സിസിലി ജോര്‍ജ്്
വിവരമറിയിച്ചുകൊണ്ടുള്ള ഫോണ്‍ സന്ദേശം കിട്ടുമ്പോള്‍ ഞാന്‍ വലിയ ഉത്തരവാദിത്വമുള്ള ഒരു ജോലിയുടെ തിരക്കിലായിരുന്നു. എല്ലാം ഇട്ടെറിഞ്ഞിട്ട് യാത്ര ആരംഭിക്കാന്‍ പിന്നേയും രണ്ടു മണിക്കൂര്‍ വേണ്ടി വന്നു. വികലമായ മനസ്സോടെ കാറോടിക്കാന്‍ ധൈര്യമില്ലാത്തതിനാല്‍ സുഹൃത്തായ ഡോക്ടര്‍ സെലസ്റ്റീന ഫെര്‍ണാണ്ടസിനെ വിളിച്ച് വിവരം പറഞ്ഞു. ഒട്ടും തടസ്സമുന്നയിക്കാതെ അവള്‍ ഓടിയെത്തി. നീണ്ടïയാത്രയാണ്. വേണ്ടതില്‍ ചിലതെങ്കിലും കരുതണമല്ലോ. എനിക്കാണെങ്കില്‍ അസ്വസ്ഥത മൂലം ഒന്നിലും മനസ്സ് തങ്ങുന്നില്ല. ആരൊക്കെയോ വിവരമറിഞ്ഞ് എത്തിയിട്ടുണ്ട്. അവരൊക്കെ വേണ്ടതുപോലെ ചിന്തിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ഞാന്‍ സെലസ്റ്റീനയുടെ കാറില്‍ കയറി യാത്ര ആരംഭിച്ചു.
ആകാശം മേഘാവൃതമാണ്. ഇന്നലെ വരെ മഴ നിന്ന് പെയ്യുകയായിരുന്നു. കൊടും ചൂടില്‍ വെന്തുരുകിയിരുന്ന ഭൂമിയുടെ വരുംകാല അവസ്ഥകളെപ്പറ്റിയൊക്കെ മാധ്യമങ്ങള്‍ ഘോരഘോരം പ്രസ്താവനകളിറക്കി ജനത്തെ വറചട്ടിയിലിട്ട് പൊരിച്ചുകൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് മാനമിരുണ്ടതും ഗര്‍ജ്ജനം മുഴക്കി അണ്ഡകടാഹം വിറപ്പിക്കുന്നതിനിടയില്‍ വലിയ വലിയ മഴത്തുള്ളികള്‍ പറന്നുവീണതും. പെട്ടെന്ന് തീര്‍ത്തുകൊടുക്കേണ്ടïഫ്‌ളാറ്റിന്റെ അവസാന മിനുക്കുപണികള്‍ നിറുത്തിവച്ച് എല്ലാവരും അകത്തേക്ക് ഓടിക്കയറിയിരുന്നു. സാധാരണപോലെ കരണ്ടും ഫോണുംമറ്റും പണിമുടക്കി. പക്ഷെ ഇന്റര്‍നെറ്റിന് തകരാറൊന്നുമില്ലായിരുന്നെന്ന് തോന്നുന്നു. ഫോണില്‍ ‘വാട്‌സ്ആപ്പ്”ന്റെ മണിശബ്ദം കേട്ടപ്പോള്‍, തന്നിലേക്ക് ഓടി അണയുന്നത് ഇത്തരം ഒരു വാര്‍ത്തയായിരിക്കുമെന്ന് ഒട്ടും ഓര്‍ത്തില്ല.
‘ ‘ഗീതയുടെ നില ഗുരുതരമാണ്. മസ്തിഷ്‌കമരണം സംഭവിച്ചിരിക്കുന്നു. ഒട്ടും വൈകാതെ ഇവിടെ എത്തണം.’പെട്ടെന്ന് കേട്ടതിനാല്‍ അറിയിപ്പ് ആരില്‍ നിന്നാണെന്നൊന്നും നോക്കാന്‍ കഴിഞ്ഞില്ല. ഗീതയ്ക്ക്… എന്തുപറ്റി?!
