ഒമാനിലെ പ്രവാസ ജീവിതം ഇപ്പോള്‍ 38 വര്‍ഷങ്ങള്‍ പിന്നിട്ടു കഴിഞ്ഞു. അത്രത്തോളം റമ്ദാന്‍ നോമ്പുകളെ കാണുവാനും, അടുത്തറിയുവാനും കഴിഞ്ഞു. ഏറെ പവിത്രതയോടെ നോമ്പു നോല്‍ക്കുന്ന ഒരുപാടു സുഹൃത്തുക്കളെനിക്കുണ്ട്. നന്മയും, സ്‌നേഹവും കോര്‍ത്തിണക്കിയ ദിവ്യ സൂക്തങ്ങള്‍ സദാ ഉരുവിടുന്ന അവരെല്ലാവരും അടുത്ത വീടുകളിലാണ് താമസിക്കുന്നത്.
ഞങ്ങള്‍ താമസിക്കുന്നതിനു അടുത്തായി അതിമനോഹരമായ ഒരു മസ്ജിദുണ്ട്.
പരിശുദ്ധമായ ഈ റമ്ദാന്‍ ദിവസങ്ങളില്‍ പുണ്യം പെയ്തിറങ്ങുന്ന വാങ്കു വിളികള്‍ക്കുമുണ്ട് സ്വര മാധുര്യം. ജനല്‍ പ്പാളികള്‍ തുറന്നിട്ടാല്‍ ഈ മസ്ജിദിന്റെ ചുറ്റും ചുവന്ന ലൈറ്റിന്റെ പ്രകാശത്തില്‍ കുളിച്ചു അതീവ ഭംഗിയോടെ തെളിമയാര്‍ന്നു നില്‍ക്കുന്നതു കാണാം.
തെളിഞ്ഞ നിലാവില്‍ അതു നോക്കി ആസ്വദിച്ചു നില്‍ക്കേ വാങ്കുവിളി ഉയര്‍ന്നു കേട്ടു. ഏതാണ്ട് അരമണിക്കൂറോളം കഴിഞ്ഞപ്പോള്‍ വീട്ടിലെ കാളിങ് ബെല്‍ ചിലച്ചു. ഞാന്‍ പെട്ടെന്ന് കതകു തുറന്നു. ആശ്ചര്യം കൊണ്ടെന്റെ കണ്ണുകള്‍ മിഴിഞ്ഞു.
അടുത്ത വീട്ടിലെ സജിതയും, മക്കളുമാണ്. വലിയ ട്രേയിലും, പാത്രങ്ങളിലുമായി നിറയെ പലഹാരങ്ങളുമായി മനോഹരമായി പുഞ്ചിരിച്ചുനില്‍ക്കുകയാണ്. ‘കയറി ഇരിക്കു’ ഞാന്‍ ക്ഷണിച്ചു. പലഹാരങ്ങള്‍ എല്ലാം മേശയില്‍ നിരത്തി സജിത യും, മകള്‍ മാളുവും പോകാനൊരുങ്ങി. സജിത പറഞ്ഞു ‘ഇക്കയ്ക്ക് കടയില്‍ പോകണം, ഞാന്‍പിന്നെ വരാം. എല്ലാം കഴിക്കണേ. പത്തിരിതേങ്ങാപ്പാലില്‍ മുക്കി കഴിക്കണം. ഇറച്ചി വറുത്ത തും, ഇടിയപ്പവും ആണ് ഇന്നത്തെ താരം. കിണ്ണത്ത പ്പം തണുത്തിട്ടേ കഴിക്കാവൂ. ഉന്നക്കായ് നല്ലസ്സല്‍ നെയ്യില്‍ പൊരിച്ചതാ. ‘ധൃ തിയില്‍ പറഞ്ഞിട്ട് സജിത തിടുക്കത്തില്‍ നടന്നു. പാത്രങ്ങള്‍ തുറന്നു നോക്കിയ ഞാനും, മോളും മനം മയക്കുന്ന മണമുള്ള പലഹാരങ്ങള്‍ കണ്ട് അന്തം വിട്ടിരുന്നു.
