അന്‍പത് പേജിനപ്പുറം വായന മുന്നോട്ട് പോവാതെ വന്നപ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് പാതിവഴിയില്‍ ഉപേക്ഷിച്ച പുസ്തകമാണ് അന്‍വര്‍ അബ്ദുല്ലയുടെ ‘1980’ എന്ന ഈ നോവല്‍. പിന്നീട് ഒരിക്കല്‍ ‘Turn the page’ എന്ന വായനക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയില്‍ ‘1980’ എന്ന നോവലിനെ കുറിച്ച് ചര്‍ച്ച നടക്കുകയുണ്ടായി. അതില്‍ പലരും മികച്ച വായനാനുഭവമാണെന്ന അഭിപ്രായം പങ്കുവെക്കുന്നത് കേട്ടു, ശേഷം ആ ഗ്രൂപ്പ് അഡ്മിനും എഴുത്തുകാരനുമായ വിശ്വനാഥുമായി ഈ പുസ്തകത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ചാണ് വീണ്ടും ഈ പുസ്തകം കൈയിലെടുക്കുന്നത്.
തുടക്കം ഒട്ടും രസകരമായ വായനാനുഭവമായിരുന്നില്ല, സുഖമുള്ളൊരു പോക്ക് സാധ്യമാവാതെ, നിര്‍ത്തി നിര്‍ത്തി വായിക്കുകയായിരുന്നൂ.. ഭാഷാപരമായ പ്രശ്‌നം കൊണ്ടോ ആഖ്യാനപരമായ പ്രശ്‌നം കൊണ്ടല്ലത്, എന്തുകൊണ്ടോ മുന്നോട്ട് വലിയാതെ മുറിയുന്നൂ.. ഒരു ദിവസം നൂറ് പേജ് അനായാസം വായിക്കാന്‍ കഴിയുമായിരുന്ന എനിക്ക് ചില ദിവസങ്ങളില്‍ അന്‍പത് പേജ് പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ അവസാനം അടുത്തതെന്ത് എന്ന ആകാംക്ഷയോടെ എന്നെ നിര്‍ത്താതെ വായിപ്പിച്ചു.
‘1980’ എന്ന ശീര്‍ഷകത്തില്‍ തന്നെ ഈ നോവലിന്റെ കാലഘട്ടമുണ്ടല്ലോ?. 2025-ല്‍ ഞാനിത് വായിക്കുമ്പോള്‍ ഞാന്‍ പോലുമറിയാതെ എന്‍പതുകളിലേക്ക് കടക്കുന്നുണ്ട്. ഈ നോവലിന്റെ ആദ്യപതിപ്പ് 2022-ലാണ് ഇറങ്ങുന്നത്, കഥ തുടങ്ങുന്നതും ആ കാലഘട്ടത്തില്‍ തന്നെ,, ഇതൊരു സിനിമാ കഥയാണെന്ന് പറയാം.. സിനിമാ ലോകത്തെ വമ്പന്‍ സ്രാവുകളിലൂടെ ഏറ്റവും ഗൗരവകരമായ വിഷയങ്ങള്‍ അടിമുടി തട്ടിയും തലോടിയും പോകുന്നവ. ജഗന്‍, മോഹന്‍ ഹാസന്‍, എം.വി.ആര്‍, പ്രേം ഫിറോസ്, സൗമിനി, കൃഷ്ണന്‍ കുട്ടി, പെരുമാള്‍, എന്നിങ്ങനെ എണ്ണിയാല്‍ തീരാത്ത കഥാപാത്രചാകരയുടെ ഒരു ഇടമാണ് ഈ നോവല്‍… കഥാപാത്രങ്ങളിലെ പേരില്‍ സൂചിപ്പിക്കുന്നതുപോലെ എന്‍പതുകളിലെ സിനിമാ ലോകം നമുക്ക് മുന്നില്‍ ചിത്രീകരിക്കുകയാണ് നോവലിസ്റ്റ് ചെയ്യുന്നത്.,
കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പീകമാണെന്ന് നോവലിസ്റ്റ് പറയുമ്പോഴും നമുക്ക് പരിചിതരായ പലരെയും ഈ നോവലിലൂടെ ദര്‍ശിക്കാനാവും. 38 വര്‍ഷങ്ങക്ക് മുന്‍പ് സിനിമാ ചിത്രീകരണത്തിനിടെ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട സൂപ്പര്‍ സ്റ്റാര്‍ ജയന്റെ മരണമാണ് ഈ നോവലിന്റെ പ്രമേയം. ജയന്‍ എന്ന മഹാനടന്‍ അതിനപ്പുറം ഒരു നല്ല മനുഷ്യന്‍ ഇപ്പോഴും ജനമനസ്സില്‍ സ്ഥാനം പിടിച്ചിരിക്കുന്നതിന്റെ കാരണങ്ങള്‍ അടിവരയിട്ട് അനാവരണം ചെയ്യുകയാണിവിടെ.