സംശയനിവൃത്തി വരുത്താനൊന്നും സമയം കളയാനില്ല. സെലസ്റ്റീന മൂകയായിരുന്ന് കാറോടിക്കുകയാണ്. മരവിച്ച ഒരു പാവകണക്കെ ഞാന്‍ അരികില്‍തന്നെ ഇരുന്നു എന്നു പറയാം. ചിന്താശക്തിക്കൊക്കെ മങ്ങലേറ്റിരുന്നതിനാല്‍ ഞാനൊന്നും മിണ്ടുന്നില്ലായിരുന്നു. മഴ ഇത്രയൊക്കെ പെയ്തിട്ടും ചൂടിന് ഒരു കുറവുമില്ലെന്ന് തോന്നി. ഞാന്‍ വിയര്‍പ്പില്‍ മുങ്ങി ഒലിക്കുകയായിരുന്നു. മഴമേഘങ്ങള്‍ അപ്പോഴും ഗര്‍ജ്ജിച്ചുകൊണ്ട് ആകാശത്ത് ഒഴുകി നടക്കുന്നു. എന്റെ അവസ്ഥ അറിഞ്ഞിട്ടായിരിക്കാം സെലസ്റ്റീന കാറില്‍ ഏസി ഓണ്‍ ചെയ്തു. അവള്‍ എന്റെ നേരെ നോക്കി വാക്കുകള്‍ക്ക് തപ്പുന്നത് ഞാനറിഞ്ഞു. തൊണ്ടïഒരല്പം ശരിയാക്കി ഞാന്‍ അന്തരീക്ഷമൊന്ന് അവലോകനം ചെയ്തു.
‘ഗീതയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരിക്കുന്നു.’
ഞാന്‍ വാട്‌സ്ആപ്പിലെ മെസ്സേജിലൂടെ വീണ്ടും വിരലോടിച്ചു. വീണ്ടും സന്ദേശങ്ങള്‍ നോക്കാന്‍ ഞാന്‍ ഭയപ്പെടുന്നു.
‘ ‘എന്താണ് മസ്തിഷ്‌കമരണം?”
ഞാന്‍ സെലസ്റ്റീനയെ നോക്കി ചോദിച്ചു. അവള്‍ എന്നെ ഒന്നുനോക്കി. എന്റെ കൈയില്‍ മൃദുവായി സ്പര്‍ശിച്ചു. ഒരുപാട് ആശ്വാസവാക്കുകള്‍ക്ക് പകരമാണ് ആ സ്പര്‍ശമെന്ന് എനിക്ക് അനുഭവപ്പെട്ടു.
‘മരണം രണ്ട് രീതിയിലുണ്ട്. മസ്തിഷ്‌കം മാത്രമായ മരണമാണ് ഒന്ന്. മറ്റൊന്ന് പൂര്‍ണ്ണമായ മരണം. തലച്ചോര്‍ മാത്രം മരിച്ചുകഴിഞ്ഞ മസ്തിഷ്‌ക മരണത്തില്‍, അതാണ് ബ്രെയിന്‍ ഡെത്ത്, ഹൃദയമുള്‍പ്പെടെ ശരീരത്തിലെ മറ്റവയവങ്ങളെല്ലാം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കും. ഈ സമയത്ത് ശ്വാസമെടുക്കാന്‍ കഴിയാത്തതിനാല്‍ വെന്റിലേറ്റര്‍ സഹായം വേണ്ടിവരും. ഇങ്ങനെയുള്ള മസ്തിഷ്‌കമരണത്തിലാണ് ശരീരത്തിലെ അവയവങ്ങള്‍ മറ്റൊരുരോഗിക്കുവേണ്ടി എടുത്ത് മാറ്റുന്നത്. പക്ഷെ അതിനുമുമ്പ് മസ്തിഷ്‌കമരണം ഉറപ്പുവരുത്തേണ്ടതുണ്ട്.”
