LIMA WORLD LIBRARY

ദസ്തവ്സ്കിയുടെ സാഹിത്യലോകം – ഡോ. പി. അജി കുമാർ. ( ഫിൽക്ക)

വിശ്വപ്രസിദ്ധനായ
റഷ്യൻ നോവലിസ്റ്റും പത്ര പ്രവർത്തകനും തത്ത്വചിന്തകനുമായിരുന്നു “ഫയദോർ ദസ്തവ്സ്കി”. 1821 നവംബർ 11 നു മോസ്കോയിലെ ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് അദ്ദേഹം പിറന്നത്. പീഡകളും പ്രതിസന്ധികളും കൊണ്ട്, ജീവിതം പ്രക്ഷുബ്ധമായിരുന്നുവെങ്കിലും തിളക്കമാർന്ന സാഹിത്യ പ്രതിഭയാൽ അദ്ദേഹം അനുഗൃഹീതനായിരുന്നു.

മിഖായേൽ, മരിയ ദമ്പതികളുടെ മകനായി പിറന്ന ദസ്തവ്സ്കിക്ക് ഏഴു സഹോദരങ്ങളുമുണ്ടായിരുന്നു. പിതാവ് ദരിദ്രർക്കു വേണ്ടിയുള്ള മരിയൻസ്കി ആശുപത്രിയിലെ ഡോക്ടറായിരുന്നു. അവിടെ ദരിദ്രരായ രോഗികളെ നിരീക്ഷിച്ചും തോട്ടത്തിൽ കളിച്ചുമാണ് അദ്ദേഹത്തിൻ്റെബാല്യം കടന്നുപോയത്. 1837 ൽ മാതാവ് മരണപ്പെട്ടതിനെ തുടർന്ന് ദസ്തസ്കിയും സഹോദരൻ മിഖായേലും മോസ്കോ ,സെൻ്റ് പീറ്റേഴ്സ് എന്നിവിടങ്ങളിലെ ബോർഡിംഗ് സ്കൂളുകളിലാക്കപ്പെട്ടു. ദസ്തവ്സ്കി ‘നിക്കോളയോവ്’ സൈനിക ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച് ബിരുദം നേടി.പിന്നീട് ലെഫ്റ്റനൻൻ്റ് എൻജിനീയറായി ജോലിനോക്കി. എന്നാൽ അവിടെ തുടരാൻ കഴിയാതെ നിരാശനായി മടങ്ങിയ അദ്ദേഹം സാഹിത്യത്തിലേക്ക് തിരിഞ്ഞു.

നിരോധിക്കപ്പെട്ട പുസ്തകങ്ങളെക്കുറിച്ചുള്ള സാഹിത്യ ചർച്ചയിൽ ചർച്ചാ സംഘത്തിൽ പങ്കെടുത്തതിനാൽ സാറിസ്റ്റ് ചക്രവർത്തി ഭരണകൂടം വധശിക്ഷ വിധിച്ചു. അപ്രതീക്ഷിതമായ ശിക്ഷാ ഇളവിലൂടെ നാലു വർഷം സൈബീരിയയിൽ കഠിനമായ തൊഴിൽശിക്ഷ അനുഭവിക്കേണ്ടി വന്നു. പിന്നീട് പത്രപ്രവർത്തകനായി മാറുകയും മാസികകൾ പ്രസിദ്ധീകരിക്കുകയും ചെയ്തു.

1846 ൽആദ്യ നോവലായ ‘പുവർ ഫോക്ക്’ പ്രസിദ്ധീകരിക്കപ്പെട്ടു. അത് മികച്ച വിമർശക സ്വീകാര്യത നേടി. ക്രൈം ആൻഡ് പണിഷ്മെൻ്റ് ( കുറ്റവും ശിക്ഷയും) , ദി ഇഡിയറ്റ്, ഡീമൺസ് ( ഭൂതാവിഷ്ടർ) , ദി ബ്രദേഴ്സ് കരമസോവ് എന്നീ പ്രസിദ്ധ നോവലുകളും നോട്സ് ഫ്രം ദി അണ്ടർ ഗ്രൗണ്ട്, ദി ഡബിൾ, വൈറ്റ് നെറ്റ്സ് എന്നീ നീണ്ടകഥകളും അദ്ദേഹത്തിൻ്റേതായിട്ടുണ്ട്.

