ജെസി മഹ്റൂഫിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം ‘ ഓര്‍മ്മപ്പച്ച ‘ വായിക്കുകയായിരുന്നൂ.. ഈ കൃതി, വായനക്കാരനെ തന്റെ തന്നെ ബാല്യത്തിലേക്ക്, ആ പഴയ വീടുകളുടെ മഞ്ഞളിച്ച മതിലുകളിലേക്കും അങ്ങേയറ്റം മധുരമായ ബന്ധങ്ങളുടെ ചെറുനിമിഷങ്ങളിലേക്കും വിളിച്ചുവരുത്തുന്നു. എഴുത്തുകാരി നെയ്‌തെടുത്തത് വെറും ഓര്‍മ്മകളല്ല, അത് കാലത്തിന്റെ മണവായ മണ്ണില്‍ നിന്ന് പൊങ്ങി വരുന്ന ആത്മാനുഭവങ്ങളാണ്.
കുട്ടിക്കാലത്തിന്റെ മുത്തശ്ശിക്കഥകളും മഴയെത്തിയപ്പോള്‍ മണ്ണിന്റെ മണവും കൂട്ടുകാരുടെ അങ്ങേയറ്റം നിഷ്‌കളങ്കമായ ചിരിയും ഈ കൃതിയില്‍ നനുത്ത സാന്നിധ്യമായി മാറുന്നു. സ്‌കൂള്‍ ജീവിതത്തിന്റെ നര്‍മ്മവും കൗതുകവും, അധ്യാപകരുടെ നിസ്വാര്‍ത്ഥമായ സ്നേഹവും, പുസ്തകങ്ങളിലൂടെ ജീവിതം പഠിച്ച ഒരു തലമുറയുടെ ഓര്‍മ്മകളും ഇവിടെ പരസ്പരം ചേരുന്നു.
കുടുംബബന്ധങ്ങളുടെ ആഴം ഈ കൃതിയുടെ ഹൃദയസ്പന്ദനമാണ്. ബാപ്പയുടെ കഠിനമായ മൗനം പിന്നില്‍ മറഞ്ഞ സ്നേഹമായി തീരുമ്പോള്‍, അമ്മയുടെ കരുതല്‍ ജീവിതത്തിന്റെ മൃദുസംഗീതമായി നെയ്യുന്നു. ജേഷ്ഠാനുജത്തി ബന്ധത്തിന്റെ സൗകുമാരികത എഴുത്തുകാരി അത്രയും സ്‌നേഹത്തോടെയാണ് അടയാളപ്പെടുത്തുന്നത്. അതില്‍ മത്സരമല്ല, പരസ്പര പരിഗണനയും അടുപ്പവും നിറഞ്ഞ ആത്മബന്ധമാണ്. നിറയെ സ്‌നേഹമാണ്.
നാടിന്റെ വെളിച്ചവും നാട്ടിലെ വഴികളും ഈ കൃതിയെ ഒരു ഭൂമിശാസ്ത്രത്തില്‍ ഒതുക്കുന്നില്ല; മറിച്ച് അത് മലയാള മനസ്സിന്റെ സംസ്‌കാരപരമായ ഭൂപടമായി രൂപപ്പെടുന്നു. പഴയ വീടുകള്‍, ഉത്സവങ്ങള്‍, പുഴയുടെ കരയില്‍ നിന്നുള്ള ചെറുപുലരികളെല്ലാം ചേര്‍ന്ന് ഈ കൃതി നമ്മുടെയുള്ളില്‍ നാടോടി ഓര്‍മ്മകളെ ഉണര്‍ത്തുന്നു..
ഇങ്ങനെ നോക്കുമ്പോള്‍, ഈ ഓര്‍മ്മക്കുറിപ്പുകള്‍ ഒരു വ്യക്തിയുടെ ജീവിതാനുഭവങ്ങളുടെ രേഖയല്ല മാത്രം, അത് സമൂഹത്തിന്റെ കൂട്ടായ ഓര്‍മ്മയുടെ മൃദുലമായ പ്രതിഫലനമാണ്. വായനക്കാരന്റെ മനസ്സില്‍ മുത്തമിടുന്ന ഓരോ വാചകവും അതിന്റെ നിസ്സാരതയിലും മഹത്വമുണ്ട്.
ഭാഷോ ബുക്ക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകം 73 പേജില്‍ ഒതുങ്ങുന്നൂ.. വില 120












