LIMA WORLD LIBRARY

ഇരുപത്തിയേഴാം രാവ് – ഹിജാസ് മുഹമ്മദ് (ഗൾഫ്)

റമളാന്‍ മാസപ്പിറവി കണ്ടനാള്‍ മുതല്‍ അത്താഴ സമയത്തുള്ള പള്ളിയിലെ ഖുര്‍ആന്‍ പാരായണം കേട്ടാണ് അന്നും പതിവുപോലെ അവളുണർന്നത്. ഉറക്കച്ചടവ്‌ വിട്ടു മാറും മുന്നേ തട്ട് മുകളിലെ മുറിയില്‍ നിന്നും പടികളിറങ്ങി അടുകളയിലേക്ക് എത്തി.
കൂട്ട് കുടുംബമായതിനാല്‍ കഴിക്കാൻ വന്നിരിക്കുന്നവരുടെ എണ്ണത്തിന് കുറവൊന്നുമില്ല. അവരുടെ ഇഷ്ടങ്ങളോ അതുപോലെതന്നെ പലതും. അവൾ താമസിയാതെ വിവിധ തരത്തിലുള്ള അത്താഴ വിഭവങ്ങൾ മേശപ്പുറത്ത് എത്തിക്കുന്ന തിരക്കിലായി.

തലേ ദിവസം കിടക്കും മുന്നേ ഇരുപത്തിയേഴാം രാവിന്റെ മഹിമ പറഞ്ഞ് കേട്ടു അന്നത്തെ നോമ്പ് പിടിക്കണമെന്ന് വാശി പിടിച്ച അഞ്ചു വയസായ തന്‍റെ ഇരട്ട മക്കളെ വിളിച്ചുണര്‍ത്താന്‍ അന്നേരം അവളൊന്നു പണിപെട്ടു.

“അവരെ വിളികണ്ട, ചെറിയ കുട്ടികള്‍ അല്ലെ, നോമ്പ് എടുപ്പിക്കണ്ട” എന്നുള്ള അവരുടെ ഉപ്പാടെ വാക്ക് വകവെക്കാതെ പിള്ളേരുടെ ഇഷട്ടത്തിനു ആ തീരകിന്റെ ഇടയിലും അവരെ വിളിച്ചുണര്‍ത്തി. മക്കളുടെ ഇഷ്ട വിഭവങ്ങള്‍ മുന്നില്‍ നിരന്നിട്ടും ഉറക്കം വിട്ടു മാറാതെ ഇരുന്ന അവര്‍ പേരിനു പോലും ഒന്നും കഴിക്കാതെ വീണ്ടും കിടന്നുറങ്ങി.
നേരം പുലര്‍ന്നു, പല്ല് തേപ്പു കഴിഞ്ഞു പതിവ് പ്രഭാത ഭക്ഷണം കാണാത്തതിനാല്‍ തങ്ങള്‍ക്ക് നോമ്പാണെന്ന് ആ പൈതങ്ങളൾ ഉറപ്പിച്ചു. പതിവ് കളിയും ബഹളങ്ങളും ഒഴിവാക്കി എല്ലാരുടെയും മുന്നില്‍ അങ്ങനെ നോമ്പ്കാരായി നടന്നു.
ഉച്ചയായതേയുള്ളൂ ക്ഷീണതരായി അടുക്കളയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും മണം പിടിച്ച് തേരാപാര നടന്നു. ഒരു കച്ചവടവും അവിടെ നടക്കുന്നില്ലന്ന് ഉറപ്പു വരുത്തി. അവസാനം ഉമ്മറത്തു പോയിരുന്ന് പരസ്പരം മുഖത്തോട് നോക്കി ചോദിച്ചു.
“ഡാ നിനക്ക് വിശക്കുന്നുണ്ടോ?
ഇല്ലടാ ഞാന്‍ നല്ല ഉഷാറാണ്.
അല്ലാ നീനക്കോ? അവനും മൂളി….”
സക്കാത്തു വാങ്ങാനായി പലരും ഉമ്മറത്ത് വന്ന് അരിയും പൈസയും വാങ്ങി പോകുന്നു. അവരുടെ കൂടെയുള്ള കുട്ടികള്‍ ഓരോ പലഹാരങ്ങള്‍ കഴിക്കുന്നത്‌ കാണുമ്പോള്‍ കുഞ്ഞു വായയില്‍ വെള്ളമൂറി.
പെട്ടന്ന് ഒരു ശബ്ദം
“പോയി നിസ്ക്കരിക്കട….നോമ്പ് മാത്രം എടുത്താല്‍ പോരാ…”എന്ന വെല്ലിമാടെ ശാസന കേട്ട് അവര്‍ അകത്തേക്ക് ഓടി.
കുറച്ചു കഴിഞ്ഞ് അവരുടെ ഉപ്പാ അടുത്തേക്ക് വന്നു അതിലൊരുത്തനെ മുന്‍വശത്തെ കറുത്ത അമ്പാസിഡര്‍ കാറിലെ പിന്‍ സീറ്റിലിരുത്തി
കയ്യിൽ ഇരുന്നിരുന്ന ഭക്ഷണം നീട്ടി..
“മോൻ ഇത് കഴിച്ചോ… ഉപ്പ ആരോടും പറയില്ല….”
കേള്‍ക്കേണ്ട താമസം അവനതു വാങ്ങി കഴിച്ചു വിശപ്പടക്കി. സഹോദരന്‍റെ മുന്നില്‍ പോയി വീണ്ടും ഒരു ചോദ്യം
“ഡാ നിനക്ക് വിശക്കുന്നുണ്ടോ?” പക്ഷെ അന്നേരം മറുപടി ഉണ്ടെന്നായി.
ഭക്ഷണം കഴിച്ച് വയറു നിറഞ്ഞ അവനും പറഞ്ഞു എനിക്കും അതെ വിശക്കുന്നു.
“എങ്കില്‍ വാട നമ്മുക്ക് കുറച്ചു നേരം പോയി കിടക്കാം.”
പിന്നീട അങ്ങോട്ട്‌ നോമ്പിന്‍റെ ക്ഷീണമായി. ഉമ്മാടെ മുന്നിലും വീട്ടുകാരുടെ മുന്നിലും അവര്‍ അങ്ങോട്ട്‌ തക്കര്‍ത്ത് അഭിനയിക്കാന്‍ തുടങ്ങി.
തനിക്കു മുന്നേ മറ്റേ സഹോദരനെയും കാറിൽ ഇരുത്തി ഉപ്പാനെകൊണ്ട് ഭക്ഷണം കൊടുപ്പിച്ച ആ ഉമ്മയുടെ കൈകള്‍ അന്ന് കുഞ്ഞുമനസ്സുകള്‍ക്ക്‌ തിരിച്ചറിയാനയ്യില്ല.
മറ്റുള്ളവരുടെ മുന്നില്‍ നോമ്പ്കാരായ ആ ഒന്നാക്ലാസ്സുക്കാര്‍ക്ക് കൂട്ടുക്കാരുടെ മുന്നില്‍ നോമ്പടുത്തെന്നു വീമ്പു പറയാനുമായെന്ന സന്തോഷത്തില്‍ ഒന്നും അറിയാത്ത പോലെ അന്നത്തെ നോമ്പ് അവര്‍ എത്തിച്ചു…

സന്ദേശം:- “മക്കളുടെ സന്തോഷവും അവരുടെ ആരോഗ്യവും അവരിയാതെ കാത്തു സുക്ഷിക്കുന്നവരാണ് യഥാര്‍ഥത്തില്‍ മാതാപിതാക്കള്‍.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px