മാതൃദിനം – സൂസൻ പാലാത്ര

Facebook
Twitter
WhatsApp
Email

ആദ്യം തന്നെ ഉലകനാഥനെ വഹിച്ച കന്യകമറിയാം അമ്മയെയും, എൻ്റെ പൊന്നമ്മച്ചിയെയും, ഭർത്തൃമാതാവിനെയും സ്മരിക്കട്ടെ. മാതൃദിനം കൊണ്ടാടുമ്പോൾ യശഃശ്ശരീരനായ ബാബു പോൾ സാറിൻ്റെ ലേഖന സമാഹാരത്തിലെ
‘അമ്മയ്ക്കൊരു വലിയ പെരുന്നാൾ’ എന്ന തലക്കെട്ട് ഓർമ്മിക്കുന്നു.
അമ്മയില്ലാതെ എന്തു ഞാൻ. അമ്മയെ ജീവനെക്കാളുപരി സ്നേഹിച്ച ഒരുമകളാണ് ഞാൻ. എങ്കിലും, തപ്പി നോക്കുമ്പോൾ സങ്കടം ബാക്കി. കുറേക്കൂടി, കുറേക്കൂടി സ്നേഹം നല്കാമായിരുന്നു എന്നൊരു വേദന. ഒരു പെൺകുട്ടിയെ വിവാഹം ചെയ്തയച്ചാലും, ഭർത്താവിനും മക്കൾക്കും നല്കുന്ന അതേ സ്ഥാനം ഒരുവേള തൻ്റെ സ്നേഹനിധിയായ പിതാവിനു നല്കുന്നതിനേക്കാൾ ഒരു പടികൂടി കൂടുതൽ അവൾ പെറ്റമ്മയെ സ്നേഹിക്കും.
മാതൃത്വം ഒരു മഹനീയ പദവിയാണ്. ഒരമ്മ വീട്ടിലുള്ള മറ്റംഗങ്ങളേക്കാൾ ആദ്യമുണരുന്നു. എല്ലാ അംഗങ്ങൾക്കും വേണ്ട ഭക്ഷണപോഷണങ്ങളൊക്കെ നല്കി വീടും കതകുകളും ജനാലകളുമൊക്കെ അടച്ചോ എന്നൊക്കെ വീണ്ടും വീണ്ടും ചെക്കു ചെയ്ത് തൻ്റെ മക്കളുടെ സംരക്ഷണം ഉറപ്പാക്കി, പിറ്റേന്ന് രാവിലത്തെ ഭക്ഷണകാര്യങ്ങൾക്കുള്ള ചിട്ടവട്ടങ്ങൾ കൂടി ഒരുക്കിയിട്ട് വീട്ടിലെ എല്ലാ അംഗങ്ങൾക്കുമൊടുവിലായി ഉറങ്ങുന്നു. അവൾ എപ്പോഴും കുടുംബത്തിലെ എല്ലാ അംഗങ്ങളെക്കുറിച്ചും ജാഗരൂകയാണ്.
ഇന്നത്തെ അമ്മമാർക്ക് യഥേഷ്ടം ഭക്ഷണവും സ്വാതന്ത്ര്യവുമുണ്ട്. എൻ്റെ അമ്മയുൾപ്പടെയുള്ള അമ്മമാർക്ക് സമയാസമയങ്ങളിൽ കൃത്യമായി ഭക്ഷണം ലഭിച്ചിരുന്നോ? ഇല്ല. അവരുടെ ആശകൾക്കു് പൂട്ടുനല്കിയുള്ള, വിശ്രമരഹിതമായ ജീവിതം, പ്രാർത്ഥനാനിരതമായ ജീവിതം സമ്മാനിച്ചതല്ലേ നാം ഇന്ന് അനുഭവിക്കുന്ന സംതൃപ്തമായ ഈ ജീവിതം.