ചുഴലി ,അഥവാ ജന്നി രോഗത്തിൻ്റെ കാഠിന്യവും സാമ്പത്തിക ബുദ്ധിമുട്ടുകളും വ്യക്തിഗത നഷ്ടങ്ങളും ദസ്തവ്സ്കിയുടെ ജീവിതം സംഘർഷഭരിതമാക്കി മാറ്റി.

രണ്ട് തവണ വിവാഹിതനായ അദ്ദേഹത്തിന് ‘മരിയ ദിമിത്രിയേവ്ന ഇസയേവ’ , ‘അന്ന ഗ്രിഗറിയേവ്ന സ്നി റ്റ്കിന’ എന്നീ ഭാര്യമാരും അന്നയിൽ നാലു മക്കളു മുണ്ടായിരുന്നു.

അന്നയുടെ ഡയറി കുറിപ്പുകൾ അദ്ദേഹത്തിൻ്റെ ജീവിതചിത്രണമാണ്. അദ്ദേഹത്തെ കുറിച്ചുള്ള വിവരങ്ങൾ സാഹിത്യലോകത്ത് പ്രസിദ്ധമായത് അന്നയുടെ ഡയറി ദ്വയത്തിലൂടെയാണ്. ഈ ഡയറിയെ ആസ്പദമാക്കി , ഇഡിയറ്റ് രചിക്കുമ്പോഴുള്ള ജീവിതചിത്രം ” 26 ഡെയ്സ് ഓഫ് ദസ്തവ്സ്കി ” എന്ന പ്രസിദ്ധമായ റഷ്യൻ സിനിമ അനാവരണം ചെയ്യുന്നു. ഈ സിനിമ മുപ്പത് വർഷം മുമ്പ് തിരുവനന്തപുരത്ത് ടാഗോർ തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചിരുന്നു. മലയാള പൈങ്കിളി സാഹിത്യലോകത്തുള്ളവർ പോലും ഈ സിനിമ കാണാനെത്തിയിരുന്നു.

ദസ്തവ്സ്കിയുടെ കൃതികൾ ലോകസാഹിത്യത്തിലും തത്ത്വചിന്തയിലും അഗാധമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
എക്കാലത്തെയും മഹാനായ നോവലിസ്റ്റായി അദ്ദേഹത്തെ ലോകം പരിഗണിക്കുന്നു. ലോകമെമ്പാടുമുള്ള വായനക്കാരിലൂടെ ആ മഹദ്കൃതികൾ അനുസ്യൂതം പ്രതിധ്വനിക്കുന്നു.

മനുഷ്യസ്വഭാവത്തെയും ധാർമ്മികതയെയും ആത്മീയതയെയും സംബന്ധിച്ച അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള അന്വേഷണങ്ങൾ ലോകമെമ്പാടും ആരാധകരെ വാർത്തെടുക്കുക മാത്രമല്ല , അസ്തിത്വവാദം, റിയലിസം പോലുള്ള സാഹിത്യ പ്രസ്ഥാനങ്ങൾക്ക് വിത്തുപാകുക പോലും ചെയ്തു.

അതിസങ്കീർണ്ണമായ മനുഷ്യസ്വഭാവ മനശ്ശാസ്ത്രം, ധാർമ്മികത, ആത്മീയത എന്നീ ഘടകങ്ങളുടെ പര്യവേഷണങ്ങളും വിശകലനങ്ങളുമാണ് ദസ്തവ്സ്കിയുടെ കൃതികൾ .

