 ല്‍ എക്‌സൈസ് കണ്ടെത്തിയത്. ആറുമാസത്തിനിടെ ലഹരി ഉപയോഗിച്ചിട്ടുണ്ടോഎന്നറിയാന്‍ സഹായിക്കുന്ന കിറ്റുകള്‍ ലഭ്യമാണ്. വാര്‍ഷിക പരീക്ഷ എഴുതണമെങ്കില്‍, ജോലി ലഭിക്കണമെങ്കില്‍ ഒക്കെ ലഹരി ഉപയോഗിച്ചിട്ടില്ല എന്ന് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിയമം വരാനിടയുണ്ട്. സര്‍വകലാശാലകളും വിദ്യാഭ്യാസ വകുപ്പും ഇതിനു വേണ്ട നടപടികള്‍ ആരംഭിച്ചു തുടങ്ങിയിട്ടുണ്ട്. വിദേശത്തേക്ക് പോകാന്‍ അനുമതി ലഭിക്കുമ്പോഴും ഈ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും.

നിലവില്‍ കേരള സര്‍വകലാശാലയുടെ കാര്യവട്ടം ക്യാമ്പസ്, അഫിലിയേറ്റഡ് കോളേജുകള്‍ ,സര്‍വകലാശാല സെന്ററുകള്‍ എന്നിവിടങ്ങളില്‍ പ്രവേശനത്തിന് ലഹരി ഉപയോഗിക്കില്ലെന്ന് സത്യവാങ്മൂലം നല്‍കണം. വരുന്ന അക്കാദമിക വര്‍ഷം മുതല്‍ ഇതു നിര്‍ബന്ധമാക്കും. പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ നല്‍കുന്ന സത്യവാങ്മൂലം സ്ഥാപന മേലാധികാരി സൂക്ഷിക്കും. സത്യവാങ്മൂലം ലംഘിച്ചാല്‍ നടപടി സ്വീകരിക്കാനും സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

പുതുതായി പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിവിരുദ്ധ
പ്രതിജ്ഞ കൊച്ചി ജെയിന്‍ യൂണിവേഴ്‌സിറ്റി നിര്‍ബന്ധമാക്കിയിട്ടുണ്ട്.കൊച്ചി ക്യാമ്പസില്‍ പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ ‘നോ ടു ഡ്രഗ് ‘ പ്രതിജ്ഞ എഴുതി ഒപ്പിട്ടു നല്‍കണം.

പോളിസി ഫോര്‍ പ്രിവന്‍ഷന്‍ ഓഫ് ഡ്രഗ് അബ്യൂസ് ( പോഡ)എന്ന നിയമത്തില്‍ ജോലി പ്രവേശിക്കുമ്പോള്‍ തന്നെ ലഹരി ഉപയോഗിക്കില്ലെന്ന് കരാര്‍ ഒപ്പിടാന്‍ വ്യവസ്ഥയുണ്ട്.

ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെ മതപരമായ വിലക്കുകള്‍ വരെ വന്നു തുടങ്ങി. പുതുപ്പാടി പഞ്ചായത്തിലെ മഹല്ല് കമ്മറ്റികള്‍
ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവര്‍ക്ക് വിവാഹാവശ്യത്തിന് മറ്റ് മഹല്ലുകളിലേക്ക് സ്വഭാവശുദ്ധി സാക്ഷ്യപത്രം നല്കില്ലെന്ന് തീരുമാനിച്ചു.

ഓര്‍ക്കുക; ലഹരി ഉപയോഗിച്ചാല്‍
പിടിക്കപ്പെടില്ലെന്നും
ചെറിയ ആളവിലാണെങ്കില്‍ കുഴപ്പമില്ലെന്നും കരുതുന്നത് വിഡ്ഢിത്തമാണ്. ഈ ജന്മം പാഴ് ജന്മമാകും.
എല്ലാത്തരം ലഹരികളില്‍ നിന്നും ബോധപൂര്‍വ്വം അകലം പാലിക്കുക. ജീവിതം സുരക്ഷിതവും ശോഭനവുമാക്കുക.

(അഭിഭാഷകനും ട്രെയ്‌നറും മെന്ററുമായ ലേഖകന്‍ നാല് പതിറ്റാണ്ടായി ലഹരി വിരുദ്ധ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കേരള സര്‍ക്കാറിന്റെ ഏറ്റവും മികച്ച ലഹരി വിരുദ്ധ പ്രവര്‍ത്തകനുള്ള പുരസ്‌ക്കാരം നേടിയിട്ടുണ്ട്. കേരള മദ്യവിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. 8075789768)

About The Author

Leave a Reply

Your email address will not be published. Required fields are marked *