‘ഇതൊക്കെ കൃത്യതയുള്ളതാണെന്ന് പറയാന്‍ പറ്റുമോ? വൈദ്യശാസ്ത്രത്തിന് പിഴവ് പറ്റിക്കൂടെ?”
‘പറ്റാം… പക്ഷെ, കൃത്യതയോടെ ഇതൊക്കെ ഉറപ്പുവരുത്താന്‍ വഴികളുണ്ട്.”
സെലസ്റ്റീന തുടര്‍ന്ന് പലതും പറഞ്ഞുകൊണ്ടിരുന്നു. എന്റെ മരവിപ്പ് മാറ്റി എന്നെ ഒന്ന് ഉണര്‍ത്താന്‍ കൂടിയായിരിക്കാം, അവള്‍ സംസാരം തുടര്‍ന്നുകൊണ്ടിരുന്നത്.
‘മരിച്ചുകഴിഞ്ഞ ഒരാളുടെ കണ്ണില്‍ പ്രകാശം പതിക്കുമ്പോള്‍ ‘പ്യൂപ്പിള്‍ റിയാക്ഷന്‍’ ഉണ്ടാവില്ല. കൃഷ്ണമണി വികസിച്ച് തന്നെയിരിക്കും. അപൂര്‍വ്വം ചില മരുന്നുകളുടെ പാര്‍ശ്വഫലമായോ, നേരത്തേ കണ്ണിനുണ്ടായ ചില രോഗങ്ങളാലോ ഇത് സംഭവിക്കാം.”
‘എന്നാലും ഇതൊക്കെയാണോ നിഗമനങ്ങള്‍ ഉറപ്പാക്കുന്നത്?’
‘അല്ല, അതുമാത്രമല്ല. തലച്ചോര്‍ നിര്‍ജ്ജീവമായി എന്നുറപ്പിക്കാന്‍ ചെവിക്കുള്ളിലേക്ക് ഐസ് വെള്ളം ഒഴിച്ച് പ്രതികരണമുണ്ടോ എന്ന് നോക്കും.’
‘കൂടാതെ തൊണ്ടയില്‍ അസ്വസ്ഥത സൃഷ്ടിച്ച് ചുമയ്ക്കുന്നുണ്ടോ എന്ന് നോക്കും”
‘ ‘പിന്നെ?… ഇതുകൊണ്ടൊക്കെ…??”
‘ ‘വെന്റിലേറ്റര്‍ അല്പനേരത്തേക്ക് മാറ്റി ശ്വാസമെടുക്കുന്നുണ്ടോ എന്നും നോക്കും. ഇങ്ങനെ എത്രയെത്ര പരിശോധനയിലൂടെയാണ് ഇതുറപ്പാക്കുന്നതെന്നോ!”
‘പൂര്‍ണ്ണ മരണത്തിന് ഹൃദയമിടിപ്പ് തന്നെയാണ് പ്രധാനം. പള്‍സ് കിട്ടുന്നില്ലെങ്കിലും ഹൃദയം പ്രവര്‍ത്തിക്കുന്നുണ്ടാകും. ഉപകരണ സഹായത്തോടെ ഹൃദയം പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കണം. അഞ്ചുമിനിട്ടിലധികം ഹൃദയം പ്രവര്‍ത്തിക്കാതിരുന്നാല്‍ മരണം ഉറപ്പാണ്.”
‘എന്നാലും കൂടുതല്‍ പരിശോധനകളും ഈ നിശ്ചിത സമയവും കഴിഞ്ഞേ മരണം സ്ഥിരീകരിക്കൂ”
‘മസ്തിഷ്‌കമരണം സംഭവിച്ചു; ഇനി പ്രതീക്ഷയ്ക്ക് വകയില്ല എന്നുറപ്പായാല്‍ ജീവന്‍രക്ഷാ ഉപകരണമായ വെന്റിലേറ്ററും മറ്റും ഓഫാക്കാന്‍ ഞങ്ങള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേ ശിക്കും. ദിവസങ്ങളോളം രോഗിയെ പ്രതീക്ഷയോടെ പരിചരിച്ച നേഴ്‌സാണ് ഇത് ചെയ്യേണ്ടത്. ഇതിന് തൊട്ടുമുന്‍പും വരളുന്ന ചുണ്ടില്‍ പഞ്ഞികൊണ്ട് ഈര്‍പ്പം പകരുമ്പോള്‍ അത് വലിച്ചെടുക്കാനുള്ള ചുണ്ടിന്റെ ചെറുചലനം കണ്ടവരാണവര്‍. രോഗിയെ പൂര്‍ണ്ണ മരണത്തിലേക്ക് വിടുന്ന നേരത്ത് മനുഷ്യത്വമുള്ളവരൊക്കെ കരഞ്ഞുപോകും! പക്ഷെ ഡോക്ടര്‍!!”
