‘മിഖായേല്‍… ഒരു മറുപടി പറയൂ… ഈ മൗനം എനിക്ക് സഹിക്കാനാകുന്നില്ല.’ മൗനത്തിന്റെ കൂടുതുറന്ന് അവന്‍ വാനിലേക്കുയരാന്‍ ശ്രമിച്ചു. ‘അരുത് മിഖായേല്‍… എന്നെ കണ്ടില്ലെന്ന് നടിക്കരുത്…’ മിഖായേലിന്റെ കൈകളില്‍ പിടിച്ച് അവള്‍ തടഞ്ഞു. അവന്‍ അവളുടെ കണ്ണുകളില്‍ ദയനീയമായി നോക്കി.
ഇവള്‍ ‘ദിയാബാനു’…
ദിയാബാനുവിനെ അവന് ഇഷ്ടമാണ്. പക്ഷേ, അവളുടെ സമ്പത്ത്, അവളുടെ മതം-ഇവയെ മറികടക്കാന്‍ ആദര്‍ശങ്ങളില്ലാത്തവന് എങ്ങനെ കഴിയും. എല്ലാവരും മന്ദബുദ്ധിയെന്ന് വിളിച്ച് ആക്ഷേപിക്കുന്ന, മസ്തിഷ്‌കത്തിന് മന്തുപിടിച്ചവന്‍ എന്ന് കളിയാക്കുന്ന ഈ ഏകാകിക്ക് ദിയാബാനുവിനെപ്പോലൊരു പെണ്ണിനെ രജിസ്റ്റര്‍ ഓഫീസില്‍ ഒപ്പുവയ്ക്കുന്നതെങ്ങനെ…
ദിയാബാനു കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ മിഖായേല്‍, അവളെ കാണുകയാണ്. ദിയാബാനുവിനേക്കാള്‍ ഏഴൊ… എട്ടൊ വയസ്സ് കൂടുതലാണ് മിഖായേലിന്. തന്റെ താടിയിലുള്ള പൊള്ളലിന്റെ പാട് അവന്‍ ഓര്‍ത്തു. താടിരോമങ്ങള്‍ ഇപ്പൊ ആ പാടിനെ മറച്ചിരിക്കുന്നു. ദിയാബാനു കുഞ്ഞായിരുന്നപ്പോള്‍, അതായത് ഒരു രണ്ടുവയസ്സ് കാണും. തന്റെ അടുത്തേക്ക് ഓടിവന്ന് തന്നെ കെട്ടിപ്പിടിച്ചു. എന്നിട്ട് തോളിലേക്ക് കയറി. അത്തര്‍ മണമുള്ള അവളുടെ കവിളില്‍ താനന്ന് ഉമ്മവച്ചു. ഇതുകണ്ടുകൊണ്ട് വന്ന അവളുടെ ബാപ്പ തന്റെ ചുണ്ടിനേയും താടിയേയും പൊള്ളിച്ചു. അന്നുമുതല്‍ ദിയാബാനുവിനെ താന്‍ കണ്ടില്ലെന്ന് നടിക്കും.
ആരുമില്ലാത്തറവനാണ് മിഖായേല്‍. അമ്മ മരിച്ചപ്പോള്‍ അച്ഛന്‍ ഉപേക്ഷിച്ചുപോയി. പറയാന്‍ വളരെ കുറച്ചു ബന്ധുക്കള്‍ മാത്രം. അവരാരും മിഖായേലിനെ ഏറ്റെടുത്തില്ല.
മിഖായേലിന് ഒരു ചരിത്രമുണ്ട്.
