ഒരു ശരാശരി ഭാരതീയന്റെ ജീവിതത്തില്‍ ടാറ്റ എന്ന ബ്രാന്റിന് വലിയ പ്രാധാന്യം ഉണ്ട്. ടാറ്റയുടെ ഏതെങ്കിലും ഒരു ഉല്‍പ്പന്നം ഉപയോഗിക്കാത്ത ഭാരതീയന്‍ ഉണ്ടോ എന്ന് സംശയമാണ്. ഉപ്പു മുതല്‍ വിമാനം വരെ, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ മുതല്‍ വസ്ത്രങ്ങള്‍ വരെ…… രണ്ട് നൂറ്റാണ്ടിന്റെ കഥയുണ്ട് ടാറ്റാ ഗ്രൂപ്പിന്. രത്തന്‍ ടാറ്റ തലപ്പത്തിരുന്ന കാലം ടാറ്റയുടെ സുവര്‍ണകാലമായിരുന്നു. അതിസമ്പന്ന പാഴ്‌സി കുടുംബത്തില്‍ ജനിച്ച രത്തന്റെ ബാല്യം സങ്കടവും ഏകാന്തതയും നിറഞ്ഞതായിരുന്നു.അച്ഛനും അമ്മയും വേര്‍പിരിഞ്ഞപ്പോള്‍ അനാഥത്വം പേറി .
എന്നാല്‍ അമ്മൂമ്മ നവാജ്ബായ് കൊച്ചു മകനെ ദത്തെടുത്തു. ഇതിനിടയില്‍ അച്ഛന്‍ വേറെ വിവാഹം കഴിക്കുകയും ചെയ്തു. അമേരിക്കയില്‍ ആര്‍ക്കിട്‌ച്ചെര്‍ പഠനം. അവിടെ വച്ച് മൊട്ടിട്ട പ്രണയം . ഇതിനിടയില്‍ അമ്മുമ്മയ്ക്ക് അസുഖം മൂര്‍ച്ചിച്ചപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങി. അധികം വൈകാതെ അമൂമ്മ മരണമടയുകയും ചെയ്തു. തുടര്‍ന്ന് ജാംഷഡ്പൂരില്‍ ടാറ്റാ സ്റ്റീലില്‍ ജോലിക്ക് കയറി. 1991 ല്‍ ജെ. ആര്‍. ഡി. ടാറ്റ പടിയിറങ്ങിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് പിന്‍ഗാമിയായി രത്തന്‍. പിന്നീടുള്ളത് ചരിത്രം.
രത്തന്‍ ടാറ്റ എ ലൈഫ് എന്ന തോമസ് മാത്യു രചിച്ച ജീവചരിത്രത്തിന്റെ പ്രസാധകര്‍ ഹാര്‍പര്‍ കോളിന്‍സ് ആണ്. രത്തന്‍ ടാറ്റ എന്ന വ്യവസായിയുടെ ആദ്യ നാളുകള്‍, വ്യവസായത്തിലേക്കുള്ള ആദ്യ കാല്‍വെയ്പ്പ് വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ഉണ്ടായിരുന്ന അമേരിക്കന്‍ ജീവിതം (അമേരിക്കയെ സെക്കന്റ് ഹോം എന്നാണ് രത്തന്‍ വിശേഷിപ്പിച്ചത്.) തിരികെ ഇന്ത്യയില്‍ വന്നതിനു ശേഷമുള്ള ടാറ്റാ കമ്പനിയുടെ വളര്‍ച്ച തുടങ്ങി ഇന്ന് ടാറ്റ കൈവരിച്ച നേട്ടങ്ങളത്രയും പടി പടിയായി ഈ പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
രത്തന്‍ ടാറ്റയുടെ അമേരിക്കക്കാരിയായ ആദ്യ പ്രണയിനി കരോളിന്‍ ഉള്‍പ്പെടെ നൂറ്റി മുപ്പത്തഞ്ചോളം വ്യക്തികളുമായി നേരിട്ട് അഭിമുഖം നടത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചത്. മൂന്നര വര്‍ഷമാണ് മലയാളിയായ ഡോ.തോമസ് മാത്യു ഐ.എ.എസ് ലോകം കണ്ട ഏറ്റവും മഹാനായ വ്യവസായിയുടെ ജീവചരിത്രം തയ്യാറാക്കുന്നതിനായി മാറ്റിവച്ചത്. മൂന്ന് പതിറ്റാണ്ടിന്റെ ബന്ധമാണ് ടാറ്റയുമായി തോമസ് മാത്യുവിനുള്ളത്.