മഴ വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്നു. റോഡിനിരുവശവും നിറഞ്ഞുതുളുമ്പി ഒഴുകാന്‍ കഴിയാതെ പലയിടത്തും പുഴയായി മാറി വഴികള്‍! നിവര്‍ത്തിയ കുടകള്‍,കാറ്റിന്‍ കൈകളെ ചെറുത്തുനിര്‍ത്താനാവാത്ത കുഴഞ്ഞ കൈകളുടെ പിടിവിടുവിച്ച് ആകാശത്ത് ഉയര്‍ന്ന് പറക്കുന്നുണ്ടായിരുന്നു. പ്രകൃതിയ്ക്ക് ഭൂതാവേശം സംഭവിച്ചതുപോലെ, റോഡില്‍ നിന്ന തണല്‍ വൃക്ഷങ്ങള്‍ ഉറഞ്ഞുതുള്ളി. സെലസ്റ്റീന വളരെ ശ്രദ്ധാപൂര്‍വ്വമാണ് കാറോടിച്ചത്. വേഗത കുറച്ച് വണ്ടിയോടിക്കുമ്പോള്‍ വീട്ടിലെത്താനുള്ള എന്റെ ഉദ്വേഗം അവള്‍ മന:പൂര്‍വ്വം അവഗണിക്കുകയായിരുന്നു. വീണ്ടും ഒരപകടം വരുത്തരുതല്ലോ.
പ്രതീക്ഷകള്‍ നിറം ചാര്‍ത്തിനിന്ന മനോഹര ദിനങ്ങളിലാണ് തറവാട്ടില്‍ നിന്ന് മാറി സ്വന്തമായൊരു ഭവനത്തില്‍ താമസിക്കാനുള്ള മോഹം ഗീത പ്രകടിപ്പിച്ചത്. അന്ന് അവള്‍ രണ്ടാമതും ഒരു പ്രസവത്തിന് ഒരുങ്ങുകയായിരുന്നു. മനസില്ലാമനസ്സോടെയാണ് ഞാനാ ആഗ്രഹത്തിന് വഴങ്ങിയത്. ജോലിത്തിരക്കില്‍ പലപ്പോഴും അവളും കുഞ്ഞുങ്ങളും ഒറ്റപ്പെടുമെന്നതിനാല്‍ ഞാനവളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. പിന്നെ വീട്പണി കഴിഞ്ഞ് താമസംമാറ്റിക്കഴിഞ്ഞപ്പോള്‍ ഗീതയുടെ അത്യുത്സാഹം കണ്ട് ഈ തീരുമാനം നേരത്തെ വേണ്ടതായിരുന്നെന്ന് എനിക്ക് തോന്നി. വീടിന്റെ അകവും പുറവും ഗീതയുടെ കലാബോധത്താല്‍ സ്വര്‍ഗസമാനമായി. തിരക്കുകള്‍ക്കിടയില്‍നിന്ന് ഓടിവന്ന് ആ മരുപ്പച്ചയില്‍ വിശ്രമിച്ച് ഞാന്‍ സായൂജ്യമടഞ്ഞു.എന്റെ പൊന്നോമനകള്‍ വളര്‍ന്ന് വലുതായി. അവര്‍ വീടുപേക്ഷിച്ച് ഹോസ്റ്റലുകളിലായി. അവിടുത്തെ വീര്‍പ്പുമുട്ടലുകളില്‍നിന്ന് സ്വന്തം വീടിന്റെ ശീതളിമയിലെത്താന്‍ അവരും കൊതിച്ചു.