‘രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ജെറുസലേമിലെ രണ്ടാമത്തെ ദേവാലയവും റോമാക്കാര്‍ ആക്രമിച്ചപ്പോള്‍ യഹൂദര്‍ ലോകത്തിന്റെ പലയിടങ്ങളിലേക്കും ഓടിപ്പോയി. ചെന്ന സ്ഥലങ്ങളിലെല്ലാം അവര്‍ക്ക് ആക്രമണങ്ങള്‍ നേരിട്ടു. പക്ഷേ മലയാളമണ്ണില്‍ പഴയ മുസ്രിസ് തുറമുഖത്തില്‍ അതായത്, കൊടുങ്ങല്ലൂരില്‍ അവരെ സ്വാഗതം ചെയ്തു. അങ്ങനെ ചേന്ദമംഗലം, പറവൂര്‍, മാള, കൊച്ചി എന്നിവിടങ്ങളില്‍ യഹൂദ സന്തതികള്‍ ജനിച്ച് പിച്ചവച്ച് പടവുകള്‍ കയറി. 1948-ല്‍ ഐക്യരാഷ്ട്രസഭയുടെ മേല്‍നോട്ടത്തില്‍ ഇസ്രയേല്‍ നിലവില്‍ വന്നതോടുകൂടി ലോകത്തിന്റെ പലഭാഗങ്ങളില്‍ ഉണ്ടായിരുന്ന യഹൂദരില്‍ പലരും അവിടേക്ക് തിരികെയെത്തി. അങ്ങനെ ഇവിടെയുണ്ടായിരുന്ന യഹൂദരില്‍ പലരും ഇസ്രയേലിലേക്ക് തിരിച്ചുപോയി. കുറച്ചുപേര്‍ മാത്രം ഇവിടെ താവളം ഉറപ്പിച്ചു. മിഖായേലിന്റെ പിതാവും ഇസ്രയേലിലേക്ക് പോയി.’
ദിയാബാനു സ്‌കൂളില്‍ പോയിരുന്ന വേളകളില്‍ മിഖായേലിനെ കാണുമായിരുന്നു. അവന്‍ ആരുടെയെങ്കിലും അഴുക്കുചാല്‍ വൃത്തിയാക്കുകയൊ, തോട്ടിപ്പണി ചെയ്യുകയൊ, കൊച്ചമ്മമാര്‍ക്ക് മീന്‍ കണ്ടിക്കുകയൊ, കക്കൂസ് വൃത്തിയാക്കുകയൊ, ശവം എരിഞ്ഞുകഴിയുമ്പോള്‍ ആ ചാരം വാരുകയൊ അങ്ങനെ എന്ത് വൃത്തികെട്ട പണിയും അവന്‍ ചെയ്യുന്നതാണ് അവള്‍ കണ്ടിരുന്നത്. അങ്ങനെ അവന്‍ നാട്ടുകാര്‍ക്ക് ‘മന്ദബുദ്ധിയായ കോവര്‍ കഴുതയായി’. കഴുതയ്ക്ക് പെണ്‍കുതിരയില്‍ ജനിക്കുന്ന കുട്ടിയാണ് കോവര്‍ കഴുതയെന്ന് പറയുന്നത്.
ശുഭകാര്യങ്ങള്‍ക്കൊന്നും അവനെ പങ്കെടുപ്പിച്ചിരുന്നില്ല. വിവാഹം കാണാന്‍ അവനെ ആരും അനുവദിച്ചിരുന്നില്ല. എച്ചില്‍ കഴുകാന്‍ മാത്രമേ അവന് ക്ഷണം ഉണ്ടാവുകയുള്ളു. മിഖായേല്‍ യഹൂദനാണെന്ന് യഹൂദര്‍ ആരും അംഗീകരിക്കില്ല. അതവര്‍ക്ക് നാണക്കേടാണ്. ഒരു കഥയില്ലാത്തവന്‍. തങ്ങളുടെ മതത്തിന് തന്നെ അപമാനം എന്നാണ് അവര്‍ പറയാറ്.
ദിയാബാനു കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ അവളുടെ മനസ്സില്‍ ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ന്നുവന്നു. ‘എന്തുകൊണ്ട്… എന്തുകൊണ്ട് അവന്‍ ഇങ്ങനെയായി?’. അവള്‍ മിഖായേലിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി. ചിന്ത വളര്‍ന്നുവളര്‍ന്ന് മിഖായേലിനൊപ്പം നടക്കാന്‍ തുടങ്ങി. നിഷ്‌കളങ്കമായ അവന്റെ മുഖം മനസ്സില്‍ വരകളായി വന്നു… പിന്നെ നിറങ്ങളായി വന്നു… പിന്നെ…
മിഖായേലിന് ആരും കൂലികൊടുക്കാറില്ല. കൂലി ചോദിച്ച് അവന് ശീലവുമില്ല. എത്രവലിയ ചുമടും അവന്റെ തലയിലേറ്റിക്കൊടുക്കും. എത്ര ഉയരമുള്ള ഫ്‌ലാറ്റിലും അവന്‍ തൂങ്ങിക്കിടന്ന് പെയിന്റടിക്കും. പ്രതികരിക്കാനറിയാതെ സ്വയം വേദനിച്ച് വേദനിച്ചാണ് അവന്‍ മൗനവത്മീകത്തില്‍ തപസ്സിരിക്കാന്‍ പഠിച്ചത്. വിശപ്പ് മറന്ന ജീവിതമാണ് അവന്റേത്.