2015 ഏപ്രിൽ 28-ന് ഞാൻ വിശുദ്ധനാടു സന്ദർശനത്തിനുപോയ ദിവസം എൻ്റെ അമ്മയുടെ അടുത്തുചെന്ന് ഒരു ഫോട്ടോ വാങ്ങി മനോരമയിൽ കൊണ്ടുപോയി കൊടുത്തു. മാതൃദിനാശംസകൾ അമ്മയ്ക്ക് പകർന്നു നല്കാൻ. പിന്നീട് മനോരമയിൽനിന്ന് എനിക്കൊരു സമ്മാനവും ലഭിച്ചു അതിന്. ഞാൻ എൻ്റെ വിശുദ്ധനാടു തീർത്ഥാടനം കഴിഞ്ഞ് മടങ്ങിവന്നദിനം, പത്രത്തിൽ വന്ന അമ്മയുടെ ഫോട്ടോയും ഞാൻ നല്കിയ
“അമ്മച്ചിക്കുട്ടിക്ക് എൻ്റെ മാതൃദിനാശംസകൾ” എന്ന ആശംസാ വചനവും അമ്മ പത്രത്തിൽ നിന്ന് വെട്ടിയെടുത്ത്, താൻ നിത്യവും രണ്ടുനേരം വായിക്കുന്ന, തൻ്റെ ഉപനിധിയായ, വിശുദ്ധ ഗ്രന്ഥമായ ബൈബിളിൽ സൂക്ഷിച്ചു.
അമ്മ അതേ വർഷം ഡിസംബർ 20ന് ഈ ലോകത്തോടു വിടപറഞ്ഞു പോയപ്പോൾ ബൈബിളിൽനിന്ന് ഈ ചിത്രം കണ്ട് ഞങ്ങൾ മക്കൾ ഏറെനേരം പൊട്ടിക്കരഞ്ഞു.
എൻ്റെ അമ്മയുടെ ദാനമായിരുന്നു എൻ്റെ ജീവിതം, ഉദ്യോഗം, സാഹിത്യസപര്യ എല്ലാം. പഠനം നിർത്തി വീട്ടിൽ നിന്ന ഞാൻ എൻ്റെ കുറെ ട്യൂഷൻ കുട്ടികളെ പഠിപ്പിച്ചും ബാക്കി സമയം വീട്ടിലെ ഒരുപാടു ജോലികളിൽ സഹായിച്ചും പോന്നു. ഈ സമയം ഞാൻ പഠിക്കണം, എനിക്ക് ഒരു ജോലി വേണം എന്ന ചിന്ത എന്നിൽ കുത്തിവച്ച് നിർബ്ബന്ധമായി പഠിപ്പിക്കാനയച്ചത് എൻ്റെ അമ്മച്ചിയാണ്. ഇന്നും ആരുടെയും മുന്നിൽ കൈ നീട്ടാതെ സ്വന്തം കാലിൽ ഊന്നി ജീവിക്കാനുള്ള കൃപ ഈശ്വരനിൽനിന്ന് പകർന്നു നല്കിയ ശക്തിസ്രോതസ്സ് ആയിരുന്നു എൻ്റെ അമ്മ. എൻ്റെ സാഹിത്യജീവിതവും അമ്മയുടെ ദാനമാണ്. അമ്മയാണ് അതിനു തിരി കൊളുത്തിയത്. എൻ്റെ സാഹിത്യജീവിതവും അമ്മയുടെ ദാനമാണ്. അമ്മ വിശ്രമമില്ലാതെ ജോലി ചെയ്യുമ്പോഴും ഞാൻ വായനയിൽ മുഴുകിയിരുന്നു, അതിൽ അമ്മ വളരെ ആനന്ദം അനുഭവിച്ചു. അമ്മയുടെ ബാല്യകൗമാര കഥകളും ഭർത്തൃഗൃഹത്തിൽ അമ്മ സഹിച്ചയാതനകളും ഒന്നൊഴിയാതെ എല്ലാം അമ്മ പറഞ്ഞിട്ടുണ്ട്. അമ്മ പറഞ്ഞ അമ്മയുടെ അനുഭവകഥകളായിരുന്നു ഞാൻ കേട്ട ആദ്യ കഥകൾ.’മനസ്സിനക്കരെ’ എന്ന സിനിമയിലെ ഷീല അഭിനയിച്ച കഥാപാത്രത്തിൻ്റെ ചാരുത അമ്മയിൽ പ്രകടമായ ഭാവമായിരുന്നു.