അന്നു രാത്രി ഭര്‍ത്താവും, മകനും, മകന്റെ ഭാര്യയും കുട്ടികളുമൊത്ത് ഭക്ഷണം കഴിച്ച ശേഷം വിശേഷങ്ങള്‍ കൈമാറവേ അദ്ദേഹം പറഞ്ഞു. സ്‌കൂളില്‍ മാസങ്ങളോളം ഫീസ് കൊടുക്കാത്ത ഒരു കുട്ടി ഉണ്ട്. ആഹാരത്തിനും വല്ലാതെ ബുദ്ധിമുട്ടുണ്ട്. നമുക്ക് നാളത്തെ നോമ്പു തുറ സമയത്ത് അവിടെ വരെ ഒന്നുപോകണം. നമുക്ക് സജിതയേയും കൂടെ കൂട്ടിയാലോ ? ഞാന്‍ ചോദിച്ചു. പിന്നെന്താ എല്ലാവരും അതു ശരിവച്ചു. ഞാന്‍ അപ്പോള്‍ ത്തന്നെ സജിതയോട് വിവരങ്ങള്‍ കൈമാറി. അന്നത്തെ സായാഹ്നം കൂടുതല്‍ സുന്ദരിയായതു പോലെ. നേര്‍ത്തൊരു തണുപ്പും തോന്നിച്ചു. പ്രകൃതിയാകെ പൂത്തുലയും പോലെ ഒരു പ്രതീ തി. നാലുമണി ആയപ്പോള്‍ ത്തന്നെ സജിത വന്നു. എടുത്താല്‍ പൊങ്ങാത്ത അത്രയും പലഹാരങ്ങള്‍ നിറച്ച കൂടുകള്‍. എന്റെ കയ്യിലുള്ള വലിയ ബാഗുകള്‍ കണ്ട് സജിത അത്ഭുത ത്തോടെ ചോദിച്ചു.
ഇതെല്ലാം എന്താണ് ? അരിയും, പച്ചക്കറികളും മറ്റുമാണ്. പിന്നെ കുറച്ചു വസ്ത്രങ്ങളും. ഞങ്ങള്‍ സ്‌കൂളിനടുത്തുള്ള ഫ്‌ലാറ്റില്‍ എത്തി. അല്‍പ്പം ശങ്കയോടെയാണ് ബെല്ലമര്‍ത്തിയത്. ഏതാനും മിനിറ്റുകള്‍ കഴിഞ്ഞു. അകത്തുനിന്നും ശബ്ദ മൊന്നും കേള്‍ക്കാത്തത്തിനാല്‍ വീണ്ടും കതകില്‍ തട്ടി.
അപ്പോള്‍ കതകിന്റെ പാളി അല്‍പ്പമൊന്നു തുറന്ന് ആകാംഷ കൊണ്ട് വിടര്‍ന്ന രണ്ടു കുഞ്ഞി ക്കണ്ണുകള്‍ വെളിയിലേക്കു തലമാത്രം നീട്ടി മണികിലുങ്ങും പോലെയുള്ള സ്വരത്തില്‍ ആരോ പഠിപ്പിച്ചു വച്ചതു പോലെ പറഞ്ഞു. അച്ഛന്‍ ഇവിടെ ഇല്ല. ‘അമ്മയോ ‘ഞാന്‍ ചോദിച്ചു ‘
‘അമ്മേ, അമ്മേ ‘മണി നാദം അകത്തെക്കോടി. വീണ്ടും അല്പ നേരം കൂടി കഴിഞ്ഞു മണിനാദം, അമ്മയെ കൂട്ടി കൊണ്ടുവന്നു. അല്‍പ്പം പരിഭ്രമത്തോടെ അവര്‍ ചോദിച്ചു.’ആരാ’
‘അകത്തേക്ക് ഇരിക്കാം ‘
അകത്തെ സോഫ യില്‍ ഞങ്ങള്‍ ഇരുന്നു. ഞാനും, സജിതയും ബാഗുകള്‍ എല്ലാം അവരെ ഏല്‍പ്പിച്ചു പറഞ്ഞു കുഞ്ഞിനുള്ള പലഹാരങ്ങളാണ്. ഒന്നും പറയാതെ അവര്‍ ബാഗു കളിലേക്കും, ഞങ്ങളെ യും മാറിമാറി നോക്കി. അവരുടെ കണ്ണുകള്‍ നിറഞ്ഞു.ഇടറിയ സ്വരത്തില്‍ അവര്‍ പറഞ്ഞു. ‘നന്ദി ‘
കുറച്ചു രൂപ അടങ്ങിയ ഒരു കവര്‍ അവരെ ഏല്പിച്ച് ഭര്‍ത്താവ് പറഞ്ഞു. എന്നാല്‍ ഞങ്ങള്‍ ഇറങ്ങട്ടെ.. അവര്‍ മെല്ലെ തലയാട്ടി. മണി നാദം കൈ വീശി മൊഴിഞ്ഞു. ‘ടാറ്റാ ‘
തിരികെയുള്ള യാത്രയില്‍ എല്ലാവരും സന്തോഷ ഭരതരായിരുന്നു. സജിത മാളുവിന്റെ കൈത്തലം നുകര്‍ന്നു കൊണ്ട് പറഞ്ഞു. ‘ലൈലത്തുല്‍ ഖദ്ര്‍ അടുത്തുവന്നപ്പോള്‍ ഒരു പുണ്യം കൂടി ചെയ്യാന്‍ കഴിഞ്ഞല്ലോ എന്റെ റബ്ബേ..’