ആദ്യമൊക്കെ ദിയാബാനുവിന്, മിഖായേലിനോട് സഹതാപമായിരുന്നു. പിന്നെ എപ്പോഴോ സഹതാപം വഴിമാറി… ഈ പ്രണയവും മരണവും ഒരുപോലെയാണ്, എപ്പോഴാണ് കയറിവരുന്നതെന്ന് പറയാന്‍ പറ്റില്ല. പ്രണയത്തെ കത്തി കൊണ്ട് കുത്താനൊ, ആസിഡ് ഒഴിച്ച് വികൃതമാക്കാനൊ, ചുട്ടെരിച്ച് കൊല്ലാനൊ ഒന്നും ദിയാബാനുവിന് ആകില്ല. പ്രണയം വീട്ടിലറിയുമ്പോഴാണ് പ്രളയം ഉണ്ടാകുന്നത്. മിഖായേലിന് വേണ്ടി എത്ര കടുത്ത വേദനകളേയും ദത്തെടുക്കാന്‍ ദിയാബാനു തയ്യാറാണ്.
എത്ര ഒളിപ്പിച്ചുവച്ചാലും പ്രണയത്തിന്റെ സുഗന്ധം പടരും. പക്ഷേ, ഇവിടെ ദിയാബാനു തന്റെ പ്രണയരഹസ്യം ഒരു മനസ്സിലേക്കും പകര്‍ന്നില്ല. എന്തെന്നാല്‍ തന്റെ പിതാവും ആങ്ങളമാരും അറിഞ്ഞാല്‍ മിഖായേല്‍ എന്ന പേരുപോലും അവര്‍ ബാക്കിവയ്ക്കില്ല.
ഒരു പെണ്ണ് പ്രണയക്കൊടിയും പിടിച്ച് ഇങ്ങനെ വന്നുനിന്ന് കെഞ്ചിയാല്‍ ഏത് പുരുഷനാണ് അധികനാള്‍ പിടിച്ചുനില്‍ക്കാന്‍ കഴിയുക… അതും ഒരു ഹൃദയമുള്ള പുരുഷന്…
മിഖായേലിനെ അങ്ങനെ വെറുതെവിടാന്‍ കാമദേവന്‍ ഉദ്ദേശിച്ചിട്ടില്ല. കാമദേവന്‍ അവനും പൂവമ്പിന്റെ ഏറുകൊടുത്തു… രക്തം പൊടിഞ്ഞില്ല… വേദനിച്ചില്ല… നനുത്ത ഇളംമഞ്ഞ നിറമുള്ള കേദകിപ്പൂവിന്റെ സുഗന്ധം അവന്റെ സിരകളില്‍ പടര്‍ന്നുകയറി.
മിഖായേലും പച്ചക്കൊടി പിടിച്ചു. ഇപ്പോള്‍ മിഖായേലിന് കൃത്യമായി വിശക്കാന്‍ തുടങ്ങിയിരിക്കുന്നു. ഉണര്‍ന്നിരിക്കുന്ന രാവും ഉറങ്ങാത്ത അവനും ഒരുപാട് സ്വപ്നങ്ങള്‍ പങ്കുവച്ചു… മൂന്നാം യാമമായത് അവന്‍ അറിഞ്ഞതേയില്ല.