ഒരേ വേവ് ലെങ്ത് കൊണ്ട് പെട്ടെന്ന് അടുപ്പക്കാരായി മാറിതോമസ് മാത്യുവും രത്തന്‍ ടാറ്റയും . അതുകൊണ്ട് തന്നെ തന്നെക്കുറിച്ചുള്ള വിശദാംശങ്ങളുടെ ഫയലുകളും, വാര്‍ത്തകളും. ഓര്‍മ്മകളും, അറിവുകളും. ബന്ധങ്ങളും എല്ലാം തോമസ് മാത്യുവിന് രത്തന്‍ ടാറ്റ കൈമാറുകയായിരുന്നു.
ഒരു രൂപ പോലും കമ്പനിയില്‍ നിന്ന് പ്രതിഫലം പറ്റാതെ സ്വന്തമായി യാത്ര ചെയ്ത്, അതും സ്വദേശത്തും വിദേശത്തും ശേഖരിച്ച വിവരങ്ങള്‍ ആണ് ഈ പുസ്തകത്തിലുള്ളത്. അതിനെക്കറിച്ചൊക്കെ ഗ്രന്ഥകാരന്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്.
ബിസിനസിന്റെ ആരംഭദശകളില്‍ നേരിട്ട അനുഭവങ്ങളില്‍ നിന്നു തുടങ്ങി ഇന്ത്യയുടെ സംരംഭകത്വ മുഖമായി മാറിയ ടാറ്റയെ ഏറ്റവും അടുത്ത് പരിചയപ്പെടാനുള്ള ഒരു വാതില്‍ ആണ് ഈ ജീവചരിത്രം. ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്നതും വലുതുമായ വ്യവസായ സാമ്രാജ്യത്തിന്റെ അധിപന്റെ ജീവിതം എന്ന നിലയില്‍ നോക്കുമ്പോള്‍ ഇന്ത്യയുടെ തന്നെ വ്യവസായ ഗ്രാഫ് ഈ ഗ്രന്ഥത്തില്‍ ദര്‍ശിക്കാന്‍ കഴിയുന്നു.
ഏഴ് ഭാഗങ്ങള്‍ ആയിട്ട് തരംതിരിച്ചാണ് പുസ്തകത്തിന്റെ ഘടന. ആകെ 671 പേജുകള്‍ ഉണ്ട്. ദ ടാറ്റാ ഫാമിലി ട്രീ എന്ന തലക്കെട്ടില്‍ കുടുംബാംഗങ്ങളെ മുഴുവന്‍ ആദ്യ പേജില്‍ പരിചയപ്പെടുത്തുന്നു.
ലോകത്തിലെ ഏറ്റവും ശക്തനായ ബിസിനസ്സ് നേതാക്കളില്‍ ഒരാളായ രത്തന്‍ ടാറ്റയുടെ പൂര്‍ണ്ണമായ ജീവചരിത്രം . വായനക്കാരിലേക്ക് എത്തിച്ച ഡോ.തോമസ് മാത്യുവിന് അഭിനന്ദനങ്ങള്‍. തന്റെ ജീവിത ആദര്‍ശങ്ങളും മൂല്യങ്ങളും വിട്ടുവീഴ്ച ചെയ്യാതെ തന്നെ എങ്ങനെ ഒരു കാരുണ്യവാനായ, സേവനമനോഭാവമുള്ള . രാജ്യ സ്‌നേഹിയായ ബിസിനസ്‌കാരനാവാം എന്ന് പുതിയ തലമുറയ്ക്ക് തന്റെ ജീവിതത്തിലൂടെ കാണിച്ചു കൊടുത്ത മഹാനായ ഭാരതീയനാണ് രത്തന്‍ ടാറ്റ. ഈ ജീവചരിത്രം എല്ലാവരും വായിച്ചിരിക്കേണ്ടതും സൂക്ഷിച്ച് വയ്‌ക്കേണ്ടതും എന്ന് നിസംശയം പറയാം.
Ratan Tata A Life
By Thomas Mathew.
Published by Harper Collins
Price 1499.









