കാലിക്കറ്റ് സര്‍വകലാശാല റാപ്പര്‍ വേടന്റെ പാട്ട് പാഠ്യവിഷയമാക്കിയതു പിന്‍വലിക്കാന്‍ പരാതി നല്കിയ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എ. കെ. അനുരാജ് എന്തുകൊണ്ടാണ് മൈക്കല്‍ ജാക്‌സന്റെ പാട്ട് ഉള്‍പ്പെടുത്തിയതിനെ എതിര്‍ക്കാതിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന്, കവിയും ചലച്ചിത്ര സംവിധായകനുമായ സതീഷ് കളത്തില്‍ ആവശ്യപ്പെട്ടു.
മൈക്കല്‍ ജാക്‌സന്‍ നേരിട്ട അതേ ആരോപണങ്ങളാണ് ഇന്നു വേടനും നേരിടുന്നത്. ലോകത്തൊരിടത്തും അക്കാരണങ്ങള്‍കൊണ്ട് മൈക്കല്‍ ജാക്‌സനെയോ അദ്ദേഹത്തിന്റെ കലയെയോ ആരും തീണ്ടാപ്പാടകലെ നിര്‍ത്തിയിട്ടില്ല. ‘കല വേറെ, കലാകാരന്‍ വേറെ’ എന്ന ഒരു സാമാന്യ ബോധംപോലും ഇല്ലാതെ, ഗവേഷണം ഉള്‍പ്പെടെ ഉന്നത വിദ്യാഭ്യാസ മേഖലകള്‍ കൈകാര്യം ചെയ്യുന്ന ഒരു സ്ഥാപനത്തിന്റെ സിന്‍ഡിക്കേറ്റില്‍ ഒരാള്‍ ഇരിക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല.
ചുരുങ്ങിയപക്ഷം, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേവലം കലാ- സാംസ്‌കാരിക സ്ഥാപനങ്ങളൊ രാഷ്ട്രീയ- മത പ്രസ്ഥാനങ്ങളുടെ ഭാഗമായി വര്‍ത്തിക്കുന്നവയൊ അല്ലെന്ന/ ആകരുതെന്ന ബോദ്ധ്യമെങ്കിലും ഉണ്ടാകണം. സമൂഹത്തിലെ എല്ലാ വിഷയങ്ങളെ കുറിച്ചും ഏത് ആശയത്തെ കുറിച്ചും അറിയപ്പെടുന്ന വ്യക്തികളെ കുറിച്ചും ഒക്കെയുള്ള പഠനങ്ങളാണ് അവിടങ്ങളില്‍ നടക്കേണ്ടത്. അനവധി കാരണങ്ങളാല്‍, പൊതുസമൂഹം ഭ്രഷ്ട് കല്പിച്ചവരും നിഷിദ്ധ വിഷയങ്ങളും ഒക്കെ അതിലുള്‍പ്പെടാം. അതുംകൂടി ചേര്‍ന്നതാണ് ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസം. ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്, കേവലമൊരു നിര്‍ഗുണ നിവാരണ പാഠശാലയുടെയോ സദ്ഗുണ പരിപോഷണ സ്ഥാപനത്തിന്റെയോ ചട്ടക്കൂടല്ല ആവശ്യം.
‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന വേടന്‍ റാപ്പ് കേരളത്തില്‍ മാത്രമല്ല, ലോകമാകമാനം ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ഒരു കലാസൃഷ്ടിയാണ്. ലോകമിന്നു മലയാളത്തിലെ റാപ്പുകളിലേക്ക് ഉറ്റുനോക്കികൊണ്ടിരിക്കുകയാണ്. അതിനു പ്രധാന കാരണക്കാരന്‍ വേടന്‍തന്നെയാണ്. നമ്മുടെ നാട്ടില്‍ ആവിഷ്‌ക്കരിക്കപ്പെടുന്ന ഒരു കല ആഗോളതലത്തില്‍ എത്തപ്പെടുക എന്നത് ഓരോ മലയാളിക്കും ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന ഒന്നാണ്. കണ്ണൂര്‍- കാലിക്കറ്റ് സര്‍വകലാശാലകള്‍, അമേരിക്കന്‍ റാപ് സംഗീതവുമായി മലയാളം റാപ് സംഗീതത്തെ കൂട്ടിയിണക്കുന്ന ഒരു പഠനക്രമം നടപ്പാക്കാന്‍ തീരുമാനിച്ചത് എത്രയോ ശ്ലാഘനീയമാണ്.
വിദ്യാഭ്യാസ രംഗത്തും മാധ്യമ രംഗത്തും ദീര്‍ഘകാല പരിജ്ഞാനമുള്ള എ. കെ. അനുരാജ് ഇതൊന്നും അറിയാത്ത ആളല്ല എന്നറിയാം. പക്ഷെ, വ്യത്യസ്ത ചേരിയില്‍ നിന്നുകൊണ്ട്, ഒരാളുടെ കലയിലെ (ആശയ)രാഷ്ട്രീയമോ പുറത്തെ രാഷ്ട്രീയമോ വിശകലനം ചെയ്തുകൊണ്ട്, ആ കലയുടെ ഔന്നിത്യവും മൂല്യവും അളക്കുന്നതു ഭൂഷണമല്ല എന്നു സൂചിപ്പിക്കാനാണ് ഇത്രയും പറയേണ്ടി വന്നത്. കര നോക്കി കുലം നോക്കി കരമടച്ചു കലയാളേണ്ട കാലമല്ല ഇത്.
ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലൂടെ സഞ്ചരിക്കാന്‍ കഴിയുന്നില്ലെങ്കിലും പതിനെട്ടാം നൂറ്റാണ്ടിലേക്കു നാടിനെ വലിച്ചിടാതിരിക്കാനുള്ള സൗമനസ്യമെങ്കിലും പ്രബുദ്ധതയുള്ളവര്‍ കാണിക്കേണ്ടതുണ്ടെന്നും ‘മൈക്കല്‍ ജാക്‌സനെ അറിയാത്ത ഒരാള്‍’ എന്ന തന്റെ എഐ കാരിക്കേച്ചര്‍ ഫേസ് ബുക്കില്‍ ഷെയര്‍ ചെയ്തുകൊണ്ട് സതീഷ് കളത്തില്‍ പറഞ്ഞു.
About The Author
No related posts.