പ്രകാശം പരത്തിനിന്ന ആ കെടാവിളക്കാണ് കെട്ടുപോയിരിക്കുന്നത്.എന്റെ എല്ലാമെല്ലാമായി എന്റെ ജീവിതം തന്നെ മാറ്റിമറിച്ച എന്റെ ഗീത ഇന്ന് വെറും ഓര്‍മ്മയായിക്കഴിഞ്ഞിരിക്കുന്നു. പുതിയ ന്യൂറോ ഗവേഷകര്‍ പറയുന്നതുപോലെ, നമ്മുടെ ഓര്‍മ്മകള്‍ പോലും തലച്ചോറിലല്ല, ശരീരത്തെ ഉള്‍ക്കൊള്ളുന്ന മനസ്സിലോ ചിലപ്പോള്‍ മനസ്സിനെ ഉള്‍ക്കൊള്ളുന്ന മറ്റ് തലങ്ങളിലുമാണോ? ആ ഓര്‍മ്മകളെ സ്വീകരിക്കാനും വിശകലനം ചെയ്യാനുമുള്ള ഉപകരണം മാത്രമാണോ തലച്ചോര്‍… അപ്പോള്‍ എന്റെ ഗീത? മരവിപ്പേറ്റുവാങ്ങിയ അവളുടെ മസ്തിഷ്‌കം! പുറത്തെ മഴയുടെ തണുപ്പും കാറിനകത്ത് മുരളുന്ന ഏസിയുടെ കുളിരും സ്പര്‍ശിക്കാതെ എന്റെ ശരീരം വിയര്‍ത്തൊഴുകുന്നു…നേരിടാന്‍ പോകുന്ന ദു:ര്‍വിധി എന്നെ തളര്‍ത്തുന്നു. കാറിപ്പോള്‍ കുറേക്കൂടി വേഗത്തിലാണ് ഓടുന്നത്. പുറത്തെ കാറ്റ് അല്പം കുറഞ്ഞിട്ടുണ്ട്. സ്ഥലകാലബോധമില്ലാതെ കഴിഞ്ഞ കുറേ സമയത്തിന് ശേഷം ഇപ്പോള്‍ വീടിന്റെ സാമീപ്യം അനുഭവപ്പെട്ട് തുടങ്ങി. സ്വന്തം ഗ്രാമത്തിലേക്കുള്ള വഴിത്തിരിവില്‍ ആളുകള്‍ അങ്ങോട്ടുമിങ്ങോട്ടും മുഖത്തോട് മുഖം നോക്കി കാറിലേക്ക് വിരല്‍ ചൂണ്ടുന്നുണ്ട്. നാട് മുഴുവന്‍ ഒരു കോണില്‍ ഒത്ത് കൂടിയിരിയ്ക്കയല്ലെ?!
മുറ്റത്ത് വലിയ പന്തല്‍! കാര്‍ വന്നുനിന്നപ്പോള്‍ ആരൊക്കെയോ ഓടി അടുക്കുന്നു. സെലസ്റ്റീന വളരെ സാവകാശം കാര്‍ നിര്‍ത്തി ഇറങ്ങിവന്നു. അവളുടെ വിരലില്‍ പിടിച്ച് ഒരു ജീവച്ഛവം പോലെ ഞാനിറങ്ങി. കണ്ണിനുമുന്നില്‍ ഒരു ഇരുട്ടിന്റെ തിരശ്ശീല വീണപോലെ. വേച്ച് വേച്ച് ഞാന്‍ നടന്നു. അകത്ത് കൂട്ടക്കരച്ചില്‍ ഉയരുന്നുണ്ട്. എന്റെ രണ്ടുമക്കളും എന്നെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുന്നു. എവിടെ? എവിടെ എന്റെ ഗീത!!
‘മോര്‍ച്ചറിയിലാണ്… കൊണ്ടുവന്നിട്ടില്ല”
ആരോ പറഞ്ഞത് കേട്ടു.