പ്രകാശം മങ്ങിനിന്ന ജൂതത്തെരുവ് പെട്ടെന്ന് പ്രകാശമാനമായി. യഹൂദരില്‍ ഏറ്റവും പ്രായം ചെന്ന അപ്പാപ്പന്‍ മരിച്ചുപോയി. ദിവസം രണ്ടുകഴിഞ്ഞു. അപ്പാപ്പന്റെ ജീവനില്ലാത്ത ശരീരം മൊബൈല്‍ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നു. രണ്ടുദിവസം കഴിഞ്ഞിട്ടും മരണാനന്തര ചടങ്ങ് നടത്താന്‍ കഴിയുന്നില്ല. യഹൂദ ആചാരം അനുസരിച്ച് പതിമൂന്ന് വയസ്സ് പൂര്‍ത്തിയായ പത്ത് പുരുഷന്മാര്‍ ഉണ്ടെങ്കില്‍ മാത്രമെ യഹൂദരുടെ ഔപചാരികമായ പ്രാര്‍ത്ഥനകള്‍ സാധ്യമാകൂ.
ജൂതത്തെരുവിലെ കൂടുതല്‍ പുരുഷന്മാരും വിദേശത്ത് ജോലി ചെയ്യുന്നവരാണ്. ഇപ്പൊ ഇവിടെ 13 വയസ്സുകഴിഞ്ഞ 9 പുരുഷന്മാരെയുള്ളു. ഒരു യഹൂദപുരുഷനെ എങ്ങനെ കിട്ടും? ജൂതസമൂഹം ചര്‍ച്ചയിലാണ്. അവസാനം ഒരാളുടെ ചിന്തയില്‍ ഒരു പേരുവന്നു. മിഖായേല്‍… അവന്‍ യഹൂദനാണല്ലോ… എല്ലാവരും പരസ്പരം നോക്കി. ‘മിഖായേലൊ?’ പലരും നെറ്റിചുളിച്ചു.
‘ശമ-ദമ നിയമങ്ങള്‍ ശവം പാലിക്കുന്നതുകൊണ്ട് ആറടി മണ്ണിന്റെ ആധാരത്തില്‍ ഒപ്പുവച്ചേപറ്റൂ…’
ഒരു സമൂഹം മിഖായേലിനെ ആദ്യമായി അംഗീകരിച്ചു… അവനും ഒരു വ്യക്തിയാണെന്ന്… അവനും ഒരു മതമുണ്ടെന്ന്. മിഖായേലിനെ കുളിപ്പിച്ചു… പല്ലുതേപ്പിച്ചു… നല്ല ഭക്ഷണം കൊടുത്തു… പുത്തന്‍ വസ്ത്രങ്ങള്‍ അണിയിച്ചു… അത്തറുപൂശി… അവനെ ഒരുക്കിക്കൊണ്ടുവന്നു. പുരുഷാധാറില്‍ അവന്റെ പേരും എഴുതി ചേര്‍ക്കപ്പെട്ടു. അങ്ങനെ അവന്‍ പത്താമത്തെ പുരുഷനായി.
ദിയാബാനു മിഖായേലിനോട് പറഞ്ഞു. ‘നമുക്ക് ഇസ്രായേലിലേക്ക് പോകാം. നമ്മുടെ രണ്ട് വേദങ്ങളെ ഒരു വാക്കിലെഴുതി ഒരു വേദമാക്കാം.’ ഇപ്പൊ എന്റെ പിതാവ് ഹജ്ജിന് പോയിരിക്കുകയാണ്. സഹോദരന്മാര്‍ ബിസിനസ് ആവശ്യത്തിന് വേണ്ടി വിദേശത്താണ്. അവര്‍ മടങ്ങിവരുന്നതിന് മുമ്പ് നമുക്ക് വ്യോമയാനം.
‘എത്ര വര്‍ഷം ജീവിച്ചു എന്നതിലല്ല, എങ്ങനെ ജീവിച്ചു എന്നതാണ് പ്രധാനം.’
അങ്ങനെയൊ? എന്നാല്‍ ‘ജനനത്തിനും മരണത്തിനും ഇടയ്ക്കുള്ള ദൂരം എത്ര?’
———————————————————-
ശമം= മനോ നിയന്ത്രണം
ദമം= ഇന്ദ്രീയ നിയന്ത്രണം
———————————————————-