‘ലൈലത്തുല്‍ ഖദ്ര്‍ ‘മാളു ആത്മ ഗതം ചെയ്തു.സജിതയോടായി അവള്‍ ആരാഞ്ഞു ‘അതെന്താണുമ്മച്ചി?
‘അത് അനുഗ്രഹങ്ങളുടെ രാവാണ് മോളേ
‘വിശദമായി പറയൂ ‘ഞാന്‍ ആവശ്യ പ്പെട്ടു.
‘നോമ്പിന്റെ അവസാന പത്തു നാളുകളിലെ ഒരൊറ്റ രാവിലാണ് ഖുര്‍ആന്‍ അവതരിക്കപ്പെട്ടത്. ആപുണ്യരാവിലെ നമസ്‌ക്കാരമടക്കമുള്ള എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ആയിരം മാസങ്ങളുടെ പ്രാര്‍ത്ഥന കളേക്കാള്‍ ശ്രേഷ്ഠതയുണ്ട്.’ലൈലത്തുല്‍ ഖദ്ര്‍ ഖൈറും മിന്‍ അല്‍ഫി ശഹ്ര്‍ ‘എന്ന് ഖുര്‍ ആനില്‍ത്തന്നെയുണ്ട്. അനുതാപത്തോടെ കണ്ണീരൊഴുക്കി പ്രാര്‍ത്ഥന യ്ക്കുള്ള അവസരമാണിത്. സജിത തുടര്‍ന്നു.’ലൈലത്തുല്‍ ഖദ് റിന്റെ രാത്രിയില്‍ വിശ്വാ സത്തോടെ പ്രതിഫലം തേടിയാരെങ്കിലും നമസ്‌കരിച്ചാലവരുടെ കഴി ഞ്ഞകാല പാപങ്ങള്‍ പൊറുക്കപ്പെടുമെന്ന് നബിയും പറഞ്ഞിട്ടുണ്ട്. ദൈവത്തിന്റെ മലക്കുകള്‍ ഭൂമിയിലെത്തി സത്യ വിശ്വാസികള്‍ക്ക് അനുഗ്രമാരികള്‍ ചൊരിഞ്ഞു നല്‍കുന്ന ആ ദിവസം മഹത്വമേറിയ രാവാണ് ‘ആകാം ക്ഷയോടെ ഞങ്ങള്‍ സജിത യുടെ സംസാരം ശ്രദ്ധിച്ചിരുന്നു.
‘അതി വിശി ഷ്ഠമായ റമദാന്‍ നോമ്പില്‍ സ്വര്‍ഗ്ഗ കവാടങ്ങള്‍ തുറക്ക പ്പെടുകയും
ചിട്ടയോടെ നോമ്പെടുക്കുന്നവര്‍ക്ക് മാലാഖമാരുടെ പ്രഭയും, ആത്മീയ കരുത്ത് ലഭിക്കുകയും ചെയ്യും.
തിന്മയെ നന്മ കൊണ്ട് അതി ജീവിക്കാനുള്ള പ്രധാന ആയുധമാണ് നോമ്പ്.