എന്റെ മനസ്സിനകത്തേക്ക് മോര്‍ച്ചറിയിലെ തണുപ്പ് അരിച്ചുകയറുന്നതുപോലെ.എന്റെ പ്രിയ സുഹൃത്ത് പ്രൊഫസറും കാര്‍ഡിയോളജിസ്റ്റുമായ ഡോ. റാം മോഹന്‍ പറ ഞ്ഞ ചില കാര്യങ്ങള്‍ എന്റെ മനസ്സിലൂടെ ഊളിയിട്ടുപോയി. മരണമുഖത്ത് പോയി ചിലരെങ്കിലും തിരിച്ചുവരാറുണ്ടെന്ന് അദ്ദേഹമാണ് ഒരിയ്ക്കല്‍ പറഞ്ഞത്. അപൂര്‍വ്വമായി ചിലര്‍ ആ യാത്രയെപ്പറ്റി വിശദീകരിച്ചിട്ടുണ്ടത്രെ! ശരീരത്തിന്റെ പുറത്തുനിന്ന് കാണുന്ന കാഴ്ചയ്ക്ക് പുറമെ ഒരു വെളുത്ത മേഘക്കുഴലിലൂടെയുള്ള യാത്രയും രൂക്ഷമായ പ്രകാശത്തിലേക്ക് എടുത്തെറിയപ്പെടുന്ന അവസ്ഥയും അവര്‍ ഓര്‍ക്കുന്നതായി അദ്ദേഹത്തോട് പങ്കുവച്ചിട്ടുണ്ടത്രെ!
എങ്കില്‍! എങ്കില്‍!! എങ്കില്‍!!! മരിച്ചുവെന്നുകരുതി മരണം പ്രഖ്യാപിച്ച ശേഷവും ജീവിതത്തിലേക്ക് തിരിച്ചുവന്ന ‘ലാസറസ് സിന്‍ഡ്രോം”എന്റെ ഗീതയെ ഉണര്‍ത്തിയെങ്കില്‍!
പൊട്ടിക്കരയാന്‍പോലും എനിക്ക് കഴിയാത്തതെന്തേ?!
‘ ‘മോര്‍ച്ചറിയില്‍നിന്ന് ഉടനെ കൊണ്ടുവരാന്‍ പറ്റുമോ?”
സെലസ്റ്റീനയുടെ ശബ്ദം ഞാന്‍ തിരിച്ചറിഞ്ഞു. നിങ്ങള്‍ വരാന്‍ വൈകുമോയെന്നുകരുതിയാണ് കൊണ്ടുവരാതിരുന്നത്. നമുക്കുടനെ എല്ലാം ഏര്‍പ്പാടാക്കാം.’
‘ ‘ഞങ്ങള്‍ പോയിട്ട് വരാം. ഇവിടെ… വിശ്രമിക്കൂ’സെലസ്റ്റീന പറഞ്ഞു.
‘ ‘വേണ്ട….. ഞാനും വരുന്നു. എനിക്കെന്റെ ഗീതയെ കാണണം.’കാര്‍ വീണ്ടും ഓടിത്തുടങ്ങിയപ്പോള്‍ എന്റെ തലച്ചോര്‍ മറ്റൊരുവിധത്തില്‍ പ്രവര്‍ത്തന നിരതമായെന്ന് എനിയ്ക്ക് തോന്നി. ഹൃദയമിടിപ്പ് പൂര്‍ണ്ണമായി നിലച്ച അവസ്ഥയിലായ എന്റെ പ്രിയ സുഹൃത്ത് രാംദേവിന്റെ ജീവന്‍ തിരിച്ചുപിടിച്ച കാര്യം ഒരിയ്ക്കല്‍കൂടി എന്റെ സ്മരണയിലെത്തി. അന്ന് ഡോക്ടര്‍മാര്‍ സി.പി.ആര്‍ നടത്തി. അതും പരാജയപ്പെട്ട് രോഗി മരിച്ചെന്ന് കരുതി ഡോക്ടര്‍മാര്‍ പിന്‍ വാങ്ങിക്കഴിഞ്ഞപ്പോള്‍ അവന്റെ ഹൃദയം താനേ മിടിച്ചുതുടങ്ങി. സി.പി.ആര്‍ എന്ന കാര്‍ഡിയാക് മസാജ് നല്‍കുന്ന സമയത്ത് നെഞ്ചിലുണ്ടാകുന്ന സമ്മര്‍ദ്ദം കഴിഞ്ഞുള്ള റിലാക്‌സേഷന്‍ സമയത്ത് ഹൃദയം വികസിക്കാനിടയാകുകയും അത് ഹൃദയത്തിലെ വൈദ്യുതി സ്പന്ദനങ്ങള്‍ പുനരാരംഭിക്കാന്‍ സഹായിക്കുകയും ചെയ്യുന്നത്രെ!