“കരമസോവ്
സഹോദരൻമാർ.”
…………………………..
റഷ്യൻ നോവൽ സാഹിത്യത്തിലെ അമൂല്യ രത്നമാണ് ഈ കൃതി. കരമസോവ് കുടുംബത്തിൻ്റെ കഥയിലൂടെ സങ്കീർണ്ണമായ പ്രമേയങ്ങളും തത്ത്വചിന്താപരമായ ആശയങ്ങളും ചർച്ച ചെയ്യുന്നു. ധനികനും ദുർന്നടത്തക്കാരനുമായ ‘ഫ്യോദോർ പാവ്ലോവിച്ച് കരമസോവി’ൻ്റെ കൊലപാതകവും മകൻ ‘ദിമിത്രി’യുടെ അറസ്റ്റും വിചാരണയുമാണ് ഇതിലെ പ്രധാന സംഭവം. എന്നാൽ ഇതൊരു കസ്റ്റഡിയുടെയും കു റ്റവിമർശനത്തിൻ്റെയും മാത്രം കഥയല്ല. ‘ഇവാൻ ‘, ‘ദിമിത്രി’, ‘അലോഷ്യ ‘എന്നീ സഹോദരൻമാരുടെ ധാർമ്മികത, വിശ്വാസം, വീണ്ടെടുപ്പ് തുടങ്ങിയവയുടെ സംഘർഷമാണ് കൃതി ലക്ഷ്യമാക്കുന്നത്.

ദൈവത്തിൻ്റെ അസ്തിത്വം, വിശ്വാസം, സംശയത്തിൻ്റെ പരിണാമം എന്നിവയുടെ ഏറ്റുമുട്ടൽ ഇവിടെ ദർശിക്കാം. കഥാപാത്രങ്ങളുടെ ധാർമ്മികതയുടെ അളവു കോൽ പരീക്ഷിക്കപ്പെടുകയും ശരിയുടെയും തെറ്റുകളുടെയും സങ്കീർണ്ണതകളെ അനാവരണം ചെയ്യുന്നതായും കാണാം.
കരമസോവ് കുടുംബത്തിൻ്റെ നിശ്ചലമായ ബന്ധങ്ങളും സംഘട്ടനങ്ങളും മനുഷ്യസ്വഭാവത്തെ അപഗ്രഥനം ചെയ്യുന്നതിനുള്ള പശ്ചാത്തലമൊരുക്കുന്നു.

ആഴത്തിൽ തത്ത്വജ്ഞാനം നിറഞ്ഞ ചിന്തോദ്ദീപകമായ കൃതി യാണ് ‘കരമസോവ് സഹോദരൻമാർ.’ കാലാതിവർത്തിയായ അതിലെ പ്രമേയവും സങ്കീർണ്ണമായ കഥാപാത്രങ്ങളും വായനക്കാരെ പിടിച്ചിരുത്തുന്നു. മനുഷ്യാവസ്ഥയുടെ മനശ്ശാസ്ത്രതലങ്ങൾ ആവിഷ്കരിക്കുന്ന ഇതിൽ ധാമ്മികത, വിശ്വാസം, ആത്മീയത എന്നിവയുടെ ഏറ്റുമുട്ടലും മാനവികതയുടെ വീണ്ടെടുപ്പും കാണാം.

തത്ത്വശാസ്ത്രത്തോട് , പ്രത്യേകിച്ച് ക്രൈസ്തവ ദർശനത്തിലൂന്നിയ തത്ത്വശാസ്ത്രത്തോടും അസ്തിത്വവാദത്തോടുമുളള ആഭിമുഖ്യം ‘ദസ്തവ് സ്കി’യുടെ കൃതികളിൽ പ്രകടമാണ്. ആധുനിക മനോവിജ്ഞാനീയ നോവൽശാഖയുടെ പിറവിക്ക് അദ്ദേഹത്തിൻ്റെ കൃതികൾ കാരണമായിട്ടുണ്ട്. ലോകമെമ്പാടും കലാ സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളിലെല്ലാം ‘ദസ്തവ്സ്കി’ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്.
മനുഷ്യ മനസ്സിൻ്റെ സങ്കീർണതകളെയും ആത്മീയതയെയും ആഴത്തിൽ പര്യവേഷണം ചെയ്യുന്ന ‘ദസ്തവ്സ്കി’യുടെ കൃതികൾ ഇന്നും ലോകമെമ്പാടും ചർച്ചകൾക്കും പഠനങ്ങൾക്കും വിധേയമാകുന്നു. ആഗോളതലത്തിൽ വായനക്കാരെ ആകർഷിക്കുന്നു. എന്തെന്നാൽ അവ നിരന്തരം മനുഷ്യനെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും ആത്മീയതയെക്കുറിച്ചുമുള്ള തീവ്രവും ആഴമേറിയതുമായ ഉൾക്കാഴ്ചകൾ നൽകുന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px