അമ്മയുടെ വീട് വാകത്താനത്തായിരുന്നു. കാളിയാങ്കൽ പട്ടശ്ശേരി എന്ന ഗ്ലോബൽ കുടുംബത്തിലെ അംഗമായിരുന്നു അമ്മ. ബാബുകുഴിമറ്റം സാർ ഒക്കെ ആ കുടുംബത്തിലെയാണ്.
സുന്ദരിയായ അമ്മ എപ്പോഴും അതി മനോഹരമായി ചിരിക്കുമായിരുന്നു. കണ്ണീർനനവുള്ള ജീവിതത്തിലും, ദാരിദ്യത്തിൻ്റെ മൂർദ്ധന്യാവസ്ഥയിലും അമ്മയുടെ മുഖത്തു നിന്ന് ആ ചിരി മായാതിരിക്കാൻ അമ്മ ഒട്ടേറെ ശ്രദ്ധിച്ചു.
പെൺപള്ളിക്കൂടത്തിൽ പഠിച്ച അമ്മ തൻ്റെ പൂർത്തീകരിക്കാത്ത വിദ്യാഭ്യാസത്തെക്കുറിച്ചും സഹപാഠികളെക്കുറിച്ചും ധാരാളം പറഞ്ഞിട്ടുണ്ട്. അമ്മയുടെ ബാല്യത്തിൽ പച്ചക്കറികളും തേങ്ങയും
“ശീലാസ് ആശാനു” നല്കി സംഗീതാഭ്യസനം നിർവ്വഹിച്ചതിനെക്കുറിച്ച് അമ്മ വായ്തോരാതെ പറഞ്ഞിട്ടുണ്ട്. ആ പാട്ടുകൾ, പാടാൻ ഒട്ടും സ്വരമില്ലാതിരുന്ന ഞാനുൾപ്പടെയുള്ള മക്കളെ അമ്മ പഠിപ്പിച്ചിട്ടുണ്ട്. അമ്മ പഠിപ്പിച്ച നീതിസാര വാക്യങ്ങളാണ് എനിക്ക് മാർഗ്ഗദർശനം നല്കിയത്. അമ്മയ്ക്ക് നല്ല സ്വരമാധുരിയായിരുന്നു.
എൻ്റെ വേദനകൾ ഉൾക്കൊണ്ട, എൻ്റെ വിശപ്പറിഞ്ഞ, സാഹിത്യത്തിലെ എൻ്റെ ദാഹമറിഞ്ഞ, എൻ്റെ മക്കളെ വളർത്തിയ, സർവ്വോപരി എന്നെ സ്നേഹിച്ച എൻ്റെ അമ്മച്ചിക്കുട്ടിയുടെ ആത്മാവിന്റെ നിത്യശാന്തിയ്ക്കു വേണ്ടി പ്രാർത്ഥിച്ചുകൊണ്ട് വാക്കുകളെ ചുരുക്കുന്നു.
അമ്മേ ഉമ്മ😘😍🥰
“We Shall meet at the beautiful Shore ”
എല്ലാ അമ്മമാർക്കും എൻ്റെ മാതൃദിനാശംസകൾ💐💐💐💐💐🙏🙏🙏🙏🙏

About The Author

Leave a Reply

Your email address will not be published. Required fields are marked *