ജഗനെന്ന കഥാപാത്രത്തിലൂടെയാണ് ജയനെ പരിചയപ്പെടുത്തുന്നത്. ജഗന്റെ മരണം അപകട മരണമല്ലെന്നും അത് കൊലപാതകമാണ് എന്ന അഭ്യൂഹങ്ങള്‍ അക്കാലങ്ങളില്‍ പരക്കെ പരന്നിരുന്നൂ.. ഇപ്പോഴും അത് അങ്ങനെ തന്നെയാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ഈ അപകടത്തെ വ്യത്യസ്ത കോണുകളിലൂടെ വീക്ഷിച്ച്, എഴുത്തുകാരന്‍ പുതിയതും പഴയതുമായ കേട്ടുകേള്‍വിക്കഥകളാല്‍ ഒരു കഥ മെനയുകയാണ്. ഈ കഥ വായിക്കുമ്പോള്‍ ഫിക്ഷനല്ല യഥാര്‍ത്ഥ കഥയാണെന്ന് നമ്മെ തോന്നിപ്പിക്കുന്നുണ്ട്.
ആരാധ്യനായ ജഗന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കൃഷ്ണന്‍ കുട്ടി ഉറച്ചു വിശ്വസിക്കുകയും ആ ദുരന്തം അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് ഡിറ്റക്റ്റീവ് ശിവശങ്കര്‍ പെരുമാളിനെ സമീപിക്കുന്നത്. ഓര്‍ക്കണം 38 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അത്തരമൊരു ആവശ്യവുമായി കൃഷ്ണന്‍ കുട്ടി രംഗത്ത് വരുന്നത്., ആദ്യം പെരുമാള്‍ ഈ ആവശ്യത്തെ തള്ളിക്കളയുകയും, പിന്നീട് അയാളുടെ ആവശ്യം തീര്‍ത്തും തള്ളിക്കളയാനാവില്ലെന്ന തീര്‍പ്പിലെത്തുകയുമായിരുന്നൂ.. പിന്നീട് അങ്ങോട്ട് അദൃശ്യ ശക്തിയുടെ ഇടപെടലുണ്ടാകുകയാണ്. സത്യം തെളിയിക്കേണ്ടത് തന്റേത് കൂടി ഉത്തരവാദിത്തമാണെന്ന് അയാള്‍ വിശ്വസിക്കുന്നൂ..
അന്വേഷണത്തിനിറങ്ങുന്ന ഡിറ്റക്റ്റീവ് പെരുമാള്‍ എല്ലാ ശാസ്ത്രീയ തെളിവുകളും ശേഖരിക്കുന്നൂ.. 38 വര്‍ഷം പിന്നിലേക്ക് സഞ്ചരിച്ച്, ജഗനുമായി ബന്ധപ്പെട്ട, അപകട സ്ഥലത്തുണ്ടായ ജീവിച്ചിരിക്കുന്നവരിലേക്ക് മണ്മറഞ്ഞിരിക്കുന്നവരിലേയും കാണാപ്പോരിലേക്ക് അകക്കാഴ്ചകളിലേക്കും കടക്കുന്നൂ.. ഒപ്പം അക്കാലങ്ങളില്‍ പ്രചരിച്ച വാര്‍ത്തകളുടെ സ്രോതസ്സ് അന്വേഷിക്കുന്നൂ.. പത്രക്കെട്ടുകള്‍, യുട്യൂബ് വിവരങ്ങള്‍, മറ്റ് പഠനങ്ങളിലൂടെയെല്ലാം വിവരങ്ങള്‍ ശേഖരിച്ച്, പരസ്പരം ഇണങ്ങിയതും ഇണങ്ങാത്തതുമായവയെ വേര്‍തിരിച്ചെടുക്കുന്നൂ.. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഒരു അന്വേഷണക്കഥ. പൊതുവെയുള്ള കുറ്റാന്വേഷണ നോവലുകളില്‍ നിന്നെല്ലാം മാറി, പുതുമ നല്‍കിയാണ് ഈ നോവല്‍ കടന്നുപോവുന്നത്. ഊഹങ്ങളുടെ മാത്രം പിന്‍ബലത്താല്‍ അയാള്‍ കുറ്റവാളികളിലേക്ക് സഞ്ചരിക്കുന്നൂ..
ഡിറ്റക്റ്റീവ് നോവലിന് നല്ല വായനക്കാരുള്ള ഈ മലയാളത്തില്‍ വേണ്ടത്ര ശ്രദ്ധ ഈ നോവലിനുണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. ഭാഷയും ആഖ്യാനവും മികച്ചതാണ്. ചില പദപ്രയോഗങ്ങള്‍, വാക്യങ്ങള്‍, നിരീക്ഷണങ്ങള്‍ എത്ര മനോഹരമാണ്. എന്തുകൊണ്ടും വായനയില്‍ ഉള്‍പ്പെടുത്തേണ്ട നോവല്‍.
മാതൃഭൂമി പുറത്തിറക്കിയ ഈ പുസ്തകം 335 പേജില്‍ ഒതുങ്ങുന്നൂ.. വില 470?













