എൻ്റെ നാട്ടിലെ (പാവുമ്പ ) ഒരു വമ്പൻ ട്യൂട്ടോറിയായിരുന്ന ‘സെനിത്ത് അക്കാദമി’ യിൽ ഞാൻ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ്, (1993) സാനുമാഷ് ഇവിടെ (സെനിത്തിൽ) ഒരു സാംസ്കാരിക പരിപാടിയിൽ പ്രസംഗിക്കാനായി വരുന്നത്. എൻ്റെ നാട്ടിലെ അക്കാലത്തെ ഏറ്റവും വലിയ ട്യൂട്ടോറിയായിരുന്നു സെനിത് അക്കാദമി; അത് പാവുമ്പായിലെ ഒരു മികച്ച സാംസ്കാരിക കേന്ദ്രം കൂടിയായിരുന്നു. എൻ്റെ ജീവിതത്തിലെ മറക്കാൻ കഴിയാത്ത ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് സെനിത് അക്കാദമി. സാഹിത്യസംബന്ധമായ കാര്യങ്ങളാണ് സാനു മാഷ് അന്ന് സംസാരിച്ചതെങ്കിലും അതൊന്നും ഇന്ന് എനിക്ക് ഓർമ്മിച്ചെടുക്കൻ കഴിയുന്നില്ല. ഏകദേശം 30 വർഷം മുമ്പുള്ള കാര്യമായതിനാൽ പലതും ഓർത്തെടുക്കാൻ കഴിയുന്നില്ല. സാനുമാഷ് പങ്കെടുക്കുന്ന പരിപാടിയായതിനാൽ എൻ്റെ നാട്ടുകാരും കുറെയൊക്കെ അവിടെ സന്നിഹിതരായിരുന്നു. നാട്ടുമ്പുറം ആയതിനാലായിരിക്കും, പ്രസംഗം വളരെ സാവധാനത്തിലും തണുത്ത ശൈലിയിലുമാണ് സാനുമാഷ് തുടങ്ങിയതെങ്കിലും, തുടർന്ന് അതൊരു മികച്ച സാഹിത്യ-സാംസ്കാരിക ചർച്ചയായിതീർന്നു. വിദ്യാർത്ഥികളും അദ്ധ്യാപകരും നാട്ടുകരും ഏറെ ശ്രദ്ധയോടെയാണ് സാനുമാഷിൻ്റെ പ്രസംഗം കേട്ടിരുന്നത്. സാഹിത്യത്തിലും സാംസ്കാരിക സംവാദങ്ങളിലും താല്പര്യമുള്ള സെനി ത്തിലെ അദ്ധ്യാപകർക്ക് സാനുമാഷിൻ്റെ പ്രസംഗം ഒരു പുതുപുത്തൻ അനുഭവമായിരുന്നു. അതിബൃഹത്തായ ഒരു ശിഷ്യവലയംകൊണ്ട് സമ്പന്നമാണ് മാഷിൻ്റെ ധന്യമായ സാംസ്കാരിക ജീവിതം.
പിന്നീട് ഞാൻ സാനുമാഷിനെ കാണുന്നത് കഴിഞ്ഞ ഒരു വർഷം മുമ്പ് കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ചാണ്. അന്ന് അദ്ദേഹത്തിന് നടക്കാൻ അല്പം ബുദ്ധിമുട്ടുണ്ടായിരുന്നു. സാനുമാഷിൻ്റെ പല പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുള്ളത് എൻ്റെ നാട്ടിലെ ചങ്ങമ്പുഴ ഗ്രന്ഥശാലയിലിരുന്നാണ്. അദ്ദേഹത്തിൻ്റെ പല സഹിത്യനിരൂപണ ഗ്രന്ഥങ്ങളും എനിക്ക് വായിക്കാൻ കഴിഞ്ഞിട്ടുണ്ട്. ‘ചങ്ങമ്പുഴ നക്ഷത്രങ്ങളുടെ സ്നേഹ ഭാജനം’, ‘താഴ് വരയിലെ സന്ധ്യ’ അങ്ങനെ ഒട്ടേറെ പുസ്തകങ്ങൾ എൻ്റെ വായനയ്ക്ക് പാത്രമായി. ‘താഴ്വരയിലെ സന്ധ്യ’ വായിച്ചപ്പോഴാണ്, സാനുമാഷ് തൻ്റെ സുഹൃത്തുക്കൾക്ക് കൊടുത്തിരുന്ന പ്രാധാന്യം എനിക്ക് കൂടുതൽ മനസ്സിലായത്. തൻ്റെ സുഹൃത്തുക്കളായ സാഹിത്യകാരന്മാരുടെ ജീവിതങ്ങളും സ്വഭാവങ്ങളും കാഴ്ച്ചപ്പാടുകളും എത്ര സൂക്ഷ്മതയോടെയാണ് സനുമാഷ് കോറിയിട്ടിരിക്കുന്നത്. അത് വായിക്കുമ്പോൾ, തൻ്റെ സുഹൃത്തുക്കളോട് എന്തെന്ത് കരുതലും സ്നേഹവുമുള്ള ക്രാന്തദർശിയായ ഒരു മനുഷ്യനാണ് സാനുമാഷ് എന്ന് നമ്മൾ അത്ഭുതപ്പെട്ടുപോകും. എത്രയോ മികച്ച പശ്ചാത്യ ഗ്രന്ഥങ്ങളാണ് അദ്ദേഹം നമുക്ക് പരിചയപ്പെടുത്തി തന്നിട്ടുള്ളത്. അദ്ദേഹത്തിൻ്റെ ഗദ്യസാഹിത്യത്തിന് അഭൗമമായ ഒരു സൗന്ദര്യമുണ്ട് എന്ന് പറയാതിരിക്കാൻ കഴിയുന്നില്ല. അമൃത് പാനം ചെയ്യുന്നതുപോലെയാണ് ഞാൻ അദ്ദേഹത്തിൻ്റെ കൃതികൾ വായിച്ചെടുത്തിട്ടുള്ളത്. സാനുമാഷ് എഴുതിയ തൂലികാചിത്രത്തിന് വളരെ മാസ്മരികമായ ഒരു ഭാവതലം അനുഭവിക്കാൻ കഴിയും. എത്ര ഗംഭീരമായ ജീവചരിത്ര സാഹിത്യഗ്രന്ഥങ്ങളാണ് അദ്ദേഹം എഴുതിയിട്ടുള്ളത്. അദ്ദേഹം എഴുതിയിട്ടുള്ള എല്ലാ ഗ്രന്ഥങ്ങളിലും ഒരു ജീനിയസ്സിൻ്റെ മാന്ത്രികസ്പർശം അനുഭവിക്കാൻ കഴിയും. മലയാള നിരൂപണ-വിമർശന സാഹിത്യത്തിനും ജീവചരിത്രസാഹിത്യത്തിനും സാനുമാഷ് നൽകിയ ഗംഭീര സംഭാവനകൾ എക്കാലവും ഓർമ്മിക്കപ്പെടും.
അദ്ദേഹത്തിന് എൻ്റെ കണ്ണീരിൽ കുതിർന്ന പ്രണാമം. 🌹🙏