ഞാനെന്താണ് ഇത്തരം ചിന്തകളിലേക്ക് വഴുതിയിറങ്ങുന്നതെന്നറിയില്ല. എന്റെ നഷ്ടത്തിന്റെ വലുപ്പം അത്രയ്ക്കും വലുതാണല്ലോ. ഒരു ‘മിറക്കിള്‍’ സംഭവിയ്ക്കണേയെന്ന് ഞാന്‍ മനമുരുകി പ്രാര്‍ത്ഥിക്കുന്നെന്ന് മാത്രം. കാറും കോളുമൊക്കെ നീങ്ങി ആകാശം അല്പം തെളിഞ്ഞിട്ടുണ്ട്. എന്നിട്ടും വിതുമ്പലോടെ മഴത്തുള്ളികള്‍ പറന്നുവീണുകൊണ്ടിരുന്നു. പാതയോരത്തെ മരച്ചില്ലകളില്‍ ഇലച്ചാര്‍ത്തുകള്‍ ശേഖരിച്ചുവച്ചതാണവയെല്ലാം. വളവ് തിരിഞ്ഞ് ഹോസ്പിറ്റലിന്റെ വിശാലമായ ഗേറ്റിലൂടെ കാര്‍ ഇരമ്പിക്കയറിയപ്പോള്‍ വലിയ മഞ്ഞുമലകള്‍ ഇടിഞ്ഞിറങ്ങി എന്റെ ഹൃദയതന്തുക്കള്‍ വിറങ്ങലിക്കുന്നതായി ഞാനറിഞ്ഞു.
‘മോര്‍ച്ചറിയുടെ മരവിപ്പില്‍ എന്റെ ഗീത ശാന്തമായുറങ്ങുന്നു…..ഒരത്ഭുതവും ഇവിടെ സംഭവിച്ചിട്ടില്ല. എന്റെ ആഗ്രഹങ്ങളും പ്രതീക്ഷകളും ഇവിടെ മണ്ണടിയുകയാണ്. ഇനിയൊരിയ്ക്കലും ആ കിളിനാദം എന്നെ പുളകമണിയിക്കില്ല. ഇനിയൊരിയ്ക്കലും ആ പരിരംഭണം എന്നെ വീര്‍പ്പുമുട്ടിയ്ക്കില്ല. തേങ്ങലടങ്ങാത്ത എന്റെ ഹൃദയത്തിന് ആരിനി ആശ്വാസം പകരും?’
‘മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരം ഇരിയ്ക്കണേ…’തമാശകലര്‍ത്തി കുസൃതിയോടെ എത്രയോവട്ടം ഞാന്‍ പാടിയ വരികള്‍, അവളുടെ വരണ്ട ചുണ്ടുകള്‍ എന്നെ നോക്കി മന്ത്രിക്കുന്നുവോ?
‘വിടവാങ്ങുന്നേന്‍ നശ്വരമുലകില്‍
പ്രകൃതിയെനിയ്ക്കായ് നല്‍കിയ വസതി…”
ഏതോ മുറിയില്‍നിന്ന് നേര്‍ത്ത ശബ്ദത്തില്‍ ഈ വരികള്‍ കാറ്റി്‌ലലിഞ്ഞ് ചേര്‍ന്നുകൊണ്ടിരുന്നു.
About The Author
No related posts.